നിശബ്ദ താഴ് വരയിലേക്ക്

കുന്തിപ്പുഴ, ഭവാനിപ്പുഴ എന്നീ രണ്ടു സുപ്രസിദ്ധ നദികളുടെ താഴ് വരകളാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മര്‍മഭാഗം. കേരളത്തിലെ നദികളില്‍ കിഴക്കോട്ട് ഒഴുകുന്ന മൂന്നെണ്ണത്തില്‍ ഒന്നായ ഭവാനി നീലഗിരി മലനിരയുടെ തെക്കു പടിഞ്ഞാറെ കോണില്‍ നിന്നു തുടങ്ങി ഇടുങ്ങിയ ഒരു താഴ് വാരത്തിലൂടെ തെക്കോട്ട് ഒഴുകി അട്ടപ്പാടിയുടെ പടിഞ്ഞാറെ അതിരില്‍ മുക്കാലിക്ക് അടുത്തുവച്ച് വടക്കു കിഴക്കോട്ട് ഒഴുകുന്നു. മുക്കാലിയിലെത്തിയ ശേഷം ഭവാനിയുടെ ഗതിമാറ്റം നമ്മെ വിസ്മയിപ്പിക്കും. ഒഴുകിവരുന്ന ഭവാനി എല്‍ (L)രൂപത്തില്‍ തിരിഞ്ഞാണ് ഇവിടെ നിന്നു യാത്ര തുടരുന്നത്. ഇതിനുപകരം 150 മീറ്റര്‍ കൂടി നെടുകെ ഒഴുകിയിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. ഭവാനിയും പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലില്‍ പതിച്ചേനെ. കാവേരി നദി ശുഷ്‌കമായേനെ. (കാവേരിയുടെ പ്രധാന പോഷക നദിയാണ് ഭവാനി).

കുന്തിപ്പുഴയുടെ ഉത്ഭവം സൈലന്റ് വാലിയുടെ കോയില്‍പ്പുഴ( കോവില്‍ പുഴ) പ്രദേശത്തുനിന്നുമാണ്. കേരള അതിര്‍ത്തിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകി തൂതപ്പുഴയില്‍ ലയിക്കുന്ന കുന്തിയുടെ താഴ് വാരമാണ് സൈലന്റ് വാലിയുടെ പടിഞ്ഞാറു ഭാഗം. സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരം മീറ്റര്‍ ഉയരത്തില്‍ 22 കിലോമീറ്റര്‍ അധികം നീളത്തില്‍ ഒട്ടും ചരിവുകളില്ലാതെ ഉപപീഠഭൂമി പ്രദേശമെത്രേ കുന്തിയുടെ താഴ് വാരം. യഥാര്‍ഥത്തില്‍ സൈലന്റ് വാലിയുടെ താഴ് വരകളെ നിലനിര്‍ത്തിയതും പ്രസിദ്ധമാക്കിയതും കുന്തിയുടെ താഴ് വാരങ്ങളാണ്. അറുപത് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വനാവൃതമായ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പ്രത്യേകതകളാണ് സൈലന്റ് വാലി കാടുകളുടെ പ്രത്യേക ജൈവ സമ്പന്നതയ്ക്കു കാരണം.

കുന്തിപ്പുഴയുടെ വിവിധ ഭാഗങ്ങള്‍ അതി സുന്ദരമാണ്. ചില ഇടങ്ങളില്‍ ഹുങ്കാര ശബ്ദത്തോടെ താഴെക്കു പതിച്ചും ചിലയിടത്ത് നാണം കുണുങ്ങിയും ഒഴുകുന്ന പുഴ സൈരന്ധ്രിക്കു താഴെ ഇടിമുഴക്കത്തോടെ വെള്ളച്ചാട്ടമായി മാറുന്നു. തുടര്‍ന്ന് പൂഞ്ചോല എന്ന സ്ഥലത്തെത്തുമ്പോള്‍ നിശ്ചലമായ ഒരു തടാകമായി മാറി പിന്നീട് വികൃതിയായി ശാന്തയായി ഒഴുകി തൂതപ്പുഴയില്‍ ലയിച്ചു ഭാരതപ്പുഴയില്‍ ചേരുന്നു. സൈലന്റ് വാലി താഴ് വരകളെ പൂര്‍ണമാക്കുന്നത് മനോഹരമാക്കി തീര്‍ക്കുന്നത് കുന്തിയുടെ സൗന്ദര്യവും കുന്തിയെ സുന്ദരിയാക്കുന്നത് മഴക്കാടുകളുടെ തലോടലുമാണ്. വേര്‍പിരിയാത്ത ആ ബന്ധം നിലനില്‍ക്കാന്‍ നമുക്കും ഒരു കൈ സഹായിക്കാം…

