പച്ചപ്പുകള്‍ നിറഞ്ഞ വയല്‍വരമ്പിലൂടെ നടന്ന് ചെമ്മണ്‍പാത പിന്നിട്ട്, ചന്തമുക്കില്‍നിന്ന് അതുവഴി വന്ന രാഘവന്റെ സൈക്കിളില്‍ കയറി, തുഴഞ്ഞ് തുഴഞ്ഞ് കണ്ടപ്പന്‍കുണ്ടിലെത്തി. രാവിലെ പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിലെ മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചതിനുശേഷം മാത്രമെ ഗോപാലകൃഷ്ണന് ശ്വാസം നേരെവീണുള്ളൂ. അതുവരെ ഒരു ചങ്കിടിപ്പായിരുന്നു. എന്തിനോ വേണ്ടിയുള്ള ഒരുവെപ്രാളം. ബസ്സ് പുറപ്പെടാന്‍ നേരത്ത് കണ്ടക്ടര്‍ അടുത്തുവന്ന് തിരക്കി, എവിടേക്കാ..? പരുങ്ങലോടെ..ഒറ്റ ശ്വാസത്തില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.”കോയിക്കോട്”.
നഗരത്തിലേക്കുള്ള ഗോപാലകൃഷ്ണന്റെ കന്നിയാത്രയാണിത്. നഗരക്കാഴ്ചകളെയും, ആഡംബരവും പത്രാസും നിറഞ്ഞ മദ്ധ്യവയസ്കരെയും മോടിയില്‍ വസ്ത്രംധരിച്ച് കടന്നുപോകുന്ന യുവതികളെയും. സ്ത്രീകളെയും ഒന്നും ശ്രദ്ധിക്കാനുള്ള ഒരു മനസ്സല്ല ഗോപാലകൃഷ്ണന് ഇപ്പോഴുള്ളത്. സ്പീഡില്‍ പോകുന്ന ബസ്സില്‍കയറി ഇരുന്നേയുള്ളൂ. മനസ്സും ശരീരവും രണ്ട് വഴിക്കാണ്. ശരീരം സ്വന്തം ആത്മാവിനെയും മനസ്സ് സ്വത്വത്തെയും തേടി അലയുകയാണ്. അല്ലെങ്കില്‍ മനസ്സ് ഏതോ മുള്‍പ്പടര്‍പ്പില്‍ തട്ടി നോവുകയും ശരീരം ഒരൊഴുക്കില്‍പ്പെട്ട് പൊങ്ങുതടിപോലെ ഒഴുകുകയുമാണ്. ഗോപാലകൃഷ്ണന് ഇത് വെറുമൊരു യാത്രയല്ല, നഷ്ടപ്പട്ട തന്റെ ജീവനെ തിരിച്ചു പിടിക്കാനുള്ള തത്രപ്പാടാണ്. മരണവും പരിഹാസവും മാറിമാറിവരുന്ന ഒരു കളത്തില്‍ ബന്ധനസ്ഥനാക്കപ്പെട്ട ഒരാളുടെ ജീവിതവും ആത്മസംഘര്‍ഷത്താല്‍ അമര്‍ന്നുപോയ ദീനശബ്ദവും ആരറിയാന്‍… എല്ലാം സ്വയം പ്രതിരോധിക്കുക മാത്രമാണ് ഏകമാര്‍ഗ്ഗം. കഴിഞ്ഞ മേടത്തില്‍ വയസ്സറിയിച്ചിട്ടും ഇപ്പോഴും ഒരുകൊച്ചുകുട്ടിയുടെ ലാളിത്യവും നിഷ്കളങ്കതയും സ്നേഹവും സൂക്ഷിക്കുന്ന ഒരു പാവംപയ്യന്‍. സ്ത്രൈണഭാവങ്ങളും നാണവും നിറഞ്ഞ ഗോപാലകൃഷ്ണനെ ഗോപികെയും, ഗോപു എന്നും കൂട്ടുകാര്‍ തമാശയാക്കി വിളിക്കുമ്പോഴും, കുത്തുവാക്കുകള്‍ പറയുമ്പോഴും നുരഞ്ഞുയരുന്ന അമര്‍ഷം ഉള്ളിലടക്കുകയാണ്.
