ഇക്കഴിഞ്ഞ മീനമാസത്തിലെ (മാർച്ച് – 08) കത്തുന്ന വെയിലുള്ള ഒരു ഞായറാഴ്‌ചയായിരുന്നു ഞാൻ നാറാണത്തു തമ്പുരാന്റ പേരിൽ പ്രസിദ്ധമായ രായിരനല്ലൂർ മല കയറാൻ പോയത്. ചരിത്ര കഥകൾ ഉറങ്ങി കിടക്കുന്ന രായിരനല്ലൂർ; പട്ടാമ്പിയിൽ നിന്നും പത്തു കി.മീറ്റർ അകലെ വളാഞ്ചേരിക്കുപോകുന്ന വഴിയാണ്. ഞാനും എന്റെ സുഹൃത്ത് ഉണ്ണികൃഷ്‌ണനും കൂടി (തദ്ദേശവാസി) കൊപ്പം എന്ന സ്‌ഥലത്തുനിന്നും ‘ഒന്നാം തിയ്യതിപടി’ വരെ ബൈക്കിൽ ചെന്നു. വണ്ടി അടുത്തുള്ള ഒരു വീട്ടിൽ വെച്ചു. തുലാം മാസം ഒന്നാം തിയതിയാണ് ഈ മലയിലേക്കുള്ള ഭക്തജനപ്രവാഹം. അന്നേദിവസത്തെ പ്രാധാന്യത്തിൽ നിന്നുമാണ് ഈ ബസ്‌റ്റോപ്പിന് ഒന്നാം തീയ്യതിപ്പടി എന്ന പേരുണ്ടായത്.
ഞാനും സുഹൃത്തും കൂടി മലയുടെ താഴ്‌വര ലക്ഷ്യം വെച്ചുനടന്നു. വഴിക്കിരുവശവും വീടുകളാണ്. വളരെ ഇടുങ്ങിയതാണ് വഴി. കല്ലു പതിച്ച വഴിയാണ്. അഭിമുഖമായി ആരെങ്കിലും വന്നാൽ പരസ്‌പരം കൂട്ടിമുട്ടാതെ അപ്പുറമിപ്പുറം കടക്കുക കഷ്‌ടം.
വീടുകളിൽ നിന്നും തനി വള്ളുവനാടൻ ഭാഷയാണ് കേട്ടത്. കേരളീയ ജീവിതത്തിൽ വള്ളുവനാടൻ ഭാഷയോളം ശുദ്ധവും സുന്ദരവുമായ ഭാഷാസൗകുമാര്യം വേറെയില്ല എന്നാണ് പറഞ്ഞുവരാറുള്ളത്. നടന്നുതുടങ്ങി പത്തുമിനിറ്റു കഴിഞ്ഞപ്പോൾ ഞങ്ങൾ താഴ്‌വരയിലെത്തി. എങ്ങും നിറയെ കുറ്റിച്ചെടികളാണ്. നല്ല ഒരു മരം എവിടെയും കാണാനില്ല. ഈ മലയെ കാടെന്ന് പറയുക കഷ്‌ടം. മലയെന്ന് വിളിക്കാമോ എന്നറിയില്ല. എന്തായാലും വലിയ ഒരു കുന്നെന്ന് ഞാൻ വിളിക്കട്ടെ. ഒന്നാം തിയതിപടിയിൽ ബൈക്കിൽ വന്നിറങ്ങിയപ്പോഴെ ഇതൊരു ട്രെക്കിംഗ് ഏരിയയല്ല എന്നെനിക്ക് തോന്നിയിരുന്നു. എത്തിയ സ്‌ഥലത്തെപ്പറ്റി അറിയാമല്ലോ എന്നു കരുതിയാണ് ഞാൻ മുന്നോട്ടു നടന്നത്.
ഞങ്ങൾ കയറ്റം കയറാൻ തുടങ്ങി. കുത്തനെയുള്ള കയറ്റം തുലോം കുറവായിരുന്നു. ചരിവുള്ള വഴിയിലാവട്ടെ കാര്യമായ ഒരു തടസവുമുണ്ടായിരുന്നില്ല. വഴിക്കിരുവശവും കുറ്റിച്ചെടികളും താഴ്‌വരയാകെ ഉള്ള മരങ്ങൾ 25 മീറ്ററിലധികം ഉയരമില്ലാത്ത പാഴ്‌വൃക്ഷങ്ങളുമാണ്.