സൈലന്റ് വാലി ഇന്ന് മണ്ണാര്‍ക്കാട് വനം ഡിവിഷനില്‍പ്പെട്ട പ്രദേശമാണ്. 89.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം 1984ലാണ് നിലവില്‍ വന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനമാണ് അത്യാപൂര്‍വമായ ഈ മഴക്കാടുകളെയും ജൈവസമ്പന്നതയെയും രക്ഷിച്ചത് എന്നു പറയാതെ വയ്യ. 89.52 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ ഇന്നു കോര്‍സോണ്‍ അഥവാ കരുതല്‍ പ്രദേശം എന്നാണ് അറിയപ്പെടുന്നത്. ഈ പ്രദേശത്തിന്റെ അവാസ വ്യവസ്ഥയ്ക്കു പൂര്‍ണ സംരക്ഷണം ലഭിക്കുമെന്ന ഉദ്ദേശ്യത്തോടുകൂടി 2007ല്‍ 148 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം കൂടി ഉള്‍പ്പെടുത്തി ബഫര്‍ സോണ്‍ അഥവാ പരിരക്ഷണ കവചം സൃഷ്ടിക്കുകയുണ്ടായി.

സൈലന്റ് വാലിക്ക് ബഫര്‍ സോണ്‍ അടക്കം ഇന്ന് 237. 52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പരിരക്ഷണ കവചം നിലവില്‍ വന്നതോടുകൂടി നിശബ്ദ താഴ് വരയ്ക്ക് കൈവന്നത് മറ്റൊരു നേട്ടം കൂടിയാണ്. ഇടയ്ക്കിടെ മാറിമറിയുന്ന ഭരണാധികാരികള്‍ പാത്രക്കടവ് ജലവൈദ്യുത പദ്ധതിക്കു വേണ്ടി വാദിച്ചു കൊണ്ടിരുന്ന അധരവ്യായാമം നിന്നു എന്നതും പാത്രക്കടവ് പദ്ധതി ഉപേക്ഷിച്ചു ജൈവ സമ്പന്നത നിലനിര്‍ത്താന്‍ കഴിയുന്നു എന്നുള്ളതും പരിസ്ഥിതി വിജയത്തിന്റെ ഭാഗമാണ്.

ഭൂപ്രകൃതി പ്രത്യേകതകള്‍ പലതരം ആവാസ വ്യവസ്ഥകള്‍ക്ക് നിലനില്‍ക്കാന്‍ സാഹചര്യവും ബാഹ്യ സ്വാധീനങ്ങളില്‍ നിന്നു സുരക്ഷണവും നല്‍കുന്നതിനാല്‍ തികച്ചും തനിമയുള്ള ആവാസ വ്യവസ്ഥയാണ് സൈലന്റ് വാലിയില്‍ നിലനില്‍ക്കുന്നത്. 2200 മീറ്റര്‍ ഉയരമുള്ള കൊടുമുടികള്‍ മുതല്‍ 500 മീറ്റര്‍വരെ ഉയരം വരുന്ന ആവാസ വ്യവസ്ഥയില്‍ ലോകത്തൊരിടത്തും കാണാത്ത ഓര്‍ക്കിഡുകളും അപൂര്‍വയിനം സസ്യയിനങ്ങളും മത്സ്യങ്ങളും ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്താന്‍ ഇനിയുമേറെ ഉണ്ടെന്നുള്ളതു കൊണ്ടുതന്നെ സസ്യജൈവ ശാസ്ത്രജ്ഞരുടെ അന്വേഷണങ്ങളും അനുസ്യൂതം ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. 1500 മീറ്ററിനു മുകളില്‍ ഉയരം വരുന്ന പ്രദേശത്തു കാണപ്പെടുന്ന ചോലക്കാടുകളും പുല്‍പ്പരപ്പും നിറഞ്ഞ നീലഗിരിമലനിരകളുടെ ഈ തുടര്‍ച്ചയില്‍ കുറിഞ്ഞിയും വരയാടുമെല്ലാം സുലഭമാണ്. ദീര്‍ഷ ചതുരാകൃതിയില്‍ ഏകദേശം 100 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ മഴക്കാട് വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മര്‍മഭാഗം.

