അത് പാമ്പല്ല; മണ്ണിരയാണ്

യാത്രയ്ക്കിടയില്‍ വഴിയരികിലെ ഒരു ‘ബിക്കണ്ണന്‍’ പ്ലാവ് കണ്ട് ഡ്രൈവര്‍ ഗൈഡ് വണ്ടി നിര്‍ത്തി . ആ പ്ലാവിന് 250 കൊല്ലത്തെ പഴക്കമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും അതൊരു മരമുത്തച്ഛനാണ് എന്നത് നേരായിരുന്നു. അതിന്റെ ഇലകളെല്ലാം വളരെ ചെറുതായി തീര്‍ന്നിരിക്കുന്നു. വയസായാല്‍ ചെറുപ്പം പോലെ എന്നു പറയുമല്ലോ. പത്തടി മുകളിലായി ഏതാനും ഇടിച്ചക്കകള്‍ കായ്ച്ചു നില്‍ക്കുന്നുണ്ട്. മരത്തിന്റെ കടഭാഗം മുതല്‍ക്കു മാത്രമേ കാണാന്‍ കഴിയൂ.. വേരുകളൊന്നും പുറത്ത് ഇല്ല എന്നത് ആയുസിന്റെ ഒരു നല്ല ലക്ഷണമായി എനിക്കു തോന്നി. ഒരാള്‍പ്പൊക്കത്തില്‍ തടിക്ക് ചുരുങ്ങിയത് മൂന്നു മീറ്റര്‍ വണ്ണമെങ്കിലും ഉണ്ടാകുമെന്നു ഞാന്‍ ഊഹിച്ചു.

കാട്ടുപ്ലാവിന് ചുറ്റും നവവധൂവരന്മാര്‍ രണ്ടു മൂന്നു പ്രാവിശ്യം പട്ടം ചുറ്റുന്നതു കണ്ടു. കാമുക ഹൃദയം തുടിക്കുന്നതിനായി ആ മുഖങ്ങള്‍ പറയുന്നുണ്ട്. സൈലന്റ് വാലി എന്നു വച്ചാല്‍ ഏതോ ഒരു സുഖവാസസ്ഥലമായിരിക്കുംഎന്നും ഏകദിന സന്ദര്‍ശനത്തിലൂടെ അല്‍പം രസിക്കാമെന്നുമായിരുന്നു അവരുടെ വിചാരം എന്നു ചേഷ്ടകളില്‍ നിന്നു എനിക്കു മനസിലാക്കാന്‍ സാധിച്ചു.

കാട്ടുപ്ലാവ് കണ്ട് യാത്ര തുടങ്ങിയിട്ട് പത്തുമിനിറ്റ് തികയുന്നതിനു മുന്‍പ് വളരെ നിശബ്ദം ഡ്രൈവര്‍ വഴിയോരം ചേര്‍ത്തു ജീപ്പ് നിര്‍ത്തി. ഞങ്ങളോട് വലതു വശത്തേയ്ക്കു കൈവിരല്‍ ചൂണ്ടി നോക്കാന്‍ പറഞ്ഞു. സൈലന്റ് വാലി യാത്രികര്‍ കാണാന്‍ കൊതിക്കുന്ന കാഴ്ചയായിരുന്നു അത്. സിംഹവാലന്‍ കുരങ്ങ്! ചിലപ്പോള്‍ കാഴ്ച ബംഗ്ലാവുകളില്‍ മൂപ്പിലാനെ കണ്ടിട്ടുണ്ടാകുമെങ്കിലും തനത് ആവാസ വ്യവസ്ഥയില്‍ കാണുക എന്നത് കൗതുകകരമാണല്ലോ..?

