പട്ടിവേളി

പട്ടിവേളിയിലേക്കുള്ള വനയാത്രയ്‌ക്ക്‌ ഞങ്ങൾ എട്ടുപേരാണുണ്ടായിരുന്നത്‌. കാര്യമായ തയ്യാറെടുപ്പുകളോ സുഹൃത്തുക്കളെ മുൻകൂട്ടി അറിയിക്കുകയോ ചെയ്‌തിരുന്നില്ല. നാലഞ്ചു മാസമായി യാത്രയൊന്നും ചെയ്യാതിരുന്നതിനാൽ നല്ലൊരു ട്രക്കിംഗിനായി മനസ്സു ദാഹിക്കുകയായിരുന്നു. അങ്ങിനെയാണ്‌ പട്ടിവേളിയാത്രയാവാം എന്നു ഞാൻ തീരുമാനിച്ചത്‌.

ഒരു തവണ ഞാൻ ഈ സ്‌ഥലം സന്ദർശിച്ചിട്ടുള്ളതാണ്‌. എന്നിരുന്നാലും വഴി നല്ല നിശ്ചയമില്ല കാട്ടിൽ പലതവണ ചെന്നാൽപോലും അസാധാരണ പാടവം ഇല്ലെങ്കിൽ വഴി തെറ്റുകതന്നെ ചെയ്യും. ദിശയറിയാതെ കറങ്ങിയ സ്‌ഥലത്തു കറങ്ങിക്കൊണ്ടേയിരിക്കും.

എന്റെ ധൈര്യം, മലമ്പുഴക്ക്‌ അക്കരെ ചെന്നാൽ പരിചയക്കാരിലാരെയെങ്കിലും വഴികാട്ടിയായി കിട്ടുമെന്നായിരുന്നു. ഈ ഉറച്ചവിശ്വാസത്തിന്റെ വെളിപാടിലാണ്‌ രണ്ടായിരത്തി ഏഴിലെ ഫെബ്രുവരിമാസത്തിലെ അവസാന ദിവസം ഞാനും ഏതാനും കൂട്ടുകാരും യാത്രക്കിറങ്ങിയത്‌.

മലമ്പുഴ ‘കവ’ എന്ന സ്‌ഥലത്തുനിന്നും പട്ടിവേളി എന്നറിയപ്പെടുന്ന സാമാന്യം ഉയരമുള്ള മലയിലേയ്‌ക്ക്‌ ഏകദിനട്രക്കിംഗാണ്‌ ഉചിതം. കവയിൽ നിന്നും ചേമ്പനവഴി ആദിവാസി കോളനിയിലൂടെ മലഞ്ചരിവിൽക്കൂടി മുകളിലേക്ക്‌ കയറാം. ആരും സാധാരണഗതിയിൽ കയറിപോകാത്ത സ്‌ഥലമാണിവിടം. ഞങ്ങൾ കോളനിയിൽ ചെന്നപ്പോൾ എന്റെ പ്രിയ സുഹൃത്ത്‌ സെൽവൻ അവിടെയുണ്ടായിരുന്നില്ല. മറ്റൊരു ചങ്ങാതിയായ ഗോപാലകൃഷ്‌ണൻ തുണയ്‌ക്കു വരാൻ തയ്യാറായത്‌ ആശ്വാസസമായി.

മലഞ്ചരിവിലൂടെ ഞങ്ങൾ മുകളിലേക്ക്‌ യാത്ര തിരിച്ചു. കാട്ടുചോലയുടെ കരയിലൂടെ മരനിരകൾക്കിടയിലൂടെ നടക്കുമ്പോൾ ചൂട്‌ കാര്യമായി അറിഞ്ഞില്ല. അടിക്കാട്‌ തീരെയില്ലാതിരുന്നത്‌ യാത്രയ്‌ക്ക്‌ സഹായകമായി. ചില കയറ്റങ്ങൾ കഠിനങ്ങളായിരുന്നു. ഞങ്ങൾ കുറേനേരം വിശ്രമിച്ചും വീണ്ടും നടന്നും ചെന്നെത്തിയത്‌ വളരെ രസകരമായൊരു സ്‌ഥലത്താണ്‌. മുക്കവല എന്നു പറയാവുന്ന സ്‌ഥലത്തിന്‌ തുല്യമായൊരിടം. മൂന്ന്‌ ഇടവഴികൾ ഒന്നിക്കുന്ന സ്‌ഥലത്തിലൂടെ ചരിവുകൾ ഇടവഴികൾ സൃഷ്‌ടിച്ചിരിക്കുകയാണ്‌. രണ്ടാൾക്ക്‌ താഴ്‌ചയുണ്ട്‌ വഴികൾക്ക്‌. മഴവെള്ളമൊഴുകി ഉണ്ടായതല്ല ഈ വഴി എന്ന്‌ വ്യക്തമായിരുന്നു (വഴിക്ക്‌ സമാനമായ ഇവിടെ വഴിയല്ല).

