ഏറെക്കുറെയുള്ള ഡ്രൈവര്‍മാരെ പലതവണ വന്ന് പരിചയമുള്ള എനിക്ക് ഇന്നത്തെ കക്ഷിയെ തീരെ കണ്ടറിവില്ലായിരുന്നു. യാത്ര തുടങ്ങി രണ്ടു മിനിറ്റായപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ പേര് ആരാഞ്ഞു. വലിയ കൗതുമൊന്നുമില്ലാതെ അസ്പഷ്ടമായി അയാള്‍ എന്തോ പറഞ്ഞു. കൂടുതലായി അക്കാര്യം ഞാന്‍ ചോദിക്കുകയും ചെയ്തില്ല. ഒരു യാത്രികന്റെ ജിജ്ഞാസയോടെ ഞാന്‍ ഡ്രൈവറെ നോക്കി ചിരിച്ചു. അജ്ഞത നടിച്ചു. ഇയാളുടെ കാരുണ്യമില്ലാതെ ഇനിയൊന്നും ആസ്വദിക്കാനാവില്ലെന്നു എനിക്കുറപ്പുണ്ടായിരുന്നു.
മുക്കാലിയില്‍ നിന്നും സൈരന്ധ്രിയിലേക്ക് പോകുന്ന റോഡിന് സമാനമായി ഈ ഭൂമി മലയാളത്തില്‍ മറ്റൊരു റോഡ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. മെറ്റല്‍ ഇളകി പുതിയ റോഡ് നിര്‍മാണത്തിന് നിരത്തിയ പോലെയാണ് കിടപ്പ്. അവിടവിടെയായി ഭൂതകാലത്തിലെന്നോ ടാര്‍ ചെയ്തിരുന്നതിന്റെ തെളിവ് ശേഷിപ്പിച്ചു കൊണ്ടുള്ള ഇടങ്ങളും കാണുന്നുണ്ട്.
മുക്കാലി മുതല്‍ ഒമ്പതു കിലോമീറ്റര്‍ വരെ റോഡിനിരുവശവും കാപ്പി, കുരുമുളക് തോട്ടങ്ങളാണ്. അവിടവിടെയായി പേരിനായി ഏലവുമുണ്ട്. സൈരന്ധ്രിയിലേക്ക് പോകുമ്പോള്‍ റോഡിനിരുവശത്താണ് തോട്ടങ്ങളില്‍ ഏറെയും. കുരുമുളക് കൊടിക്ക് പടര്‍ന്നു കയറാന്‍ പാകത്തില്‍ മരങ്ങള്‍ നൈസര്‍ഗികമായി ഉണ്ടായതു പോലെയാണ് തോട്ടങ്ങളില്‍ നില്‍കുന്നത്. അട്ടപ്പാടി ട്രൈബല്‍ കോ ഓപ്പറേറീവ് സൊസൈറ്റിയാണ് തോട്ടങ്ങളുടെ നടത്തിപ്പുകാര്‍. ഇതിനു കീഴില്‍ എത്ര ഏക്കര്‍ സ്ഥലമുണ്ടെന്നോ എത്ര വര്‍ഷത്തിനാണ് തോട്ടം പാട്ടത്തിനെടുത്തിരിക്കുന്നതെന്നോ എന്നാണ് ഇതു തുടങ്ങിയതെന്നോ മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം ഡ്രൈവര്‍ക്കില്ലായിരുന്നു. അയാള്‍ക്കറിയേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ?
യാത്ര തുടങ്ങി ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ റോഡിനരികില്‍ ചെറിയൊരു തിരിവിലും കയറ്റത്തിലുമായി ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ഞങ്ങളോടെല്ലാവരോടും ഉറങ്ങാന്‍ പറഞ്ഞു. താഴെ ഇരുന്നൂറ് മീറ്റര്‍ അടിയിലേക്ക് കൈ ചൂണ്ടി അയാള്‍ ഒരു ആദിവാസി കോളനി കാണിച്ചു തന്നു. ഇതിനപ്പുറം ഈ വഴിയില്‍ ഇനി കോളനികളൊന്നുമില്ലെന്ന് പറഞ്ഞു. താഴെ കണ്ട കോളനിയുടെ പേര് കരിവര ഊര് എന്നാണ്.
