പലരും വല്ലാതെ ക്ഷീണിച്ചിരുന്നു. എന്നിരുന്നാലും കൂട്ടായ്മയും സ്റ്റാമിനായും ഇല്ലെങ്കില്‍ മുകളിലെത്തുക പ്രയാസം. എത്തിയ ഉടനെ ചിലരെല്ലാം മസില്‍ പിടുത്തം വിടുവാന്‍ ഓയിന്മെന്റുകള്‍ പുരട്ടി. കുറെ പേര്‍ ഫോണ്‍ വിളികളുമായി വേണ്ടപ്പെട്ടവരെ ‘ യുറേക്ക’ എന്ന് വിളിച്ചു പറഞ്ഞു. ഇതിനിടയിലാണ് ഒരു മണിക്ക് ടി. വി വാര്‍ത്തയില്‍ മൂന്നാറിലെ ശാന്തന്‍പാറയില്‍ ഒരളെ ആന ചവിട്ടിക്കൊന്ന കാര്യം ഹരിദാസന്‍ എന്ന സുഹൃത്തിന്റെ ഭാര്യ വിളിച്ചു പറഞ്ഞത്. തികച്ചും അസമയത്തു കേട്ട അസുഖകരമായ വാര്‍ത്ത ആരിലൊക്കെയോ തീയാളി കത്തിച്ചു.
അവില്‍ നനക്കല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ് . ഞങ്ങളുടെ വഴികാട്ടികള്‍ 25 മീറ്റര്‍ അകലെയാണ് കൂടിയിരിക്കുന്നത്. ഞാന്‍ അവരെ സശ്രദ്ധം നിരീക്ഷിക്കുന്നുണ്ട്. ഓണന്‍ അയാളുടെ ഭാണ്ഡത്തില്‍ നിന്നും ഒരു കുപ്പിയെടുത്ത് തിടുക്കത്തില്‍ കുടിക്കുന്നതും തുടര്‍ന്ന് വില്ലിന് കൊടുക്കുന്നതും അയാള്‍ ശിഷ്ടം കഴിക്കുന്നതും കണ്ടു. ബാലന്‍ മടിയില്‍ നിന്നും പാന്‍ പരാഗ് എടുത്ത് വായിലിടുന്നത് കണ്ടു. കാര്യമെല്ലാം മനസിലായ ഞാന്‍ ‘’ ഒന്നും കാണാതെ ഇരുന്നു’‘. ജീവിത വിജയത്തിന് നല്ലത് മൂന്നു കുരങ്ങന്‍മാരുടെ കാണരുത് കേള്‍ക്കരുത് മിണ്ടരുത് എന്ന ഗുണപാഠ കഥ തന്നെ.
ഇന്നലെ മുതലെ ഞാന് ശ്രദ്ധിക്കുകയായിരുന്നു വഴികാട്ടികളെ അടുത്തറിയാന്‍ ശ്രമിക്കുന്തോറും പിടിതരാതെ അകന്നു മാറാന്‍ ശ്രമിക്കുന്ന മനോഭാവം. ഭയമോ അറിവില്ലായ്മയോ സഹജവാസനയോ ആയിരിക്കണം അവരുടെ അകല്‍ച്ചക്കും നാണം കുണുങ്ങിത്തരത്തിനും കാരണമെന്നു ഞാനൂഹിച്ചു.