നഗരത്തില്‍ ബസ്സിറങ്ങി തിരക്കുപിടിച്ച റോഡിലൂടെ ആളുകളെ തട്ടിയും ഉരസിയും ഏറെനടന്ന് അവന്‍ പത്രമാപ്പീസിലെത്തി. ഗേറ്റിലെ സെക്യൂരിറ്റിയുടെ അനുവാദത്തോടെ അകത്തേക്ക് കടന്നു. ഇത്തിരിനേരം വരാന്തയിലെ സോഫയിലിരുന്നു് കിതപ്പടക്കി. ഇടക്കിടെ പുതുതായി ധരിച്ച തന്റെ ഷര്‍ട്ട് തലോടിക്കൊണ്ട് തിരിഞ്ഞും മറിഞ്ഞും നോക്കി: വല്ലവരും തന്നെ ശ്രദ്ധിക്കുന്നുണ്ടോ? ഒരു പുതിയലോകത്തില്‍ എത്തിപ്പെട്ടതുപോലെ അത്ഭുതംവിടര്‍ന്ന കണ്ണുകളോടെ ചുറ്റുംനോക്കി. എങ്ങും ബഹളമയം. പലരും കോവണി വഴിയും ലിഫ്റ്റ് വഴിയും താഴേക്കും മുകളിലേക്കുമായി പോകുന്നു. ചിലര്‍ പതിയെ സംസാരിക്കുന്നു. വരാന്തയുടെ ഒരരികില്‍ പഴയ പത്രക്കെട്ടുകളും മാസികകളും കുന്നോളം ഉയരത്തില്‍.
പത്രമാസികകള്‍ വായിക്കാറുണ്ടെന്നല്ലാതെ ജീവിതവുമായി ബന്ധപ്പെട്ട് പത്രമാപ്പീസ് കയറേണ്ടി വന്നത് ഇതാദ്യമാണ്.
രാവിലെ തന്നെ ശങ്കരന്‍നായര്‍ക്ക് ചായക്കടയില്‍ പാല്‍ എത്തിക്കേണ്ടതായിരുന്നു, ഒപ്പം തൊട്ടടുത്ത വീട്ടിലെ വാസന്തിയേടത്തിക്കും ജാനുവേടത്തിക്കും. തിരിച്ചുവരവെ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറിയും, മറ്റുസാധനങ്ങളും, പശുവിന് പിണ്ണാക്കും വാങ്ങണം. ആമിനേടത്തിക്ക് പോസ്റ്റാഫീസില്‍ നിന്ന് ഒരു ദുബായ് ഇന്‍ലെന്റും. തീര്‍ന്നില്ല, തേങ്ങവലിക്കുന്ന കണാരേട്ടനെ കണ്ട് നാളത്തെ പണിയുടെകാര്യം ഏല്പിക്കണം. കെ.ബി.എസ്. എന്നു വിളിക്കുന്ന സുധാകരന്‍ മുതലാളിയില്‍നിന്ന് കൊപ്രയുടെ പണം വാങ്ങണം. കണ്ടപ്പന്‍കുണ്ടിലെത്തി കള്ള്ഷാപ്പില്‍നിന്ന് വെള്ളപ്പംചുടാന്‍ കള്ളും വാങ്ങണം. എല്ലാംകഴിഞ്ഞ് വീട്ടിലെത്തി കൊയ്ത്ത് കഴിഞ്ഞ പാടത്ത്നിന്ന് വൈക്കോല്‍ക്കറ്റ മുഴുവന്‍ പറമ്പിലെത്തിക്കാന്‍ പണിക്കാരോടൊപ്പം ഒരുകൈ സഹായിക്കണം, ഇങ്ങനെ പിടിപ്പത് ജോലിയുണ്ട്. ഇന്നത്തെ ഈ യാത്ര സകലജോലിയും മുടക്കി. എല്ലാറ്റിനും കാരണം ആ പഹയന്‍മാരാണ്. ഇത്തിരി ത്രാണിയുണ്ടെങ്കില്‍ അവന്‍മാരെ ഒറ്റയ്ക്ക് നേരിടാമായിരുന്നു. അതെങ്ങിനെ..? അവര്‍ മൂവര്‍ സംഘമല്ലെ? കൈകള്‍ പരസ്പരം ബന്ധിച്ചതുപോലെ അവര്‍ മൂവരും ഒന്നിച്ചേ നടപ്പുള്ളൂ. എപ്പോഴും എവിടെയും. ഉടുമ്പ്‌രാജനെയും, കൊസ്രാക്കൊള്ളി ബഷീറിനെയും സഹിക്കാം.. നീളന്‍പക്രു, അവനാണ് എല്ലാറ്റിന്റെയും സൂത്രധാരന്‍, വലിയ സാമര്‍ത്ഥ്യക്കാരനും.
