കൈക്കുടന്നയിലെ ചോർച്ചകൾ

ആകാശവഴിയിൽ നിറയെ അപരാധത്തിന്റെ മേഘത്തുണ്ടുകളാണ്‌ ചിതറിക്കിടക്കുന്നതെന്ന്‌ തോന്നുന്നു. എങ്കിലും മനസ്സിന്റെ ചായ്‌വ്‌ നിയന്ത്രിക്കാനാവാത്തവണ്ണം തെറ്റുകൾ അനുകൂലമായ ദിശയിലേക്കാണെന്ന ബോധം അസ്വസ്‌ഥമായ ഒരുതരം സുഖം പകരുന്നു. രക്ഷപ്പെടലിന്റെ താത്‌കാലികമായ സുഖമാകാം അത്‌.

ഒഴുക്കിനൊപ്പമുള്ളതാണ്‌ എന്നും ജീവിതം. ഒഴുകാൻ കഴിയാത്ത ജീവിതത്തിന്‌ സംഭവബഹുലതകളില്ല. ഒട്ടും പ്രസക്തിയില്ലാത്ത ഒരന്ത്യമേയുള്ളൂ.

ഇത്‌ അമ്മയുടെ കൈക്കുടന്നയിൽ നിന്ന്‌ ഒഴുകിത്തുടങ്ങിയ ജീവിതമാണ്‌. അതേ കൈക്കുടന്നയിലേക്ക്‌ ഇനിയുമൊരു മടങ്ങിപ്പോക്കുണ്ടാവുകയില്ലല്ലൊ. എത്രത്തോളം ഒഴുകിയകന്നിരിക്കുന്നുവെന്നും ഇപ്പോൾ ബോധ്യമാകുന്നു. അമ്മയെത്തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്ന അതിസാഹസികത. ഇത്‌ പുത്രമനസ്സിന്റെ സ്വാർത്ഥതയോ, ഭാര്യയുടെ പ്രലോഭനങ്ങൾക്ക്‌ വഴങ്ങിപ്പോകുന്ന സാഹചര്യത്തിന്റെ നിസ്സഹായതയോ?

റെയിൽ വഴികളിലൂടെ മകനെ തേടിയെത്തുന്ന അമ്മയുടെ എതിർദിശയിലേക്ക്‌ ആകാശമാർഗം ഒളിച്ചോടുന്ന, വിദ്യാസമ്പന്നനും ഗൃഹസ്‌ഥനും മധ്യവയസ്‌കനുമായ ഒരു മകന്റെ ക്രൂരതയുമാകാം.

ചിന്താലഹരിയുടെ മയക്കത്തിന്‌ അർദ്ധവിരാമമിട്ടുകൊണ്ട്‌ വിദ്യാധരൻതമ്പി സീറ്റ്‌ബെൽറ്റിന്റെ കുടുക്കിലെ സുരക്ഷിതത്വത്തിൽ തന്നിലേക്ക്‌ ചാഞ്ഞിരുന്ന്‌ ദിവാസ്വപ്‌നങ്ങൾ നെയ്‌തുകൂട്ടുന്ന പ്രമീളക്കുഞ്ഞമ്മയെ ചെരിഞ്ഞുനോക്കി.

ഒരു കുടില തന്ത്രം പയറ്റി വിജയിപ്പിച്ചെടുത്തതിന്റെ നിർവൃതി ഊറിക്കൂടിയതുപോലെ കണ്ണും പൂട്ടി മൃദുമന്ദഹാസമൊളിപ്പിച്ച ചുണ്ടുകളുമായി കുഞ്ഞമ്മയും നിശ്ശബ്‌ദയാണ്‌.

വിദ്യാധരൻ തമ്പി ഓർക്കുകയായിരുന്നു….

അമ്മയെന്നാൽ തനിക്ക്‌ ഒച്ചപ്പാടും ബഹളവുമൊക്കെയായിരുന്നു.