ഊരുകള്‍ക്കു വേണ്ടി ദൂരെ നിന്നു വൈദ്യുതി എത്തിച്ചിട്ടുണ്ട്. ഏകദേശം മുപ്പത് വീടുകള്‍ മാത്രമേ അവിടെയുള്ളൂ. അവയെല്ലാം കോണ്‍ക്രീറ്റ് വീടുകളാണ്. പരിസ്ഥിതി പ്രേമവും പരിസ്ഥിതി അനുകൂല ഭവനങ്ങളും ഉണ്ടാകണമെന്ന് പറയുന്നവര്‍ കാടിനകത്ത് കോണ്‍ക്രീറ്റ് ഭവനങ്ങള്‍ അനുവദിച്ചു കൊടുത്തതിലെ വൈരുദ്ധ്യം നമ്മെ അലോസരപ്പെടുത്താതിരിക്കില്ല. ഇപ്പോള്‍ കാടിനടുത്തും നാട്ടിലുമെല്ലാം സര്‍ക്കാര്‍ അനുവദിക്കുന്ന പുതിയ വീടുകള്‍ ഇത്തരത്തില്‍പ്പെട്ടവ തന്നെ. ഇതുകൊണ്ട് തോടുകളിലേക്കും നദികളിലേക്കും മണല്‍ മുടിഞ്ഞു എന്നതു തന്നെ മിച്ചം. വയലുകളും സമാനസ്ഥലങ്ങളും ഖനനം ചെയ്തു മണലരിപ്പ് നടത്തി പാരിസ്ഥിതിക ആഘാതം ക്ഷണിച്ചുവരുത്തിയതിനും ഉത്തരവാദി ആരാണ്. വൈരുദ്ധ്യാത്മക നയങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് നാശത്തിന് ചൂട്ട് പിടിക്കുന്നത് മാറിമാറി വരുന്ന ‘വികസന സര്‍ക്കാരുകള്‍’. പഴിയോ? പാപം പൊതുജനത്തിന്. മണല്‍ മാഫിയകളെ വളര്‍ത്തുന്ന, നിയമനം കിട്ടി രണ്ടു മുന്നു വര്‍ഷത്തിനകം കൊട്ടാരങ്ങള്‍ നിര്‍മിക്കുന്ന. പൊലീസ് ഏമാന്മാരെ സൃഷ്ടിക്കുന്ന ഭരണകൂടങ്ങളേ…. നിങ്ങളെയെല്ലാവരും നരകത്തിലെ വറചട്ടിയില്‍ പൊരിയാന്‍ ഭാഗ്യമുള്ളവരാകട്ടെ എന്നെല്ലാം അല്‍പനേരം കൊണ്ടു ഞാനോര്‍ത്തു പോയി. ഇതിനിടയില്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ ഊരിലെ ആദിവാസിയായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തൃശൂര്‍ ദമ്പതികള്‍ പറഞ്ഞത് ഞങ്ങളില്‍ കൂട്ടച്ചിരി പടര്‍ത്തി. തുടര്‍ന്ന് ഏറെ വൈകാതെ ഞങ്ങള്‍ യാത്രയാരംഭിച്ചു.
കരിവര, പെട്ടിക്കല്‍, ചെമ്മണ്ണൂര്‍, കടുകുമണ്ണ, ഗലിസി, തുടുക്കി, എന്നുതുടങ്ങിയ 234 ഊരുകള്‍ ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള അട്ടപ്പാടി ഗിരിവര്‍ഗ മേഖലയിലുണ്ട്. അതു കൊണ്ടാണ് ഗിരിവര്‍ഗ ജില്ലയായി അട്ടപ്പാടിയെ അടര്‍ത്തി എടുത്ത് പുതിയ ഒരു ജില്ല വേണമെന്ന് ഇടയ്ക്കിടെ അട്ടപ്പാടി സംസ്‌കാരമുള്ളത് ആക്രോശിക്കുന്നത്. ചുരുങ്ങിയത് ഒരു താലൂക്ക് ആയിട്ടെങ്കിലും പ്രഖ്യാപനം നടത്തണമെന്നാണ് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം.
കരിവര ഊരുകാര്‍ ഒരു കാര്യത്തില്‍ നിര്‍ഭാഗ്യവാന്മാരാണ്. ആദിവാസികള്‍ കൈലാസമായി കണക്കാക്കുന്ന മല്ലീശ്വരന്‍മുടി അവര്‍ക്ക് ഊരില്‍ നിന്നു കാണുകയില്ല. ഈ മലമുടിയെ മറച്ചുകൊണ്ട് രണ്ടു വന്‍മലകളാണ് നിലകൊള്ളുന്നത്. ആദിവാസികള്‍ക്കിടയിലെ ശിവരാത്രിക്ക് പ്രസിദ്ധമാണ് മല്ലീശ്വരന്‍ മുടിയും മലയടിവാരത്തിലെ ഭവാനപ്പുഴക്കരികില്‍ സ്ഥിതിചെയ്യുന്ന ചെമ്മണ്ണൂര്‍ ശിവക്ഷേത്രവും.
സൈലന്റ് വാലി വനപ്രദേശത്തെ നാലു മേഖലകളായി തിരിച്ചിട്ടുണ്ട്. സൈരന്ധ്രി, വാളക്കാട്, പൂച്ചിപ്പാറ, നീലിക്കല്ല്, എന്നിവയാണിവ. ഈ ഓരോ പേരിനും പാണ്ഡവരുടെ വനവാസകാലവുമായി ബന്ധമുണ്ട്. പാണ്ഡവര്‍ വാളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചുവച്ച പ്രദേശമായതിന് വാളക്കാട് എന്നു പേര്. അവര്‍ കോവില്‍ കെട്ടി പൂജിച്ചിരുന്ന പാറയ്ക്കു കോവില്‍പാറ എന്നു പേരുവന്നു. സൈരന്ധ്രി(പാഞ്ചാലി)യും മറ്റും വിശ്രമിച്ചിരുന്ന സ്ഥലത്തിന് പിന്‍കാലത്ത് സൈരന്ധ്രി എന്ന പേര് ലഭിച്ചു. ഇവര്‍ പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലം പാത്രക്കടവ് എന്നറിയപ്പെട്ടുമെന്നാണ് കഥ.
