അടുപ്പുകൂട്ടിമല അഥവാ മുമ്മുടിമല

മലമ്പുഴഡാമിനപ്പുറം ആനക്കല്ല്‌, കവ എന്നീ സ്‌ഥലങ്ങൾ താരതമ്യേന ജനവാസം കുറഞ്ഞ സ്‌ഥലങ്ങളാണ്‌. കുറച്ചു കുടിയേറ്റക്കാരും അല്‌പം ആദിവാസികളും മാത്രമെ ഇവിടെയുള്ളൂ. ഏതൊരു മലഞ്ചെരുവിലും കാണുന്ന തരത്തിലുള്ള റബ്ബർകൃഷിയുടെ ആധിക്യം ഇവിടെയില്ല. മറ്റു നാണ്യവിളകൾക്കൊന്നിനും ഒരു കുറവുമില്ല. ഡാമിന്റെ അതിർത്തിക്കപ്പുറം അരകിലോമീറ്റർ പിന്നിട്ടാൽ നല്ലകാട്‌ തുടങ്ങുകയായി. ഈ പ്രദേശത്തെ ഏറ്റവും സുന്ദരമായ മൂന്നു സ്‌ഥലങ്ങളിലേക്ക്‌ പലതവണ ഞാൻ യാത്രപോയിട്ടുണ്ട്‌. ആ സന്ദർഭങ്ങളിൽ കണ്ട കാര്യങ്ങളെ ചുരുക്കി വിവരിക്കുന്നവയാണ്‌ ഈ യാത്രാക്കുറിപ്പ്‌.

മലമ്പുഴ അണക്കെട്ട്‌ ആയിരത്തിതൊള്ളായിരത്തി അമ്പത്തിയാറിലാണ്‌ നിലവിൽ വന്നത്‌. പാലക്കാടിന്റെ മുഖഛായ മാറ്റിയ ഈ അണക്കെട്ടിനോട്‌ ചേർന്നാണ്‌ കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴ ഗാർഡൻസ്‌ നിലകൊള്ളുന്നത്‌. പാലക്കാട്‌ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന, കൽപ്പാത്തി അഗ്രഹാരങ്ങളിലെ ബ്രാഹ്‌മണ ഗായത്രികൾ കേട്ട്‌ പവിത്രയായ കൽപ്പാത്തിപുഴയ്‌ക്ക്‌ കുറകെയാണ്‌ മലമ്പുഴയിൽ അണക്കെട്ട്‌ തീർത്തിരിക്കുന്നത്‌.

മലമ്പുഴ അണക്കെട്ടിന്റെ പുറകിൽ തെക്കു കിഴക്കുഭാഗത്തായി നിൽക്കുന്ന മലനിരകളിലെ ഉന്നത ശീർഷനാണ്‌ അടുപ്പുകൂട്ടി മലയെന്നും മുമ്മുടി മലയെന്നും അറിയപ്പെടുന്ന മല. ദുരെ നിന്നും നോക്കുമ്പോൾ അടുപ്പിൻ കല്ലു കണക്കെ തൊട്ടു തൊട്ടു ത്രികോണാകൃതിയിൽ നിൽക്കുന്ന കൂറ്റൻ പാറകളോടുകൂടിയ ശീർഷങ്ങളുള്ളതാണ്‌ ഈ മല. അണക്കെട്ടിൽ നിന്നും നോക്കിയാൽ ഇതിന്റെ സൗന്ദര്യം നമ്മെ പുളകിതരാക്കും.

എനിക്ക്‌ അധികം പ്രിയമുള്ള മലനിരകളിൽ ഒന്നാണിത്‌. വർഷത്തിൽ ഒന്നിലധികം തവണ തീർത്ഥയാത്ര പോലെ ഞാനിവിടേയ്‌ക്ക്‌ പോകാറുണ്ട്‌. ഏകദിന യാത്രയ്‌ക്ക്‌ പറ്റിയ ചില സ്‌ഥലങ്ങളും ഇവിടെയുണ്ട്‌. കഴിഞ്ഞ ആഗസ്‌റ്റിൽ (06) ഒരു ഞായറാഴ്‌ച കാലത്ത്‌ എട്ടുമണിയോടുകൂടിയാണ്‌ ഞങ്ങൾ പത്തുപേരടങ്ങുന്ന സംഘം മലമുകളിലേക്ക്‌ യാത്രതുടങ്ങിയത്‌.

