വേലാഞ്ചേരിയുടെ വിരുദ്ധ ഭാവങ്ങള്‍

വേലാഞ്ചേരിമല ഒരു ട്രെക്കിംഗ് യാത്രക്കു പറ്റിയ സ്ഥലമല്ല. മൗണ്ടനീയറിംഗിന് അധികവുമാണ്. താഴെ നിന്നു നോക്കിയാല്‍ മുകളിലെത്തുക കടുപ്പം. ചെങ്കുത്തായ കയറ്റത്തിന്നും പിടിതരാതെ ഒറ്റയാനെപ്പോലെ ഒരു നില്‍പ്പാണ്. കാഴ്ചയില്‍ അനുസരണക്കേട് തോന്നതക്ക തരത്തില്‍ …. ഒരു അയവുമില്ലാതെ എന്തോ മറന്നു വെച്ച് സ്തബ്ത്ധനെ ഓര്‍മ്മിപ്പിക്കും വിധം.

കുറെ നാളുകളായി കഠിനമായ കയറ്റം കയറാതെ കാലുകള്‍ക്ക് പറ്റിയ ഇര കിട്ടാതെ കാലം കടന്നു പോകുകയാണ്. ഇത്തരമൊരു ഘട്ടത്തിലാണ് നാരായണ സ്വാമി എന്നെ യാത്രയ്ക്ക് ക്ഷണിക്കുന്നത്. പ്രത്യേകിച്ച് ഒരു പ്രസിദ്ധിയും ഇല്ലാത്ത ഇടം. ആരും കേട്ടിട്ടു പോലുമില്ലാത്ത സ്ഥലം. എന്നിരുന്നാലും ഒന്നു പോയി നോക്കാമെന്നു കരുതിയാണ് ഞാന്‍ സമ്മതം മൂളിയത് .

രണ്ടായിരത്തി പന്ത്രണ്ട് ഡിസംബറിലെ രണ്ടാം ശനി കാലം തെറ്റാതെ മഞ്ഞു പെയ്തുകൊണ്ടിരുന്നു. മലമടക്കുകളില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടിക്കുന്ന സൂര്യന്‍ പുലര്‍കാല നിദ്രയില്‍ നിന്നുണരാന്‍ ശ്രമിക്കാതെ തലയില്‍ പുതപ്പിട്ടു മൂടി കൂനി കിടക്കുന്ന കുട്ടിയേപ്പോലെ. എങ്കിലും മുന്നില്‍ ആകാരം താങ്ങി നില്‍ക്കുന്ന കക്ഷിയെ ഞാന്‍ കണ്ടു ഒരു വിജിഗിഷ്ഠ!

കാലത്ത് എട്ടുമണിയ്ക്കു തന്നെ ഞാന്‍ സ്ഥലത്തെത്തുകയുണ്ടായി. സഹയാത്രികര്‍ മൂന്നു പേര്‍ കൂടി എത്താനുണ്ട്. നാരായണ സ്വാമി അവരെ ഫോണില്‍ കൂടി വിളിച്ചന്വേഷിക്കുകയാണ്. ഞാന്‍ മുന്നില്‍ നില്‍ക്കുന്ന മലനിരകളില്‍ കണ്ണോടിച്ചു. കാടിന്റെ സൗന്ദര്യം തീരെ കാണാനില്ല. നീണ്ട നിരയായി കോട്ട പോലെ നില്‍ക്കുന്ന മലനിരകളില്‍ കാല്‍ഭാഗം ഉയരം മാത്രമെ പച്ചപ്പ് കാണാനുള്ളു. തുടര്‍ന്നുള്ള ഭാഗമത്രയും ഉണക്കപ്പുല്ലും അപാര വലിപ്പമുള്ള അഞ്ജന ശിലകളുമാണ്.