എന്നാലും ഇങ്ങനെയുണ്ടോ..? ബല്ലാത്ത പഹയന്‍മാര്‍. കൂട്ടുകാര്‍ക്കൊക്കെ ഞാനൊരു പരിഹാസപാത്രം. എനിക്ക് എന്താണൊരുകുറവ്? ചെറുപ്രായത്തിലെ വേലചെയ്യേണ്ടി വരുന്നതോ..? എല്ലാവരോടും സ്നേഹപൂര്‍വ്വം പെരുമാറുതോ? അല്ലെങ്കില്‍ ആ പോക്കിരിപിള്ളേരെപ്പോലെ തടിയും കരുത്തും ഇല്ലാത്തതോ..?
ഒരിക്കല്‍ ശങ്കരേട്ടന് പാലും കൊണ്ട് പോകുമ്പോഴാണ് അത് കണ്ണില്‍ പെട്ടത്. രാഘവന്‍ നായരുടെ വീടിന്റെ ചായംതേച്ച മതിലിന്റെ ഒരരികില്‍ എഴുതിവെച്ചിരുക്കുന്നു: “ഗോപാലകൃഷ്ണന്‍ + ആതിര”
രാഘേവേട്ടന്റെ വീടിന്റെ എതിര്‍വശത്താണ് ശങ്കരേട്ടന്റെ ചായക്കട. ശങ്കരേട്ടനോ മറ്റോ ഇത് കണ്ടെങ്കില്‍ പിന്നെ പറയണ്ട..! അവരുടെ മകളുടെ പേരാണ് തനിക്കൊപ്പം എഴുതിവെച്ചിരിക്കുന്നത്. പാല്‍കുപ്പി നിറച്ച തുണിസഞ്ചി താഴെ വെച്ച് ഒരു ഉണക്കക്കമ്പെടുത്ത് ചുരണ്ടികളഞ്ഞു. ശരിക്കും പോയില്ല, വീണ്ടും കൈ ഏന്തുമ്പോഴേക്കും കുടുക്ക് പൊട്ടിയ നീളന്‍ ട്രൌസര്‍ പിടിവിട്ട് ഊരിവീണു. ഒരു നിമിഷം ലജ്ജയില്‍ കുതിര്‍ന്നു. ഭാഗ്യത്തിന് ആരുംകണ്ടില്ല, അഗ്നിപോലെ ആളിയ രോഷം പതുക്കെ മനസ്സിലൊതുക്കി. നീളന്‍ട്രൌസര്‍ വലിച്ചുമുറുക്കി, ഒരു കൈകൊണ്ട് ട്രൌസറും മറ്റേകൈകൊണ്ട് പാല്‍സഞ്ചിയും പിടിച്ച് പതുക്കെനടന്നു. മൂവര്‍സംഘത്തിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ മൈതാനത്തിന്റെ വലതുവശത്തുള്ള ഇടവഴി മാറി സഞ്ചരിച്ച് എങ്ങനെയോ ടെയിലര്‍ മുകുന്ദേട്ടന്റെ കടയിലെത്തിയത് ഭാഗ്യം. മതിലില്‍നിന്ന് മായ്ചുകളഞ്ഞിട്ടും എന്തോ മനസ്സില്‍നിന്ന് ആ അക്ഷരങ്ങള്‍ മായ്ക്കാന്‍ കഴിയുന്നില്ല. എത്രശ്രമിച്ചിട്ടും. ആ പഹയന്‍മാരുടെ വേലയാണിത്. ശപിക്കപ്പെട്ട ജന്മങ്ങള്‍..
