കപടാ‍ത്മീയതക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം

യേശുക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ കൊതിച്ച് പതിമൂന്നാം വയസ്സില്‍ കന്യാമഠത്തില്‍ ചേര്‍ന്ന സിസ്റ്റര്‍ മേരി ചാണ്ടി തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ലോകത്തെ അറിയിക്കുന്നത് മഠങ്ങള്‍ കന്യാവ്രതത്തിന്റെ കശാപ്പുശാലകള്‍ എന്നാണ്. അവര്‍ തന്റെ കന്യാത്വം കാത്തുസൂക്ഷിക്കാന്‍ വേണ്ടി മഠങ്ങളുടെ അകത്തളങ്ങളില്‍ വ്യാപരിക്കുന്ന ദുഷ്ടശക്തികളോട് പടപൊരുതി കന്യാമഠം ഉപേക്ഷിച്ച് പുറത്ത് കന്യകയായി തന്നെ ഭാരതീയ സംസ്ക്കാരത്തിനിണങ്ങും വിധം പുതിയ ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് സേവനം ചെയ്തു വരുന്നത് സഭക്ക് ആകമാനം അഭിമാനകരമാണ്. മെത്രാന്മാരടക്കമുള്ള വൈദിക- സന്യാസ- സന്യാസിനി സമൂഹങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ആത്മീയ – സന്മാര്‍ഗ മൂല്യച്യുതി മാരകമായിരിക്കുന്നു എന്നതാണ് സിസ്റ്റര്‍ മേരി ചാണ്ടി തന്റെ അനുഭവക്കുറിപ്പുകളിലൂടെ ലോകത്തിനു നല്‍കുന്ന സന്ദേശം.

കോണ്‍സ്ന്റെന്റെന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ ആരംഭിച്ച ഈ മൂല്യച്യുതി വിദേശ സഭകളിലിന്ന് സര്‍വ്വനാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് . എ ഡി 52 നവംബര്‍ 21 -ന് യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിക്ഷ്യന്മാരില്‍ ഒരാളായ മാര്‍ത്തോമാശ്ലീഹയാല്‍ ഭാരതത്തില്‍ സ്ഥാപിതമായ നസ്രാണി ( മാര്‍ത്തോമാ ക്രിസ്ത്യാനികള്‍) സഭയില്‍ തനതായ ഒരു ബൈബിള്‍ അധിഷ്ഠിത ജനാധിപത്യ ഭരണസംവിധാനമാണ് നില നിന്നു പോന്നിട്ടുള്ളത്. ആദിമ ക്രൈസ്തവ സമൂഹം അപ്പസ്തോലന്മാരുടെ നേതൃത്വത്തില്‍ സമ്മേളിച്ച് തീരുമാനങ്ങള്‍ എടുത്തിരുന്നതുപോലെ , നസ്രാണികള്‍ ഇടവക വൈദികന്റെ നേതൃത്വത്തില്‍ സമ്മേളിച്ച് പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ നടപ്പാക്കിയിരുന്നു.

ഈ സഭാഭരണരീതിയാണ് പിന്നീട് പള്ളിയോഗം എന്ന പേരില്‍ അറിയപ്പെട്ടത്. വിശ്വാസാധിഷ്ഠിതമായ നമ്മുടെ ഈ ഭരണക്രമവും പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ വൈദിക സന്യാസ – സന്യാസിനി – ആത്മായ സമൂഹങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. കോണ്‍സ്റ്റന്റെന്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ റോമാ സഭയില്‍ കടന്നു കൂടിയ ആധിപത്യങ്ങളുടേയും ദുഷ്പ്രഭുത്വങ്ങളുടേയും അധികാരവാഞ്ചനയുടേയും , അസന്മാര്‍ഗ്ഗികതയുടേയും മാലിന്യകൂമ്പാരങ്ങള്‍ക്കു മുകളില്‍ വ്യാ‍പരിക്കുന്ന റോമാ സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്ന അക്രൈസ്തവ സിദ്ധാന്തങ്ങള്‍ ഭാരത സഭയെ 1991 മുതല്‍ മലീമസമാക്കി കൊണ്ടിരിക്കുകയാണ്. പൗരസ്ത്യ സഭകള്‍ക്ക് റോം രൂപപ്പെടുത്തിയ കാനാന്‍ നിയമം മെത്രാന്മാര്‍ ഭാരതസഭയില്‍ കടത്തിക്കൊണ്ടു വന്ന് ബൈബിള്‍ അധിഷ്ഠിതമായ നമ്മുടെ സഭാപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ് .