സമയം എട്ടുമണിയോടടുത്തപ്പോഴാണ് നാരായണ സ്വാമിയുടെ കൂട്ടുകാരെത്തിയത്. ഇവരെ കൂടാതെ ഇതിനോടകം രണ്ടുപേര്‍ കൂടി എത്തിയിട്ടുണ്ട്. ഇപ്പോള്‍ ആകെ ഞങ്ങള്‍ ആറ് യാത്രികര്‍. വഴികാട്ടികളായി മറ്റു രണ്ടു പേരടക്കം എട്ടാളുകള്‍. ഇനിയും ആരും വരാനില്ല എന്ന് സ്വാമി പറഞ്ഞപ്പോള്‍ എട്ടുമണിയ്ക്ക് ഞങ്ങള്‍ യാത്രയാരംഭിച്ചു.

എന്നെ കൂടാതെ എന്റെ പ്രിയ സുഹൃത്ത് പ്രവീണ്‍ ( ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് കക്ഷി യാത്രക്കായി രാത്രി ഉറക്കമിളച്ചിരുന്ന് കിട്ടിയ ബസില്‍ കയറി കാലത്ത് അഞ്ചുമണിയ്ക്ക് വീട്ടിലെത്തിയതാണ്) നാരായണ സ്വാമി , ഫ്രാങ്ക് ആന്റണി, സന്തോഷ്, താഹിര്‍ ലക്കിടി, ഗൈഡുമാരായ ഗില്‍ബര്‍ട്ട്, ജോമോന്‍ എന്നിവരാണ് മറ്റുള്ളവര്‍.

ഗില്‍ബര്‍ട്ടിന്റെയും ജോമോന്റെയും കയ്യില്‍ ഒരു കിറ്റു നിറയെ ചപ്പാത്തിയും മുട്ടക്കറിയുമുണ്ട്. ഉച്ചയ്ക്കുള്ള ഭക്ഷണമാണ്. പതിനഞ്ചു പേര്‍ വരാമെന്നേറ്റിരുന്നെങ്കിലും വഴികാട്ടികളെ കൂടാതെ ഇപ്പോള്‍ ആറുപേര്‍ മാത്രമേയുള്ളു. എല്ലാവര്‍ക്കുമുള്ള ഭക്ഷണം വാങ്ങിയിട്ടുണ്ട്. യാത്രകളില്‍ പലപ്പോഴും ഇങ്ങെനെയാണ്, സാമാന്യമര്യാദ കാണിക്കാത്ത കെറെ വഞ്ചകര്‍ എന്നുമുണ്ടാവും. രാവിലെ എഴുന്നേറ്റ് ഒരു ഫോണ്‍ വിളിയാണ് നല്ല സുഖമില്ലന്നോ മറ്റെന്തെങ്കിലും കല്ലുവച്ച നുണയോ പറഞ്ഞ് ഒരു മുങ്ങല്‍. പ്രതികരണത്തിനു മുമ്പേ ഫോണ്‍ കട്ടു ചെയ്തിട്ടുണ്ടാകും.

മനുഷ്യ വാസം തീരെ കുറഞ്ഞ ഇടങ്ങള്‍ താങ്ങീ വേലാഞ്ചേരിമലയുടെ അടിവാരത്തില്‍ എത്തുമ്പോള്‍ സമയം എട്ടേമുക്കാല്‍. ശരിക്കും ഈ നേരമാകുമ്പോഴേക്കും കയറ്റം പകുതിയോളമാകണമെന്നാണ് ട്രക്കിംഗ് രീതി. മഞ്ഞിന്റെ മേലാപ്പ് മാറ്റി സൂര്യന്‍ മുന്നേറുകയാണ്. ഇനിയും ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും ചൂട് അസഹ്യമാകും.

