ചീവീടുകളുടെ സംഗീതം

വാച്ച് ടവറില്‍ നിന്നുള്ള കാഴ്ച അതീവ സുന്ദരമാണ്. ദൂരെ ദൂരെയ്ക്ക് നീണ്ടു പോകുന്ന മലനിരകള്‍.. താഴ് വരകള്‍.. ആകാശത്തിനു ഊടു കൊടുക്കുന്നതുപോലുള്ള, താങ്ങി നിര്‍ത്തുന്നതു പോലെ തോന്നിക്കുന്ന കൊടുമുടികള്‍. മലപ്പുറം ഭാഗത്തെ നിലമ്പൂര്‍ മലനിരകളും കോവില്‍പ്പാറമുടിയും അങ്കിണ്ട കൊടുമുടിയും (ആനമുടി കഴിഞ്ഞാല്‍ പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ മുടി) എല്ലാം ദൃഷ്ടിഗോചരങ്ങള്‍

മലമടക്കുകളിലൂടെ പൂച്ചിപ്പാറ മലകളെ ചുറ്റി തെക്കോട്ട് ഒഴുകി പാത്രക്കടവില്‍ മേളം കൂടാന്‍ പോകുന്ന കേരളത്തിന്റെ നൈര്‍മല്യസുന്ദരി കുന്തി. വടക്ക് സമൃദ്ധമായ പച്ചപ്പിന്റെ താഴ് വരകളിലൂടെ കുണുങ്ങിയും പിണങ്ങിയും രൗദ്രയായും ശാന്തയായും ഒഴുകുന്ന ഭവാനിയുടെ താഴ് വാരങ്ങള്‍… വേനലിലും കുളിരു നിറച്ച് മറക്കാത്ത ഓര്‍മകള്‍ നല്‍കി തഴുകി തലോടി പോകുന്ന മലങ്കാറ്റ്. അതെ, വാച്ച് ടവറിന്റെ മുകള്‍ത്തട്ട് നമുക്ക് നല്‍കുന്നത് വിസ്മയാനുഭൂതികളുടെ ഒടുങ്ങാത്ത മായക്കാഴ്ചകളാണ്…

ടവറില്‍ നിന്നു നോക്കുമ്പോള്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരെ ഒഴുകുന്ന കുന്തി മലനിരകള്‍ക്കിടയില്‍ വെള്ളിയരഞ്ഞാണം ചുറ്റിയപോലെ ശോഭിക്കുന്നത് കാണാം. ഒപ്പം തന്നെ എഴുപതുകളില്‍ അണകെട്ടാന്‍ നിര്‍മാണം തുടങ്ങിയതിന്റെ മുറിപ്പാട് വിളിച്ചോതിക്കൊണ്ട് രണ്ടു മലകളുടെ ഉദരത്തില്‍ ഡ്രില്ലര്‍ കയറ്റി തുരങ്കം ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ വായ് വട്ടം കാണാം. ഇത് കാണുന്ന പ്രകൃതി സ്‌നേഹിയുടെ നെഞ്ചിടിപ്പ് ഒരിക്കലും നിലയ്ക്കാനിടയില്ല.

ഗൈഡുകളുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസില്ലാ മനസോടെ ടവറില്‍ നിന്നും താഴെയിറങ്ങി. ശ്രദ്ധയോടെ ഇറങ്ങിയാല്‍ പരുക്കില്ലാതെ താഴെയെത്താം. അടുത്ത കാഴ്ച ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ ആണ്. യാത്രികര്‍ക്കു ഭാഗ്യം ഉണ്ടെങ്കില്‍ മാത്രമേ ഇതു കാണാനൊക്കൂ.. എന്തെങ്കിലും കാരണം പറഞ്ഞ് ഈ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാതിരിക്കാനാണ് ഇതിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്കു ഇഷ്ടം.

