പലകപ്പാണ്ടി മലനിരകളിലൂടെ

രണ്ടായിരത്തി അഞ്ചിലെ മെയ്‌ പന്ത്രണ്ടാം തീയതി ബുദ്ധപൂർണ്ണിമ ദിനമായിരുന്നു. രാത്രിയിൽ നല്ല നിലാവ്‌ കിട്ടുന്ന കാലം. വേണ്ടിവന്നാൽ രാത്രിയിലും ട്രക്കിംഗ്‌ നടത്താൻ പറ്റിയ ദിവസം. ഞങ്ങൾ പലകപ്പാണ്ടി മലകയറി മാൻപാറയിലെത്താൻ തിരഞ്ഞെടുത്തത്‌ ഈ ദിവസങ്ങളായ 12, 13 തിയ്യതികളായിരുന്നു. തലേന്ന്‌ രാത്രിയിൽതന്നെ ഞങ്ങൾ ടീം ലീഡറായ ആറുമുഖന്റെ വീട്ടിൽ ഒത്തുകൂടി. വിവിധയിടങ്ങളിൽ നിന്നായി പതിനാലുപേരാണ്‌ യാത്രക്ക്‌ എത്തിയിരുന്നത്‌. അതിലും പകുതിയാളുകൾ കൗതുകകാഴ്‌ചകളുമായി സല്ലപിക്കാൻ വന്നവരാണ്‌. പ്രകൃതി നശിച്ചാലും നന്നായാലും എന്തെന്ന്‌ അറിയാത്തവരായിരുന്നു അവർ. രാത്രി ഒമ്പതു മണിയോടെ ഞങ്ങൾ കഞ്ഞിവെച്ചുകുടിച്ചു. പിന്നെ ചടങ്ങുപോലെ പരിചയപ്പെടലും രജിസ്‌ട്രേഷനും നടന്നു. വൈവിധ്യമുള്ളകാടുകളെക്കുറിച്ചും പ്രകൃതി നാശനത്തെ കുറിച്ചുമെല്ലാം ഉളള സിഡി.കളും ഇൻഡോസൾഫാൻ വരുത്തിവെക്കുന്ന ഗുരുതരമായ പ്രശ്‌നത്തെപ്പറ്റിയുള്ള സി.ഡി.കളും കണ്ടു. പിന്നീട്‌ അംഗങ്ങൾ ഓരോരുത്തരും സ്വന്തം നാട്ടിലെ പ്രകൃതിനശീകരണ പ്രശ്‌നങ്ങളെ അവതരിപ്പിച്ചു. എല്ലാറ്റിനെപറ്റിയും സജീവചർച്ച നടന്നു. നശീകരണപ്രവർത്തനങ്ങൾക്കെതിരായി സ്വന്തം സ്‌ഥലങ്ങളിൽ വേണ്ടത്ര പ്രചാരണം നടത്താനും സഹായിക്കാനും തീരുമാനിച്ച്‌ ചർച്ചകൾക്ക്‌ താൽക്കാലിക വിരാമം പറഞ്ഞ്‌ ഞങ്ങൾ ഉറക്കത്തെ കാത്തുകിടന്നു.

പുലർച്ചേ അഞ്ചുമണിക്കുമുമ്പായി ഞങ്ങളേവരും ഉറങ്ങിയെഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ നടത്തി. രാവിലെ ഒരു കട്ടൻ ചായ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ആറുമണിക്കകം രണ്ടു ദിവസത്തിന്നാവശ്യമായ പാചക സാധനങ്ങൾ പായ്‌ക്കു ചെയ്‌തു. അംഗങ്ങളെല്ലാം സാധനങ്ങൾ ഷെയർ ചെയ്‌ത്‌ എടുത്തപ്പോൾ ആർക്കും അധികഭാരം തോന്നിയില്ല. പാചകത്തിനുള്ള പാത്രങ്ങളും ലഗ്ഗേജുകളുമായി കൃത്യം ആറുമണിക്കുതന്നെ ഞങ്ങൾ യാത്ര തുടങ്ങി. കൊല്ലങ്കോടിന്നപ്പുറമുള്ള പോത്തമ്പാടം എന്ന സ്‌ഥലത്തുനിന്നുമാണ്‌ യാത്ര ആരംഭിച്ചത്‌. കിഴക്ക്‌ സൂര്യൻ തലകാണിച്ചു തുടങ്ങി. ഞങ്ങളുടെ വലതുവശത്ത്‌ മലനിരകൾ തെളിഞ്ഞു തുടങ്ങി. അമ്പതുകൊല്ലം മുമ്പ്‌ ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന കുഗ്രാമ വീഥികളിലൊന്നായിരുന്നു നടക്കുന്ന വഴി. അതിരാവിലെ അപരിചചിതരായ ഒരു കൂട്ടം ചെറുപ്പക്കാരെ കണ്ടതുകൊണ്ടോ അതോ ഈ പിള്ളേർക്ക്‌ വട്ടാണ്‌ എന്ന്‌ കരുതിയതുകൊണ്ടൊ വഴിയരികിലെ വീടുകളിൽ നിന്നും പലരും പുറത്തുവന്ന്‌ അത്‌ഭുതം കുറിനിന്നു. (പണിയില്ലാത്ത പിള്ളേരുടെ ഒരു കാര്യം എന്ന ധ്വനിയായിരുന്നു ഞാൻ നോട്ടത്തിൽ കണ്ടത്‌.)