കാൽമുട്ടുവരെ കനത്തിൽ കരിയിലകൾ വഴിയിൽ കുമിഞ്ഞുകിടക്കുന്നുണ്ട്‌. അതിൽ ചവിട്ടി മുന്നേറുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലായിരുന്നു. വളരെ ഭയയപ്പെട്ടാണ്‌ ഞങ്ങൾ നടന്നത്‌. എവിടെ നിന്നെങ്കിലും കാട്ടുമൃഗങ്ങൾ കടന്നുവന്നാൽ കാര്യം കുഴഞ്ഞതുതന്നെ. ഒരിടത്തും നീങ്ങിനിൽക്കാനോ മുകളിലേക്ക്‌ കയറുവാനോ ഒന്നിലും പറ്റാത്ത ഇടമാണ്‌. മാത്രമല്ല കരിയില കൂമ്പാരത്തിൽ വല്ല കാട്ടുമൂർഖനും ഇരയെ കാത്തിരിക്കുന്നുണ്ടെങ്കിലോ എന്ന സന്ദേഹവും ചെറുതായിരുന്നില്ല. ഞങ്ങൾ ശ്രദ്ധയോടെ നടന്നു. ഇടവഴി കടന്നു. എത്തിച്ചേർന്നത്‌ മൂന്നുവശവും മലകൾ അതിരിട്ടുനിൽക്കുന്ന തടാകസമാനമായ പ്രദേശത്താണ്‌. ചതുപ്പ്‌ അല്‌പാല്‌പം ഇവിടെയുണ്ട്‌. ഏകദേശം പത്തു ഹെക്‌ടറോളം വിസ്‌തൃതമായ പുൽപ്പരപ്പ്‌ നിലത്ത്‌ പതിഞ്ഞുകിടക്കുന്ന ഇനം പുല്ലാണ്‌ ഇവിടെയുള്ളത്‌.

തടാകസമാനമായ ഈ സ്‌ഥലത്തിന്റെ മധ്യഭാഗത്ത്‌ അര ഏക്കറോളം പ്രദേശം വെള്ളം കെട്ടി കിടക്കുകയാണ്‌. മലമുകളിലെ നൈസർഗ്ഗീകമായ ഈ തടാകത്തിൽ മഴക്കാലത്ത്‌ ധാരാളം വെള്ളം കെട്ടിനിൽക്കുമെന്ന്‌ ഞാൻ ഊഹിച്ചു.

വളരെ ശ്രദ്ധയോടെ ചതുപ്പിൽ അകപ്പെടാതെ പുൽപ്പരപ്പിലൂടെ വലതുവശത്തെ മലമുകൾ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. അവിടെയാണ്‌ ഞങ്ങളുടെ ലക്ഷ്യമായ പട്ടിവേളി. പുൽപ്പരപ്പിൽ മാനിന്റെ കാഷ്‌ഠം വേണ്ടുവോളമുണ്ട്‌. ചിലയിടത്ത്‌ പുലിയുടെ കാൽപ്പാടുകൾ കാണുകയുണ്ടായി.

ചതുപ്പും പുൽപ്പരപ്പും കടന്ന്‌ ഞങ്ങളെത്തിയത്‌ കാട്ടുചെടികൾ വളർന്നുനിൽക്കുന്നിടത്തായിരുന്നു. ആ പൊന്തകൾ വകഞ്ഞുമാറ്റി നടന്നുതുടങ്ങി. പിന്നീട്‌ കാണാൻ കഴിഞ്ഞത്‌ ചെറിയൊരു അരുവിയാണ്‌. ഇവിടെ ഞങ്ങളെ സ്വീകരിക്കുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ എന്നറിഞ്ഞുകൂടാ കുറെ പൂമ്പാറ്റപ്പട കൂട്ടുകൂടി. കറുത്ത ചിറകിൽ ചുവന്ന പുള്ളികളോടുകൂടിയതും വെളുത്ത ചിറകോടുകൂടിയതുമായ പൂമ്പാറ്റകൾ.