സൈലന്റ് വാലിയിലെ ആവാസ വ്യവസ്ഥയില്‍ കാണുന്ന വന്യജീവികളുടെ ചിത്രവും ശബ്ദവും രേഖപ്പെടുത്തി സന്ദര്‍ശകര്‍ക്കു പരിചയപ്പെടുത്തി കൊടുക്കാനാണ് ഇന്റര്‍പ്രട്ടേഷന്‍ കേന്ദ്രം. എന്നാല്‍ മിക്കപ്പോഴും സോളാര്‍ പവര്‍ കുറവായതിനാല്‍ എനര്‍ജിയില്ല, ശബ്ദത്തിന്റെ ട്രാക്ക് സിസ്റ്റം തകരാറിലാണ്, പവര്‍ കുറവാണ്, ചുമതലക്കാരന്‍ ലീവാണ് എന്നു തുടങ്ങിയ ന്യായങ്ങള്‍ പറഞ്ഞ് ഒഴിയുന്ന ഉദ്യോഗസ്ഥ പടയെ കണ്ടാല്‍ ആര്‍ക്കെങ്കിലും അവരെ വെടിവച്ചു കൊല്ലാന്‍ തോന്നിയെന്നിരിക്കട്ടേ, അതില്‍ കുറ്റംപറയാനാവില്ല. കാരണം, ധാരാളം കാശു ചെലവാക്കി സൈരന്ധ്രിയിലെത്തുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത് അസഹ്യമാണ്.

ഇത്തവണ യാത്രയില്‍ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ കാണാന്‍ കഴിയാതെ താഴെ മണ്‍റോഡിലൂടെ കുന്തിയുടെ കരയിലേക്കു നടന്നു. ഡ്രൈവര്‍ ഗൈഡ് തീരെ മനസില്ലാമനസോടെയാണ് അവിടേയ്ക്കു പോകാന്‍ തയാറായത്. ഇതിനു മുമ്പൊന്നും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല.

കുന്തിയുടെ കരയിലേക്കു ചെല്ലുന്നതു തന്നെ വെള്ളത്തിലൊന്ന് ഇറങ്ങി മുഖം കഴുകുകയോ, കുളിക്കുകയോ ചെയ്യാമല്ലോ എന്ന ആഗ്രഹത്തോടെയാണ്. കുന്തിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ കുളിര് അനുഭവിച്ചവര്‍ക്ക് ഒരിക്കലുമത് മറക്കാന്‍ കഴിയില്ല. നമ്മള്‍ നടന്നെത്തുന്നത് പുഴയെ അക്കരയിക്കരെ കൂട്ടിയിണക്കുന്ന ഒരു ഇരുമ്പു പാലത്തിലാണ്. ബ്രിട്ടിഷുകാരുടെ കാലത്ത് നര്‍മിച്ചതാണ് ഈ പാലമെന്നു പറയപ്പെടുന്നു.

കോണ്‍ക്രീറ്റ് തൂണില്‍ ഉരുക്കുവടത്തില്‍ തൂങ്ങിയാണ് പാലത്തിന്റെ നില്‍പ്. ഇതിന്നരികില്‍ തൂണിനോട് ചേര്‍ന്നു പാറകള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന വലിയ ഒരു മരം കാണാം. ‘ നീരാല്‍’ എന്നാണതിന്റെ വിളിപ്പേര്. പോടുമരം എന്നും പറയും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരിനം മരമാണ് അതെന്നു ഗൈഡ് പറഞ്ഞു. നിശബ്ദതാഴ് വരയില്‍ ആകെ നാലണ്ണമെ ഇപ്പോള്‍ അവശേഷിക്കുന്നുള്ളു. മരത്തിനകം മുഴുവന്‍ പോട്(ദ്വാരം) ആയിരിക്കുമത്രേ. അതാകട്ടേ ഉച്ചിവരെ ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

പാലത്തിലൂടെ അക്കരെ കടക്കാനോ വെള്ളത്തിലിറങ്ങാനോ ഗൈഡ് തീരെ സമ്മതിച്ചില്ല. സമീപകാലത്താണ് ഇത്രയും വിലക്ക് വന്നതെന്നു അയാള്‍ പറഞ്ഞു. മുതിര്‍ന്ന ഓഫിസറുടെ ഉത്തരവാണിതെന്നും അതിനാല്‍ ക്ഷമിക്കണമെന്നും അയാള്‍ പറഞ്ഞു. ഞാന്‍ മറിച്ചൊന്നും പറഞ്ഞില്ല. പ്രകൃതി സ്‌നേഹികളോ, സഞ്ചാരികളോ നേരെചൊവ്വേ (അല്ലാത്തവരെക്കുറിച്ച് ഒന്നും പറയാനില്ല) അക്കരെ കടന്ന് വെള്ളത്തിലൊന്നു സ്പര്‍ശിച്ചാല്‍ തകരുന്നതാണ് നിശബ്ദതാഴ് വരയുടെ തനിമയും പൈതൃകവും എന്നു ധരിച്ചു വശായ ആഫീസറെയും തല്‍പ്പര കക്ഷികളെയും കുറിച്ചോര്‍ത്ത് ലജ്ജിക്കാനേ എനിക്കു തോന്നിയുള്ളൂ.