നടവഴിക്കരുകിൽ പലതരം മുൾച്ചെടികൾ അതിരിട്ടു നിലക്കുന്നു. കള്ളിമുൾച്ചെടികളായിരുന്നു അധികവും. അവയെല്ലാം പൂത്തുനിന്നിരുന്നു. ആദ്യമായിട്ടായിരുന്നു പൂത്തുനിന്നിരുന്ന ഇത്തരം ചെടികളെ ഞാൻ കാണുന്നത്‌. വളവുകളും തിരിവുകളും കടന്ന്‌ ചുള്ളിയാർ ഡാമിന്റെ കനാൽ ബണ്ടിലൂടെ ഞങ്ങൾ ഡാം ലക്ഷ്യമാക്കി മുന്നേറി. വളരെയൊന്നും ക്യാച്ച്‌മെന്റ്‌ ഏരിയ ഇല്ലാത്ത ഡാമാണ്‌ ചുള്ളിയാർ. നെല്ലിമലകളിൽ പെയ്യുന്ന മഴവെള്ളം ഒഴുകിയെത്തുമ്പോൾ തടഞ്ഞു നിർത്തുന്നതിനുവേണ്ടിയാണ്‌ ചുള്ളിയാർ പണികഴിപ്പിച്ചിട്ടുള്ളത്‌. ആഴംകൊണ്ട്‌ വലുപ്പമുണ്ടെങ്കിലും വിസ്‌തൃതിയിൽ കുറവാണ്‌ ഈ ഡാം. അരുവികളോ പുഴകളോ മറ്റ്‌ നീർചാലുകളോ മഴക്കാലം കഴിഞ്ഞാൽ ഒഴുകിയെത്താൻ ഇല്ലാത്ത അണക്കെട്ടുകൂടിയാണ്‌ ചുള്ളിയാർ. മഴക്കാലത്ത്‌ ഈ ഡാം നിറഞ്ഞാൽ അധികജലം കുറച്ചുദൂരെയുള്ള മീങ്കര ഡാമിലേക്ക്‌ സംഭരിക്കുകയാണ്‌ പതിവ്‌.

ചുള്ളിയാറിലേക്ക്‌ ഇപ്പോൾ നെല്ലായാമ്പതിയിലെ തന്നെ പലകപ്പാണ്ടി മലനിലകളിലെ വർഷകാല ജലം സംഭരിക്കാൻ കോടിക്കണക്കിന്‌ രൂപ ചിലവഴിച്ച്‌ നിർമ്മിക്കുന്ന കനാൽ പദ്ധതി പണി നടന്നുകൊണ്ടിരിക്കുകയാണ്‌. കൊടും മലയുടെ താഴ്‌വരയിലൂടെ വലിയ കനാൽ വെട്ടിയാണ്‌ കിലോമീറ്ററോളം ദൂരെ നിന്നും ജലം ചുള്ളിയാർ ഡാമിൽ എത്തിക്കുന്നത്‌. ഈ പലകപ്പാണ്ടിമല കയറി വേണം ഇന്ന്‌ ഞങ്ങൾക്ക്‌ അപ്പുറമെത്താൻ.

ഏഴരമണിയോടെ ഞങ്ങൾ ചുള്ളിയാറിന്റെ കരയിലെത്തി. വെള്ളം കുറേ വറ്റിക്കണ്ട ഭാഗത്തെ കുളിക്കടവിൽ ഇറങ്ങി എല്ലാവരും ‘വൃത്തിയായി’ കുളിച്ചു. അതോടെ അതുവരെയുണ്ടായിരുന്ന ക്ഷീണം മാറി. കുളിക്കുശേഷം അടുത്തുണ്ടായിരുന്ന ചായക്കടയിൽ ചെന്ന്‌ പ്രഭാതഭക്ഷണം കഴിച്ച്‌ മുന്നോട്ട്‌ യാത്ര തുടർന്നു.