നിശബ്ദ താഴ് വര നില നിന്നത് സിംഹവാലന്‍ എന്ന വി ഐപിയുടെ ആവാസ ഭൂമിയായതു കൊണ്ടാണെന്നു അറിയാത്തവരുണ്ടാകില്ല. മരകൊമ്പുകളില്‍ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുകയായിരുന്നു അവര്‍. ഇരുപതിലധികം പേര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. പതിനെട്ടെണ്ണത്തിനെ വരെ എന്റെ മക്കള്‍ എണ്ണുന്നത് ഞാന്‍ ശ്രദ്ധിച്ചു. എണ്ണം തെറ്റുമ്പോള്‍ ശ്ശോ… .ശ്ശോ.. എന്നവര്‍ പറയുന്നതും കേട്ടു… ഒരു പോത്തന്‍ ചങ്ങാതിയാണ് അവരുടെ നായകന്‍. മനുഷ്യരെ കണ്ടാല്‍ ഓടി ഒരിടത്ത് ഒളിക്കുന്ന സ്വഭാവക്കാരാണിവര്‍. എന്നാല്‍ ഈ സന്ദര്‍ശക ഭൂമിയില്‍ മനുഷ്യനേക്കാള്‍ വലിയ വില സിംഹവാലന്‍മാര്‍ക്കായതിനാല്‍ അവര്‍ക്ക് ഒരു ഭയവുമില്ലായിരുന്നു. അവര്‍ ഇന്നു നമ്മെ ഭയപ്പെടുത്തുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

സിംഹത്തിന്റേതിനു സമാനമായ കഷ്ടിച്ച് അരമീറ്റര്‍ നീളമുള്ള സമൃദ്ധമായ രോമങ്ങളോടുകൂടിയതാണ് ഇവരുടെ വാല്. കറുപ്പഴകാര്‍ന്ന സുന്ദരികളും സുന്ദരന്മാരുമായ ഇവരുടെ മുഖവും ഏറെക്കുറെ സിംഹസമാനമായ ശൗര്യഭാവത്തോടു കൂടിയതു തന്നെ. മിക്കവാറും കൂട്ടമായി കാണുന്ന ഇവരുടെ സംഘത്തില്‍ നാല്‍പ്പതോളം അംഗങ്ങളുണ്ടാകുമത്രേ… കൂട്ടം തെറ്റിയ ഒറ്റയാനെ പോലുള്ളവരും കുറവല്ല.

സിംഹവാലന്മാരുടെ ആഹാരം പൂര്‍ണമായും വെടിപ്ലാവ് എന്ന വൃക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. കുല്ലിനിയ എക്‌സാറിലേറ്റ ( cullenia exarillata) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ മരം നിശബ്ദ താഴ് വരയില്‍ ധാരാളമുണ്ട്. വെടിപ്ലാവ് ഇല്ലാതായാല്‍ സിംഹവാലന്റെ ജീവിതമസാധ്യം. ഈ രണ്ടു ചേരുവകള്‍ തമ്മില്‍ പരസ്പരം സംയോജിച്ചതു കൊണ്ടാണ് സൈലന്റ് വാലിയെ കൊല്ലാതെ നിലനിര്‍ത്താന്‍ സഹായകരമായ ഘടകങ്ങളില്‍ ഒന്ന്.

കടലാവണക്ക് പോലുള്ള ഒരുതരം കായയാണ് വെടിപ്ലാവിലുണ്ടാകുന്നത്. ഏകദേശം ഏഴുമുതല്‍ എട്ടു മാസക്കാലം വരെ ഈ ചക്ക തിന്നും ബാക്കി മൂന്നു നാലു മാസക്കാലം പ്ലാവിലെ പൂവും തളിരും തിന്നുമാണ് സിംഹവാലന്റെ ജീവിതം. പൂര്‍ണമായും സസ്യഭുക്കായ സിംഹവാലന്‍ തിന്നുന്നതെന്തും നമുക്കും തിന്നാന്‍ യോജിച്ചതാണ് എന്നു ഡ്രൈവര്‍ ഗൈഡ് പറഞ്ഞു.