എന്നെങ്കിലും അമ്മയിൽ ആ ഒച്ചപ്പാടും ബഹളവും നിലച്ചാൽ പിന്നീട്‌ സംഭവിക്കുക അമ്മയുടെ മരണം തന്നെയാകും എന്നുപോലും ഭയപ്പെട്ടിരുന്ന ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു. അമ്മയുടെ ആ ഒച്ചയും ബഹളവും തന്നെയാണ്‌ അച്ഛനില്ലാതെയായപ്പോഴും തന്നെയും മൂന്നു സഹോദരന്മാരെയും നല്ല രീതിയിൽ വളർത്തി വലുതാക്കാൻ അമ്മയ്‌ക്ക്‌ സഹായകമായത്‌. ഒരർത്ഥത്തിൽ അമ്മയുടെ ജീവിത പോരാട്ടത്തിന്റെ ആയുധങ്ങളായിരുന്നു ആ ഒച്ചയും ബഹളവും.

എന്നാൽ മക്കളെല്ലാം കരപറ്റി എന്നറിഞ്ഞിട്ടും അമ്മ തന്റെയാ തുരുമ്പിച്ച ആയുധങ്ങൾ താഴെവെച്ച്‌ സ്വസ്‌ഥയാകാൻ കൂട്ടാക്കിയില്ല. ആൺമക്കൾ നാലുപേരുടെയും ഭവനങ്ങളിൽ ഊഴമനുസരിച്ച്‌ കടന്നുചെന്ന്‌ തന്റെയാ സായുധവിപ്ലവം ഒരാചാരംപോലെ നടപ്പാക്കുന്ന ഒരു കാലഘട്ടം പിന്നീടുണ്ടായി. അതോടെ മക്കൾക്കെല്ലാം അമ്മ കാലഹരണപ്പെട്ട ഒരു ബാദ്ധ്യതയായി പരിണമിക്കാനും തുടങ്ങി.

തുടർന്ന്‌, കാലം അമ്മയുടെ നാവിനും സ്വഭാവത്തിലെ ചടുലതക്കും പ്രകൃതി സഹജമായ കേടുപാടുകൾ വരുത്തിത്തീർത്തു. അടക്കം പറഞ്ഞുള്ള പരാതിവിളമ്പലുകളിലേക്കും സന്ദർഭോചിതമല്ലാത്ത പരിദേവനങ്ങളിലേക്കും അമ്മയുടെ വികാരപ്രകടനങ്ങൾ കൂറുമാറി. ഇത്‌ അമ്മയുടെ മരുമക്കളിലും പേരക്കുട്ടികളിലും അസഹിഷ്‌ണുതയും അകൽച്ചയും ആവേശിപ്പിച്ചു.

അമ്മയങ്ങനെ കുറെനാളായി നാല്‌ ആൺമക്കളുടെയും കുടുംബങ്ങളിൽ മാറിമാറി ലിഫ്‌റ്റ്‌ ചെയ്യപ്പെടുന്ന ഒരു വോളീബാൾ പോലെ നിലയുറപ്പിക്കാനാവാതെ അനിശ്ചിതത്വത്തെ നേർക്കുനേർകണ്ടു തുടങ്ങിയ അവസ്‌ഥയിലായിരുന്നു. കൂട്ടത്തിലാരെങ്കിലും ഒരാൾ, ഒരുമകനോ, മരുമകളോ, അല്ലെങ്കിലൊരു പേരക്കുട്ടിയോ തന്നെ കളത്തിനു വെളിയിലേക്ക്‌ അടിച്ചുതെറിപ്പിച്ചേക്കാം എന്ന ഉല്‌ക്കടമായ ഉത്‌കണ്‌​‍്‌ഠ അമ്മയെ കൂടുതൽ നോവിക്കാനും അമ്പരപ്പിക്കാനും തുടങ്ങിയിരുന്നു. ഇത്‌ നേരം തെറ്റിയ സന്ദർഭങ്ങളിലും അസമയങ്ങളിലും അമ്മയിൽ മാനസിക വിഭ്രാന്തിയുണ്ടാക്കി.