ഞാന്‍ മലയുടെ പാദം തൊട്ടു നെറുകയില്‍ വച്ചു. മുന്നില്‍ നടക്കുന്ന വഴികാട്ടികള്‍ക്കു പിന്നിലായി നടന്നു തുടങ്ങി. വേനല്‍ കടുക്കുന്നതേയുള്ളു . അടിക്കാടെല്ലാം വരണ്ടു കഴിഞ്ഞിട്ടുണ്ട്. വെള്ളത്തിന്റെ ഒരു തുള്ളി പോലും ഉറവയായ് കിനിയുന്നത് കാണുന്നില്ല. ആദ്യമണിക്കൂറില്‍ അവിശ്രമ അതിവേഗം കയറിയാലേ ഉച്ചയ്ക്കു രണ്ടു മണിക്കെങ്കിലും ഉച്ചിയിലെത്താനാവു എന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് അല്‍പ്പവും ആലസ്യമില്ലാതെ കയറ്റം മുന്നേറി കൊണ്ടിരുന്നു. ഞങ്ങള്‍‍ താഹിര്‍ ഒഴികെയുള്ളവര്‍ കുറവല്ലാത്ത യാത്ര നടത്തിയവരും ഉന്നത ശൃംഗങ്ങള്‍ കീഴടക്കിയിട്ടുള്ളവരുമാണ്. ഇത് ഒരാത്മവിശ്വാസവും ധൈര്യവുമായിരുന്നു. താഴ്വരയിലെ മരങ്ങള്‍ വണ്ണവും ഉയരവും കുറഞ്ഞവയാണ്. മരമെന്ന വാക്കിനു തന്നെ ചേരാത്ത രൂപഭാവങ്ങളാണ് അവയ്ക്കുണ്ടായിരുന്നത്. ബാല്യകൗമാര ദശകളിലുള്ള വനവൃക്ഷങ്ങളായിരുന്നില്ലവ. ഒരു തരം മുരടിപ്പ് ബാധിച്ച കുള്ളന്മാര്‍ . വരണ്ട ഒരു താഴ്വര. കുറ്റിക്കാട് എന്നു പറയാനും വയ്യ . ഏകദേശം മുന്നൂറു മീറ്റര്‍ കയറിക്കഴിഞ്ഞപ്പോഴേക്കും നെഞ്ചോളം ഉയരത്തില്‍ ഉണക്കപ്പുല്ലിന്റെ വിശാലലോകം. മുന്നോട്ടു നീങ്ങണമെങ്കില്‍ ഈ പുല്‍പ്പരപ്പിലൂടെ നടന്നേ മതിയാവൂ. പൂല്‍ക്കാടിനിടയില്‍ എവിടെയെങ്കിലും പുലി വെയില്‍ കാഞ്ഞു കിടക്കുന്നുണ്ടോ എന്ന് സംശയിക്കാതിരുന്നില്ല. കാലെവിടെയാണ് വെയ്ക്കേണ്ടതെന്ന് അറിയാത്ത സ്ഥിതി.

ഉരുളന്‍ പാറക്കല്ലുകള്‍ ചവിട്ടടിയില്‍ നിന്നും ഉതിര്‍ന്നു മാറുന്നുണ്ട്. സൂക്ഷിച്ചില്ലങ്കില്‍ കാലില്‍ കല്ലു വീണിട്ടോ തെന്നി വീണിട്ടോ യാത്രാ വിഘനം നിശ്ചയം. എന്നാല്‍ ഏറെ സൂക്ഷിച്ചില്ലങ്കിലോ ഭയപ്പെട്ടാലോ മുന്നേറുക അസാധ്യം. പുല്‍പ്പരപ്പിനപ്പുറം ചെങ്കുത്തായ കയറ്റമാണ്. താഴെ നിന്നു നോക്കുമ്പോള്‍ ഒരു നേരിയ ചരിവു പോലുമില്ലാത്ത ഒരു ഭൂകമ്പത്തിനും തകര്‍ക്കാന്‍ കഴിയാത്ത ഭൂമിയുടെ ഉള്ളറയില്‍ നിന്നും മുളച്ചു പൊന്തിയ ഭയങ്കരമായ ഒരു പാറ.