നമുക്ക് പരിചിതമായ മാമ്മോദീസാ, സ്തൈര്യലേപനം , കുര്‍ബ്ബാന, കുമ്പസാരം, രോഗീലേപനം, പട്ടം, വിവാഹം എന്നീ ഏഴു കൂദാശകള്‍ക്ക് പുറമെ പൗരസ്ത്യ കാനാന്‍ നിയമത്തിന്റെ 840 വകുപ്പ് പ്രകാരം രഹസ്യവിവാഹം എന്ന പേരില്‍ വ്യഭിചാരത്തെക്കൂടി കൂദാശകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി . ഈ കൂദാശ മെത്രാന്മാരടക്കമുള്ള ചില വൈദികര്‍ സന്യാസ മഠങ്ങളിലും പരികര്‍മ്മം ചെയ്യാന്‍ തുടങ്ങിയതോടെ കന്യാവ്രതം അഭിലഷിച്ച് മഠങ്ങളില്‍ താമസിക്കുന്ന സഹോദരിമാര്‍ക്ക് അവിടെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അഭയ, ജ്യോതിസ്സ്, തുടങ്ങിയ നിരവധി സന്യാസിനികള്‍ രഹസ്യ പരികര്‍മ്മത്തിന്റെ ബലിമൃഗങ്ങളായിരുന്നു . ഈ മാരകമായ കുറ്റകൃത്യത്തെ, മെത്രാനടക്കമുള്ള പുരോഹിത ഗണത്തേയും, സഭാ സമൂഹത്തേയും , പൊതു സമൂഹത്തേയും, രാജ്യത്തെ ഭരണാധികാരികളേയും വാര്‍ത്താ മാധ്യമങ്ങള്‍ വഴിയും , നേരിട്ടും ‘ കാത്തലിക് ലെമെന്‍സ് അസോസ്സിയേഷന്‍’ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. പതിനേഴാം നൂറ്റാണ്ട് കാലത്തോളം ഭാരത സഭയില്‍ വൈദികര്‍ വിവാഹിതരാ‍യി പൗരോഹത്യ ശുശ്രൂഷ ചെയ്തു പോന്നിരുന്നതാണ്. ബൈബിള്‍ അനുശാസിച്ചിട്ടുള്ള വൈദികരുടെ വിവാഹജീവിതം വത്തിക്കാന്‍ വിലക്കുകയും , പകരം സഭയില്‍ ലൈംഗിക അരാജകത്വത്തിന് കാരണമാക്കുന്ന രഹസ്യവിവാഹം പ്രാപല്യത്തിലാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വൈദികര്‍ക്ക് പരസ്യവിവാഹം അനുവദിക്കണമെന്ന് ‘ ലെ മെന്‍ അസ്സോസ്സിയേഷന്‍ ‘ മെത്രാന്മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