ഫലകപ്പാണ്ടി കനാൽ ബണ്ടിന്റെ മുകളിലൂടെയാണ്‌ നടന്നത്‌. മിക്കയിടത്തും പണി വേണ്ടത്ര പുരോഗമിച്ചിട്ടില്ലായിരുന്നു. കൂറ്റൻ യന്ത്രസാമഗ്രികൾ അവിടെ കിടക്കുന്നുണ്ട്‌. ചിലയിടങ്ങളിൽ മാത്രമെ ഒന്നുരണ്ടുവീടുകൾ കണ്ടുള്ളു. ഞങ്ങൾ ആ വീടുകളിൽ ചെന്ന്‌ കുപ്പികളിൽ കുടിവെള്ളം ശേഖരിച്ചു. പിന്നീട്‌ വിസ്‌തൃതമായികിടക്കുന്ന മാന്തോപ്പുകളിലെ അനാഥമായ പഴമാങ്ങകൾ വലിച്ചു കടിച്ചു തിന്ന്‌ താഴ്‌വരക്കാഴ്‌ചകൾ കണ്ട്‌ താഴ്‌വരയിലൂടെ മുന്നോട്ടുനീങ്ങി. ഒടുവിൽ കണ്ട വീട്ടുകാരോട്‌ മലമുകളിലേക്കുള്ള വഴിതിരക്കിയപ്പോൾ അഞ്ചാറു വർഷമായി അപ്പുറത്തേക്ക്‌ ആരും ഈ വഴിയിലൂടെ കടന്നു പോയിട്ടില്ലെന്നായിരുന്നു മറുപടികിട്ടിയത്‌. മുമ്പ്‌ ഈ വഴി കയറിയിരുന്നവർ കവറകളായിരുന്നു. പനമ്പ്‌ ഉരുപ്പടികളുടെ വിലത്തകർച്ചയെതുടർന്ന്‌ അവർ ആ പണി ഉപേക്ഷിച്ചതിനുശേഷം ഒരാൾ പോലും ആ വഴി കയറാറില്ലത്ര.

ഞങ്ങൾ എന്തിനും ഉറച്ചുതന്നെയായിരുന്നു. സാമാന്യം പച്ചപ്പുകണ്ട സ്‌ഥലത്തുകൂടെ മുകളിലേക്ക്‌ കയറി. വഴിയിൽ ചെറിയ ചെറിയ മരങ്ങൾ മാത്രമേ ഉള്ളൂ. കാട്ടുപൊന്തുകൾ ഇടതൂർന്നു നിന്നിരുന്നതിനാൽ കുറേയെല്ലാം വെട്ടിമാറ്റിയാണ്‌ മുന്നേറിയത്‌. ഒരാൾക്ക്‌ കടന്നു പോകാവുന്ന വഴിയിലെ മേൽഭാഗമാണ്‌ വെട്ടിമാറ്റുന്നത്‌. താഴത്ത്‌ ചെടി വകഞ്ഞുമാറ്റി കാലൂന്നുകയാണ്‌.

ഈ വഴിയിൽ ധാരാളം മുളങ്കൂട്ടങ്ങളുണ്ട്‌. എന്നാൽ ഇവയൊന്നും തന്നെ ഒരുപാട്‌ ഉയരത്തിൽ വളരുന്നവയല്ല. മിക്കയിടത്തും പുതുമുളകൂമ്പുകൾ വളർന്നു വരുന്നുണ്ടായിരുന്നു. പലമലകളിലും ഞാൻ കണ്ടതിൽ നിന്നും വ്യത്യസ്‌തമായി ഇവിടെ കണ്ട മുളങ്കുട്ടങ്ങൾക്ക്‌ പടർപ്പും വളർച്ചയും കുറവായിരുന്നു. മാത്രമല്ല നിറയെ മുള്ളുമുണ്ടായിരുന്നു അവയിൽ.

ഇപ്പോൾ നടക്കുന്ന വഴി വളരെ ദുർഘടമേറിയതാണ്‌. ചരിഞ്ഞ പാറയുടെ പ്രതലവും ഇടയ്‌ക്കിടെ ദേഹത്ത്‌ കോറി മുറിവേൽപ്പിക്കുന്ന ഉയർന്നുനിലക്കുന്ന മുള്ളും വല്ലാത്ത ബുദ്ധിമുട്ടേൽപ്പിക്കുന്നുണ്ട്‌. വലതുവശം കൂർത്തനെ ഉയർന്നുനിൽക്കുന്ന പാറയാണ്‌. പാറകളിൽ നിന്നും വമിക്കുന്ന ചൂടും മുകളിലെ സൂര്യന്റെ രശ്‌മികൾ പാറകളിൽ തട്ടി പ്രതിഫലിക്കുന്ന വെളിച്ചവും കണ്ണിൽ തുളച്ചുകയറുകയാണ്‌. ആകാശത്ത്‌ സൂര്യന്റെ നവയൗവന ഭാവം അസാദ്ധ്യമായ ചൂട്‌, വിയർപ്പ്‌ സൂര്യാഘാതം എൽക്കുമോയെന്ന്‌ ഭയപ്പെട്ട നിമിഷങ്ങളായിരുന്നു അത്‌. ഒരു തുള്ളിവെള്ളം കിട്ടി മരിക്കാൻ കൊതിച്ച സമയം. നേരം ഒരു മണി. വയറ്‌ നട്ടെല്ലിൽ ഒട്ടിപ്പിടിച്ചിരുന്നു. ഉച്ചക്കുള്ള ഭക്ഷണം തയ്യാറാക്കാൻ വെള്ളമല്‌പവും കിട്ടാതെ ഞങ്ങൾ അലഞ്ഞു. നടക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു.

