ഓണം, ഒരാളുടെ ജീവിതത്തിന്റെ ഭൂതകാലമായി നാം ആഘോഷിക്കുന്നു. പാരമ്പര്യത്തിന്റേതല്ല; അവനവന്റെ ഭൂതകാലമാണത്. കുട്ടികള്‍ക്കാവുമ്പോള്‍ , അവര്‍ ഉണ്ടാക്കിയെടുക്കുന്ന ഭൂതകാലവും.
ഇന്നില്ലാത്തതെല്ലാം പഴയകാലത്തില്‍ ഉണ്ടെന്നു വിശ്വസിക്കുന്നത് രസമുള്ള കാര്യമാണ്. മനുഷ്യര്‍ക്ക് അവരവരില്‍ തന്നെ വിശ്വാസം രേഖപ്പെടുത്താന്‍ ഇതാവശ്യമാണ്. എന്റെ കുട്ടിക്കാലത്ത് ഓണം അടുക്കാറായാല്‍ മുടി വെട്ടുന്നത് ഒരു തരംഗമായിരുന്നു. ഒരു വെണ്മയാര്‍ന്ന വെയില്‍ പരന്നുതുടങ്ങുന്നത് മനസ്സുകളെയും പിടിച്ചുലയ്ക്കും. വെയിലിലെ തുമ്പികളാകും നമ്മള്‍. സ്നിഗ്ധവും പ്രസാദാത്മകവുമായ പകല്‍ വെട്ടങ്ങളുടെ തലോടലില്‍ , മനസ്സിന്റെ നല്ല ചോദനകള്‍ കുളിച്ചു വൃത്തിയായി പൊന്തി വരും. പൂക്കള്‍ അതുപോലെ തന്നെ ഒരാവിര്‍ഭാവമായി തോന്നുമായിരുന്നു. അതുവരെ കാണാത്ത പൂക്കളെല്ലാം സൈനികരേപ്പോലെ തൊടികളില്‍ കാവല്‍ നില്‍ക്കും. മാഞ്ഞുപോകാത്ത ഇഷ്ടങ്ങള്‍ എത്രയോ മുളച്ചു പൊങ്ങുന്നു. ഇന്ന് നാടന്‍ പൂക്കളൊക്കെ ആര്‍ക്കെങ്കിലും വേണോ? അവയുടെ പേരുകള്‍ പോലും,ഷോപ്പിങ് മാളിലേക്കുള്ള യാത്രക്കിടയില്‍ ചവറ്റുകുട്ടയിലായിട്ടുണ്ടാകും. തൊട്ടാവാടി, തുമ്പ, കോളാമ്പി, ജമന്തി, മുല്ല, വെണ്ട, മത്ത, ചെമ്പരത്തി പൂക്കളും മഹാമുഖ്യ ധാരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്കും അയിത്തമോ? ഗ്രാനെറ്റ് പതിച്ച് തറകള്‍ക്കും പുട്ടികള്‍ അടിച്ച ചുവരുകള്‍ക്കും ചേരാത്ത ഈ ഹരിജന്‍ പൂവുകള്‍ക്കല്ലേ യഥാര്‍ത്ഥത്തില്‍ ഗൃഹാതുരത്വം?
ഓണം ഒരു മറവിയുമാണ്. ഓരോ ഉരുളയും കഴിച്ച് മറക്കാനുള്ളതാണ്. എല്ലാം ഒരു വിപണിയില്‍ ആയിരിക്കുന്നവന് ഓടാന്‍ ഒരു വഴിയേയുള്ളു. ഒരിടത്തും ബന്ധിക്കപ്പെടാതെ, ഇഷ്ടം പോലെ സമയമുണ്ടായിരുന്ന പോലത്തെ ഓണമല്ല ഇന്നത്തേത്. ആ ഓണത്തിന്റെ അലകും പിടിയും മാറിപ്പോയിരിക്കുന്നു. ഇന്ന് ഓണത്തോടൊപ്പം നാം വിപണിയിലാണ്. പുതിയ ഉടുപ്പ് കിട്ടുമെന്നത് , കുട്ടിക്കാലത്ത് എന്നേപ്പോലെയുള്ള ഗ്രാമീണര്‍ക്ക് ആശ്വാസമായിരുന്നു. കോളേജ് ക്ലാസ്സുകളിലെത്തിയതോടെ ഓണമൊന്നും എന്നെ ഉദ്ദേശിച്ചല്ല വന്നു പോകുന്നതെന്ന തിരിച്ചറിവുണ്ടായി.
