കുട്ടികളിൽ ചരിത്രപഠനാഭിമുഖ്യവും പ്രാക്തനജനപദസംസ്‌കാരങ്ങൾ മനസ്സിലാക്കാനും ആ അന്തരീക്ഷം ഭാവനയിൽ ഉണർത്തി അതിൽ ഒട്ടിടയെങ്കിലും ജീവിക്കുവാനുമുളള കാല്‌പനികതൃഷ്‌ണയും മനുഷ്യപുരോഗതിക്ക് പിന്നിലുളള രാഷ്‌ട്രീയ സാമൂഹ്യപരിവർത്തനങ്ങളെക്കുറിച്ച് നിരൂപിക്കുന്നതിനുളള ബുദ്ധിപരമായ ഉത്തേജനവും ദക്ഷിണേന്ത്യയിലെ പുരാതന വാസ്‌തുശില്‌പ പ്രതിമാകരണാദികലകളുടെ പിന്നിലെ വിസ്‌മയാവഹമായ പ്രതിഭാപ്രയത്‌നങ്ങളെ സംബന്ധിച്ചുളള ആദരഭാവയുക്തമായ സൗന്ദര്യാന്വേഷണാഭിരുചിയും ഉളവാക്കാൻ പോന്ന ഈ യാത്രാവിവരണം മലയാളത്തിലെ ബാലസാഹിത്യശാഖയ്‌ക്കു തീർച്ചയായും നല്ലൊരു മുതൽക്കൂട്ടാണ്.
ചെറിയ ചെറിയ സംഭവങ്ങളും സന്ദർഭോചിതങ്ങളായ പുരാവൃത്തപരാമർശങ്ങളും ഈ യാത്രാവിവരണത്തിന്റെ പാരായണത്തെ രസകരമാക്കിയിരിക്കുന്നു. ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും വിവരിക്കുന്നിടത്തെല്ലാം അന്ധവിശ്വാസങ്ങൾ ബാലഹൃദയത്തിൽ വേരൂന്നാനിടവരാതെ, തടഞ്ഞുകൊണ്ടുതന്നെ മിത്തുകളെന്ന നിലയിൽ അവയുടെയെല്ലാം ഭാവനാത്മകമായ മൂലങ്ങളിലേക്ക് ചൂണ്ടിയതിൽ ഉൾക്കണ്ണുണ്ട്.
ഇത് ‘കസേരയിൽ കിടന്നെഴുതിയ യാത്രാവിവരണ’മല്ല. അതുകൊണ്ടുതന്നെ ഇതിലെ അനുഭവങ്ങൾക്കും വിവരങ്ങൾക്കും ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും ചൂടും പ്രകാശവുമുണ്ട്. സ്‌നേഹവാത്സല്യങ്ങൾ നിറഞ്ഞ പിതാവിന്റെയും അദ്ധ്യാപകന്റെയും മംഗളാർത്ഥിയായ ഹൃദയവും ബുദ്ധിയും ഈ രചനയ്‌ക്കു പിന്നിൽ സ്‌പന്ദിക്കുന്നു.
സാരള്യവും ഓജസ്സുമുളള ഭാഷാശൈലിയാണ് ശ്രീ തായാട്ടിന്റേത്.
‘ചുവന്ന വെയിൽനാളത്തിലൂടെ പടർന്നുകയറുന്ന സന്ധ്യ. പകൽ മുഴുവൻ സഹ്യസാനുക്കളിൽ പച്ചതേടിയലഞ്ഞ് തൊഴുത്തു ലക്ഷ്യംവെച്ച് കൂട്ടംകൂട്ടമായി നടന്നകലുന്ന കന്നുകാലികൾ. കുങ്കുമം തളിച്ച ആകാശത്തിൽ ചലിക്കുന്ന കറുത്ത പുളളികളായി ചേക്കേറാൻ കൂടുംതേടിപ്പോകുന്ന പക്ഷികൾ. കുളിരുംകൊണ്ട് കുന്നിൻപുറങ്ങളിലൂടെ ഓടിയെത്തി ആശ്ലേഷസുഖം നല്‌കുന്ന കുഞ്ഞിളംകാറ്റ്….’ ഇങ്ങനെ അന്തരീക്ഷത്തെ ഐന്ദ്രിയാനുഭവമാക്കുന്ന വിവരണങ്ങളടക്കം കലാഭംഗി കലരുന്ന സുന്ദരചിത്രങ്ങൾ ഈ കൃതിയെ അങ്ങോളമിങ്ങോളം ചമൽക്കാരപൂർണ്ണമാക്കുന്നു.
കഥയുറങ്ങുന്ന വഴിയിലൂടെ, കെ.തായാട്ട്, വില – 75.00, കറന്റ് ബുക്‌സ്
Generated from archived content: bookreview1_oct12_2006.html Author: m_achuthan