കാടും മനുഷ്യന്റെ മനസും വിചിത്രങ്ങളാണ്. എത്ര ഇടപഴകിയാലും അത് നമുക്ക് പിടിതരുന്നില്ല. ഇപ്പോള്‍ ഞങ്ങളുടെ യാത്രസംഘം ചപ്പിലക്കാട്ടില്‍ നിന്നും നേരെയെത്തുന്നത് കൊടും ഇറക്കത്തിലേക്കാണ്. ഇറക്കത്തില്‍ പിടിച്ചിറങ്ങുന്നതിന് വള്ളികളോ കുറ്റിച്ചെടികളോ ഉണ്ടെന്ന് ധരിക്കരുത്. കാലൊന്നു വഴുതിയാല്‍ നിലത്ത് ഊന്നുന്ന വടിയൊന്നു സ്ലിപ്പായാല്‍ ഉരുണ്ടുരുണ്ട് മുള്‍പ്പടര്‍പ്പ് തീര്‍ത്ത പൊന്തയിലോ തലങ്ങും വിലങ്ങും കോര്‍ത്തു നില്‍ക്കുന്ന മുള്ളുകളുള്ള മുളക്കമ്പുകളിലോ ദേഹമാസകലം കോര്‍ത്ത്…
മാനം മൂടി നില്‍ക്കുന്ന മരങ്ങളുടെ ചില നേര്‍ത്ത വേരുകള്‍ മാത്രമാണ് പിടിവള്ളി. അവയില്‍ ബലം കൊടുത്താല്‍ പൊട്ടിപോകാനും ഇടയുണ്ട് . നിലത്ത് നേരിട്ട് വെയില്‍ വീണ് ചൂടു കൂടുന്നില്ല എന്നതു മാത്രമാണ് ആശ്വാസം. ഞങ്ങള്‍ സസൂക്ഷ്മം ശ്രദ്ധയോടെ താഴേക്കിറങ്ങി. കയറ്റം പോലെ കഠിനം തന്നെയാണ് ഇറക്കവും. എന്നിരുന്നാലും ഇറക്കം വേഗം നടക്കും എന്നത് സത്യമാണ്. ക്ഷമയും അച്ചടക്കവും ശ്രദ്ധയും പഠിക്കാന്‍ പരിശീലിക്കാന്‍ ഇതുപോലൊരു പദ്ധതി മറ്റൊന്നില്ല.
ഇറക്കം ഇറങ്ങിയിറങ്ങി സമയം 11 1/2 യാകുമ്പോള്‍ ജി. പി. എസ്- ല്‍ 470 മീറ്റര്‍ ഉയരമാണ് കാണിച്ചത്. അപ്പോഴാണ് കാണാന്‍ അഴകുള്ള ഒരു കാഴ്ച ശ്രദ്ധയില്‍ പെട്ടത്.
ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടപ്പുറത്ത് ‘ ഞാനിതാ വീഴാന്‍ പോകുകയാണെന്ന’ ഭാവത്തില്‍ കൊടിമരം കണക്കെ ഒറ്റക്ക് 60 ഡിഗ്രി ചെരിഞ്ഞ് ഏകദേശം ആയിരം മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഉണങ്ങിയ പുല്ലുമാത്രമുള്ള മല- ആടുമല ( ബാലന്‍ പറഞ്ഞ പേരാണ്) ഒരു വേറിട്ട കാഴ്ചയായിരുന്നു പ്രകൃതിയുടെ കമനീയ ഭാവം വിസ്മയമായ കാഴ്ച അപാരം അതുല്യം ആനന്ദദായകം.
ആടുമലയ്ക്ക് ആ പേര്‍ ഒരു പരിധിവരെ അനുയോജ്യമാണെന്നു തോന്നി. വരയാടുകള്‍ക്കും പക്ഷികള്‍ക്കുമല്ലാതെ മറ്റൊരു മൃഗത്തിനും ആടുമലയുടെ മുകളില്‍ കയറിയെത്താന്‍ കഴിയുമെന്ന് കരുതുക വയ്യ.