ഭവാനിയുടെയും കുന്തിയുടെയും താഴ് വാരങ്ങള്‍ ചേര്‍ന്നു നിത്യഹരിത വനമേഖലയില്‍ കടുവ, പുലി, ചെന്നായ്, കരടി തുടങ്ങിയ മാംസഭുക്കുകളും ആന, കാട്ടുപോത്ത്, മ്ലാവ്, വരയാട്, മലയണ്ണാന്‍, കടവാവലുകള്‍ തുടങ്ങിയവയും കണ്ടു വരുന്നു. ഇവയ്ക്കു പുറമേ നാട്ടു കുരങ്ങ്, കരിങ്കുരങ്ങ്, ഹനുമാന്‍ കുരങ്ങ് എന്നിവയും സൈലന്റ് വാലി ഫെയിം സിംഹവാലന്‍ കുരങ്ങും ധാരാളമുണ്ട്.

പാലക്കാട് പട്ടണത്തില്‍ നിന്നു 80 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി കിടക്കുന്ന സൈലന്റ് വാലിയുടെ അസ്ഥാനം മണ്ണാര്‍ക്കാടാണ്. ഇവിടെ നിന്ന് അട്ടപ്പാടി റോഡിലൂടെ 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സൈലന്റ് വാലിയുടെ കോര്‍ സോണ്‍ ആയ സൈരന്ധ്രിയില്‍ എത്തുന്നു. പിന്നങ്ങോട്ട് റോഡില്ല. സന്ദര്‍ശകര്‍ക്ക് ഇതുവരെ മാത്രമേ പ്രവേശനമുള്ളൂ. തുടര്‍ന്നുള്ള സ്ഥലങ്ങള്‍ നിരോധിത മേഖലയാണ്.

ഇത്തവണ എനിക്കൊപ്പം യാത്രയ്ക്ക് മകനും മകളും കൂട്ടുണ്ട്. ഇതിനു മുന്‍പ് പലതവണ അവര്‍ ശാഠ്യം പിടിച്ചിട്ടുണ്ട് എന്നോടൊപ്പം വരാനായിട്ടെങ്കിലും. കാര്യങ്ങള്‍ കണ്ടും കേട്ടും അറിയാനുള്ള പ്രായവും പക്വതയും വരട്ടെയെന്ന് പറഞ്ഞ് ഒഴിവാക്കാറാണ് പതിവ് . മകളെ കൂടെ കൂട്ടിയപ്പോള്‍, ഭാര്യയ്ക്കും മോഹമുണ്ടായി കൂടെവരാന്‍. എന്റെ യാത്രകളോട് ഭിന്നസ്വരമില്ലെങ്കിലും ശ്രീമതിക്ക് യാത്രകളില്‍ താത്പര്യമില്ല എന്നതാണ് വസ്തുത. ഇത്തവണ എന്തുപറ്റി എന്ന് ഞാന്‍ ശങ്കിക്കുകയും ചെയ്തു.