ഒടുവിൽ, അമ്മയെന്ന വോളീബാൾ ക്രൂരമായി അടിച്ചുതെറിപ്പിക്കപ്പെടുകതന്നെ ചെയ്‌തു. ദൽഹിയിൽ, കേന്ദ്രഗവൺമെന്റ്‌ സർവീസിൽ ഉന്നതോദ്യോഗസ്‌ഥനായ രണ്ടാമത്തെ മകൻ വിഷ്‌ണുനാരായണൻ തമ്പിയുടെ ഭാര്യ, സംഗീതജ്ഞകൂടിയായ മായാവതി അങ്ങനെ അമ്മയെ ദൽഹിയിൽ നിന്ന്‌ സ്‌മാഷ്‌ ചെയ്യുകയായിരുന്നു.

അമ്മ സ്‌മാഷ്‌ചെയ്യപ്പെടും മുമ്പേ മായാവതി കാര്യകാരണസഹിതം വാദമുഖങ്ങൾക്ക്‌ ആർജ്ജവം നൽകി നിയമസാധുതയുണ്ടാക്കി. വെളുപ്പാൻകാലത്തെ തന്റെ സംഗീതസപര്യയ്‌ക്ക്‌ തടസ്സം, ഇളയമകളും പ്ലസ്‌ടൂ വിദ്യാർത്ഥിനിയുമായ നീലിമയ്‌ക്ക്‌ അമ്മ യാതൊരു സ്വസ്‌ഥതയും നൽകുന്നില്ല എന്നിവയാണ്‌ പ്രധാന കാരണങ്ങൾ. നീലിമ കൂടുതൽ മോഡേൺ ആകുന്നതാണ്‌ അമ്മയുടെ പ്രധാന പരാതി. കുത്തുവാക്കുകൾകൊണ്ട്‌ അമ്മായിയമ്മ തന്റെ കുഞ്ഞുമകളെ നോവിക്കുന്നു. കണ്ണീരു കുടിപ്പിക്കുന്നു. കൂടാതെ, ഏതു സമയവും പിറുപിറുത്തുകൊണ്ടിരിക്കുന്നു. വീട്ടിലെ സമാധാനം നശിപ്പിക്കുന്നു. പിണങ്ങി പട്ടിണികിടക്കുന്നു. തന്നെ സന്ദർശിക്കാൻ വരുന്ന സൊസൈറ്റിലേഡികൾക്ക്‌ അമ്മ ബുദ്ധിമുട്ടുണ്ടാക്കുന്നു. അവരുടെ മുന്നിൽ വച്ച്‌ തന്നെ നാണം കെടുത്തുന്നു…..

ഇങ്ങനെയുള്ള ഒരു നീണ്ട ലിസ്‌റ്റ്‌ ക്രമനമ്പറുകളോടെ ഒരു ദിവസം ജോലി കഴിഞ്ഞുവന്ന വിഷ്‌ണുനാരായണൻ തമ്പിയുടെ മുന്നിൽ അവതരിപ്പിക്കുകയും കെ.കെ.എക്‌സ്‌ പ്രസ്സിലെ രണ്ടാം ക്ലാസ്‌ സീറ്റും ബർത്തും ഏറ്റവും അടുത്ത ദിവസം ഉറപ്പു വരുത്താൻ ഭർത്താവിനെ ആജ്ഞാനുവർത്തിയാക്കുകയും ചെയ്‌തു.