രണ്ടുമണിയോടടുത്ത്‌ ഒരുവിധം മരങ്ങൾ നിറഞ്ഞ ഒരിടത്തെത്തി. ചരിഞ്ഞുകിടക്കുന്ന ഒരു വൻപാറ കയറി മറിഞ്ഞാണ്‌ അവിടെയെത്തിയത്‌. കാരമുള്ള്‌ ദേഹമാകെ കൊണ്ട്‌ ഷർട്ടും ഉടലും മുറിഞ്ഞിരിക്കുന്നു. എങ്കിലും ഞങ്ങൾക്ക്‌ സന്തോഷം തോന്നി. അടുത്തുള്ള ഒരു പാറമടയിൽ കുറച്ചുവെള്ളം കിടക്കുന്നുണ്ടായിരി​‍ുന്നു. അതൊരു നേർത്ത ഉറയായിരുന്നു. തികച്ചും മരുഭൂമിയിലെ നീരുറവപോലെ. നാനാജാതി ജന്തുക്കളുടെ കാഷ്‌ടം അവിടെ ചിതറികിടക്കുന്നുണ്ട്‌. കാലടിപ്പാടുകളും പതിഞ്ഞുകിടക്കുന്നു. ഞങ്ങൾ വെള്ളം കലക്കാതെ അല്‌പാല്‌പമായി കപ്പുകൊണ്ട്‌ കുടത്തിൽ കോരി നിറച്ചു. വേണ്ടത്രകുടിച്ചു. പിന്നെ പാറകൾക്കിടയിൽ അടുപ്പ്‌ തയ്യാറാക്കി പാചകം തുടങ്ങി. ചുറ്റും വേണ്ടത്ര വിറക്‌ ഉണ്ടായി​‍ുരുന്നതിനാൽ വേഗം ചോറും കറിയും തയ്യാറായി.

പാറയിടക്കുകളിൽ വളർന്നുനിൽക്കുന്ന മരത്തണലിരുന്നത്‌ ഭക്ഷണം കഴിച്ചു. കുറേനേരം ഇരുന്നു വിശ്രമിച്ചു. വീണ്ടും മുൾച്ചെടികളിൽ പിടിച്ച്‌ വഴുതാതെ സാവധാനം പാറയിൽ കൂടി താഴെക്കിറങ്ങി. മുൾപ്പടർപ്പ്‌ മാത്രമാണ്‌ എവിടെയും അവയ്‌ക്കിടയിൽകൂടിയുള്ള നടപ്പ്‌ ഏതോ ഒരു പാപത്തിന്റെ ഫലമാണൊ എന്ന്‌ വിചാരിച്ചവരായിരുന്നു സംഘത്തിലെ പുതുമുഖങ്ങൾ. ഞങ്ങൾ പരിചയമുള്ളവർ പോലും വിസ്‌മയിച്ചത്‌ മറ്റൊരുകാര്യം കണ്ടിട്ടായിരുന്നു. ഒരു മുരട്‌ പുല്ലുപോലുമില്ലാത്ത കിഴുക്കാം തൂക്കായ പാറയുടെ ചരിവുകളിൽ ഇടയ്‌ക്കിടെ ഉണങ്ങിയ ആനപിണ്ഡം കണ്ടത്‌ ശരിക്കും അത്‌ഭുതപ്പെടുത്തുകയുണ്ടായി. കാരണം കാലൊന്നുതെറ്റിയാൽ അത്യാഗാധതയിൽ മുളങ്കാട്ടിൽ ദേഹം (ജഡം) കോർത്തു കിടക്കുമെന്നുറപ്പായിരുന്നു.