അവില്‍ നനച്ചത് ഏവര്‍ക്കും വിതരണം ചെയ്തത് ടൈഗര്‍ ഗ്രൂപ്പുകാരാണ്. അവല്‍ നന്നെങ്കിലും ഉച്ചഭക്ഷണത്തിന് അത് അനുയോജ്യമായിരുന്നില്ല. ഞാന്‍ കുറച്ചു മാത്രം കഴിച്ചു. ബാഗില്‍ നിന്നും ഒരു ഏത്തക്ക എടുത്തു തിന്നു. പിന്നീട് അവില്‍ തിന്നുന്ന വഴികാട്ടി സുഹൃത്തുക്കളുടെ അടുത്തു കൂടി. എനിക്ക് അവരില്‍ നിന്നും കുറെ കാര്യങ്ങള്‍ അറിയണമായിരുന്നു. ഇപ്പോള്‍ എത്തിയ സ്ഥലം ഏതാണെന്നും ഇനിയും എത്ര ദൂരം നടക്കണം യാത്ര അവസാനിക്കാനെന്നും ഇന്നത്തെ രാത്രിയിലെ ക്യാമ്പ് കൂടാന്‍ ഇനിയുമെത്ര ദൂരം നടക്കണമെന്നുമെല്ലാം ഞാന്‍ ചോദിച്ചറിഞ്ഞു.
കൊടിഞ്ഞി മലമുകളിലാണ് ഞങ്ങളിപ്പോള്‍ നട്ടുച്ച നേരത്തും സൂര്യപ്രകാശം നിലത്തിറങ്ങാന്‍ മടിച്ചു നില്‍ക്കുന്നു. ഇന്നലെ രാത്രി ക്യാമ്പ് ഇവിടെ കൂടാനായിരുന്നുവത്രെ ഉദ്ദേശം. ഞങ്ങളുടെ നടത്തം ‘ മോശമായതുകൊണ്ടാണ്’ അത് അസാധ്യമായത് എന്നാണ് ഓണന്റെ അഭിപ്രായം. അതേതായാലും നന്നായി എന്ന് എനിക്കു തോന്നി. ഒരു കാരണവശാലും യാത്ര പുറപ്പെട്ടയിടത്തു നിന്നും ഒരു ദിവസം കൊണ്ട് ആരായാലും നടന്നെത്താന്‍ കഴിയുന്ന ദൂരമല്ലായിരുന്നു ഇതെന്ന് നിശ്ചയമായിരുന്നു. മാത്രമല്ല കഴിഞ്ഞ മണിക്കൂറുകളില്‍ കയറിയ കഠിന കയറ്റം അത്തരത്തിലുള്ളതായിരുന്നില്ലോ. ഇന്നലെ ക്യാമ്പ് ചെയ്തിടത്തു നിന്നും ഇതുവരെയായിട്ടും തങ്ങാന്‍ പറ്റിയ ഒരിടം പോലും കണ്ടെത്തിയതുമില്ല. ഈ കൊടിഞ്ഞിമലമുകളില്‍ എത്തിയാല്‍ പോലും ക്യാമ്പ് അത്മഹത്യാപരമായിരിക്കുമെന്ന് എനിക്കു തോന്നി. പല യാത്രകളിലും സംഭവിക്കാറുള്ളതാണ് വഴികാട്ടികളുടെ ദൂരം പറച്ചിലിന് ഒരു സാധൂകരണമില്ലായ്മ.
വന്ന വഴിക്കഭിമുഖമായി ചെന്നാല്‍ നാല് മണിക്കൂര്‍ കൊണ്ട് വയനാട്ടിലെ മേപ്പാടിയിലെത്താമെന്ന് ഓണനും സംഘവും പറഞ്ഞു. ആദ്യം ഞങ്ങളുടെ വഴി നിജപ്പെടുത്തിയത് അപ്രകാരമായിരുന്നു. മേപ്പാടിയിലെത്തി അവിടെ നിന്നും റോഡു മാര്‍ഗം നിലമ്പൂരെത്തുക എന്ന രീതി. പക്ഷെ അതിനിടയിലാണ് വയനാടന്‍ ചുരം റോഡ്. റിപ്പയര്‍ നടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ അതു വഴി കടത്തി വിടുന്നില്ല എന്നാറിഞ്ഞത്. പിന്നീട് മറ്റൊന്നുമാലോചിക്കാതെ ഞങ്ങള്‍ യാത്ര തുടങ്ങിയ സ്ഥലത്തു തന്നെ തിരിച്ചെത്താന്‍ വേറൊരു വഴി കണ്ടെത്തുകയായിരുന്നു. അതിന്‍ പ്രകാരം ഇന്നത്തെ രാത്രിയിലെ ക്യാമ്പ് ചൂരല്‍ മലയിലെ ഫോറസ്റ്റ് വാച്ചേഴ്സ് ക്യാമ്പിലാക്കാമെന്ന് വെച്ചു. അവിടെ ചുറ്റും ട്രഞ്ചുള്ളതുകൊണ്ട് മൃഗങ്ങളുടെ ശല്യമുണ്ടാകില്ലെന്നും ഓണന്‍ പറഞ്ഞു. അതെ സമയം ഇനിയും യാത്ര വൈകിയാല്‍ ആറുമണിക്കകം അവിടെ എത്തില്ല എന്നു കൂടി ബാലന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞതോടെ മധ്യാഹ്നവിശ്രമം മതിയാക്കി എത്രയും വേഗം യാത്ര തുടരാന്‍ ഞാന്‍ നൗഷാദിനോട് നിര്‍ദ്ദേശം നല്‍കി.