ട്രെക്കിംഗ് സമയത്ത് അനുഭവപ്പെടുന്ന ഒരുവിധ ബുദ്ധിമുട്ടുകളും ഈ യാത്രയിൽ ഇല്ലായെന്ന് ആദ്യമെ പറയട്ടെ. കേവലം നാൽപ്പത്തഞ്ചുമിനിറ്റുനേരമെ കുന്നിൻമുകളിൽ എത്താൻ വേണ്ടി വന്നുള്ളു. കയറ്റം കയറി എത്തുന്നത് സുന്ദരമായ ഒരു കോൺക്രീറ്റു പ്രതിമക്കു മുന്നിലാണ്. നാരായണത്തു തമ്പുരാന്റെ (ഭ്രാന്തന്റെ) പ്രതിമയാണത്.
നാട്ടുകാർ ഭ്രാന്തനെന്നും കാലം ഈശ്വരന്റെ പ്രതിരൂപമായും ഗണിച്ച നാരായണത്തു തമ്പുരാന്റെ പ്രതിമ അനന്തതയിലേക്ക് ദൃഷ്‌ടിയൂന്നി നിൽക്കുന്ന വിധമാണ് സ്‌ഥാപിച്ചിട്ടുള്ളത്. 15 അടിയോളം ഉയരമുണ്ട് പ്രതിമക്ക്. ഒന്നാം തിയ്യതിപ്പടി ബസ്‌റ്റോപ്പിന്നടുത്തുള്ള പാറയ്‌ക്കൽ ക്ഷേത്രത്തിനടുത്താണ് പ്രതിമ നിർമ്മിച്ച ശില്‌പിയുടെ വീട്. കിഴക്കോട്ട് നോക്കി നിൽക്കുന്ന പ്രതിമയെ എന്നും കാണത്തക്ക വിധമാണ് ശില്‌പിയുടെ വീട് നിലകൊള്ളുന്ന്.
കുന്നിൻമുകളിൽ നിന്നു നോക്കിയാൽ താഴെ വയലുകൾ നിറഞ്ഞ വിശാലമായ പ്രദേശമാണ് കാണാൻ കഴിയുക. ഒഴിഞ്ഞ വയലുകൾക്കപ്പുറം നിരനിരയായി കുന്നുകളുടെ തുടർച്ച. കുറ്റിച്ചെടികളല്ലാതെ കാര്യത്തിനു പറ്റിയ ഒരു മരം പോലും ആ കുന്നുകളിലില്ലെന്നറിയാം.
രായിരനെല്ലൂർ മലയുടെ മുകൾവശം പരന്നുകിടക്കുന്നതും പച്ചപ്പുൽ നിറഞ്ഞു നിൽക്കുന്നതുമായ പത്ത് ഏക്കറോളം സ്‌ഥല വിസ്‌തൃതിയോടുകൂടിയ ഇടമാണ്. ഇവിടെ പടർന്നു നില്‌ക്കുന്ന രണ്ട് അരയാലും രണ്ടു വൃദ്ധരായ ഏഴിലം പാലകളുമുണ്ട്. കുന്നിൻ ഒരുവശം ചേർന്ന് പ്രസിദ്ധമായ കാളിക്ഷേത്രം നിലകൊള്ളുന്നു.
നാരായണത്തു തമ്പുരാനേയും ഭദ്രകാളിയേയും ചുറ്റിപ്പറ്റി ഒരുപാടു കഥകൾ കാലം ചരിത്രത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതെല്ലാം സത്യമോ മിഥ്യയോ എന്നതാർക്കറിയാം? തലമുറകൾ തലമുറകളിലേക്ക് കൈമാറിയ ആ പഴങ്കതകൾ നമ്മുടെ സംസ്‌ക്കാരത്തിന് എന്തു നൽകി എന്നതെല്ലാം ആലോചനക്ക് വിധേയമാക്കേണ്ടുന്നതാണോ എന്തോ?