മുക്കാലിയില്‍ നിന്ന് 175 രൂപയാണ് മുതിര്‍ന്ന ഒരാള്‍ക്ക് ടിക്കറ്റ് നിരക്കായി വന വിജ്ഞാന കേന്ദ്രത്തില്‍ അടയ്‌ക്കേണ്ടത്. കുട്ടികള്‍ക്ക് 165 രൂപയും. വിഡിയൊ ക്യാമറ, സ്റ്റില്‍ ക്യാമറ എന്നിവയ്ക്കു ചാര്‍ജ് പിന്നെയും വേണം. പ്രവേശന ഫീസ് ജീപ്പ് വാടക, ഗൈഡിനുള്ള ഫീസ് എന്നിവയുടെ പേരിലാണ് തുക പിരിക്കുന്നത്. ഏഴോ എട്ടോ പേര്‍ തികയുമ്പോള്‍ വനംവകുപ്പുകാര്‍ തന്നെ അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജീപ്പുകളില്‍ നിന്നു അര്‍ഹതയ്ക്കനുസരിച്ചു ഒരെണ്ണം വിളിച്ച് യാത്ര തരപ്പെടുത്തിത്തരും.

ആദിവാസി യുവാക്കളാണ് ഗൈഡുകളായി വരാറുള്ളത്. ഇതിനായി അവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. സഞ്ചാരികള്‍ അധികമായുള്ള സീസണില്‍ ഇവരെ കിട്ടുക പ്രയാസം തന്നെ. അത്തരം സമയങ്ങളില്‍ ജീപ്പ് ഡ്രൈവര്‍മാര്‍ തന്നെയായിരിക്കും ഗൈഡുമാരുടെ ചുമതല ഏറ്റെടുക്കുക. ഇവര്‍ക്കും ചെറിയ പരിശീലനം നല്‍കിയിട്ടുണ്ട്. മേലാളന്മാര്‍ എന്തുപറഞ്ഞുകൊടുത്തുവോ, അക്കാര്യം അധികവും മറന്നു പോയതിനാല്‍ സ്വന്തം രീതിയും അറിവും വച്ച് വനവിജ്ഞാനം ഇവര്‍ വേണ്ടുവോളം വിളമ്പുന്നു. കുറച്ചു കാലമായി ഇവര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരെപ്പോലെയായിട്ടുണ്ട്. ഫലമോ, സൈലന്റ് വാലിയിലെത്തുന്ന സന്ദര്‍ശകര്‍ അടുത്ത ഒരു തവണ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ പട്ടികപ്പെടുത്തുമ്പോള്‍ ഈ നിശബ്ദ താഴ് വരയെ തഴയുന്നു.

ഞങ്ങളെ കൂടാതെ നാലുപേര്‍ കൂടി തികഞ്ഞപ്പോള്‍ അധികാരികള്‍ ഒരു ജീപ്പ് ഏര്‍പ്പാടാക്കി തന്നു. രണ്ടു തൃശൂര്‍ സ്വദേശികളും രണ്ടു മഞ്ചേരിക്കാരുമായിരുന്നു അവര്‍. തൃശൂര്‍ സ്വദേശികള്‍ മധ്യവയ്‌സ്‌കനും ഭാര്യയുമാണ്. മഞ്ചേരിക്കാര്‍ പുതു കല്യാണക്കാരും. ആഫീസില്‍ നിന്നു പേപ്പറുകള്‍ (രേഖകള്‍) കൈപ്പറ്റി ഡ്രൈവര്‍ വണ്ടിയെടുക്കുമ്പോള്‍ സമയം 9.30 കഴിഞ്ഞിരുന്നു. ഡ്രൈവര്‍ തന്നെയാണ് ഗൈഡും.

മുക്കാലിയില്‍ നിന്നു സൈലന്റ് വാലിയിലേക്ക് ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാറില്ല. ഫോറസ്റ്റ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജീപ്പുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റിന്റെ രണ്ടു മിനി ബസുകള്‍ക്കും മാത്രമേ സൈരന്ധ്രിയിലേക്കു പ്രവേശനമുള്ളൂ. ഏതാനും വര്‍ഷം മുന്‍പ് വരെ ചെറുതും ഇടത്തരവുമായ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഇന്നു കഥ മാറി, കാലം മാറി, സന്ദര്‍ശകരോടുള്ള സമീപനം മാറി.

Generated from archived content: yathra12.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English