കൂടെ മറ്റൊരു നിർദ്ദേശവും. അമ്മ തിരുവനന്തപുരത്തേക്കുതന്നെ പോകട്ടെ. ഏറ്റവും ഇളയ മകനായ വിദ്യാധരൻ തമ്പിയുടെ അടുത്തേക്ക്‌. കുടുബത്തിൽ ഓഹരിവെച്ച സമയത്ത്‌, നെയ്യാറ്റിൻ കരയിലുണ്ടായിരുന്ന തറവാടും രണ്ടേക്കർ പുരയിടവും അരുത്തിക്കുട്ടനായ അയാൾക്കല്ലേ നൽകിയത്‌? സ്വത്തുക്കൾ കിട്ടിയപാടെ അവർ അമ്മയെ ഗുജറാത്തിൽ ഒ.എൻ.ജി.സി.യിൽ എൻജിനീയറായ മൂത്തമകൻ കടിഞ്ഞൂൽപൊട്ടൻ വിനയകുമാരൻ തമ്പിയുടെ അടുത്തേക്ക്‌ നാടുകടത്തുകയല്ലേ ചെയ്‌തത്‌? രണ്ടേക്കറും വീടും വിറ്റുകിട്ടിയ പണംകൊണ്ട്‌ വിദ്യാധരൻ തമ്പി എന്ന സമർത്ഥൻ തിരുവനന്തപുരത്ത്‌ താമസിച്ച്‌ റിയൽ എസ്‌റ്റേറ്റ്‌ ബിസിനസ്‌​‍്സ തുടങ്ങി. വെച്ചടി വെച്ചടി കയറ്റം കടന്ന്‌ ഇന്നയാൾ നാലുമക്കളിലും കേമനായിക്കഴിയുന്നു. ഏകമകൾ ബി.ടെക്‌ കാരി അപർണ ബംഗലുരുവിലെ പ്രശസ്‌ത ഐ.റ്റി. കമ്പനിയിൽ സോഫ്‌റ്റ്‌ വെയർ എൻജിനീയർ.

അതുകൊണ്ട്‌ തിരുവനന്തപുരത്തേക്കുതന്നെ വേണം അമ്മയെ പറഞ്ഞയക്കേണ്ടത്‌. പക്ഷേ, അമ്മ ചെല്ലുന്ന വിവരം മുൻകൂട്ടി അറിയിക്കരുത്‌. വിദ്യാധരൻ സമർത്ഥനാണ്‌. ഒഴിവുകഴിവു പറഞ്ഞ്‌ രക്ഷപ്പെടാൻ ബഹുവിരുതനാണ്‌. ഭാര്യ അതിലും കേമി. അമ്മയെ യാത്രയാക്കിയിട്ടുവേണം അനുജനെ അറിയിക്കേണ്ടത്‌. കൃത്യസമയത്ത്‌ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ കാത്തുനില്‌ക്കട്ടെ.

തിരുവായ്‌ക്ക്‌ എതിർവായ്‌ ഇല്ലാത്തതിനാൽ മായാവതിയുടെ പദ്ധതി ഫലം കണ്ടു.

അമ്മയെ യാത്രയാക്കിയിട്ട്‌ വിഷ്‌ണുനാരായണൻ തമ്പി ഫ്ലാറ്റിലെത്തിയതും മായാവതി മൊബൈൽ ഫോണിലൂടെ പ്രമീളക്കുഞ്ഞമ്മയെ വിവരങ്ങൾ അറിയിച്ചു.

കുശാഗ്രഹബുദ്ധിയും തനിക്ക്‌ താൻ പോന്നവളുമായ പ്രമീളക്കുഞ്ഞമ്മ റിഫ്‌ളക്‌സ്‌ ആക്‌ഷൻപോലെ തിരിച്ചടിച്ചു.

