സിതാർകുണ്ട്‌

പാലക്കാട്‌ ജില്ലയുടെ തെക്കുകിഴക്കു ഭാഗത്തായി സ്‌ഥിതിചെയ്യുന്ന അതീവസുന്ദരമായ ഒരു പ്രദേശമാണ്‌ നെല്ലിയാമ്പതി. രസികനേയും അരസികനേയും ആസ്വദിപ്പിക്കുന്നതിനുവേണ്ടതെല്ലാം നെല്ലിയാമ്പതിയിലുണ്ട്‌. സമുദ്രനിരപ്പിൽ നിന്നും 1572 മീറ്ററിലധികം ഉയരത്തിൽ നിലകൊള്ളുന്ന നെല്ലിയാമ്പതിയിലേക്ക്‌ പാലക്കാടുനിന്നും 65 കി.മീറ്റർ ദൂരെമേയുള്ളു.

പാവങ്ങളുടെ ഊട്ടി എന്ന വിളിപ്പേരിനാൽ പ്രസിദ്ധമാണ്‌ നെല്ലിയാമ്പതി. ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാനായി കാലഭേദമന്യെ പ്രായവ്യത്യാസമില്ലാതെ അനേകർ എത്തുന്നത്‌ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. നെല്ലിയാമ്പതിയിലെ പ്രധാനകാഴ്‌ചകളിൽ വളരെ മുന്തിയ ഗവൺമെന്റ്‌ ഓറഞ്ച്‌ ഫാം, തേയിലത്തോട്ടങ്ങൾ, പ്രകൃതിരമണിയമായ കേശവൻപാറ, സിതാർകുണ്ട്‌ എന്നറിയപ്പെടുന്ന സൂയിസയിഡ്‌ പോയിന്റ്‌, മാനുകൾ സ്‌ഥിരം താവളമാക്കിയിട്ടുള്ള മാൻപാറ എന്നിവയാണ്‌. ഈ സ്‌ഥലങ്ങളിലേക്ക്‌ പരിമിതമായ യാത്രാസൗകര്യങ്ങളുമുണ്ട്‌.

ഒമ്പതു മുടിപിൻ വളവുകൾ കഴിഞ്ഞ്‌ നെല്ലിയാമ്പതിയിലെത്തിയാൽ മിന്നാമ്പാറ, ഹിൽടോപ്പ്‌, കുരിശുമല, മാമ്പാറ എന്നിങ്ങനെയുള്ള അംബരചുംബികളായ മലനിരകൾ കാണാം. കണ്ട്‌ കണ്ണും കരളും നിറയ്‌ക്കാം. ഇവയെല്ലാം ആസ്വദിച്ചനുഭവിക്കാൻ മനസുള്ള ആൾക്ക്‌ മൂന്നുദിവസമെങ്കിലും നെല്ലിയാമ്പതിയിൽ താമസിച്ച്‌ യാത്രചെയ്യേണ്ടതുണ്ട്‌. ആരോഗ്യവും അനല്‌പമായ പണവും നിർബന്ധഘടകവുമാണ്‌.

പാലക്കാടുനിന്നും നെല്ലിയാമ്പതിയിലേക്കുള്ള യാത്രാമധ്യേ നമുക്ക്‌ കാണാൻ കഴിയുന്ന രണ്ടു സുപ്രധാന ചെറുപട്ടണങ്ങളാണ്‌ കൊല്ലങ്കോടും നെന്മാറയും. ഇതിൽ കൊല്ലങ്കോട്ടു നിന്നും നെല്ലിയാമ്പതിയിലേക്ക്‌ പല വഴികളുണ്ട്‌. നൂറുശതമാനം ട്രെക്കിംഗ്‌ പരിചയമുള്ളവർക്കുമാത്രമെ ഈ വഴി കയറി ലക്ഷ്യത്തിലെത്താനാവൂ. എന്നാൽ പോലും പതിനഞ്ചു കി.മീറ്റർ ചുരുങ്ങിയത്‌ യാത്ര ചെയ്യേണ്ടി വരും. അതേസമയം കൊല്ലങ്കോട്ടുനിന്നും റോഡുമാർഗം നെല്ലിയാമ്പതിയിലെത്തുവാൻ 35 കി.മീറ്റർ ദൂരം യാത്രവേണ്ടിവരുന്നുണ്ട്‌. ഇവിടെ കൊല്ലങ്കോട്‌ നിന്ന്‌ സിതാർകുണ്ട്‌, നെല്ലിയാമ്പതി, മാമ്പാറ എന്നീ സ്‌ഥലങ്ങളിലേക്ക്‌ ദുഷ്‌കരമായ കാട്ടുവഴികളിലൂടെ (ട്രെക്കിംഗ്‌ പാതയില്ല) നടത്തിയ മൂന്നു യാത്രകളെ കുറിച്ചാണ്‌ പറയുന്നത്‌.