ഞാന്‍ പാലത്തില്‍ കയറി നടുവില്‍ ചെന്നുനിന്നു. ഡ്രൈവര്‍ ഗൈഡിന് അത് ഇഷ്ടമായില്ലെന്നു അയാളുടെ മുഖം പറയുന്നുണ്ട്. സ്ഫടിക സമാന ജലത്തില്‍ നീന്തിക്കളിക്കുന്ന മത്സ്യങ്ങളോട് ഞാന്‍ കുറച്ചു നേരം കുശലം പറഞ്ഞു. അവര്‍ എന്നോട് കുന്തിയുടെ കഥയും. ഒഴുകി വരുന്നവഴിയിലെ ആരും അറിയാത്ത ആരോടും പറയാത്ത കഥ. പത്തുമിനിറ്റുനേരം ഞാന്‍ അവിടെ നിന്നു. ഗൈഡിന്റെ നിര്‍ബന്ധം ഏറിയപ്പോള്‍ വീണ്ടും കാണമെന്നു പറഞ്ഞ് ഞാന്‍ വിടചൊല്ലി.

തീരെ പ്രയാസമില്ലാത്ത വഴിയുലൂടെ നടന്ന ഞങ്ങള്‍ ഇരുപതു മിനിറ്റു കൊണ്ട് ജീപ്പ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തെത്തി. കരുതിയിരുന്ന ഭക്ഷണം കഴിച്ചു. കൂടെ ഉണ്ടായിരുന്നവരെല്ലാം ആഹാരം കരുതിയിരുന്നു. ആരെയും സമാധാനത്തോടെ കഴിക്കാന്‍ ഡ്രൈവര്‍ അനുവദിച്ചില്ല എന്നതാണ് സത്യം. അയാള്‍ക്ക് അഞ്ചു മണിക്കൂര്‍ കഴിഞ്ഞാല്‍ അധികസമയത്തിന് വെയ്റ്റിങ് ഫീസ് വേണമത്രെ. ഡിപ്പാര്‍ട്ടുമെന്റിന്റെ അനുവദനീയമായ സമയം യാത്ര തുടങ്ങിയതു മുതല്‍ അഞ്ചുമണിക്കൂര്‍ മാത്രമേയുള്ളൂവെന്ന് അയാള്‍ വ്യക്തമാക്കി. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്ക് രണ്ടു മണിക്കൂറും കാഴ്ച കാണാന്‍ മൂന്നു മണിക്കൂറും. അതു കഴിഞ്ഞാല്‍ അധിക തുക തന്നേതീരു എന്നാണ് അയാളുടെ ഡിമാന്‍ഡ്.

ഒരു കണക്കിന് അഞ്ചു മണിക്കൂര്‍ സമയം മതി. കാരണം, ഒരു സാധാരണ സന്ദര്‍ശകന് സൈരന്ധ്രിയില്‍ എന്താണ് കാണാനുള്ളത്? പ്രകൃതി സംരക്ഷണത്തിന്റെ പേരും പറഞ്ഞ് നടത്തുന്ന കുറെ പൊറാട്ടു നാടകങ്ങളും ജാടകളുമല്ലാതെ? പരിസ്ഥിതി പ്രവര്‍ത്തകന്‍, പ്രകൃതിസ്‌നേഹി എന്നീ വാക്കുകളെല്ലാം ആഭരണമായി കൊണ്ടുനടക്കുന്നവര്‍ക്കിടയില്‍ യഥാര്‍ത്ഥ വ്യക്തികളെ തിരിച്ചറിയാതെ വരുന്ന സങ്കടം ആരോട് പറയാന്‍!