ഏട്ടത്തീ! ഇത്‌ വളരെ കഷ്‌ടമായിപ്പോയി. ഞാനും വിദ്യച്ചേട്ടനും കൂടി ദാ ഇപ്പോൾ ബംഗലുരുവിലേക്കു പുറപ്പെടുകയായി. മോളുടെയടുത്തേക്ക്‌. അവൾ അവിടെ തനിച്ച്‌ കമ്പനി വക ഫ്ലാറ്റിലല്ലേ താമസം! അതും ത്രീബെഡ്‌റൂംമ്‌ഡ്‌! ഒരു സഹപ്രവർത്തകയുമായി ഫ്ലാറ്റ്‌ ഷെയറുചെയ്യുകയായിരുന്നു. അവൾ ട്രാൻസ്‌ഫറായി ഭുവനേശ്വറിനുപോയി. അതുകൊണ്ട്‌ മോൾ നിർബന്ധിച്ചു. ഞങ്ങൾ ഇന്നുച്ചതിരിഞ്ഞുള്ള ഫ്ലൈറ്റിന്‌ അങ്ങോട്ടു പോവുകയാ. ഒന്നു രണ്ടുമാസം അവിടെ തങ്ങാനാപ്ലാൻ. വിദ്യച്ചേട്ടനും ബിസിനസ്സ്‌ ഡള്ളായതുകൊണ്ട്‌ ഒന്നു വിശ്രമിക്കാമെന്നു വച്ചു. എന്തായാലും ഇത്‌ വലിയ കഷ്‌ടമായിപ്പോയി. അമ്മയെ ഇങ്ങോട്ടയയ്‌ക്കുന്നകാര്യം ചേട്ടത്തിക്ക്‌ നേരത്തെ ഒന്നറിയിക്കാ മായിരുന്നില്ലേ? ഇനിയിപ്പോൾ അമ്മ ഒറ്റക്ക്‌ തിരുവനന്തപുരത്തു വന്നിറങ്ങിയാലത്തെ സ്‌ഥിതിയെന്താകും? കൂട്ടിക്കൊണ്ടുപോകാൻ ആരെയും കണ്ടില്ലെങ്കിൽ പിന്നെ അമ്മ റെയിൽവേ സ്‌റ്റേഷനിൽ കിടന്ന്‌ ബഹളമുണ്ടാക്കും. ഭ്രാന്തുകാണിക്കും. അത്‌ എല്ലാവർക്കും നാണക്കേടാവും ചേച്ചി നേരെ നാഗർകോവിലിലേക്ക്‌ വിളിച്ച്‌ വിശ്വേട്ടനെ അറിയിക്ക്‌.

അമ്മയുടെ മൂന്നാമത്തെ മകനും നാഗർകോവിലിൽ സ്വകാര്യ കോളേജിൽ അദ്ധ്യാപകനുമായ വിശ്വനാഥൻ തമ്പിയെ വിളിച്ച്‌, അമ്മ എത്തുമ്പോഴേക്കും തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ കാത്തുനില്‌ക്കാനുള്ള ഏർപ്പാടാക്കാൻ മായാവതിയോടപേക്ഷിച്ചുകൊണ്ട്‌ പ്രമീളക്കുഞ്ഞമ്മ വിദഗ്‌ദ്ധമായി വോളീബാൾ നാഗർകോവിലിന്‌ സ്‌മാഷ്‌ ചെയ്യിക്കാൻ പദ്ധതിയിട്ട്‌ ഫോൺ കട്ടു ചെയ്‌തു.

പിന്നീട്‌ പ്രമീളക്കുഞ്ഞമ്മയുടെ കുശാഗ്രബുദ്ധി പ്രതിപ്രവർത്തനം നടത്തിയതിന്റെ അനന്തരഫലമാണ്‌ ഈ ആകാശയാത്ര.

ആകാശയാത്ര അമ്മയുടെ ട്രെയിൻയാത്രയേക്കാൾ വളരെ മുൻപേ അവസാനിക്കുകയാണ്‌. മകൾ ഡ്യൂട്ടിയിലായിരിക്കും. പ്രോജക്‌ടുള്ള സമയമാണെങ്കിൽ അവളുടെ ആഫീസ്‌ സമയത്തെക്കുറിച്ച്‌ അവൾക്കുപോലും മുൻകൂർ ധാരണയുണ്ടാവില്ല. മാത്രമല്ല, മകളെ മുൻകൂട്ടി അറിയിക്കാതെയുള്ള ഒരു യാത്രയുമാണ്‌. അമ്മയെ ഒഴിവാക്കാൻ മകളുടെ കൈക്കുടന്നയിൽ അഭയം തേടൽ.