ആതിരയും ഞാനും തമ്മില്‍ പറയത്തക്ക ബന്ധമൊന്നുമില്ല. ശങ്കരേട്ടന് പാല്‍ കൊടുക്കാന്‍ പോയാല്‍ ചിലപ്പോള്‍ കടയോട് ചേര്‍ന്നുള്ള അവളുടെ വീട്ടുമുറ്റത്തേക്ക് വെറുതെ ഒന്നുനോക്കും, ചിലപ്പോളവള്‍ മുറ്റമടിക്കുകയോ, പാത്രംകഴുകുകയോ ചെയ്യുകയായിരിക്കും. ഞാനൊന്ന് ചിരിക്കും, അവളും. ഒരിക്കല്‍ ചന്തയില്‍ നിന്ന് മുല്ലപ്പൂവ് കൊണ്ടുകൊടുത്തപ്പോള്‍ അറിയാതെ കൈ ഒന്ന് തൊട്ടുപോയിട്ടുണ്ട്. മിനുസമുള്ള നഖങ്ങളില്‍ ചായംതേച്ച് മനോഹരമാക്കിയ വിരലുകള്‍.. കൈവലിച്ചപ്പോള്‍ കരിവളകളുടെ നേരിയകിലുക്കം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്കൂളിലാണ് ആതിരയും പഠിക്കുന്നത്.
നല്ല കുപ്പായമിട്ട് സ്കൂളില്‍ പോകണമെന്ന് തനിക്കും ആശയുണ്ടായിരുന്നു. എങ്ങനെ പോകാനാണ്? സ്കൂളില്‍ പോയാല്‍ വിശപ്പുമാറുമോ , പുരകഴിയുമോ, അതുകൊണ്ട് വേല ചെയ്യേണ്ടിവരുന്നു. പക്ഷെ സ്കൂളില്‍ പോകുന്നുണ്ട്. അത് മുതലാളിയുടെ കുട്ടികളെ കൊണ്ടുവരാനാണെന്നുമാത്രം. കുട്ടികളോടൊത്ത് വരുമ്പോഴൊക്കെ അവരുടെ പഠിത്തക്കാര്യവും സ്കൂള്‍വിശേഷങ്ങളും ക്ലാസ്സിലെ കുസൃതിത്തരങ്ങളും തമാശയുമൊക്കെ ആകാംക്ഷയോടെ ചോദിക്കും. അവരുടെ ഭാരമേറിയ ബാഗും ചുമന്നുവരുന്നത് കണ്ടാല്‍ തന്നെ തോന്നും താനൊരു വിദ്യാര്‍തഥിയല്ലെന്ന്.
ചിലപ്പോഴൊക്കെ സ്വപ്നംകാണാറുണ്ട്, പുസ്തകവുമെടുത്ത് കൂട്ടുകാരോടൊത്ത് സ്കൂളില്‍ പോകുന്നത്, ‘സ്കൂള്‍ഡെയ്ക്ക്’ പദ്യംചൊല്ലലിലും, ചിത്രംവരയലിലും, ഓട്ടമത്സരത്തിലും വിജയിച്ച് അഭിമാനത്തോടെ സ്റ്റേജില്‍ കയറി സമ്മാനം കൈപ്പറ്റുന്നത്, സുഹൃത്തുക്കള്‍ അടുത്തുവന്ന് സന്തോഷപൂര്‍വ്വം കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത്.. എല്ലാം. പക്ഷെ ആ സ്വപ്നം ആരോടും പറഞ്ഞിട്ടില്ല, ആതിരയോട് മാത്രം പറഞ്ഞു. എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്ത് അവള്‍ മാത്രം. ഒരിക്കല്‍ ആതിരയോട് ചോദിച്ചിരുന്നു, പതിനഞ്ച് വയസ്സായാല്‍ ഏത് ക്ലാസ്സിലെത്തും? നീ വലിയ ക്ലാസ്സിലാണോ പഠിക്കുത്..? അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..ഗോപാലകൃഷ്ണന് പഠിക്കണോ?