മടക്കയാത്ര തുടങ്ങിയത് രണ്ടു മണിക്കാണ്. അലങ്കോലമായ വഴിയിലൂടെ പരമാവധി വേഗത്തിലും ശബ്ദത്തിലും വണ്ടിയോടിക്കുമ്പോള്‍ ഡ്രൈവര്‍ക്ക് നിശബ്ദ താഴ് വരയെ രക്ഷിക്കണമെന്നു തോന്നിയില്ല. അയാളുടെ ഇപ്പോഴത്തെ ലക്ഷ്യം ഞങ്ങളെ മുക്കാലിയില്‍ തിരിച്ചെത്തിക്കുക മാത്രമായിരുന്നു.

ഈ യാത്രയിലാണ് എന്നെ തീര്‍ത്തും അത്ഭുതപ്പെടുത്തിയ സംഭവമുണ്ടായത്. മടക്കയാത്ര തുടങ്ങി ഒന്നര കിലോമീറ്റര്‍ പിന്നിട്ടിരിക്കണം. അവിടെ നിന്നും നേര്‍ത്ത സംഗീതം.. ചീവീടുകളുടെ സംഗീതം ഉയര്‍ന്നു തുടങ്ങി. ക്രമേണ വഴി പിന്നിടുംതോറും അതൊരു പെരുമഴയായി. നിലയ്ക്കാത്ത പ്രവാഹമായി ഒഴുകിക്കൊണ്ടിരിക്കുന്നു. മഴക്കാല രാത്രികളില്‍ നാട്ടിന്‍പുറങ്ങളിലോ വയല്‍പ്രദേശങ്ങളിലോ പോലും കേള്‍ക്കാത്തത്ര രൂക്ഷശബ്ദത്തിലുള്ള സംഗീത ഗംഗാപ്രവാഹം..!

മഴക്കാടുകളുടെ പ്രദേശം കഴിയും വരെ പത്തുപതിനൊന്നു കിലോമീറ്റര്‍ ദൂരം ഈ സംഗീതം തുടര്‍ന്നുകൊണ്ടിരുന്നു എന്നത് അവിശ്വസനീയമായി തോന്നാം! എന്നാല്‍ തികച്ചും സത്യമായ സംഭവം. ഉച്ചയുടെ ഉച്ചാവസ്ഥയില്‍ ആ നാദം കാട്ടിലെങ്ങും പ്രകമ്പനം കൊള്ളുന്നുണ്ടായിരുന്നു. ഒറ്റയ്‌ക്കെങ്ങാനും അന്നേരം അവിടെ അകപ്പെട്ടാല്‍ ഭയംകൊണ്ട് ഹൃദയസ്തംഭനം ഉണ്ടാകുമെന്നു ഉറപ്പായിരുന്നു. കാട്ടിനകത്ത് എവിടെ നിന്നെങ്കിലും ലഭിച്ച ആപല്‍സന്ദേശം കൊണ്ടായിരിക്കണം അവയുടെ നിലയ്ക്കാത്ത ചിലയ്ക്കലിന് കാരണമെന്ന് ഞാനോര്‍ത്തു.

ഇവിടെ സ്വാഭാവികമായും നമുക്ക് ഒരു സംശയം ജനിക്കാം. ചീവിടുകള്‍ ഇല്ലാത്ത സ്ഥലമായതു കൊണ്ടാണല്ലോ നിശബ്ദ താഴ് വരയ്ക്ക് ആ പേരു വന്നത് എന്ന്. അത് ശരിയായിരിക്കാം. മുമ്പ്. ഇന്ന് കഥയും കാലവും മാറി. എല്ലായിടത്തും പുത്തന്‍കൂറ്റുകാരുടെ കടന്നുകയറ്റമാണല്ലോ.. സൈലന്റ് വാലിയിലും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. സംശയ നിവാരണത്തിന് ഒന്നേ വഴിയുള്ളൂ. വരൂ, ഒരിക്കല്‍ ഈ താഴ് വരയെ അടുത്തറിയൂ.. നിങ്ങള്‍ക്കും കേള്‍ക്കാം ചീവിടുകളുടെ ശബ്ദകോലാഹലം.

മുക്കാല്‍ മണിക്കൂറിന് ശേഷം 2.45ന് മുക്കാലിയില്‍ ഞങ്ങള്‍ തിരിച്ചെത്തി. ഒരു യാത്രയുടെ പര്യവസാനം…

Generated from archived content: yathra16.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here