എവിടെയെത്തിയെന്നോ ഇനിയുമെത്ര പോകാനുണ്ടെന്നോ വ്യക്തമായ ഒരു ധാരണയും സംഘത്തിന്റെ ലീഡറായ ആറുമുഖനല്ലാതെ ആർക്കുമില്ലായിരുന്നു. ആറുമുഖനും അല്‌പം കുഴഞ്ഞമട്ടാണ്‌, ഏഴ്‌ വർഷം മുമ്പ്‌ ഈപ്രദേശത്തുള്ള മുളവെട്ടുകാരുടെ കൂടെ വന്ന ഒരു അവ്യക്ത ധാരണയെ വഴിയെകുറിച്ചുള്ളു. മുകളിലേക്ക്‌ നോക്കുമ്പോൾ ഏറെ കയറാനുണ്ടായിരുന്നു. മുന്നിലാവട്ടെ അനല്‌പമായ കാട്ടുപൊന്തകൾ. വഴിതെറ്റിയെന്ന്‌ ഞങ്ങൾക്ക്‌ ബോധ്യമായ നിമിഷമായിരുന്നു അത്‌. സമയമാകട്ടെ അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. ഇരുട്ടുവീണാൽ ഉണ്ടാവുന്ന ദുർഘടം ഒന്നു ചിന്തിക്കുകപോലും വയ്യ. ഈ അവസരത്തിലാണ്‌ ആറുമുഖനിലെ ധീരൻ ആദിവാസിത്തം സടകുടഞ്ഞെണീറ്റത്‌.

കളിക്കാനോ നിരർത്ഥകമായ പരിഭവത്തിനോ കഴമ്പില്ലായിരുന്ന ഘട്ടം. മുന്നിൽ എഴുപതുമുതൽ തൊണ്ണൂറ്‌ ഡിഗ്രി വരെ കുത്തനെ നിൽക്കുന്ന മലയുടെ ശിഖിരം. ഏകദേശം മുക്കാൽ കി.മീറ്റർ ദൂരമുണ്ടാകണം മുകളിലേക്ക്‌. പിടിച്ചുകയറാൻ ഉണങ്ങിയ പുല്ലുമാത്രം. പാറയുടെ വിടവുകളിലും നേരിയ ചരിവുകളിലും ഉള്ള അല്‌പമാത്ര മണ്ണുമണലിലാണ്‌ ഇവയുടെ വളർച്ച.

ഒരു പട്ടാള കമാൻഡറുടെ ഭാവത്തോടെ മറ്റൊന്നും ആലോചിക്കാതെ ആറുമുഖൻ പറഞ്ഞു. ‘കമോൺ’ ഞങ്ങൾ അത്‌ അനുസരിച്ചു. ആറുമുഖൻ പിന്നിലും ഞങ്ങളിൽ സിനിയേഴ്‌സ്‌ മുന്നിലുമായി കയറ്റം തുടങ്ങി. (ഞാൻ നിങ്ങളെ സഹായിക്കാൻ എന്തിനും തയ്യാറായി പിന്നിലുണ്ട്‌ എന്ന്‌ ബോധിപ്പിക്കാനായിരുന്നു ആറുമുഖൻ പിന്നിൽ നിന്നത്‌) വളരെ സാവധാനമൊന്നുമില്ലായിരുന്നു കയറ്റം. ഇരുട്ടു വീണാൽ എല്ലാം താളം തെറ്റുമെന്ന്‌ ഞങ്ങൾക്കറിയാമായിരുന്നു. ഈ തിരിച്ചറിവായിരുന്നു ഏവർക്കും നവജീവൻ പകർന്നത്‌. സംഘാംഗങ്ങളുടെ യഥാർത്ഥ സഹകരണം ഞാൻ കണ്ട സമയമായിരുന്നു അത്‌. തോർത്ത്‌മുണ്ട്‌ ഉടുത്ത്‌ വലിയമുണ്ടുകൾ കൂട്ടി കെട്ടിയുണ്ടാക്കിയ വടത്തിലൂടെ പുല്ലിന്റെ മുരട്ടിൽ (കടയ്‌ക്കൽ) ചവിട്ടി നിന്ന്‌ പലരേയും വലിച്ചു കയറ്റി. മുമ്പിൽ പോകുന്നവർ വീണ്ടും കയറി പഴയതുപോലെ ആവർത്തിച്ചു. യാത്ര വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഏതാനും പേർക്കൊഴികെ തോന്നിയിരുന്ന സമയമായിരുന്നു അതെന്ന്‌ വാസ്‌തവമായിരുന്നു.