ഞങ്ങളെ കണ്ടിട്ടും നിര്‍ഭയരായി അഞ്ചു മിനിറ്റു നേരം ലയണ്‍ ടൈല്‍ മക്കാക്കേകള്‍ ചാടിക്കളിച്ചുകൊണ്ടിരിക്കുന്നു. ക്രമേണ അവ ഉള്‍ക്കാടുകളിലേക്കു പിന്‍വാങ്ങി. ഞങ്ങള്‍ മുന്നോട്ടും.

യാത്രക്കിടെ കരിമന്തികളേയും ചിലയിടങ്ങളില്‍ കണ്ടു. കരിമന്തി എന്ന പേരു കേട്ടു കറുത്ത തടിച്ചികളായ സ്ത്രീകളാണെന്നു കരുതേണ്ട. കരിങ്കുരങ്ങുകളെയാണ് കരിമന്തികളാണെന്നു വിളിക്കുന്നത്. ഇവര്‍ പൊതുവേ ലജ്ജാശീലരും ഭയശീലരുമാണ്. ഉള്‍ക്കാടുകളില്‍ സൈ്വര്യജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന ഇക്കൂട്ടരെ അപൂര്‍വമായേ കാണുകയുള്ളൂ.. പഴങ്ങള്‍ മാത്രമല്ല ചെറിയയിനം പ്രാണികള്‍, പുഴുക്കള്‍ തുടങ്ങിയവയെയും കരിങ്കുരങ്ങുകള്‍ കഴിക്കുമെന്നതിനാല്‍ പൂര്‍ണമായും ഇവ സസ്യഭുക്കുകള്‍ അല്ല.

എണ്ണൂറ് മീറ്റര്‍ മുതല്‍ ആയിരം മീറ്റര്‍ വരെ ഉയരമുള്ള കാടുകളില്‍ കരിങ്കുരങ്ങുകളെ കാണാന്‍ കഴിയുമത്രേ. ഏതായാലും സൈലന്റ് വാലിയുടെ ബഫര്‍സോണ്‍ മുതല്‍ കോര്‍ സോണ്‍ വരെയുള്ള പ്രദേശങ്ങളില്‍ കേരളത്തില്‍ കണ്ടുവരുന്ന എല്ലായിനം കുരങ്ങുകളെയും കാണാന്‍ കഴിയുമെന്നു ഗൈഡ് പറഞ്ഞു.

ഞങ്ങളുടെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കെ ജീപ്പ് റോഡില്‍ ഓരം പറ്റി ഒരു കറുത്ത പാമ്പ് കിടക്കുന്നതു കണ്ടു ഡ്രൈവര്‍ പണി നിര്‍ത്തി. ഞങ്ങള്‍ യാത്രക്കാര്‍ ജീപ്പില്‍ അമര്‍ന്നിരിക്കുന്നതു കണ്ട് ഡ്രൈവര്‍ താഴെയിറങ്ങാന്‍ പറഞ്ഞു. ഞങ്ങളതുപ്രകാരം ചെയ്തു. അയാള്‍ അതിനെ ഒരു കമ്പിലെടുത്തു തൂക്കിക്കൊണ്ടു പറഞ്ഞു. അതൊരു കറുത്ത മണ്ണിരയാണെന്ന്. ഞങ്ങള്‍ അത്ഭുതപ്പെട്ടത് അപ്പോഴായിരുന്നു. ഏകദേശം മുക്കാല്‍ മീറ്റര്‍ നീളമുണ്ടായിരുന്നു ഒരു മണ്ണിരയ്ക്ക്. മൂന്നിഞ്ചു വണ്ണമുണ്ട്. പരിചയമില്ലാത്തവര്‍ അതിനെ പാമ്പെന്നു വിളിച്ചാല്‍ അതൊരു തെറ്റാവില്ല. ഞങ്ങളെല്ലാവരും ഇത്തരമൊരു മണ്ണിരയെ ആദ്യമായി കാണുകയാണ്. കൗതുക കാഴ്ചയ്ക്കു ശേഷം അയാളതിനെ കമ്പോടുകൂടി സ്‌പോഞ്ചു പരുവത്തിലുള്ള ചപ്പില കൂട്ടത്തിലേക്കിട്ട് യാത്ര തുടര്‍ന്നു.