നൂറുകണക്കിനു പൂമ്പാറ്റകളുണ്ട്‌. സംഘത്തിൽ. മുന്നേറാൻ പറ്റാത്തവിധം അവ ദേഹത്ത്‌ വന്നുതട്ടുന്നുണ്ടായിരുന്നു. ഇത്രയധികം പൂമ്പാറ്റകളെ ഞാൻ ഒരുമിച്ച്‌ കാണുന്നത്‌ ആദ്യവും അപൂർവ്വവുമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം.

അഞ്ചുമിനുട്ടു നേരം ഞങ്ങളെ വളഞ്ഞ്‌ കടന്നുകയറ്റത്തിനെതിരെ പ്രതിഷേധിച്ച ശലഭപ്പട ക്രമേണ മുകളിലേക്ക്‌, മരങ്ങളിലെ ഇലപ്പടർപ്പുകളിലേക്ക്‌ പോയ്‌മറഞ്ഞു. അരുവിയുടെ സാമീപ്യം വിട്ട്‌ ഞങ്ങൾ നടന്നു നീങ്ങുന്നതിനിടയിലാണ്‌ ഒരിടത്ത്‌ ചെറുതല്ലാത്ത ഒരു പാറക്കുഴി ശ്രദ്ധയിൽപ്പെട്ടത്‌. അവിടെ അടുത്ത ദിവസങ്ങളിലെന്നോ രാത്രിയിൽ ആൾവാസം ഉണ്ടായതിന്റെ ലക്ഷണങ്ങൾ കാണാൻ കഴിഞ്ഞു.

പാറക്കുഴിയിൽ നാം കൊണ്ടുവിരിച്ച രീതിയിൽ നിറയെ മണലുണ്ട്‌. അവിടെ കല്ലുകൂട്ടി അടുപ്പുണ്ടാക്കി പാചകം ചെയ്‌തിരുന്നു. ഉണങ്ങിയ ഭക്ഷണാവശിഷ്‌ടങ്ങൾക്കിടക്ക്‌ മാനിന്റേത്‌ എന്നു തോന്നിക്കുന്ന എല്ലിൻ കഷ്‌ണങ്ങൾ ഉണ്ടായിരുന്നു. അടുത്തുതന്നെ ഉടഞ്ഞകുപ്പിയും ചില്ലും സാരിക്കഷ്‌ണവും കുപ്പിവളപ്പൊട്ടുകളും കാണാൻ കഴിഞ്ഞു. ഞങ്ങൾ കൂട്ടിയും കിഴിച്ചും അല്‌പനേരം അവിടെ ഇരുന്നു. വീണ്ടും മുകളിലേക്ക്‌ കയറി.

ചെറിയ ചെടികൾക്കും പാറക്കല്ലുകൾക്കുമിടയിലൂടെ കയറുന്നതിനിടയിൽ ഉയരം കുറഞ്ഞ കാട്ടുനെല്ലിമരം നിറയെ നെല്ലിക്ക കായ്‌ച്ചുനിൽക്കുന്നതുകണ്ടു. ഞങ്ങൾ കുറെ നെല്ലിക്ക പറിച്ചുതിന്നു. പിന്നീട്‌ കുറെ വലിച്ച്‌ ബാഗുകളിലാക്കി. തുടർന്ന്‌ അഞ്ചുമിനിട്ട്‌ സമയമേ ലക്ഷ്യത്തിലെത്താൻ നടക്കേണ്ടിയിരുന്നുള്ളൂ. മുകളിൽ ഒരു വലിയ പാറയിലെ വിടവ്‌ ഗുഹാസമാനനമായി കാണുകയുണ്ടായി. പാറയുടെ ചെരുവിൽ നിന്നുള്ള കാഴ്‌ച അതീവഹൃദ്യമാണ്‌. എവിടെയും താഴ്‌വരകൾ മാത്രം. എങ്ങും കനത്ത ഇരുണ്ട പച്ചപ്പ്‌. കടന്നുവന്ന തടാകക്കരയിൽ ബൈനോക്കുലറിൽ കൂടി നോക്കിയപ്പോൾ ഒരുപറ്റം മാനുകൾ മേയുന്നതുകണ്ടു. കുറച്ചുനേരം ആ കാഴ്‌ചകൾ ആസ്വദിച്ച്‌ ഞങ്ങളവിടെ വിശ്രമിച്ചു. പിന്നീട്‌ ഒരിക്കലും ഈ പച്ചപ്പ്‌ മായാതിരിക്കട്ടെ എന്ന്‌ പ്രാർത്ഥിച്ചു. ആരോഗ്യം ക്ഷയിക്കാത്തിടത്തോളം വർഷത്തിലൊരിക്കലെങ്കിലും. തീർത്ഥാടനം പോലെ ഇവിടെ എത്തുമെന്ന്‌ ഞാൻ തീരുമാനിച്ചുറച്ചു അത്രക്കു സുന്ദരമായിരുന്നു കണ്ട കാഴ്‌ചകൾ.