ആൾസഹായത്തെക്കാൾ വലിയ സഹായമായിരുന്നു പുല്ല്‌ ചെയ്‌തത്‌. വല്ലഭന്‌ പുല്ലും ആയുധം എന്ന ചൊല്ലിന്റെ അർത്ഥം പൂർണ്ണമായും മനസ്സിലായ നിമിഷമായിരുന്നു അത്‌. കയറിയും കയറെറിഞ്ഞും (മുണ്ട്‌) നീന്തിയും നിരങ്ങിയും സഹകരിച്ചും ഈശ്വരാനുഗ്രഹത്താലും ഏവരും മുകളിലെത്തുമ്പോൾ സമയം ആറര മണി കഴിഞ്ഞിരുന്നു. മുകളിൽ കുറച്ചകലെ പുൽപ്പരപ്പും തുടർന്ന്‌ വൃക്ഷനിബിഡതയുമുണ്ടായിരുന്നു. ഞങ്ങളുടെ ഭാഗ്യത്തിന്‌ മുകളിൽ എത്തിയ സ്‌ഥലത്ത്‌ ചെറിയ ഒരു നീരുറവ കണ്ടു. മാൻകുട്ടികൾ വെള്ളം കുടിച്ച്‌ ഓടുന്നതുകണ്ടപ്പോ​‍ാഴാണ്‌ ഞങ്ങളുടെ ശ്രദ്ധയിൽ ഉറവ അകപ്പെട്ടത്‌. വിശ്രമിക്കാൻ കുറച്ചുകൂടി താമസമുണ്ടായിരുന്നു. രാത്രിയിലെ സുരക്ഷിതത്വമായിരുന്നു വലുത്‌. ഞങ്ങൾ മങ്ങിയ വെളിച്ചത്തിൽ മരങ്ങൾക്കിടയിൽ വീണുകിടക്കുന്ന മരകെമ്പുകൾ ശേഖരിച്ചു. രാവിലെ വരെ കത്തുന്നതിന്‌ കുറച്ചധികം വിറക്‌ വേണ്ടിയിരുന്നു. എടുത്തും നീക്കിയും നിരക്കിയും ഞങ്ങൾ വേണ്ടത്ര വിറക്‌ ശേഖരിക്കുമ്പോഴേക്കും വെളിച്ചം തീർത്തും പൊയ്‌ക്കഴിഞ്ഞു.

വിറകുശേഖരണത്തിനുശേഷം ഉറവയിൽ നിന്നും വെള്ളം ശേഖരിച്ചു. ഓരോരുത്തരും ധാരാളം വെള്ളം കുടിച്ചു. എല്ലാവരുടെയും തൊണ്ട മീനമാസത്തിലെ ടാർ റോഡുപോലെ പോലെ വരണ്ടു കിടന്നിരുന്നു. ആറുമുഖനടക്കം ചിലർ രാത്രിക്കുള്ള കഞ്ഞിയും കറിയും തയ്യാറാക്കാൻ തുടങ്ങി. മറ്റുള്ളവർ ക്ഷീണം കൊണ്ട്‌ മലർന്നുകിടന്നു വിശ്രമിച്ചു. അവർ കഴിഞ്ഞ രണ്ടു മണിക്കൂർ നേരത്തെ സാഹസം ഓർക്കാൻ കൂടി കഴിയാതെ തളരുകയായിരുന്നു. ഇതിനിടയിലും ആറുമുഖൻ പ്രകൃതി സംരക്ഷണം പറഞ്ഞുകൊണ്ടിരുന്നു.

പത്തുമണിക്ക്‌ കഞ്ഞിയും കറിയും തയ്യാറായി. കുറച്ചുപേർ കഴിച്ചു. മറ്റുള്ളവർ എണീറ്റതേ ഇല്ല. അത്താഴം കഴിച്ചവരിൽ അധികം പേരും ആറുമുഖനെ സഹിക്കാൻ കാത്തിരുന്നില്ല. വീണയിടം വിഷ്‌ണുലോകം എന്ന അവസ്‌ഥയിലായിരുന്നു അവർ. പിന്നെ ഞാനും ആറുമുഖനും പ്രതാപൻ മാസ്‌റ്ററുമായി ബാക്കി. ഞങ്ങൾ തീകെടാതെ കത്തിച്ചുകൊണ്ടിരുന്നു.

ആകാശത്ത്‌ പൂർണ്ണചന്ദ്രൻ തിളങ്ങുന്നു. നക്ഷത്രങ്ങൾ മിന്നുണ്ട്‌. താഴെ ദൂരെ കൊല്ലങ്കോട്‌ ഭൂമിയിലെ നക്ഷത്രങ്ങളെ പോലെ വൈദ്യുത വിളക്കുകൾ കത്തുന്നുണ്ടായിരുന്നു. എങ്ങും ശാന്തവും പൂർണ്ണ നിശബ്‌ദവുമായിരി​‍ുന്നു രാത്രി. മലമുകളിലെ പകലിലെ കടുത്ത ചൂട്‌ രാത്രിയിലെ വരവോടെ അലിഞ്ഞില്ലാതായി. നേരിയ തണുപ്പ്‌ എങ്ങും പരന്നു. നേർത്ത മഞ്ഞ്‌ കടന്നു വന്നു. മരങ്ങളും മഞ്ഞും നിഴലും നിലാവും നനുത്ത കാറ്റും തീർത്ത സൗന്ദര്യം എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്‌.