ചേമ്പന എന്ന സ്‌ഥലത്തുനിന്നുമാണ്‌ യാത്രാരംഭം. ഞാനും എന്റെ ഏതാനും സുഹൃത്തുക്കളും തദ്ദേശീയരായ ആദിവാസി സുഹൃത്തുക്കളുമടങ്ങിയതാണ്‌ യാത്ര സംഘം. യാത്രയുടെ തുടക്കത്തിൽതന്നെ മലമുകളിൽ നിന്ന്‌ ഒഴുകിവരുന്ന ഒരു കാട്ടാറും അതിൽ രണ്ടാൾ പൊക്കത്തിൽ നിന്നും താഴെക്ക്‌ വീഴുന്ന വെള്ളച്ചാട്ടവും കാണാം. ആറിന്റെ കരയിൽ നിന്ന്‌ ഞങ്ങൾ വനയാത്രയ്‌ക്ക്‌ യോജിച്ച വസ്‌ത്രങ്ങൾ ധരിച്ചു. കുപ്പികളിൽ വേണ്ടത്ര വെള്ളവും ശേഖരിച്ചു. മലദൈവങ്ങളെ മനസ്സിൽ പ്രതിഷ്‌ഠിച്ച്‌ പ്രണമിച്ചു. കാടിനകത്തേക്ക്‌ ഞങ്ങൾ കയറി.

കാര്യമായ അടിക്കാട്‌ ഇല്ലാത്ത ഒരു വനപ്രദേശമാണിവിടം. ഇടത്തരം മരങ്ങൾ മാത്രമെ നമുക്കിവിടെ കാണാനാവൂ. കൂടിയത്‌ അറുപതിഞ്ച്‌ വണ്ണവും പൊക്കം തീരെ കുറഞ്ഞവയുമായിരുന്നു അവ. കുത്തനെയുള്ള കയറ്റങ്ങൾ കുറവാണിവിടെ. എങ്കിലും കാൽമുട്ട്‌ താടിയിൽ തട്ടുന്ന തരത്തിലുള്ള കയറ്റങ്ങൾക്ക്‌ കുറവില്ല.

ഏകദേശം ഒന്നര മണിക്കൂർ നേരം കയറി എത്തുന്ന സ്‌ഥലത്തുമാത്രമെ മരങ്ങളുള്ളൂ. മുകളിലെത്തുമ്പോഴേക്കും ശുഷ്‌കിച്ച മരങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. പിന്നീട്‌ കാണുന്ന മുകൾഭാഗം പുൽമേടും പാറക്കൂട്ടങ്ങളും നിറഞ്ഞ സ്‌ഥലമാണ്‌. ഇവയ്‌ക്കിടയിൽ പലസ്‌ഥലങ്ങളിൽ നിന്നുള്ള ഉറവകൾ അരുവികളെ സൃഷ്‌ടിച്ചിട്ടുണ്ട്‌.

പുൽമേടിൽനിന്നും കിഴക്കോട്ടുനോക്കുമ്പോൾ കാണുന്ന കാഴ്‌ച വശ്യമാണ്‌. താഴെ ദൂരെ നെൽവയലുകൾ നിറഞ്ഞ പ്രദേശം. വീണ്ടുമപ്പുറം എൻ.എച്ച്‌. 47 (ദേശീയ പാത) തലമുടി നിവർത്തിവെച്ചപോലെ കിടക്കുന്നു. കോയമ്പത്തൂരിലേക്ക്‌ പോകുന്ന റയിൽപാത നേരിയ വളവോടുകൂടിയാണ്‌ കിടക്കുന്നത്‌ എന്ന്‌ തീവണ്ടിയുടെ യാത്രയിൽ നിന്നും കാണാൻ കഴിയും. ആകാശത്തേക്ക്‌ പുകതുപ്പിക്കൊണ്ട്‌ നിൽക്കുന്ന കഞ്ചിക്കോട്ടെ കമ്പനികൾ നമുക്ക്‌ കാണാം. പ്രകൃതി സ്‌നേഹികളുടെ മനസ്സിൽ ഈ കമ്പനികൾ തിരാദുഃഖം നിറയ്‌ക്കും. വികസനം സ്വപ്‌നം കാണുന്നവരിൽ സന്തോഷം ജനിക്കും. നിശ്‌ചയമായും.