പന്ത്രണ്ടു മണി കഴിഞ്ഞ സമയത്ത്‌ ഞങ്ങൾ തിരിച്ചിറക്കം തുടങ്ങി. അടുത്തുതന്നെയുള്ള മറ്റൊരു മല കയറിമറിഞ്ഞാൽ സുന്ദരമായ ഒരു വെള്ളച്ചാട്ടം കാണാൻ കഴിയുമെന്ന്‌ ഗോപാലകൃഷ്‌ണൻ (വഴികാട്ടി) പറഞ്ഞു. തിരിച്ചിറങ്ങിയത്‌ വളരെ തിരക്കുള്ള ഇടത്തരം മരങ്ങൾ വളർന്നു നിൽക്കുന്നതിനിടയിലൂടെയായിരുന്നു.

നിലം നിറയെ സ്‌പോഞ്ച്‌ കണക്കെ കരിയിലകൾ കിടക്കുന്നുണ്ട്‌. അവയെ ചവിട്ടി മെതിച്ച്‌ കാണുന്ന വള്ളികളിലൂടെ ഊഞ്ഞാലാടി താഴേക്ക്‌ ഊർന്നിറങ്ങി. (കരിയില നിലത്ത്‌ മെത്ത വിരിച്ചതുകൊണ്ട്‌ ഒന്നും സംഭവിക്കില്ല എന്ന്‌ ഞങ്ങൾ വിശ്വസിച്ചു).

അരമണിക്കൂറിനകം ഞങ്ങൾ തടാകക്കരയിലെ ചതുപ്പിലെത്തി. തിരിച്ചറക്കത്തന്റെ അതിരുവിട്ട ബഹളത്തിനിടയ്‌ക്ക്‌ കാട്ടുമരങ്ങൾക്കിടയിൽ സ്വൈര്യം കൊണ്ടിരുന്ന രണ്ടുമൂന്ന്‌ ംലാവുകൾ പ്രാണഭയത്തോടെ ഓടിയകലുകയുണ്ടായി. ഒരിക്കലും കാടിനകത്ത്‌ അരുതാത്ത വിധമുള്ള പ്രവർത്തിയായിരുന്നു തിരിച്ചിറക്കത്തിലെ അരമണിക്കൂർ എന്ന്‌ ഞാൻ മനസ്സിലാക്കി. എനിക്ക്‌ തികച്ചും പശ്ചാത്താപം തോന്നി.

ബ്രേക്കില്ലാതെ ശരവേഗത്തിൽ ഇറങ്ങിയ ഞങ്ങൾ ചതുപ്പിലൂടെ മുന്നിലുള്ള മലയിലേക്ക്‌ നടന്നു. ഇവിടെ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം കടന്നുവന്ന വഴികളിൽ കണ്ട കാട്ടുമരങ്ങളുടെ വലുപ്പം ഇപ്പോൾ എത്തിയിട്ടുള്ള മലയിലെ മരങ്ങൾക്കില്ല എന്നതായിരുന്നു. അടിക്കാട്‌ സാമാന്യം ഭേദപ്പെട്ടനിലയിലുണ്ട്‌. മരങ്ങളുടെ വണ്ണം അറുപത്തഞ്ചിനുമേൽ ഇല്ലായിരുന്നു. മാത്രമല്ല നല്ലയിനത്തിൽപ്പെട്ട ഒറ്റ മരം പോലുമില്ലായിരുന്നു. നിത്യഹരിതവനത്തിന്റെ ലക്ഷണമല്ല ഇവിടെ കാണാൻ കഴിഞ്ഞത്‌. അർദ്ധഹരിതവും ഭാഗികമായ ഇലപൊഴിയും കാടിന്റെ സൂചനകളുമാണ്‌ എനിക്ക്‌ തോന്നിയത്‌.