തീ കെടാതെ കത്തുവാൻ ഞാനും ആറുമുഖനും വിറക്‌ തീയിലേക്കു ഇട്ടുകൊണ്ടിരുന്നു. രണ്ടുമണിയോടുകൂടി രണ്ടുപേരെ വിളിച്ചുണർത്തി തീകെടാതെ നോക്കാൻ പറഞ്ഞേല്‌പിച്ച്‌ ഞങ്ങൾ അല്‌പം മയങ്ങാൻ കിടന്നു. ക്ഷീണത്തിന്റെ ആധിക്യവും രാത്രിയുടെ തലോടലും കൊണ്ട്‌ പെട്ടെന്ന്‌ ഉറങ്ങി. കാത്തിരിക്കുന്നവരിൽ അർപ്പിച്ച വിശ്വാസവും ഉറങ്ങാനൊരു കാരണമായിരുന്നു. ദേഹത്ത്‌ മഴത്തുള്ളികൾ വീണപ്പോഴാണ്‌ ഉണർന്നത്‌. നാലരമണിയായിരുന്നു. തെളിഞ്ഞ്‌ നിലാവ്‌ പൊഴിച്ചിരുന്ന സുന്ദര നീലാകാശം എത്ര പെട്ടന്നാണ്‌ കാറുമൂടി പെയ്‌തുതുടങ്ങിയത്‌. നല്ല മഴപെയ്‌തില്ലെങ്കിലും ആൾ നനയാൻ പാകത്തിൽ പെയ്യുകതന്നെ ചെയ്‌തു. പിന്നീടാരും ഉറങ്ങിയില്ല. ഏവരെയും വിളിച്ചുണർത്തിയ മഴ ഞങ്ങളെയെല്ലാം നനയ്‌ക്കുകയുണ്ടായി. മഴ തോർന്നപ്പോൾ രാവിലെക്കുള്ള ഉപ്പുമാവും കട്ടൻ ചായയും തയ്യാറാക്കി. കനൽ കട്ടകൾ അണയാതിരുന്നത്‌ ഭാഗ്യമായിരുന്നു.

ആറുമണിയോടെ വെളിച്ചം വന്നുതുടങ്ങി. മങ്ങിയ വെട്ടത്തിൽ ഞങ്ങൾ വീണ്ടും മാൻപാറയെ ലക്ഷ്യമാക്കി നടന്നു. ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ല്‌ വകഞ്ഞുമാറ്റിക്കൊണ്ട്‌ അരമണിക്കൂർ നേരം നടന്ന്‌ എത്തിയത്‌ ഒരർദ്ധനിത്യഹരിതവനത്തിലായി​‍ുന്നു. അവിടെ ഫയർബെൽട്ട്‌ വെട്ടിയ വഴിയിലൂടെ നടന്നു നീങ്ങി. തീരെ ബുദ്ധിമുട്ടനുഭവപ്പെടാത്ത വഴിയായിരുന്നു അത്‌. കയറ്റമായ കയറ്റമെല്ലാം ഇന്നലെ കഴിഞ്ഞിരുന്നു. യാത്രതുടങ്ങിയതു മുതൽ ഏറെക്കുറെ വനസമാന വൃക്ഷങ്ങൾ നിറഞ്ഞ പ്രദേശത്ത്‌ എത്തുന്നത്‌ ഇവിടെ മാത്രമാണ്‌.

ഏഴരമണിയോടെ ഞങ്ങൾ പുൽപുതപ്പ്‌ പുതച്ച്‌ കിടക്കുന്ന മാൻപാറയിൽ എത്തി. മാൻപാറയുടെ മറുവശത്തെ താഴ്‌വരയിൽ പുള്ളിമാനുകൾ കുത്തിക്കളിക്കുന്നുണ്ടായിരുന്നു. മാൻപാറ അവർണ്ണനീയമായ സൗന്ദര്യമുള്ള ഒരു മലയുടെ അറ്റമാണ്‌. താഴെ നിന്നും 90 ഡിഗ്രി കുത്തനെ നിൽക്കുന്ന ഒരു പാറയുടെ മുകളിലാണ്‌ ഇവിടെയെത്തുമ്പോൾ സഞ്ചാരികൾ നിൽക്കുന്നത്‌. ഇവിടെ നിന്നും മുന്നിലേക്ക്‌ ഇറങ്ങുവാൻ ഒരു സാഹസികനും സാധ്യമല്ല എന്നുറപ്പിച്ചുപറയാൻ എനിക്ക്‌ ധൈര്യമുണ്ട്‌. കയറോ കമ്പിയോ മുകളിൽ ഉറപ്പിച്ചാൽ പോലും അതിൽ പിടിച്ചിറങ്ങുകയും അസാധ്യമാണ്‌. കുറഞ്ഞത്‌ രണ്ടു കിലോമീറ്റർ താഴ്‌ചയെങ്കിലും ഇവിടെയുണ്ട്‌. താഴെയുള്ള മരങ്ങൾ ഒരു തുമ്പച്ചെടിക്കണക്കെയാണ്‌ കാണുന്നത്‌.