ശ്രദ്ധിച്ചും കിതച്ചും നാക്കു നീട്ടിയും കണ്ണുരുട്ടിയും സ്വയം ശപിച്ചും പുല്‍മേടിന്നടയിലൂടെ ഉരുണ്ടു മുന്നോട്ട് ഞങ്ങള്‍ കയറി. എന്തും സംഭവിച്ചോട്ടെ പക്ഷെ ഒരു പിന്മാറ്റം ഒരു തോല്‍വി അതനുഭവിക്കാന്‍ ഏത് യുവാവിനാണ് കഴിയുക? ദേവലോക നര്‍ത്തകിമാരുടെ മുന്നില്‍ വമ്പും വീമ്പും മൊഴിഞ്ഞ ദേവകുമാരന്മാരോ? ഞങ്ങള്‍ കയറിയും ഇടയ്ക്കിരുന്നും പുല്‍പ്പരപ്പില്‍ ഒറ്റക്കൊറ്റയ്ക്ക് നിന്നിരുന്ന നെല്ലിമരങ്ങളില്‍ നിന്നും നെല്ലിക്കയടര്‍ത്തി ചവച്ചു തിന്നും ബാഗില്‍ നിന്നും കുപ്പിയെടുത്ത് ഓരോ തുള്ളി വെള്ളം മാത്രം കുടിച്ചും ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടര്‍ന്നുകൊണ്ടിരുന്നു. സമയം പന്ത്രണു മണിയായിട്ടുണ്ട്. മലങ്കാറ്റ് മലകളെ മറന്നിരിക്കുന്നു. വെയിലിന് മീനച്ചൂടിന്റെ കടുപ്പം. പാറകളില്‍ നിന്നും കന്മദം ഉറവയെടുക്കുന്ന ചൂട് വന്യതയെ വെല്ലുന്ന നിശബ്ദത. ഞങ്ങളുടെ അടക്കം പറച്ചിലുകള്‍ക്ക് പോലും ഇടിമുഴക്കം. യഥാര്‍ത്ഥ നട്ടുച്ചയുടെ ഉച്ചാവസ്ഥ.

ഞങ്ങളിപ്പോള്‍ പുല്‍മേടും കടന്ന് നഗനമായ പാറകളില്‍ അള്ളിപ്പിടിച്ച് കയറേണ്ട സ്ഥിതിയാണ്. ഷൂസും ചെരിപ്പുമെല്ലാം അഴിച്ച് ചരടിലും തോര്‍ത്തിലും കോര്‍ത്ത് ഇടുപ്പില്‍ കെട്ടിത്തൂക്കി ചുമലില്‍ ബാഗ് എന്ന ഭാണ്ടം ഒട്ടകത്തിന്റെ പൂഞ്ഞ പോലെ മുതുകില്‍ കിടക്കുന്നുണ്ട്.

പാറകള്‍ക്ക് മിനുസം കൂടുതലായതിനാല്‍ കാലുറയ്ക്കുന്നില്ല. വഴുതിയാല്‍ പിന്നത്തെ കാര്യം മിണ്ടാനുമില്ല. ഹെലികോപ്റ്റര്‍ വരാതെ ദേഹം താഴത്തേക്കെത്തിക്കുക സാധ്യമല്ല. ഞങ്ങള്‍ കയറുന്നതിനു തൊട്ടു വലതു വശത്താണ് കഴിഞ്ഞ സെപ്തംബറില്‍ മലയുടെ ഒരു വശം ഉരുള്‍ പൊട്ടി ഒലിച്ചു പോയിട്ടുള്ളത്. ധാരാളം പാറയും കല്ലും കുത്തിയൊഴുകിയിട്ടുണ്ട്. ഏകദേശം അഞ്ഞൂറ് മീറ്ററോളം താഴേക്ക് ഉരുണ്ട് ചെന്ന് ചിതറിക്കിടക്കുകയാണ് അവയെല്ലാം. ഉരുള്‍പൊട്ടലുണ്ടായ നേരത്ത് തീരെ വെള്ളമൊഴുകിയിരുന്നില്ല എന്ന് സ്ഥലം കണ്ട എനിക്കു തോന്നി. ജല ദൗര്‍ലഭ്യതയുടെ സുവ്യക്തമായ തെളിനീരായിരുന്നു അത്. മഴയില്ലാത്ത കാലമാണെന്നത് മാത്രമല്ല കാരണം എല്ലായിപ്പോഴും വരള്‍ച്ച ബാധിത പ്രദേശമായി കണക്കാക്കാറുള്ള മേഖലയുമാണ് ഈ മലയടിവാരങ്ങളെല്ലാം.

Generated from archived content: yathra10.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here