അടിക്കാട്‌ വകഞ്ഞുമാറ്റി മുന്നോട്ടുകയറുന്നതിനിടയിൽ പലതരം മുള്ളുകളുള്ള പൂച്ചെടികൾ ഷർട്ടിൽ കൊളുത്തിപ്പിടിച്ചു. കയറുന്നവഴിയിൽ പാറക്കെട്ടുകൾ കാര്യമായിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്‌ കടുപ്പമില്ലാതെ മുന്നോട്ടുപോകുവാൻ കഴിഞ്ഞു. ഒന്നരമണിയോടുകൂടി ഞങ്ങൾ മലമുകളിലെത്തി. വിശപ്പു കടന്നാക്രമണം തുടങ്ങിയിരുന്നു. കൂടെയുള്ളവർക്ക്‌ ക്ഷീണവും തളർച്ചയും ബാധിച്ചിട്ടുണ്ട്‌ എന്ന്‌ അവരുടെ മുഖം പറയുന്നുണ്ട്‌.

ഒരു മരത്തണലത്ത്‌ ഞങ്ങളിരുന്നു. ഭക്ഷണമൊന്നും കരുതിയിരുന്നില്ല എന്നായിരുന്നു അവർ കരുതിയിരുന്നത്‌. ഞാൻ ബാഗുതുറന്ന്‌ ഒരു പായ്‌ക്കറ്റ്‌ ബിസ്‌ക്കറ്റും റൊട്ടിയുമെടുത്ത്‌ കൂട്ടുകാർക്ക്‌ കൊടുത്തു. അവർക്ക്‌ വിശപ്പ്‌ ഇരട്ടിക്കുകയാണ്‌ ചെയ്‌തത്‌. ഞാൻ അവരെ കളിപ്പിക്കുകയായിരുന്നു. അവർക്കുവേണ്ടി ഞാൻ കൊണ്ടു വന്നിരുന്ന യഥാർത്ഥ ഭക്ഷണപ്പൊതികൾ കൊടുത്തു. അവരുടെ മുഖങ്ങളിൽ വസന്തം വിരിയുന്നത്‌ ഞാൻ നോക്കിയിരുന്നു. (ആദ്യമായി ട്രക്കിംഗിന്‌ വരുന്നവരായിരുന്നു കൂടെയുള്ളവരെല്ലാം. (ആദ്യമായി ട്രക്കിംഗിന്‌ വരുന്നവരായിരുന്നു കൂടെയുള്ളവരെല്ലാം. അവർ എനിക്കുവേണ്ടി വന്നവർ കൂടിയാണ്‌) ഞങ്ങൾ ഭക്ഷണം കഴിച്ച്‌ കൈവശമുണ്ടായിരുന്നു കുപ്പികളിലെ വെള്ളം കുടിച്ചു.