ഒലവക്കോട്‌ അരുവി പ്രകൃതി പഠന കേന്ദ്രവും കൊല്ലങ്കോട്‌ ഗാന്ധിയുവജനവായന ശാലയും ചേർന്ന്‌ 2004 ഫെബ്രുവരി ഇരുപത്തെട്ടാം തിയതി ഒരു ദ്വിദിന പ്രകൃതി പഠന ക്യാംപ്‌ നെല്ലിയാമ്പതിയിൽ സംഘടിപ്പിക്കുകയുണ്ടായി. കൊല്ലങ്കോടുമുതൽ സിതാർകുണ്ടുവരെ ഒന്നാം ദിവസത്തെ ട്രെക്കിംഗും നെല്ലിയാമ്പതിയിൽ നിന്നും ഹിൽടോപ്പിലേക്ക്‌ രണ്ടാം ദിവസം ട്രെക്കിംഗ്‌ വരത്തക്ക വിധമാണ്‌ പരിപാടികൾ ക്രമീകരിച്ചിരുന്നത്‌.

ദ്വിദിന ക്യാംപിൽ ഞാനടക്കം ഇരുപത്തെട്ടുപേരാണ്‌ പങ്കെടുക്കാനുണ്ടായത്‌. കാലത്ത്‌ എട്ടുമണിക്ക്‌ കൊല്ലംങ്കോട്‌ ടൗണിൽനിന്നും തുടങ്ങിയ കാൽനട നെൻമേനി എന്ന സ്‌ഥലത്തകൂടി തേക്കിൻ ചിറയിലെത്തുമ്പോൾ സമയം 9.30 മണിയായിട്ടുണ്ടായിരുന്നു. ഇവിടെ നിന്നും ഞങ്ങൾക്ക്‌ ദൂരെ പലകപ്പാണ്ടി മലഞ്ചെരിവിൽ നീരൊഴുക്ക്‌ അരഞ്ഞാണം പോലെ താഴേക്ക്‌ വീഴുന്നത്‌ കാണാൻ സാധിച്ചു.