ങും..
“കണക്കും, സയന്‍സും, സാമൂഹ്യശാസ്ത്രവും ഞാന്‍ പറഞ്ഞുതരാം, കൊല്ലപ്പരീക്ഷകഴിയട്ടെ’.”
മനസ്സില്‍ പറഞ്ഞു. പഠിച്ച് വലിയ ആളാകണം.
മൂവര്‍സംഘവുമായി പറയത്തക്ക ചങ്ങാത്തമൊന്നുമില്ല, അല്ലെങ്കിലും ആ പഹയന്മാരോട് ആര് ചങ്ങാത്തം കൂടും..? പറ്റിപ്പിന്റെ ഉസ്താദുമാരല്ലെ ..വല്ലപ്പോഴും വഴിക്ക്‌വെച്ച് കണ്ടാല്‍ വെറുപ്പൊന്നുമില്ലെന്ന അര്‍ത്ഥത്തില്‍ വെറുതെ ഒന്ന്ചിരിക്കും. കഴിഞ്ഞ ആഴ്ചയാണ് “റഷ്യന്‍ സര്‍ക്കസ്” കാണാന്‍ പോകുമ്പോള്‍ തന്നെയും കൂടെ കൂട്ടാമെന്ന് നീളന്‍പക്രുപറഞ്ഞത്. എനിക്കത്രവിശ്വാസമില്ലായിരുന്നു. എന്നാലും പറഞ്ഞതുപോലെ എല്ലാവരും അന്ന് ചന്തമുക്കില്‍ ഒത്തുകൂടി ഒരുമിച്ച് ചായകുടിച്ച് ബസ്സില്‍കയറി.
കൊസ്രാക്കൊള്ളി ബഷീറാണ് നാലുപേരുടെയും ടിക്കേറ്റെടുത്തത്. അപ്പൊഴെ എനിക്ക് ബോദ്ധ്യപ്പെട്ടുള്ളൂ, ഇത് കളിപ്പീരല്ലെന്ന്. നിറയെ യാത്രക്കാരുള്ള ബസ്സ് കുറച്ച് ദൂരം പിന്നിട്ട് ഒരു ഒന്തംകയറി പച്ചക്കറി മാര്‍ക്കറ്റും ജില്ലാആശുപത്രിയും കഴിഞ്ഞ് ചേലക്കാട്ട്തെരു എത്തിയപ്പോഴെക്കും മൂവര്‍സംഘം അപ്രത്യക്ഷമായിരിക്കുന്നു. ഞാന്‍ അന്ധാളിച്ചുപോയി എന്നെ തനിച്ചാക്കി മൂന്നുപേരും മുങ്ങിക്കളഞ്ഞതെങ്ങിനെ? ഒന്നും അറിഞ്ഞില്ല, തിരക്കിനിടയില്‍ അവന്മാര്‍ ഇറങ്ങുന്നതും കണ്ടില്ല. എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടതാണ്. എന്തുചെയ്യും.? തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങേണ്ടിവന്നു. പരിചയമില്ലാത്ത നാട് നാട്ടുകാര്‍.. ഏറെനടന്ന് തളര്‍ന്ന് അവശനായിട്ടാണ് വീടെത്തിയത്. അവരുടെ ഒരു കര്‍ക്കസ്.. തുലഞ്ഞുപോകട്ടെ നാശങ്ങള്‍.