ബംഗലുരുവിലെ മൾട്ടിനാഷണൽ കമ്പനിയുടെ വിസിറ്റേഴ്‌സ്‌ ലോഞ്ചിൽ ലഗേജുകളുമായി കാത്തിരിക്കുന്ന മാതാപിതാക്കളെ സ്വീകരിക്കാനെത്തിയ അപർണയുടെ സോഫ്‌റ്റ്‌ വെയർ കരുനീക്കങ്ങൾ അതിനകം ഫലപ്രാപ്‌തിയിലെത്തിയിരുന്നു.

മുൻഗാമികളെ വെല്ലുന്ന പ്രായോഗികതയും വേഗവും സ്വായത്തമാക്കിയ നവയുവത്വത്തിൽ, പൊടുന്നനെ നെയ്‌തെടുക്കപ്പെട്ട പദ്ധതികളിൽ കൃതൃമത്വത്തിന്റെ നേരിയലാഞ്ചനപോലും ഒളിമിന്നാൻ ഇടവരുത്താതെ അപർണ പ്രതിസന്ധി വിവരിച്ചു.

ഇന്നു രാത്രിയിലെ ഫ്‌ളൈറ്റിൽ അപർണയും സഹപ്രവർത്തകർ ചിലരും ചേർന്ന്‌ വാർഷികാവധി ആഘോഷിക്കാൻ വേണ്ടി പുറപ്പെടുകയാണ്‌. ഡാർജിലിങ്ങും സിംലയുമാണ്‌ ആദ്യലക്ഷ്യങ്ങൾ. പത്തുദിവസങ്ങളോളം നീണ്ട യാത്രാപരിപാടിയാണ്‌. ഫ്ലാറ്റിൽ മാതാപിതാക്കളെ പാർപ്പിക്കാനും നിർവാഹമില്ല. കാരണം, ട്രെയിനിങ്ങ്‌ കാലത്തെ സ്‌നേഹിതയായ പഞ്ചാബുകാരി നീതുസിങ്ങ്‌ മധുവിധു ആഘോഷിക്കാൻ ബംഗലുരുവിലെത്തിയിട്ടുണ്ട്‌. അവർക്ക്‌ തന്റെ മുറി ഇന്നു രാവിലെ മുതൽ ഒഴിഞ്ഞുകൊടുത്തിരിക്കുകയാണ്‌. പിന്നെ എന്തുചെയ്യും?

മകൾ തന്റെ പരിഭവം പുരട്ടിയുള്ള പരാതിപറച്ചിലുകൾക്കൊടുവിൽ മാതാപിതാക്കളോട്‌ പരിഗണനാർഹമായ ആദ്യത്തെ അഭിപ്രായം ആരാഞ്ഞു.

ഇന്നുതന്നെ മടങ്ങിപ്പോകുന്നില്ലെങ്കിൽ സിറ്റിയിലെ ഏതെങ്കിലും മുന്തിയ ഹോട്ടലിൽ റൂം തരപ്പെടുത്താമെന്ന്‌. അതല്ല, ഇന്നുതന്നെ മടങ്ങാനാണുദ്ദേശിക്കുന്നതെങ്കിൽ നൈറ്റ്‌ ബസ്സുകളിൽ ഏതിലെങ്കിലും സീറ്റുകൾ റിസർവുചെയ്‌തു കൊടുക്കാമെന്ന്‌.

മകളുടെ അസൗകര്യങ്ങൾക്ക്‌ കാരണഭൂതരാകാതെ, അവൾക്ക്‌ യാത്രാമംഗളം നേർന്ന്‌ മൾട്ടിനാഷണൽ സ്വർഗ്ഗത്തിന്റെ കവാടത്തിലൂടെ വെളിയിലേക്കിറങ്ങവേ, വിദ്യാധരൻ തമ്പി വെറുതെ ചിന്തകളുടെ കാടുകയറി വഴിത്താരകളിട്ടു.