പാത്രക്കടവില്‍ സന്ദര്‍ശനം നടത്തുന്നയാള്‍ക്ക് കുന്തിപ്പുഴയിലെ വെള്ളം ഹുങ്കാരത്തോടെ പതിക്കുന്ന പാറകളില്‍ നിന്നു ചെമ്പുപാത്രത്തില്‍ കൊട്ടും പോലെയുള്ള ശബ്ദം കേള്‍ക്കാനാകും എന്ന് പറയാറുണ്ട്. ഇതില്‍ വല്ല സത്യവുമുണ്ടോ എന്നറിയില്ലെങ്കിലും അവിടം സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് ജലപാതത്തിന്റെ മുഴക്കത്തില്‍ ഒരു വ്യത്യസ്തയനുഭവപ്പെട്ടിട്ടുണ്ട്.
മുക്കാലിയില്‍ നിന്നു ഒമ്പതു കിലോമീറ്റര്‍ കഴിഞ്ഞാല്‍ പിന്നീട് രണ്ടു കിലോമീറ്റര്‍ ദുരം തേക്കു തോട്ടങ്ങളാണ്. പക്ഷെ ഇവ ശാസ്ത്രീയമായി നട്ടുപിടിപ്പിച്ചതുപോലെ തോന്നുകയില്ല. (പറമ്പിക്കുളം വനമേഖല സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് കാടിനകത്തെ തേക്കു പ്ലാന്റേഷന്‍ എങ്ങനെയിരിക്കുമെന്നറിയാം. അതിന്റെ സൗന്ദര്യം ഒന്നു വേറെതന്നെയാണ്. തേക്കുതോട്ടങ്ങള്‍ കാടല്ലെങ്കിലും) ഇതിനുമപ്പുറമാണ് യഥാര്‍ഥ മഴക്കാടുകളുടെ ഇടം. അമ്പതു ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് നൈസര്‍ഗികമായി പുഷ്ടിപ്രാപിച്ചുവന്ന, നട്ടുച്ചയ്ക്കും വെളിച്ചം കടന്നു ചെല്ലാന്‍ പ്രയാസപ്പെടുന്ന, നാളിതുവരെയായിട്ടും പൂര്‍ണമായ സസ്യജൈവ വൈവിധ്യത്തിന്റെ സമ്പന്നമായ കലവറയുടെ കണക്ക് തിട്ടപ്പെടുത്താന്‍ കഴിയാത്ത, ഭൂമുഖത്തെ അപൂര്‍വമായ മഴക്കാടുകളുടെ അവശേഷിക്കുന്ന അനവദ്യസുന്ദര വനം- സൈലന്റ് വാലി. ഒരു പ്രകൃതി സ്‌നേഹിക്കും അകത്തേയ്ക്കു പ്രവേശനമില്ലാത്ത സ്ഥലം.
മഴക്കാടുകളില്‍ കാര്യമായ ഹാര്‍ഡ് വുഡ് ഇനത്തില്‍പ്പെട്ട വൃക്ഷജാലങ്ങള്‍ ഉണ്ടാകില്ല എന്ന് ഗൈഡ് പറഞ്ഞു. ഇവിടെ നാം കാണുന്ന മരങ്ങളുടെ വണ്ണം മറ്റുവനങ്ങളില്‍ നിന്നു വ്യത്യസ്തമായ തരത്തില്‍ വലുതൊന്നുമല്ല. ഉത്സവപ്പറമ്പിലെ വെടിക്കെട്ടില്‍ അമിട്ട് ആകാശത്തേയ്ക്കു ഉയര്‍ന്നു പൊങ്ങുന്ന തരത്തില്‍ കാര്യമായ ചരിവൊന്നുമില്ലാത്ത മരങ്ങള്‍ ഉയര്‍ന്നു പോകുകയാണ്. അവ ആകാശത്താഴ് വരയിലെ അത്ഭുതങ്ങളെ നോക്കിക്കാണുകയാണ്. 150 അടിമുതല്‍ 250 അടിവരെ ഉയര്‍ന്നു നില്‍ക്കുന്ന മാനംനോക്കികളായ മരങ്ങള്‍ മുതല്‍ അവയ്ക്കു താഴെ പല തട്ടിലായി വളരുന്ന നാലഞ്ചു തലമുറകളെ വരെ കാണുവാന്‍ കഴിയും. അച്ഛന്‍ മരിച്ചു കട്ടിലൊഴിയാനും താക്കോല്‍ കൈക്കലാക്കാനും കാത്തിരിക്കുന്നവരാണെല്ലാവരും.(വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ചെറുമരങ്ങള്‍ തലപൊക്കുമല്ലോ).
Generated from archived content: yathra14.html Author: m.e.sethumadhavan