സര്‍ക്കസ്സിന്റെ ചൂടും തണുപ്പും തനിയെ അവസാനിച്ചു. പതുക്കെ ഞാനും അത് മറന്നു. അതില്‍പിന്നെ കഴിഞ്ഞദിവസമാണ് ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോള്‍ മുവര്‍സംഘത്തെ വഴിക്കുവെച്ച് കാണുന്നത്. ദൂരെനിന്ന് എന്നെകണ്ടയുടനെ അവര്‍ക്കൊരു പരുങ്ങലുണ്ടായിരുന്നു. ഒഴിഞ്ഞ പാല്‍ക്കുപ്പികൊണ്ട് എല്ലാറ്റിന്റെയും തലയ്ക്ക് ഒന്ന് മേടണമെന്ന് വിചാരിച്ചതാണ്. വേണ്ട, അങ്ങിനെ വിചാരപ്പെടാനല്ലേ കഴിയുള്ളു.. അടുത്തെത്തിയപ്പൊള്‍ നീളന്‍പക്രു പറഞ്ഞു, സോറി ഗോപിക’ അല്ല ഗോപു , അന്ന് ബഷീറിന്റെ പേഴ്സ് ബസ്സില്‍ വെച്ച് ആരോ പോക്കറ്റടിച്ചു. അയാളെ പിടിക്കാനാണ് ഞങ്ങള്‍ പാതിവഴിയില്‍ ഇറങ്ങിയത്. ഒരുമിനിട്ടിന്റെ വ്യത്യാസത്തിന് അയാള്‍ എവിടയോ ഓടി രക്ഷപ്പെട്ടു. ഏതുവഴിക്ക് പോയെന്ന് ആര്‍ക്കുമറിയില്ല എന്തുചെയ്യാനാ നമ്മുടെ പൈസ പോയി .. സോറിേ’ാ� നീ അത് മറക്കേ്.. എടാ ഗോപു, മറ്റൊരുകാര്യണ്ട്.
“ഡല്‍ഹി എക്‍സ്പ്രസ്സിന്റെ” ഷൂട്ടിങ്ങിന് മോഹന്‍ലാലും കാവ്യാമാധവനും ജയറാമും നാളെ ടാഗോര്‍പാര്‍ക്കില്‍ വരുന്നുണ്ട്. നമുക്കുംപോകാം. നീ വരുന്നോ..? നമ്മുടെ പുത്തലത്ത് അനന്തന്‍പോലീസാണ് അവിടെ മെയ്ന്‍ഗേറ്റിന് കാവല്‍. അതുകൊണ്ട് അകത്ത്കടക്കാന്‍ പ്രയാസമുണ്ടാവില്ല.
തിരിഞ്ഞ്നിന്ന് നീളന്‍പക്രു ബഷീറിനെ നോക്കി കണ്ണിറുക്കി. ഞാന്‍ കണ്ടില്ലാന്നാ വിചാരിച്ചത്.
“ഇല്ല, ഡാവ് ..”
“അല്ലടാ, സത്യമായും .. ഇതാ ഇന്നത്തെ പത്രത്തിലുണ്ട് ഫോട്ടോയും വാര്‍ത്തയും. നീ വീട്ടില്‍പ്പോയി സൌകര്യമായി ഒരിടത്ത് ഇരുന്ന് വായിച്ചുനോക്ക്. അതും പറഞ്ഞ് പത്രം സഞ്ചിയില്‍ തിരികിവെച്ചു. വീട്ടിലെത്തി രാത്രി ഭക്ഷണംകഴിഞ്ഞ് ശാന്തമായി ഒരിടത്തിരുന്ന് പത്രം നിവര്‍ത്തി എല്ലാം ഒന്ന് കണ്ണോടിച്ചു. ഒരുനിമിഷം ആ ഫോട്ടോയില്‍ കണ്ണ് തടഞ്ഞപ്പോഴാണ് ആകെ അന്ധാളിച്ചുപോയത്.