മലഞ്ചരിവിലെത്തിയ ഞങ്ങളിൽ പലരും വേഷങ്ങൾ മാറി. മാനസികമായ തയ്യാറെടുപ്പുകൾ എടുത്തു. തുടക്കത്തിലെ വഴിമുടക്കികൊണ്ട്‌ മുൾച്ചെടികൾ കാടുപിടിച്ച്‌ നിന്നിരുന്നു. ഞങ്ങൾ കാട്ടുച്ചെടികൾ വെട്ടിത്തെളിച്ച്‌ മുന്നോട്ട്‌ കയറാൻ തുടങ്ങി. ഇടയ്‌ക്കിടെ പാറക്കെട്ടുകൾ വിഘ്‌നം സൃഷ്‌ടിക്കുന്നുണ്ടായിരുന്നെങ്കിലും അത്‌ കാര്യമാക്കാതെ മുന്നോട്ട്‌ സംഘം നീങ്ങുകയാണ്‌. വെള്ളമില്ലാത്ത കാട്ടരുവിയുടെ കരയിൽ കൂടി കുറച്ചുദൂരം മുകളിൽ കയറി. വൻമരങ്ങളൊന്നും ഈ വഴിയിൽ തീരെയില്ലായിരുന്നു. എന്നാൽ ഇടത്തരം മരങ്ങളും വള്ളിപ്പടർപ്പുകളും ധാരാളമുണ്ടായിരുന്നു. തികച്ചും ഇലപൊഴിയും കാടുകളാണ്‌ ഈ പ്രദേശത്തുള്ളത്‌. ഞങ്ങളുടെ യാത്രാപഥത്തിൽ വലതുവശത്ത്‌ അല്‌പം ദൂരെയായി ഒട്ടും ചരിവില്ലാത്ത സാമാന്യം വലിയ മലനിന്നിരുന്നു. കരിമ്പാറ വെട്ടിമുറിക്കപ്പെട്ടതുപോലെയാണ്‌ അതിന്റെ ചരിവ്‌. ആ കിഴക്കാംതൂക്കിലൂടെ കാട്ടാടുകൾ (വരയാട്‌ Nilgiri Tars) മേഞ്ഞു നടക്കുന്നത്‌ കാണാൻ കഴിഞ്ഞു. അവയ്‌ക്ക്‌ ആ പ്രതലത്തിൽകൂടി നടക്കാൻ കഴിയുന്നതോർത്ത്‌ ഞാൻ അത്‌ഭുതപ്പെട്ടു.

പന്ത്രണ്ടുമണിയോടടുത്ത്‌ സിതാർക്കുണ്ട്‌ എന്ന വെള്ളച്ചാട്ടത്തിന്നരികിലെത്തി. പാറയുരുകുന്ന വേനലിൽ പാറമടയിൽ ഒഴുകാനാവാതെ കെട്ടിക്കിടക്കുന്ന ജലം മാത്രമേയുള്ളു. മുകളിൽ ഒരുതുള്ളി വെള്ളം പോലും കിട്ടാൻ വഴിയില്ലെന്ന്‌ ഞങ്ങൾ ഊഹിച്ചു. കൈവശം സൂക്ഷിച്ചിരുന്ന ഭക്ഷണപ്പൊതികൾ അഴിച്ചു. അതെല്ലാം തണുത്ത്‌ മരവിച്ചിരുന്നു. എങ്കിലും ഞങ്ങൾ രുചിയോടെ കഴിച്ചു. ഏറെ ഗവേഷണം നടത്താതെ കെട്ടിനിൽക്കുന്ന വെളളം കുടിച്ചു. നിറക്കാവുന്നത്രയും ജലം കുപ്പികളിൽ ശേഖരിച്ചു. വെള്ളക്കുഴിക്കുസമീപം നല്ല മരത്തണലുണ്ടായിരുന്നു. ചുടും വെയിലും തളർച്ചയും വൃക്ഷഛായയും ഏറെ നേരമിരുന്നു വിശ്രമിക്കാൻ മതിയായ കാരണങ്ങളാണെങ്കിലും ഞങ്ങൾ അതിനു തുനിഞ്ഞില്ല.

ഒരു മണിക്കുതന്നെ ഞങ്ങൾ മലകയറി തുടങ്ങി. വളരെ ദുർഘടമായിരുന്നു മുകളിലേക്കുള്ള കയറ്റം. ചവിട്ടിയാൽ ഉറയ്‌ക്കാത്ത പൊടിമണ്ണും ചെടികൾ ഇളകുമ്പോഴെക്കും ഉതിർന്നുവീഴുന്ന പാറക്കല്ലുകളും പിന്നിൽ കയറിക്കൊണ്ടിരിക്കുന്നവർക്ക്‌ അപകടങ്ങൾ വിതച്ചുകൊണ്ടിരുന്നു. ചിലരുടെയെല്ലാം തലയിലും കാലിലും കല്ലുകൾ പതിച്ചു. ഏറെക്കുറെ ഇതേ ദുഃസ്‌ഥിതി തന്നെയായിരുന്നു ഒരു മണിക്കൂർ നേരത്തെ തുടർയാത്ര.