കൂടുതൽ സമയം ചിലവഴിക്കാൻ തുനിയാതെ താഴേക്ക്‌ ഇറങ്ങാനുള്ള വഴിതേടി ഗോപാലകൃഷ്‌ണൻ തിരഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ തികച്ചും സുഖകരമല്ലാത്ത വഴിയിലൂടെയാണ്‌ ഇറക്കമാരംഭിച്ചത്‌. കുറ്റിച്ചെടികളിലും മുൾച്ചെടികളിലും പിടിച്ച്‌ കുറെദൂരം ശ്രമപ്പെട്ടിറങ്ങി. പിന്നെ പാറകളിലൂടെ താഴോട്ടുനീണ്ടുകിടക്കുന്ന മരത്തിന്റെ കയർ സമാനമായ വേരുകളിലൂടെ പിടിച്ചിറങ്ങി. മലയുടെ പകുതി ദൂരം എത്തുമ്പോഴേക്കും മുൾച്ചെടികളും മുളങ്കാടുകളും നിറഞ്ഞുകിടക്കുകയായിരുന്നു. അവിടയാകെ ആനകൾ ചവിട്ടിമെതിച്ച്‌ നശിപ്പിച്ചിരുന്നു. തീരെപഴകാത്തതും കഴിഞ്ഞ ദിവസങ്ങളിലേതും എന്നുതോന്നിക്കുന്നതുമായ ആനപ്പിണ്ഡം ഒരുപാട്‌ ചിതറിക്കിടക്കുന്നുണ്ട.​‍്‌ അടുത്ത്‌ എവിടെയോ ആനക്കൂട്ടമുണ്ട്‌ എന്നതിന്റെ വ്യക്തമായ സൂചനകൾ അവിടെ ഉണ്ടായിരുന്നു. ഉച്ചച്ചൂടും സ്‌ഥലത്തെ അതിഭീകര നിശബ്‌ദതയും മുളങ്കാടിനടിയിലെ അജ്‌ഞ്ഞാത ദൃശ്യവിചാരങ്ങളും ആദ്യയാത്രയ്‌ക്കായി വന്ന കൂട്ടുകാരിൽ ഭയത്തിന്റെ വ്യാപ്‌തിവർദ്ധിപ്പിച്ചു. ഓരോചുവടും അതിസൂക്ഷമതയോടെയാണ്‌ ഞാൻ താണ്ടിയത്‌. കൂട്ടുകാരുടെ ഭാരം കൂടി എന്റെ തലയിലും കാലിലും വന്നിരിക്കുകയാണ്‌. ഗോപാലകൃഷ്‌ണനെന്ന അനുഭവസ്‌ഥൻ കൂടെയുള്ളതു മാത്രമാണ്‌ ഏക ആശ്വാസം.

രണ്ടരമണികഴിഞ്ഞിരുന്നു ഞങ്ങൾ മലയിറങ്ങി, വെള്ളച്ചാട്ടമുള്ള ഒന്നാം പുഴയിലെത്തുമ്പോൾ (മലമ്പുഴ അണക്കെട്ടിലേക്ക്‌ വെള്ളം ഒഴുകിയെത്തുന്ന പുഴകളിൽ ഒന്നാണ്‌ ഒന്നാം പുഴ) പാറകൾക്കിടയിലൂടെ ചാടിനടന്ന്‌ സാമാന്യം ഘനമുള്ള ജലപാതത്തിനടുത്തെത്തി. കൈക്കുമ്പിളിൽ വെള്ളമെടുത്ത്‌ പല തവണയായി വയർ നിറയെ കുടിച്ചു. അരമണിക്കൂർ ജലപാതത്തിൽ വിനോദിച്ചു കുളിച്ചു. കൂട്ടുകാർ അത്രയ്‌ക്ക്‌ വിനോദത്തിലായിരുന്നില്ല. അവരുടെ മുഖത്ത്‌ ഭയാശങ്കകൾ മിന്നിമറയുന്നുണ്ടായിരുന്നു. മൂന്നരമണിയോടെ ഞങ്ങൾ തിരിച്ചുള്ള യാത്ര ആരംഭിച്ചു. വളരെ സുഖമായി നടക്കാവുന്ന വഴിയാണ്‌ ഇപ്പോഴത്തേത്‌. ഫയർബെൽട്ട്‌ വെട്ടിയ വഴിയും ആദിവാസികൾ വനവിഭവങ്ങൾ ശേഖരിക്കാൻ നടക്കുന്ന വഴിയുമായിരുന്നു അത്‌. കൂട്ടുകാർ വളരെ ക്ഷീണിതരായതുകൊണ്ടായിരിക്കണം അവരുടെ കാലടികൾ പതറുന്നുണ്ട്‌. ഒടുവിൽ ആറുമണിയോടെ ഞങ്ങൾ ജീപ്പ്‌ റോഡിലെത്തി. കൂട്ടുകാർക്കിടയിൽ ആശ്വാസനിശ്വാസങ്ങൾ ഉയരുന്നത്‌ ഞാൻ ചെറുപുഞ്ചിരിയോടെ ആസ്വദിച്ചു. ജീപ്പ്‌ വരുന്നതു കാത്ത്‌ ഞങ്ങൾ നിന്നു. പടിഞ്ഞാറ്‌ സൂര്യൻ ചാഞ്ഞിറങ്ങാൻ തയ്യാറെടുത്തിരുന്നു.

Generated from archived content: yathra3.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English