അദൃശ്യനും എന്നാൽ ഭീമാകാരനുമായിരുന്ന ഒരു ഗൃഹനാഥന്റെ കൈക്കുടന്നയിലെ സംരക്ഷണത്തിലായിരുന്നു തന്റെ അച്ഛനും അമ്മയും സഹോദരങ്ങളും വീട്ടുജോലിക്കാരും വളർത്തുപക്ഷിമൃഗാദികളും എന്ന്‌ കരുതിപ്പോന്നിരുന്ന ഒരുബാല്യമുണ്ടായിരുന്നു.

രക്ഷാവലയത്തിനുള്ളിലെ കൂട്ടിയിണക്കപ്പെട്ട കണ്ണികൾ പിന്നീട്‌ കാലത്തിന്റെ വളർച്ചയിൽ അകന്നു പൊട്ടി ചോർന്നു വീഴുന്നത്‌ നിസ്സഹായതയോടെ അനുഭവിച്ചറിഞ്ഞു. ബന്ധങ്ങളുടെ നീരൊഴുക്കിന്റെ ശോഷിപ്പിന്‌ ആക്കം കൂടുകയും മൺതടങ്ങൾ പോലെ പൊന്തിവന്ന സ്വകാര്യതകൾ അകൽച്ചകളുടെ അതിർത്തിത്തിട്ടകൾ തീർക്കുകയും ചെയ്‌തു. ചോർന്നതും ചോർത്തപ്പെട്ടതുമായ ബന്ധനങ്ങൾ നിപതിച്ചിടത്തെ തുരുത്തുകളിൽ വീണ്ടും സ്വകാര്യതയുടെ കൈക്കുടന്നകൾ പ്രത്യക്ഷപ്പെട്ടു; സംരക്ഷണത്തിന്റെ ഇടവേളകൾ താണ്ടി വീണ്ടും ചോർന്ന്‌ പോകാനും ചോർത്തപ്പെടാനും വേണ്ടിയുള്ള തനിയാവർത്തനങ്ങൾക്കുവേണ്ടി…..

മടക്കയാത്രയിൽ, രാത്രിവണ്ടിയിലെ എയർ കണ്ടീഷൻ കുളിർമയിൽ ഉറക്കം വരാതെ ജീവിതത്തിന്റെ അർത്ഥരഹിതങ്ങളായ ദൗത്യങ്ങളെ പഴിചാരിക്കൊണ്ട്‌ വിദ്യാധരൻതമ്പി വെറുതെ കണ്ണും പൂട്ടിഇരുന്നു.

ഇടയ്‌ക്കെപ്പോഴോ കണ്ണുതുറന്നിട്ട്‌ ചിന്താധീനയായിരിക്കുന്ന ഭാര്യയോട്‌ ഇത്രമാത്രം ചോദിച്ചുഃ

-പ്രമീളേ… ഓന്നോർത്താൽ എന്റെ അമ്മയും നീയും തമ്മിൽ എന്താണ്‌ വ്യത്യാസം? ഞാനും എന്റെ മകളും തമ്മിൽ എന്താണ്‌ വ്യത്യാസം?

പിന്നീട്‌ സ്വയം കണ്ടെത്തിയ ഉത്തരവും വന്നു.

-നമ്മളെല്ലാവരും ചോർന്നുപോയവരാണ്‌…. പല കൈക്കുമ്പിളുകളിൽ നിന്നും…..

അന്നേരം, ബംഗലുരുവിലെ മൾട്ടിനാഷണൽ കമ്പനിവക ഫ്ലാറ്റിൽ, എയർകൺഡീഷൻ ചെയ്‌ത ബെഡ്‌റൂമിൽ ഭോഗാലസ്യത്തോടെ പുണർന്നു കിടക്കുകയായിരുന്ന കമിതാക്കളിൽ യുവതി യുവാവിനോടു ചോദിച്ചു.

-അച്ഛനും അമ്മയും അറിയാതെയുള്ള ഈ ഒളിച്ചുകളി നമ്മൾ എത്രനാൾ തുടരും?

യുവാവിന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു.

-നമ്മളിൽ ഒരാൾക്ക്‌ മടുക്കുവോളം…….

Generated from archived content: story_competition24.html Author: m_devdas..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here