തലക്കുമുകളിൽ സൂര്യൻ കനൽകോരിയിടുന്ന രണ്ടു മണിയോടടുത്ത്‌ മരങ്ങൾ കത്തിക്കൊണ്ടിരിക്കുന്ന ഒരിടത്ത്‌ ഞങ്ങൾ എത്തുകയുണ്ടായി. പച്ചമരങ്ങൾ പോലും നിന്നുകത്തുകയാണ്‌. യാത്ര തടസപ്പെടുമോയെന്ന്‌ സ്വാഭാവികമായും ഭയമുണ്ടായി. നടക്കുന്ന വഴിയിൽ ധാരാളം ചൂടുകനൽകട്ടകൾ നീറിക്കിടക്കുന്നു. അതേസമയം ഏതെങ്കിലും തരത്തിലുള്ള ജീവജാലങ്ങൾ ചത്തുകിടക്കുന്നതായി കാണുകയുണ്ടായില്ല. അവിടമെല്ലാം കടുത്ത ചൂടും പുകയും കൊണ്ട്‌ അഗ്നിപർവ്വത സമാനമായി തോന്നി. അതീവശ്രദ്ധയോടെ പൊള്ളലേൽക്കാൻ വകവരുത്താതെ ഞങ്ങൾ മുന്നോട്ടു നടന്നു. ആ തീയണക്കാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. തീക്കനലുകൾക്കിടയിലൂടെ കഴിഞ്ഞ ദിവസങ്ങളിലെന്നോ കത്തിയമർന്ന ഉണക്കപ്പുല്ലിന്റെ ശവപറമ്പിലൂടെ ശാന്തിതീരങ്ങൾ തേടി ഞങ്ങൾ മുകളിലേക്ക്‌ കയറി.

പാറകളിൽനിന്നും ചൂടു വമിക്കുന്നുണ്ടായിരുന്നു. കന്മദം പൊട്ടിയൊലിക്കാൻ പാകമായ ചൂട്‌. ഇപ്പോളെത്തിയ സ്‌ഥലത്ത്‌ വിശ്രമിക്കാൻ കാക്കകാലിന്റെ തണലുപോലുമില്ല. കരിഞ്ഞതും കത്താതെ ബാക്കിയായി നിൽക്കുന്നതുമായ പുൽക്കെട്ടിന്റെ കടഭാഗം മാത്രമെ കാണാനുള്ളു. കരിഞ്ഞ പുൽത്തലതട്ടി പാദം മുതൽ തുടവരെ കരിവാരിതേച്ചതു പോലായിട്ടുണ്ട്‌.

കുറച്ചുദൂരം കൂടി ചെന്നപ്പോൾ ഉരുളൻ കല്ലുകൾ കൊണ്ട്‌ നടവഴിയുടെ അരിക്‌കെട്ടിയ പാതകാണുവാൻ കഴിഞ്ഞു. പണ്ട്‌ സായിപ്പിന്‌ നെല്ലിയാമ്പതിയിൽ നിന്നും കൊല്ലങ്കോട്ടു വരാൻ തീർത്ത ഒരു കാനന പാതയുടെ അവശേഷിപ്പാണ്‌ അതെന്ന്‌ വഴികാട്ടിയായ ഷമീർ പറയുകയുണ്ടായി. ഈ കാട്ടുപാതയുടെ ബാക്കിഭാഗം താഴേക്ക്‌ ഇന്ന്‌ ഇല്ലേയില്ല. ഞങ്ങൾ ഈ പാതയെ മുറിച്ചുകടന്നുനടന്നു. ദൂരെ മരീചിക ഉയർന്നുകൊണ്ടിരുന്നു.