യേശുവിന്റെ അമ്മയായ മറിയം തന്റെ കന്യാത്വവും , ജീവിത മാതൃകയും തന്റെ മാതാപിതാക്കളില്‍ നിന്നുമാണ് സ്വായത്തമാക്കിയിട്ടുള്ളത്. ഇന്ന് നമ്മുടെ ഇടയില്‍ അറിയപ്പെടുന്ന എണ്ണിയാല്‍ തീരാത്ത സന്യാസിനി സഭകളാണ് നമ്മുടെ സഹോദരിമാര്‍ കന്യാത്വ സംരക്ഷണത്തിനു വേണ്ടി അഭയം പ്രാപിച്ചിരിക്കുന്നത്. അവര്‍ തികച്ചും കന്യകമാരായിട്ടാണ് മഠങ്ങളില്‍ എത്തിച്ചേരുന്നതും . ആജീവനാന്തം കന്യാവ്രതം പാ‍ലിച്ചുകൊള്ളാമെന്ന പ്രതിജ്ഞയോടെ മഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന സഹോദരിമാരുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് , ഈ സന്യാസിനി സഭകള്‍ ഒന്നും തന്നെ കന്യാവ്രതം കാത്ത് ജീവിതം യേശുവിന് സമര്‍പ്പിക്കുന്നതിന് പര്യാപ്തമല്ലെന്നും , കന്യാവ്രതം കാക്കുന്നതിനുള്ള സുരക്ഷിതത്വം മഠങ്ങളിലില്ലെന്നുമാണ്. ഈ സഭകളെല്ലാം ഭാരതത്തില്‍ പ്രവര്‍ത്തിച്ചു പോരുന്നതാണെങ്കിലും , അതിന്റെ അടിത്തറയും നിയമങ്ങളും വത്തിക്കാന്‍ സിംഹാസനത്തിന് വിധേയമായിട്ടുള്ളതാണ്. നമ്മുടെ സഹോദരിമാരുടെ കന്യാത്വം സാക്ഷാത്ക്കരിക്കണമെങ്കില്‍ ക്രിസ്തീയ വിശ്വാസത്തിനും , പാരമ്പര്യത്തിനും, ആദ്ധ്യാത്മികതക്കും , ഭാരതസംസ്ക്കാരത്തിനു ഉതകുന്ന കന്യാമഠങ്ങള്‍ പുനര്‍ജ്ജനിക്ക‍ണം . അതിന് പൗരോഹിത്യ – സന്യാസിനി സമൂഹങ്ങള്‍ വിമര്‍ശന വിധേയമാകേണ്ടതുണ്ട്. സഭകളുടെ വിശദീകരണവും , അതിജീവനവും രഹസ്യാത്മകമല്ല.; പ്രത്യുത പരസ്യാത്മകവും വസ്തുനിഷ്ഠവുമായ വിമര്‍ശനങ്ങളിലൂടെ സാധ്യമാകേണ്ടതാണ്. ‘ വരാനിരിക്കുന്ന രക്ഷകന്‍ നീ തന്നെയോ?’ എന്ന് യോഹന്നാന്റെ ശിക്ഷ്യനമാര്‍ യേശുവിനോട് ചോദിച്ചപ്പോള്‍ ‘ നിങ്ങള്‍ വന്നു കാണുവിന്‍’ എന്നാണ് യേശു പ്രത്യുത്തരമരുളിയത് . അതേ മനോഭാവം യേശുവിന്റെ പേരില്‍ രൂപീകൃതമായ സഭകളിലും സംജാതമാകേണ്ടതുണ്ട് . എന്നാല്‍ ഇന്നുള്ള സഭാ സമൂഹങ്ങളുടെയെല്ലാം ജീവിതക്രമവും പ്രവര്‍ത്തന സംവിധാനങ്ങളും , സേവന വ്യവസ്ഥിതികളുമൊക്കെ യേശുവില്‍ നിന്നും സഭയുടെ നട്ടെല്ലായ ആത്മായ- സമൂഹങ്ങളില്‍ നിന്നും അകന്നുപോയിരിക്കുന്നു. യേശു അരുതെന്ന് കല്‍പ്പിച്ച തിന്മകളെല്ലാം ആകാമെന്ന പ്രമാണങ്ങളാക്കി , കാനന്‍ നിയമങ്ങളെന്ന പേരില്‍ കരി നിയമങ്ങള്‍ സൃഷ്ടിച്ച് , സഭാ മേലധികാരികള്‍ തന്നെ ക്രിസ്തീയതയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.

‘കാതോലികം’ എന്ന പദത്തിനര്‍ത്ഥം ‘ സകലാഭികാമ്യം’ എന്നാണ്. അതിനാല്‍ ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഏതു ജനപദങ്ങളില്‍ നിന്നും , ഏതു സംസ്ക്കാരത്തില്‍ നിന്നും അഭികാമ്യമായത് മാത്രം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിനും, പാരമ്പര്യത്തിനും , സംസ്ക്കാരത്തിനുമിണങ്ങുന്ന സമീപനമാണ് സഭ സ്വീകരിക്കേണ്ടത്. എന്നാല്‍ വിശ്വാസാധിഷ്ഠിതമായ നമ്മുടെ പൈതൃകം തള്ളിക്കളഞ്ഞ് മലീമസമാക്കപ്പെട്ട റോമാ സാ‍മ്രാജ്യത്തിന്റെ ഭരണരീതിയാണ് ഭാരത കത്തോലിക്കാ മെത്രാന്മാര്‍ അനുവര്‍ത്തിച്ചു പോരുന്നത്. ആഗോള സഭകളിലെ നല്ലതിനെ മാത്രം സാംശീകരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് സീറോ മലബാര്‍ സഭ ‘കാതോലിക’മാകുന്നത്.അതുപോലെ സീറോമലബാര്‍ സഭയിലെ ബൈബിള്‍ അധിഷ്ഠിത മാര്‍ത്തോമ്മാ നിയമത്തെ അംഗീകരിക്കുകയും ,സാംശീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ റോമായിലെ സഭയും അപ്പസ്തോലിക സഭകളും കാതോലികമാവുകയുള്ളു. സഹോദര സ്നേഹത്തില്‍ അധിഷ്ഠിതമായ പരസ്പര വിധേയത്വം സഭകളെല്ലാം പുലര്‍ത്തുമ്പോളാണ് ‘ കാതോലികം’ അന്വര്‍ത്ഥമാകുന്നത്. യേശു എല്ലാവര്‍ക്കും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് എല്ലാ വിധ അടിമത്വത്തില്‍ നിന്നും മനുഷ്യരെ സ്വതന്ത്രമാക്കി. എന്നാല്‍ വത്തിക്കാന്‍ മനുഷ്യരുടെ എല്ലാ സ്വാതന്ത്ര്യവും ഹനിച്ച് കാനന്‍ നിയമങ്ങള്‍ എന്ന ചങ്ങലയില്‍ ബന്ധിച്ച് വിധേയപ്പെടാത്തവരെ ക്രൂരമായി പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു. സഭകളിലെല്ലാം ഏകാധിപത്യം അതിന്റെ മൂര്‍ത്തഭാവത്തില്‍ നടമാടുകയണ്. സ്നേഹമുള്ളയിടത്ത് അനുസരണമുണ്ട് വിധേയത്വമുണ്ട്. ഈ വിധ്വേയത്വം അടിമത്തത്തിലേക്ക് നയിക്കുന്നു. ഇത്തരം വിധേയരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളാണ് മേല്‍ പറഞ്ഞ സഭാ സമൂഹങ്ങളെല്ലാം.