നമ്മുടെ ധാരണകള്‍ക്കും എത്രയോ അപ്പുറമാണ് വനവും വനാന്തരഭാഗവും. കുത്തനെയുള്ള കയറ്റിറക്കങ്ങളില്‍ ആറേഴു ടണ്‍ ഭാരമുള്ള ശരീരവും പേറിക്കൊണ്ട് ആനകള്‍ സഞ്ചരിക്കുന്നതു കാണാം. നിംന്നോതങ്ങളിലെ കൈപ്പത്തി വീതിയുള്ള ഇടങ്ങളിലൂടെ ഇവയ്ക്ക് എങ്ങനെ സഞ്ചരിക്കാന്‍ കഴിയുന്നു എന്നോര്‍ത്ത് നമ്മള്‍ അത്ഭുതപ്പെടും.
കൂട്ടത്തില്‍ തനിയെ എന്ന ഭാവവും എന്റെ സ്വഭാവവും ദ്യോതിപ്പിക്കുന്ന ഏകത്വത്തില്‍ ഞാന്‍ ലയിക്കുകയായിരുന്നു. ആടുമലയുടെ നില്‍പ്പ് എനിക്ക് നല്‍കിയ അനുഭൂതിയില്‍ ഞാന്‍ ആന്ദോളനം ചെയ്യുമ്പോള്‍ എന്റെ ക്ഷീണമെവിടെ? അല്ല എനിക്ക് ക്ഷീണമുണ്ടായിരുന്നോ?
ഇപ്പോള്‍ കാണുന്ന കാട് അര്‍ധ നിത്യഹരിതവനമേഖലയില്‍പ്പെട്ട ഇടമാണ്. ആറ്റിന്‍ കരയില്‍ ഞങ്ങളെ കണ്ട് ആനയോളം പോന്ന രണ്ടു നായ്ക്കള്‍ കുരച്ചടുത്തത് ഭയമുളവാക്കി. അവരുടെ മുന്നില്‍ കൊടുവാളുമായി ഓണന്റെ നില്‍പ്പും ശാന്തമായ വിളിയും അവയെ പ്രകോപനത്തില്‍ നിന്നും പിന്‍ തിരിപ്പിച്ചു. അപ്പോഴേക്കും ഓണന്റെ കൂട്ടുകാര്‍ വള്ളിപ്പടപ്പുകള്‍ക്കിടയില്‍ നിന്നും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഓണനും ബാലനും വില്ലും അവരും തമ്മില്‍ ട്രൈബല്‍ ഭാഷയില്‍ കുശലപ്രശ്നം നടത്തി. കോളനിക്കാരായ അവര്‍ കാട്ടുകിഴങ്ങുകള്‍ തേടി വന്നതാണ്. അവര്‍ വന്ന വഴിയില്‍( ഞങ്ങള്‍ ഇപ്പോള്‍ പോകുന്ന വഴി) രാവിലെ ആനകളുണ്ടായിരുന്നു എന്ന് ഓണനേയും കൂട്ടരേയും അവര്‍ അറിയിച്ചു. ശ്രദ്ധയോടെ പോകാന്‍ പറഞ്ഞ് ഞങ്ങളെ അവര്‍ യാത്രയാക്കി.
എനിക്ക് വിശപ്പും ദാഹവും ഏറിയേറി വന്നു. ഉച്ചയ്ക്ക് കഴിക്കാനുള്ളതൊന്നും രാവിലെ എടുത്തിട്ടുമില്ല. ഇത്രയും നേരം പിടിച്ചു നിന്നത് നാരായണ സ്വാമിയുടെ അരലിറ്റര്‍ സോഡയും രണ്ടു ചെറുനാരങ്ങയും നല്‍കിയ ഊര്‍ജ്ജവും ആടുമലയോടുള്ള പ്രണവും കൊണ്ടായിരുന്നു .ഞാന്‍ ബാഗില്‍ നിന്നും ഈന്തപ്പഴവും ഉണക്കമുന്തിരിയുമെടുത്ത് കൊറിച്ചുകൊണ്ടു നടന്നു.