ഭദ്രകാളിയും നാരായണത്തുതമ്പരാനുമായുള്ള പ്രസിദ്ധകഥ പലരും അയവിറക്കുന്നുണ്ടാവും? ചുടലഭദ്രകാളി പാതിരാത്രിയോടെ ശ്‌മശാനത്തിൽ സഖിമാരോടൊത്ത് നൃത്തത്തിനെത്തി എന്നും അവിടെ ഭക്ഷണം പാകം ചെയ്‌തുകൊണ്ടിരുന്ന തമ്പുരാൻ പോകാതെ കാളി വിഷണ്ണയായതും പിന്നെ അവർ തമ്മിലുള്ള സംഭാഷണത്തിൽ തമ്പുരാന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്കും തിരിച്ചും മാറ്റിയതായ കഥ ആരാണ് കേൾക്കാത്തവരായിട്ടുണ്ടാവുക?. ഏതായാലും ഈ പ്രസിദ്ധമായ കഥയൊന്നും നടന്നത് ഈ മലമുകളിലല്ലെന്ന് എത്രപേർക്കറിയാം?.
രായിരനല്ലൂർ മലയുടെ തൊട്ടടുത്തുതന്നെയുള്ള തുടർവള്ളിക്കാവ് എന്ന സ്‌ഥലത്താണ് മേൽപ്പറഞ്ഞ സംഭവം നടന്നത് എന്നാണ് ഒരു തദ്ദേശവാസിയായ കാരണവർ പറയുകയുണ്ടായത്. തുടർവള്ളിക്കാവ് കണ്ടാൽ ശ്‌മശാനതുല്യമായ അവസ്‌ഥയാണത്രെ! അങ്ങോട്ട് ഇന്നും കാര്യമായി ആരും പോകാറില്ല എന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. രായിരനല്ലൂർ മലയിൽ നിന്നും കുറച്ചകലെയാണ് തുടർവള്ളിക്കാവ് എന്ന സ്‌ഥലം.
മലമുകളിലെ ഭദ്രകാളിക്ഷേത്രത്തിന് ക്ഷേത്രത്തിന്റെതായ ഒരുവിധ സാമ്യവും എനിക്കു കാണാൻ കഴിഞ്ഞില്ല. ഒരു ഓടിട്ട ഷെഡ് എന്നേ അതിനെ വിളിക്കാനാവു. ക്ഷേത്രത്തിന്നകത്തെ നിലത്ത് നടുവിലായി ഇരുന്നൂറ് സ്‌ക്വയർ ഫീറ്റ് അളവ് വരുന്ന ഒരു തളമുണ്ട്. ആ തളത്തിൽ രണ്ടു ചെറിയ കുഴികളുണ്ട്. അത് ദേവിയുടെ (കാളി) കാലടിപ്പാടുകളത്രെ! ഈ തൃപ്പാദടികളെയാണ് നിത്യവും പൂജിക്കുന്നത്. ഈ കാലടിപ്പാടുകളിലെ ജലം ഒരിക്കലും വറ്റാറില്ലത്രെ.
ഒരിക്കൽ ദേവി ശാന്തസ്വരൂപിണിയായി അഴിഞ്ഞമുടി കോതിനിൽക്കവെ പുറകിൽ കൂടി എത്തിയ നാരായണത്തു തമ്പുരാൻ പൊട്ടിച്ചിരിച്ചു എന്നും, ഞെട്ടിത്തരിച്ച ഭഗവതി നിലത്ത് പാദമൂന്നി അപ്രത്യക്ഷമായി തീർന്ന ഇടമാണ് തൃപ്പാദടികൾ പതിഞ്ഞു കിടക്കുന്നത് എന്നും വിശ്വസിച്ചുവരുന്നു. ദേവിയുടെ തൊട്ടടുത്തൊന്നും പ്രതിഷ്‌ഠിക്കാതെ കുറച്ചകലെ നാരായണത്തു തമ്പുരാന്റെ കോൺക്രീറ്റു പ്രതിമ സ്‌ഥാപിക്കാനുണ്ടായ കാരണവും ദേവീ ഭയപ്പെടാതിരക്കാനാണ് എന്നാണ് പറഞ്ഞുവരുന്നത്.