തല കറങ്ങുന്നതുപോലെ തോന്നി. എന്തുചെയ്യേണ്ടു എന്നറിയാതെ മനസ്സ് ഞെരിപിരികൊള്ളുകയായിരുന്നു. രാത്രി സ്വസ്ഥമായി ഉറങ്ങിയതുമില്ല. എങ്ങനെ ഉറങ്ങാനാവും ഇരുന്നിട്ടും കിടന്നിട്ടും നേരം വെളുപ്പിച്ചെന്ന് മാത്രം. ചിരിച്ചുകൊണ്ടുള്ള ആ പടം കാണുമ്പോള്‍ ഞാന്‍ അതില്‍ കൂടുതല്‍ ചിരിക്കേണ്ടതല്ലെ പക്ഷെ. അതും എന്നെ നോക്കി പരിഹസിക്കുകയാണെന്ന് തോന്നി.
ഇതിനായിരുന്നോ ഷൂട്ടിങ്ങിന്റെ വാര്‍ത്തയുണ്ടെന്ന് പറഞ്ഞ് നിര്‍ബ്ബന്ധപൂര്‍വ്വം പത്രം എന്നെ ഏല്പിച്ചത്..?
ഇതാരോടെങ്കിലും പറയാന്‍പറ്റുമൊ.? ജീവിതമേ പദപ്രശ്നത്തിലൂടെ മുങ്ങിയും നീന്തിയും പരിഹാസ്യനായി കരകയറുമ്പോഴും ഓര്‍ത്തില്ല ഈ കളി ഇങ്ങനെ ആകുമെന്ന്. എന്താണിത് മരണക്കളിയോ..?
അലക്ഷ്യമായി കിടന്ന മുടികള്‍ നേരയാക്കി അവന്‍ പത്രാധിപരുടെ മുറിയിലേക്ക് കടന്നു. കണ്ണടക്കുള്ളിലെ തിളക്കമാര്‍ കണ്ണുകള്‍. അദ്ദേഹം എന്തോ എഴുതുകയാണ്.
വിവശതകലര്‍ന്ന വിനയത്തോടെ അവന്‍ മെല്ലെപറഞ്ഞു “സര്‍”
പത്രാധിപര്‍ തലയുയര്‍ത്തിനോക്കി
“ഇരിക്കൂ.. എവിടുന്നാ? എന്താ കാര്യം ..? ഗോപാലകൃഷ്ണന്‍ ഒന്നിനും ഉത്തരം പറയാതെ പത്രം നിവര്‍ത്തി കൌതുകകരമായ എന്തോകാണിക്കുന്നതുപോലെ പറഞ്ഞു, “സര്‍” ഇത് കണ്ടോ, ഇന്നലത്തെ പത്രത്തില്‍ വന്ന വാര്‍ത്തയാണിത് എന്റെ പടമാണിത് ‘മേലെപറമ്പില്‍ ആലുള്ള വീട്ടില്‍ ഗോപാലകൃഷ്ണന്‍’. ഞാന്‍ മരിച്ചതായി പത്രത്തില്‍ അച്ചടിച്ചിരിക്കുന്നു. ഇങ്ങനെയുമുണ്ടോ സര്‍ മനുഷ്യരെ കൊല്ലാതെ കൊല്ലല്‍. ഇതെങ്ങിനെ സഹിക്കും സര്‍. സര്‍ ദയവ് ചെയത് ഈ ഫോട്ടോയില്‍ കാണുന്ന ഗോപാലകൃഷ്ണന്‍ മരിച്ചിട്ടില്ലെന്ന് നാളത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കൊടുക്കണം, അല്ലെങ്കില്‍ ഞാന്‍ തൂങ്ങിചാകേണ്ടി വരും.”
പത്രാധിപര്‍ക്കും അവനുമിടയില്‍ മൌനത്തിന്റെ ദൈര്‍ഘ്യം കൂടിവന്നു. പത്രാധിപര്‍ കണ്ണടക്കുള്ളിലൂടെ അവനെ പഠിക്കുകയായിരുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നതിന് എന്ത് തെളിവാണ് നല്കേണ്ടത്.. അവന്റെ ദയനീയശബ്ദം.