നേരം ഒന്നേമുക്കാല്‍ മണി കഴിഞ്ഞിരുന്നു. സംഘാഗങ്ങള്‍ക്കെല്ലാം ഭക്ഷണം കഴിക്കാന്‍ താത്പര്യമുണ്ടായിരുന്നു. ഇതിനിടയിലാണ് ലക്ഷ്യസ്ഥാനെത്തെത്തി യാത്ര അവസാനിപ്പിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ ആഞ്ഞു പിടിച്ച് നടന്നാല്‍ മതിയെന്ന് വില്ല് പറഞ്ഞത്. അതുകൊണ്ട് അവിടെയെത്തി സമാധാനത്തോടെ കഴിക്കാമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.
വനത്തിനകത്തെ മധ്യാഹ്ന നിശബ്ദത അര്‍ധരാത്രിയിലെ നിശബ്ദതയ്ക്ക് സമാനമാണ്. ചീവീടിന്റെ ചിലമ്പല്‍ പോലുമില്ലാതെ അടിക്കാടിന്റെ പൊന്തകളില്‍ ആരുണ്ട് എന്നറിയാതെ നടന്ന് ക്ഷീണിച്ച കാലുകളില്‍ വിയര്‍ത്തൊഴുകുന്ന ദേഹത്തെ താങ്ങി കൊണ്ട് ചെറിയ കയറ്റങ്ങള്‍ കയറി മുന്നേറുമ്പോള്‍ വഴിയില്‍ ചൂടാറാത്ത ആനപ്പിണ്ടവും മൂത്രത്തില്‍ നനഞ്ഞ മണ്ണും.
അടുത്തെവിടെയോ ആനയുണ്ടെന്ന് ഉറപ്പായിരുന്നു. കാലുകള്‍ക്ക് വല്ലാത്ത ബലക്ഷയം വയറിനകത്ത് കത്തുന്ന അഗ്നി. മനസിനുള്ളില്‍ അതിതീവ്രഭയം. മൂന്നു ദിവസം ഇടതടവില്ലാത്ത അനിശ്ചിതത്വത്തിലൂടെയുള്ള യാത്ര നല്‍കിയ ക്ഷീണം. ഇതിനിടയില്‍ ഒളിഞ്ഞു നില്‍ക്കുന്ന ആനയെ അന്വേഷിച്ച് ചെന്ന് അത്യാഹിതം വില കൊടുത്തു വാങ്ങേണ്ട എന്ന് ഞാന്‍ നിര്‍ദ്ദേശിച്ചത് ഏവര്‍ക്കും സ്വീകാര്യമായി. മുന്നില്‍ ആന അകപ്പെട്ടാല്‍ നല്ല വാക്കു പറയാനുള്ള കെല്‍പ്പ് മാത്രമാണ് ഇപ്പോള്‍ ഞങ്ങളില്‍ അവശേഷിക്കുന്നത്.
ഓണനും ബാലനും ചുമലില്‍ പാത്രവും കയ്യില്‍ മുഴുത്ത ഏറുപടക്കവുമായി അമ്പതു മീറ്റര്‍ മുമ്പിലായി നടന്നു. തികഞ്ഞ നിരീക്ഷണം, ശരിയായ ശ്രദ്ധ, സൂക്ഷ്മത നിറഞ്ഞ കാല്‍ വയ്പ്പ് അവര്‍ നല്‍കുന്ന ആംഗ്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ നടന്നു ഇപ്പോള്‍ എല്ലാവരും പിന്നില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ ! ഞാനൊഴികെ.