അരുവികളുടെ ചിലഭാഗത്തുനിന്നും താഴെക്ക്‌ പാറയുടെ മുകളിൽകൂടി വെള്ളം ചാടിയിരുന്നത്‌ ഷവറുകളെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു. മുകളിലേക്ക്‌ കയറുംതോറും പുല്ലിന്‌ ഉയരം കുറഞ്ഞുവന്നു. അവിടവിടെ ഉണങ്ങിയ ആനപിണ്ഡങ്ങൾ ധാരാളം കിടക്കുന്നതുകണ്ടു. അവയെ പിന്തള്ളി മുകളിലേക്ക്‌ നടന്നു. സാമാന്യം വലിയ ഒരു പാറയുടെ പരുക്കൻ പ്രതലത്തിൽ കാൽവിരലൂന്നി കൈനഖം കൊണ്ട്‌ പാറയുടെ ചരിവിൽ പിടിച്ച്‌ മുകളിലേക്ക്‌ കയറി. പിന്നീട്‌ ബാഗിനകത്ത്‌ വെച്ചിരുന്ന കയറെടുത്തു. താഴെ നിൽക്കുന്നവരെ ഒന്നൊന്നായി കയറിൽ കൂടി മുകളിലേക്ക്‌ എത്തിച്ചു. പാറയുടെ മറുവശം അറക്കവാൾ കൊണ്ട്‌ മുറിച്ചതുപോലുള്ള ചരിവാണ്‌. അതിസാഹസികത്തം ഭാവിച്ച്‌ അരികിലേക്ക്‌ ചെന്ന്‌ കാൽവഴുതിയാൽ ഒരു കിലോമിറ്റർ താഴെയായിരിക്കും ചിലപ്പോൾ. ബോഡികണ്ടെത്തുക. ഈ പാറപ്പുറമാണ്‌ ദൂരെ നിന്നുനോക്കുമ്പോൾ ആരും കാണുന്ന അടുപ്പിന്റെ ഒന്നാംകല്ല്‌. ഇതിന്റെ മുകൾ വശത്തിന്‌ അമ്പതുമീറ്റർ വീതിയും എഴുപത്തഞ്ച്‌ മീറ്ററോളം നീളവുമുണ്ട്‌. നീളം കൂടിയഭാഗം ചരിഞ്ഞാണ്‌ കിടക്കുന്നത്‌. ഇതിലൂടെ ഇറങ്ങിപോകാൻ പ്രായസമില്ല.

ഈ ഒന്നാം കല്ലിന്റെ (പാറയുടെ) മുകളിൽ നിന്നും പടിഞ്ഞാറൊട്ട്‌ നോക്കുമ്പോൾ കാണുന്ന കാഴ്‌ച സ്വർഗ്ഗീയത ഉണർന്നതാണ്‌. മലമ്പുഴ ഡാമിന്റെ സമൃദ്ധി മനോഹരമാണ്‌. ഒറ്റപ്പെട്ട തുരുത്തുകൾ, കൊച്ചുകൊച്ചു കുന്നുകൾ. താഴ്‌വരയിലെ ഇടതൂർന്ന വനസൗന്ദര്യം എല്ലാം ചേതോഹര കാഴ്‌ചകളാണ്‌. കുറച്ചുനേരം ഞങ്ങൾ വിശ്രമിച്ചു. പിന്നെ അടുത്ത കല്ലിനെ (പാറ) ലക്ഷ്യമാക്കി നടന്നു.

അകലെ നിന്നു നോക്കുമ്പോൾ ഒരു കല്ലിൽ നിന്നും അടുത്ത കല്ലിലേക്ക്‌ കാൽ മാറ്റി വെയ്‌ക്കാൻ പാകത്തിലാണ്‌ അവയുടെ കിടപ്പ്‌ എന്ന്‌ തോന്നും. എന്നാൽ അരമണിക്കൂർ നേരം പുൽമേട്ടിലൂടെ നടന്നു കയറിയാൽ മാത്രമെ അടുത്ത പാറയ്‌ക്ക്‌ മുകളിലെത്തു.