ഈ മലമുടിയിൽ നിന്നും നോക്കുമ്പോൾ ദൂരകാഴ്‌ചയിൽ പറമ്പിക്കുളത്തിനുമപ്പുറം ഉള്ള ദൃശ്യങ്ങൾ സാധ്യമാണ്‌. അളിയാർ, പെരുവാരിപ്പിള്ളം, എന്നീ ഡാമുകളും ചുള്ളിയാർ, മീങ്കര, മൂലത്തറ തുങ്ങിയ അണക്കെട്ടുകളും സ്‌പഷ്‌ടമായികാണാം. ഇവയെല്ലാം കാണുന്നനേരം, നമുക്ക്‌ ഇനിയും രണ്ടു കണ്ണുകൂടികിട്ടിയാൽ നന്നായേനെ എന്ന തോന്നലുണ്ടാകും.

പശ്‌ചിമഘട്ടത്തിലെ ഏറ്റവും വലിയ വിടവ്‌ ആരംഭിക്കുന്നത്‌ തൊണ്ണൂറ്‌ ഡിഗ്രിയിൽ മല വെട്ടിമുറിക്കപ്പെട്ടിരിക്കുന്ന ഇവിടെ നിന്നുമാണ്‌. വാളയാർ ഒരറ്റവും മറ്റേയറ്റം തെന്മല എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലെ മാൻപാറയുമാണെന്ന്‌ പറയാം.

ഈ വിടവിന്‌ നാൽപതു കി.മീറ്റർ അകലമുണ്ട്‌. ഇതിനെയാണ്‌ പശ്‌ചിമഘട്ടത്തിലെ വാളയാർ ചുരം എന്നു വിളിക്കുന്നത്‌. വാളയാർ കാടിന്റെ തുടർച്ചയാണ്‌ മലമ്പുഴ മലനിരകൾ. പക്ഷെ മലമ്പുഴ കാടുകളുടെ സൗന്ദര്യവും നെല്ലിയാമ്പതി മലനിരകളുടെ സൗന്ദര്യവും രണ്ടുവിധമാണ്‌. നീലഗിരികുന്നുകളുടെ ഭാഗമാണ്‌ മലമ്പുഴ മലനിരകൾ. എന്നാൽ തെന്മല കുന്നുകൾ എന്നറിയപ്പെടുന്ന മലനിലകൾ സഹ്യപർവ്വതത്തിന്റെ ഭാഗമാണ്‌. ഗുജറാത്തിലെ സൂറത്തുമുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്‌ചിമഘട്ടം എന്ന പേര്‌ മേൽപറഞ്ഞ രണ്ടുഭാഗവും കൂടി ചേരുമ്പോഴാണ്‌ ഉണ്ടാവുന്നത്‌. പശ്‌ചിമഘട്ടം നമ്മുടെ യഥാർത്ഥ അന്നദാതാവുകൂടിയാണ്‌.

ഞാൻ മാൻപാറയിലെത്തിയതോടെ സത്യത്തിൽ അതിന്റെ സൗന്ദര്യത്തിൽ മയങ്ങിപോയിരുന്നു. സംഘാംഗങ്ങളെയും ലക്ഷ്യവും മറന്നുപോയിരുന്നു. ഞാൻ എന്നിലേക്ക്‌ തിരിച്ചെത്തുമ്പോൾ ആറുമുഖൻ മറ്റുളവർക്ക്‌ ആ പുലർക്കാല മഞ്ഞിൽ പുൽപ്പരപ്പിലിരുന്ന്‌ പ്രകൃതിസംരക്ഷണിന്റേതായ ക്ലാസ്‌ എടുക്കുകയാണ്‌. ഇന്നലെ നേരത്തെ ഉറങ്ങിപോയതിന്‌ അവർക്കുള്ള ശിക്ഷ കൊടുക്കുകയാണ്‌ എന്നാണ്‌ എനിക്ക്‌ തമാശയായി തോന്നിയത്‌. ഏകദേശം ഒരു മണിക്കുറിലധികം സമയം ഞങ്ങൾ മാൻപാറയിൽ ചിലവഴിച്ചു. പിന്നീട്‌ പതിനഞ്ച്‌ കിലോമീറ്റർ ദൂരെയുള്ള നെല്ലിയാമ്പതി, ബസ്‌ പോയിന്റിലേക്ക്‌ ജീപ്പ്‌ റോഡിലൂടെ ഞങ്ങൾ നടന്നുനീങ്ങി.

Generated from archived content: yathra8.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here