പതിനഞ്ചുമിനിറ്റിലധികം സമയം അതീവശ്രദ്ധയുടെ ഗിരിശൃംഗങ്ങളിലൂടെ നടന്നു നീങ്ങിയപ്പോള്‍ താഴെ ഇരുനൂറു മീറ്റര്‍ അകലെ കോളനിക്കാരേയും വീടുകളേയും കണ്ടു. അപ്പോള്‍ പതഞ്ഞു പൊന്തിയ സന്തോഷത്തിന് അതിരുകളുണ്ടായില്ല. ‘ യുറേക്കാ’ എന്നു പറഞ്ഞ് ഉടുവസ്ത്രമുരിഞ്ഞ് ആരെങ്കിലും ഓടിയോ എന്ന് ഞാന്‍ ശ്രദ്ധിച്ചില്ല.
ആശ്വാസത്തിന്റെ സന്തോഷത്തിന്റെ ശാന്തിയുടെ കിരണം എല്ലാ മുഖത്തും പ്രകടമായി. ക്ഷീണവും വിശപ്പും ദാഹവും പമ്പയ്ക്കപ്പുറം നെയ്യാറും കടന്നു പോയി. കോളനിയിലെ കൊച്ചുകുട്ടികള്‍ ഭാവിയിലെ വഴികാട്ടികള്‍ കാടിന്റെ കാവല്‍ക്കാരാകേണ്ടവര്‍ പത്തു പതിനഞ്ചു പേര്‍ ഞങ്ങള്‍ക്കു ചുറ്റും വന്നു നിന്നു. അവരുടെ മുഖങ്ങള്‍ ദൈന്യമായിരുന്നില്ല. കണ്ണുകളില്‍ കൗതുകം നിറഞ്ഞിരുന്നു.
സംഘാംഗങ്ങളെല്ലാം എത്തി ചേര്‍ന്നശേഷം ഒരിക്കല്‍ കൂടി ഞങ്ങള്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് ഒരുങ്ങി നിന്നു. ക്യാമറയിലും മൊബൈല്‍ ഫോണിലുമായി ചിത്രങ്ങള്‍ മാറി മാറി പകര്‍ന്നു. പിന്നീട് ഞങ്ങള്‍ ബാഗുകളില്‍ ശേഷിച്ചിരുന്ന ഡ്രൈ ഫ്രൂട്സും നട്സും കുട്ടികള്‍ക്കു കൊടുത്തു. അവരത് അത്യത്ഭുതത്തോടെ വാങ്ങിത്തിന്നു.
നൗഷാദും അടുത്ത കൂട്ടുകാരും ഓണനും ബാലനും വില്ലിനും കണക്ക് സെറ്റില്‍ ചെയ്യുകയാണ്. അവര്‍ക്ക് എത്ര തുക കൊടുത്താലും അതു കൂടുതലാവില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കണ്ണിലെ കൃഷ്ണമണി പോലെ ഞങ്ങളെ കാത്തു രക്ഷിച്ചത് അവരായിരുന്നല്ലോ. അതിന് എങ്ങനെ കണക്കുപറയും?
ഞാന്‍ ബാഗ് വി.എസ്.എസ് ഓഫീസില്‍ വച്ച് ചാലിയാറിലേക്കു നടന്നു. കുറെ പേര്‍ രാവിലത്തെ ‘ കചോ’ ( കഞ്ഞിയും ചോറുമായ സാധനം) കഴിക്കുകയാണ്. എന്നോടൊപ്പം പ്രശാന്തും പ്രവീണും നാരായണസ്വാമിയും കുളിക്കാന്‍ വന്നു. അവര്‍ വെള്ളം നിറഞ്ഞ കടവില്‍ നീന്താനിറങ്ങി. നല്ല ഒഴുക്കുള്ള ഭാഗത്ത് ഉരുളന്‍ കല്ലുകള്‍ക്കു മുകളില്‍ മുട്ടിനു വെള്ളത്തില്‍ ഞാന്‍ മലര്‍ന്നു കിടന്നു.
അവസാനിച്ചു.
Generated from archived content: yathra09.html Author: m.e.sethumadhavan