തുലാമാസം ഒന്നിനാണ് ഇവിടെ പ്രധാന ഉത്‌സവം കൊണ്ടാടുന്നത്. അന്ന് ആയിരക്കണക്കിനാളുകൾ ദേവീദർശനത്തിനായി എത്താറുണ്ട് നാരായണത്തുതമ്പുരാൻ ദേവി ശാന്തസ്വരൂപിണിയായി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നൽകിയ ദിവസമാണ് തുലാം ഒന്നാം തിയതി എന്നാണ് ഐതിഹ്യം.
സമയം നട്ടുച്ചയാണ്. ഞാൻ കുന്നിന്റെ മുകളിലൂടെ നടന്ന് ചരിവുകൾ ശ്രദ്ധിച്ചു. കയറിവന്ന വഴിയൊഴികെ എല്ലായിടത്തും നിറയെ കുറ്റിക്കാടും ചെറുകിട മരങ്ങളും നിൽക്കുന്നു. തീരെ ആൾപെരുമാറ്റം കുറഞ്ഞ സ്‌ഥലങ്ങളായിരുന്നു ആ താഴ്‌വര എന്നു തോന്നി. മരമോ കുറ്റിച്ചെടിയോ വെട്ടിയെടുത്ത് തീ കത്തിക്കേണ്ട വിഭാഗത്തിൽപ്പെട്ട ജനതയെയായിരുന്നില്ല ആ പ്രദേശത്ത് ഞാൻ കണ്ടത്. കുന്നിൻ മുകളിൽ നിന്നുള്ള താഴ്‌വരകാഴ്‌ച സുന്ദരമാണ്. അടിക്കാടിന്നിടയിൽ രണ്ടുമൂന്നു മയിലുകൾ തീറ്റ തേടി നടക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു ആൺ മയിൽ പീലിവിടർത്തി രസിക്കുന്നതും ഞാൻ നിശ്ശബ്‌ദം കാണുകയുണ്ടായി.
സൂര്യൻ ചൂട് ഉരുക്കി ഒഴിക്കുന്ന കൊടും ഉച്ചയാണ്. പടർന്നു നിലക്കുന്ന ആൽമരങ്ങളും ഏഴിലംപാലയും തീർത്ത ഇടതൂർന്ന പച്ചപ്പന്തലിൽ നല്ല തണുപ്പായിരുന്നു. ഞങ്ങൾ ആ വൃക്ഷഛായയിൽ ആൽത്തറയിലിരുന്ന് കരുതിയിരുന്ന ഭക്ഷണം കഴിച്ചു. ഞങ്ങൾക്ക് തുണയായി ആൽമരക്കൊമ്പുകളിൽ നിന്നും കുന്നിൻചരിവുകളിൽ നിന്നുമെല്ലാം അന്തേവാസികളായ കുരങ്ങുകൾ വന്നു കാവൽ നിന്നു. അവർക്കും ഞാൻ കൊറിക്കാനായി വച്ചിരുന്ന മിക്‌സറും കടലയും നൽകി. കൊടുക്കുംതോറും അവർ കൂട്ടമായി വളരുകയായിരുന്നു. ഞങ്ങൾക്ക് ഭയം തോന്നാതിരുന്നില്ല.
ഭക്ഷണം കഴിഞ്ഞ് അവിടെ വിശ്രമിക്കാൻ ഞങ്ങൾ നിന്നില്ല. അതിനുപറ്റിയ സാഹചര്യമായിരുന്നില്ല അവിടത്തേത്. വളരെ പെട്ടെന്നുതന്നെ ഞങ്ങൾ കുന്നിറങ്ങാൻ തുടങ്ങി. വൈകുന്ന ഓരോ നിമിഷത്തിലും ഉടുമുണ്ട് കുരങ്ങുകളാൽ നഷ്‌ടപ്പെടുമോ എന്ന ഭീതിയിലായിരുന്നു ഞങ്ങൾ.
Generated from archived content: yathra6.html Author: m.e.sethumadhavan