“ഗോപാലകൃഷ്ണാ, ഞാന്‍ പറയുത് ശ്രദ്ധിച്ച് കേള്‍ക്കൂ. ദിനംപ്രതി പതിനഞ്ച് ലക്ഷത്തിലേറെ കോപ്പികള്‍ അച്ചടിക്കുന്ന ഒരുവലിയ സ്ഥാപനമാണിത്, പതിനഞ്ച്ലക്ഷം സ്ഥിരംവായനക്കാരും ചക്കാത്ത് വായിക്കുന്ന ഒരു അഞ്ചുലക്ഷവും, അങ്ങിനെ ഇരുപതുലക്ഷം വായനക്കാര്‍, നിങ്ങള്‍ മരിച്ചെന്ന് വിശ്വസിച്ചിരിക്കുന്നു. ഈ പ്രശ്നം നിങ്ങളെ കൂടുതല്‍ വേദനിപ്പിക്കുണ്ടെന്ന് എനിക്കറിയാം. പക്ഷെ ഇത് ഞങ്ങളുടെ കുഴപ്പംമൂലം സംഭവിച്ചതല്ലല്ലോ. മരണമെന്ന ഒരു വലിയ സത്യത്തെ പരിഹസിക്കുന്ന നിങ്ങളുടെ കൂട്ടുകാരെക്കുറിച്ച് ഞാനെന്ത് പറയാനാണ്. ഓരോമനുഷ്യരിലും ഒരു മനുഷ്യന്‍ ജീവിക്കുന്നു. നിങ്ങളിലുള്ള നിങ്ങള്‍ മരിച്ചെന്ന് കരുതിയാല്‍മതി. നിങ്ങള്‍ ഇപ്പോഴും ജീവിക്കുന്നു. സുഹൃത്തെ, ജീവിതത്തിനല്ല അര്‍ത്ഥം, അര്‍ത്ഥം മരണത്തിനാണ്.
കണ്ണട തുടച്ച് അദ്ദേഹം നിര്‍വികാരതയോടെ ചിരിച്ചു: അത്കൊണ്ട് നിങ്ങള്‍ പറയുതൊന്നിനും അര്‍ത്ഥമില്ല. ഒരാള്‍ എങ്ങിനെ ജീവിക്കുന്നുവെന്ന് അയാളുടെ ജീവിതകാലത്തിനിടയില്‍ ആരും തിരക്കാറില്ല, മരിച്ചുകഴിഞ്ഞാലേ ലോകം അറിയുന്നുള്ളു.നിങ്ങള്‍ പത്രങ്ങളിലും മറ്റും വായിക്കാറില്ലേ എത്രയോപേര്‍ ദാരിദ്ര്യം കൊണ്ടും കൊടിയ പട്ടിണികൊണ്ടും ജീവിക്കാനാവാതെ ആത്മഹത്യചെയ്യുന്നു. തീകൊളുത്തി സ്വയം മരിക്കുന്നു. ആരെങ്കിലും അറിയുന്നുണ്ടോ അവരുടെ ജീവിതാവസ്ഥ, ഇല്ല. നിങ്ങളുടെ ഈ അവസ്ഥയില്‍ എനിക്ക് ആത്മാര്‍ത്ഥമായി ഖേദമുണ്ട്. പക്ഷെ ഈ കാര്യത്തില്‍ എനിക്ക് ഏറെ പരിമിതികളുണ്ട്. രേഖാമൂലം ഒരു പരാതി നല്കിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാം, പക്ഷെ നിങ്ങളും പോലീസ് സ്റ്റേഷനില്‍ പോകേണ്ടിവരും, തെളിവിന്. എന്താ ധൈര്യമുണ്ടോ? തത്കാലം നിങ്ങള്‍ സമാധാനമായി പോകൂ. സുഹൃത്തുക്കളോട് ആഹ്ലാദഭരിതനായി പറയൂ ഞാന്‍ പുനര്‍ജനിച്ചെന്ന്”. ഇനിയും മരിച്ചിട്ടില്ലാത്ത ഗോപാലകൃഷ്ണന്‍ പത്രമാപ്പീസിന്റെ പടികളിറങ്ങി, മരിച്ച് ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക്.
Generated from archived content: story1_jan17_13.html Author: m_gokuldas