മൂന്നരമണിയോടെ ഞങ്ങൾ ലക്ഷ്യസ്‌ഥാനത്തെത്തി. താഴെക്കു നോക്കിയാൽ അത്യാഗാധമായ ഗർത്തം ഒരു കല്ലു വീണാൽ അടിയിലെത്താൻ പത്തുമിനിറ്റു നേരമെങ്കിലും എടുക്കുമെന്നു തോന്നി. ഇപ്പോൾ നിൽക്കുന്നത്‌ സിതാർകുണ്ടിന്റെ വ്യൂ പോയിന്റിലാണ്‌. കാലൊന്നു തെറ്റിയാൽ കാണാൻ കിട്ടുന്ന പ്രശ്‌നമേയില്ല. കള്ളു കുടിച്ച്‌ കാലമെത്തും മുമ്പേ ഇവിടുന്ന്‌ യവനികക്ക്‌ പിന്നിൽ മറഞ്ഞവർ വളരെയുണ്ട്‌; കണക്കിൽ പെട്ടതും പെടാത്തതുമായി. സംഘാംഗങ്ങൾക്ക്‌ കർശനനിർദ്ദേശം നൽകിയിരുന്നതിനാൽ ആരും തന്നെ അതിസാഹസികത്തിന്‌ മുതിരുകയുണ്ടായില്ല. ഈ വ്യൂ പോയിന്റിൽ നിന്നും നോക്കുമ്പോൾ ദൂരെദൂരെ കല്ലടിക്കോടൻ മലനിരകളും (75 കി.മീ), മലമ്പുഴ മലനിരകളും (80 കി.മീ) കാണുന്നുണ്ടായിരുന്നു. കഞ്ചിക്കോട്ടെ കമ്പനികളിൽ നിന്നും ധൂമം ചുരുളുകളായി ഉയർന്നുപൊങ്ങുന്നത്‌ നേർത്ത രേഖയായി ഞങ്ങൾ കണ്ടു.

അല്‌പനേരത്തെ വിശ്രമത്തിനുശേഷം ഞങ്ങൾ ക്യാംപ്‌ ചെയ്യാൻ പോകേണ്ട സ്‌ഥലത്തേക്ക്‌ യാത്രക്ക്‌ തയ്യാറായി. ഈയവസരത്തിലാണ്‌ രണ്ടുപേരുടെ കാൽ നിലത്തുവയ്‌ക്കാൻ പറ്റാത്ത തരത്തിൽ വീങ്ങിയത്‌ ശ്രദ്ധയിൽപ്പെട്ടത്‌. നേരത്തെ കല്ലുവീണ്‌ മുറിവേറ്റവരും പാറകൾക്കിടയിൽ കാലകപ്പെട്ട്‌ ഉളുക്കിയവരുമായിരുന്നു അവർ. യാത്രാവാഹനം കിട്ടുന്ന സ്‌ഥലത്തെത്തിയിട്ടാണല്ലോ ഈ അവസ്‌ഥ എന്നത്‌ ഞങ്ങളെ കുറച്ച്‌ ആശ്വസിപ്പിച്ചു. ഏഴു കി.മീ. ദൂരെ നിന്നും ജീപ്പ്‌ വരുത്തി എല്ലാവരേയും ക്യാപിൽ എത്തിക്കാൻ സംഘാടകർ സംവിധാനം ഒരുക്കി. ക്യാപിൽ ഒരുപാട്‌ ചർച്ചകളും മറ്റും നടക്കേണ്ടതുണ്ടായിരുന്നു രാത്രിയിൽ. നാളെ ഹിൽടോപ്പിലേക്ക്‌ കയറ്റവും.

ഞാൻ ത്രിശങ്കുസ്വർഗ്ഗത്തിൽ അകപ്പെട്ട അവസ്‌ഥയിലായിരുന്നു. കാലിന്‌ വയ്യായ്‌ക പറ്റിയ രണ്ടുപേരും എന്റെ സുഹൃത്തുക്കളാണ്‌. അവരെ ഉടനെ ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ടായിരുന്നു. ഞാൻ അവരേയും കൂട്ടി ജീപ്പിൽ 30 കി.മീറ്റർ ദൂരെയുള്ള നെന്മാറ ആശുപത്രിയെ ലക്ഷ്യം വെച്ചു യാത്രയായി.

Generated from archived content: yathra7.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here