ഭാരത സഭകളെ മലീസമാക്കുന്നതിന് ഇടയാക്കിയിട്ടുള്ള കാനന്‍ നിയമങ്ങളും അനുബന്ധ നിയമങ്ങളും , ഇന്ത്യാ രാജ്യത്ത് നിരോധിക്കുന്നതിനും , വിശ്വാസത്തിനും , പാരമ്പര്യത്തിനും , സംസ്ക്കാരത്തിനും ഭരണഘടനക്ക് യോജിച്ച വിധം സഭാ ഭരണ സംവിധാനത്തിന് ഒരു നിയമം പ്രാബല്യത്തിലാക്കി കിട്ടുന്നതിന് ഇന്ത്യയിലെ മുഴുവന്‍ ക്രിസ്തീയ വിശ്വാസികളേയും പ്രതിനിധാനം ചെയ്ത് ‘ കാത്തലിക് ലെമെന്‍ അസ്സോസ്സിയേഷന്‍ ‘ മേജര്‍ ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ പൊതുപ്രാതിനിധ്യ സ്വഭാവ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. ഈ കേസില്‍ മെത്രാന്മാര്‍ കോടതികളില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വിവരിക്കുന്നത് ‘ വിശുദ്ധ ബൈബിള്‍ ശരിയായ അര്‍ത്ഥത്തിലുള്ള ഒരു പ്രമാണമല്ലെന്നും , പള്ളികളും സ്ഥാപനങ്ങളും സ്വത്തുവകകളും , ജീവകാരുണ്യ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ള ട്രസ്റ്റിന്റെ പരിധിയില്‍ വരുന്നവയല്ലന്നുമാണ്. സഭാ അംഗങ്ങള്‍ക്ക് ഇടവകളില്‍ യാതൊരു വിധ നിയന്ത്രണമോ , അവകാശങ്ങളോ ഇല്ലെന്നുമാണ്. ‘

ഇത്തരത്തിലുള്ള കപട ആത്മീയ നേതൃത്വത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തില്‍ സിസ്റ്റര്‍ മേരി ചാണ്ടിയേപ്പോലെ വൈദിക – സന്യാസി സമൂഹങ്ങളും സധൈര്യം ആത്മസംയമനത്തോടെ പോരാടുവാന്‍ മുന്നോട്ടു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ് . സിസ്റ്റര്‍ മേരിചാണ്ടിയുടെ ‘ സ്വസ്തി’ എന്ന ആത്മകഥ അതിലേക്കുള്ള ശക്തമായ ഒരു ചുവടുവെപ്പായി മാറെട്ടെയെന്നും ആശംസിക്കുന്നു.

ജനറല്‍ സെക്രട്ടറി,

കാത്തലിക് ലേ മെന്‍ അസ്സോസ്സിയേഷന്‍ ,

കൂടരഞ്ഞി , കോഴിക്കോട്.

Generated from archived content: book1_june02_12.html Author: m.l.george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here