രണ്ടാമത്തെ കല്ല്‌ പൂർണ്ണമായും അടുപ്പിൻ മുഴക്ക്‌ സമാനമായിരുന്നു. അതിന്റെ മുകൾ ഭാഗത്തിന്‌ ഏകദേശം അര ഏക്കറോളം വിസ്‌തൃതിയുണ്ട്‌. കടുത്ത പ്രതലമാണിവിടം. വളരെയധികം മൂപ്പ്‌ ഈ പാറക്കുണ്ട്‌. നല്ല കാറ്റ്‌ ഉണ്ടായിരുന്നതുകൊണ്ട്‌ ചൂട്‌ അറിഞ്ഞില്ല. കുറച്ചുനേരം ഞങ്ങൾ ഇവിടേയും വിശ്രമിച്ചു. ഈ സമയത്ത്‌ കൈവശമുണ്ടായിരുന്ന ലഘുഭക്ഷണം കഴിച്ചു. ഇവിടെനിന്നുള്ള കാഴ്‌ചയും ആദ്യത്തെ കാഴ്‌ചയ്‌ക്ക്‌ തുല്യമായിരുന്നു.

ഏകദേശം രണ്ടുമണിയോടുകൂടി ഞങ്ങൾ അടുത്ത കല്ലിലേക്ക്‌ (പാറ) ഇറങ്ങി നടന്നു. നല്ലൊരു കയറ്റമായിരുന്നു ഞങ്ങളുടെ മുന്നിൽ. മാത്രമല്ല രണ്ടാമത്തെ പാറപ്പുറത്തുനിന്നും മൂന്നാമത്തെ പാറയ്‌ക്ക്‌ അടുത്തേക്ക്‌ ഒരു മണിക്കൂറോളം നടക്കേണ്ട അകലമുണ്ട്‌. പുല്ല്‌ പതിഞ്ഞ്‌ കിടക്കുന്ന സ്‌ഥലമാണിവിടെ എന്നതായിരുന്നു ഏറെ ആശ്വാസം.

മൂന്നാം കല്ലിന്റെ മുകൾഭാഗം കേവലമൊരു പാറപ്പുറമല്ല. അതിന്റെ ഒരു വശം പിന്നിലേക്ക്‌ ചരിഞ്ഞുകിടക്കുന്ന താഴ്‌വരയായിരുന്നു. നിറയെ ഉരുളൻ കല്ലുകൾ പാറയുടെ മുകളിൽ ചിതറി കിടക്കുന്നുണ്ടായിരുന്നു. ആരെല്ലാമൊകൊണ്ട്‌ ചിതറിച്ചിട്ടതുപോലെയായിരുന്നു അവ കിടന്നിരുന്നത്‌.

ചരിഞ്ഞുകിടക്കുന്ന താഴ്‌വര നിറയെ പുല്ല്‌ നിറഞ്ഞു കിടക്കുകയാണ്‌. ദൂരെ മാനുകൾ മേഞ്ഞുകൊണ്ടിരുന്നു. അത്‌ നേർത്ത ഒരു കാഴ്‌ചയായിരുന്നു. ഈ പാറപ്പുറത്തുനിന്നും മലമ്പുഴയുടെ ദൃശ്യം ഒട്ടുമെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും പ്രകൃതിയുടെ നിറകാഴ്‌ച അനിർവചനീയമായിരുന്നു. അല്‌പനേരം ഞങ്ങൾ എല്ലാം മറന്ന്‌ കാഴ്‌ചകളിൽ ലയിച്ചിരുന്നു. പിന്നീട്‌ നാലു മണിയോടുകൂടി പ്രധാന വഴികാട്ടിയായ സെൽവന്റെ പിന്നിലായി ഞങ്ങൾ മലയിറങ്ങി തുടങ്ങി.

അടുപ്പുകൂട്ടിമല (മുമ്മുടിമല)യലെ മൂന്നു മുടികളിലും കൂടി ഒരു ദിവസത്തെ യാത്രകൊണ്ട്‌ എത്താൻ കഴിയില്ല. ആസ്വദിച്ച്‌ കയറിയിറങ്ങണമെങ്കിൽ രണ്ടു ദിവസം തികച്ചു വേണം. മലമുകളിൽ തങ്ങാതെ രണ്ടുദിവസമായി കയറിയിറങ്ങിയ യാത്രക്കുറിപ്പാണ്‌ ഇവിടെ ചുരുക്കി പറഞ്ഞിരിക്കുന്നത്‌.

Generated from archived content: yathra2.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here