ഓണദിവസം , കുളിച്ച് പുതിയ നിക്കറും ഷര്‍ട്ടുമിട്ട് , അല്ലെങ്കില്‍ കൈലിമുണ്ടും ഷര്‍ട്ടുമിട്ട് പറമ്പിലൂടെ നടക്കുന്നതിന്റെ സ്വാതന്ത്ര്യവും സുഖവും എന്നേക്കും നഷ്ടപ്പെട്ടു. ഇപ്പോള്‍ പുതിയ ഉടുപ്പ് തരാന്‍ ആരും ശ്രമിച്ചു കാണാറില്ല. കുട്ടികള്‍ക്കു മാത്രമായി ഓണത്തെ ചുരുക്കിയവരാണ് അധികവും. കുട്ടിക്കാലത്ത് എനിക്ക് പുത്തനുടുപ്പ് തയ്ച്ചു തന്ന നാരായണന്‍ ചേട്ടന്‍ ഇക്കൊല്ലത്തെ തന്റെ ഓണം അടുത്ത വര്‍ഷത്തേക്കു മാറ്റിവയ്ക്കുകയാണെന്നു പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ ശരിക്കും മനസിലാകുന്നുണ്ട്. നല്ല സ്മൃതിയാണെങ്കിലും ഇന്ന് ഇതൊക്കെ കൊണ്ടുനടക്കാന്‍ ഒരു ഗ്രാമമോ നഗരമോ എന്നോടൊപ്പമില്ല. കുടുംബാംഗങ്ങളോടോപ്പമുള്ള ഒരു നഗരം ചുറ്റല്‍ തന്നെ, എന്റെ ഓണത്തിന്റെ ഭൂപടം കാണിച്ചു തരുന്നു.
കടകളുടെ മുമ്പില്‍ വയറുചാടി , ബുദ്ധി മരവിച്ച് ഉദാസീനതയോടെ നില്‍ക്കുന്ന മാവേലിമാരേയും നാം സൃഷ്ടിച്ചു കഴിഞ്ഞു. നല്ല പോലെ കുടിക്കുന്ന നമുക്ക് കുടിക്കുന്ന മാവേലി തന്നെ ശരണം. കടകളിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള , ജീവനുള്ള കോലമാകാനെങ്കിലും മാവേലിക്കു കഴിഞ്ഞു എന്നത് , ഫ്രൊഫഷണല്‍ ലോകത്ത് നട്ടം തിരിയുന്ന ചെറുപ്പക്കാരുമായി തുലനം ചെയ്യുമ്പോള്‍ ആശ്വസിപ്പിക്കാനുള്ള കാര്യമാണ്.
ഒരു സോപ്പിന്റെ , ടി. വി യുടെ , തുണീക്കടയുടെ പരസ്യമോഡലാകാന്‍ തയ്യാറെടുക്കുന്ന മാവേലി , ശരിക്കും നാടുനഷ്ടപ്പെട്ടവനാണ്. അനാഥനാക്കപ്പെട്ട ഒരു രാജാവിന് , പൗരബോധത്തിന്റെ അടിസ്ഥാനത്തില്‍ നാം നല്‍കുന്ന അഭയം സാംസ്ക്കാരികവുമാണത്രെ.
കടപ്പാട് – വിശകലനം
Generated from archived content: essay1_sep17_12.html Author: m.k.harikumar