വഴിയോരത്ത് നില്‍ക്കുന്ന ഏതാനും ചുരുളിമരത്തേയും പുന്നമരത്തേയും അദ്ദേഹം ഞങ്ങള്‍ക്കു പരിചയപ്പെടുത്തുകയുണ്ടായി. ‘മിസോഫേറിയ’ കുടുംബത്തില്‍പ്പെട്ട ചുരുളിമരത്തെ ഇരുമ്പുമരം എന്നാണേ്രത ഇവിടെ പറയുന്നത്. കാലമേറെ കഴിഞ്ഞാലും ഒരുവിധ ദ്രവീകരണവുമില്ലാതെ നിലനില്‍ക്കാന്‍ കഴിയുന്നവയാണ് ചുരുളി മരങ്ങള്‍. അടുത്ത കാലം വരെ റയില്‍വേ സ്ലീപ്പര്‍ കോച്ചുകള്‍ ഉണ്ടാക്കാന്‍ ഇവയാണ് ഉപയോഗിച്ചിരുന്നത്.

പുന്നമരത്തിന്റെ പുറം ചെതുമ്പലുകളോട് കൂടിയതാണ്. കാണാന്‍ അഴകുണ്ട്. എന്നു പറയുക വയ്യ. ശരാശരി വണ്ണത്തിനപ്പുറം ഇവയ്ക്കു തടിവയ്ക്കില്ല. നൂറു ഇഞ്ചു മുതല്‍ നൂറ്റി ഇരുപത്തിയഞ്ചു ഇഞ്ചു വരെയാണ് ഇവയ്ക്ക് സാധാരണ വണ്ണം വയ്ക്കാറ്. നെടുനീളത്തില്‍ ഭയരഹിതരായി ആകാശം മുട്ടുവാനെന്ന മട്ടില്‍ പോയിരിക്കുകയാണിവര്‍ . ഈ ഉയരക്കൂടുതലും വളവില്ലായ്മയും ആയിരിക്കണം പുന്നയെ കപ്പലിന്റെ കൊടിമര നിര്‍മാണത്തിന് ഉപയോഗപ്പെടുത്താന്‍ കാരണം.

യാത്രയ്ക്കിടയില്‍ വഴിയരികില്‍ ഒന്നു രണ്ടിടത്ത് ചെറിയ അരുവികള്‍ കണ്ടു. അവയിലെ വെള്ളത്തിന് നല്ല കുളിര്‍മയുണ്ടായിരുന്നു. കനത്ത വേനലിന്റെ പാരമ്യത്തിലും വെള്ളം ഒഴുകുന്നതു കാണാന്‍ കഴിയുന്നതു തന്നെ ഒരു നല്ല ലക്ഷണമായിട്ടെനിക്കു തോന്നി.

സൈരന്ധ്രിയില്‍ എത്തുമ്പോള്‍ സമയം പതിനൊന്നേകാല്‍ കഴിഞ്ഞിരുന്നു.യ ഇവിടെ യാത്രികരെ കാത്തിരിക്കുന്നത് ഒരു വലിയ വാച്ച് ടവറാണ്. ബാല്യ കൗമാര യൗവന ദശകളിലുള്ളവര്‍ക്കും ആത്മധൈര്യം കൈമുതലായുള്ളവര്‍ക്കും വാച്ച് ടവറില്‍ കയറാം. നൂറുമീറ്ററിലധികം ഉയരും വരുന്ന ടവര്‍ 1985 ഒക്‌റ്റോബറില്‍ ശ്രീ. രാജീവ് ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തിട്ടുള്ളത്. ഇവിടത്തെ ഈ ടവറിനോളം ഉയരമുള്ള മറ്റൊരു ടവര്‍ കേരള വനപ്രദേശങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല.

Generated from archived content: yathra15.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here