അവില്‍ നനച്ചതും പച്ചവെള്ളവും ആവോളം അകത്താക്കി വീരകഥകള്‍ക്ക് വിരാമം ചൊല്ലി രണ്ടേകാല്‍ മണിയോടെ യാത്ര പു:നരാരംഭിച്ചു. ക്ഷീണിതരെയാണ് മുന്നില്‍ നടത്തിയത്. അവര്‍ക്ക് പിന്നില്‍ ബൈസണ്‍ ഗ്രൂപ്പും തൊട്ടുപിറകില്‍ ടൈഗര്‍ ഗ്രൂപ്പും ഒടുവിലായി എലിഫന്റ് ഗ്രൂപ്പും നടന്നു.
ക്ഷീണിതര്‍ മുന്നേറാന്‍ പെടാപ്പാടു പെടുന്നുണ്ട്. പിന്നിലുള്ളവര്‍ക്ക് മുന്നോട്ടു പോകുവാനും വയ്യ. നല്ല വണ്ണമുള്ള വള്ളികളിലും ഉപശാഖകളാലും ( മുള്ളു നിറഞ്ഞത്) ചുറ്റിപ്പിണഞ്ഞ കാട്ടുപ്രദേശം. മരങ്ങള്‍ക്ക് തടിവണ്ണം കുറവ്. പക്ഷെ സമൃദ്ധവും ഇടതൂര്‍ന്നതുമായ അടിക്കാടുകളോടുകൂടിയ ഇരുണ്ട വനം കലപിലകൂട്ടുന്ന ചപ്പിലകള്‍ ക്രമേണ ഗ്രൂപ്പു നോക്കാതെ നടത്തം മുന്നേറി വയ്യാത്തവര്‍ പുറകിലായി.
ഏകദേശം കാല്‍മണിക്കൂര്‍ സമയം കഴിഞ്ഞു. ഇപ്പോള്‍ ഏറ്റവും മുന്നില്‍ ഓണനും ബാലനുമാണ്. തൊട്ടു പിന്നില്‍ നൗഷാദും ഞാനും. എനിക്ക് ആനയുടെ മണം അനുഭവപ്പെടുന്നതായി തോന്നി. ഞാനത് ഓണനോടു പറഞ്ഞു. അയാളത് ശരി വച്ചു. നൗഷാദിനോടും എന്നോടും നില്‍ക്കാന്‍ പറഞ്ഞു. അതീവശ്രദ്ധയോടെ ചുറ്റുപാടുകള്‍ സശ്രദ്ധം നിരീക്ഷിച്ച് കയ്യില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ഗുണ്ട് ( എറിഞ്ഞു പൊട്ടിക്കുന്നത്)‘ മുറുകെപ്പിടിക്കാതെ അവര്‍ മുന്നോട്ടു നടന്നു. കുറച്ചപ്പുറത്ത് എവിടെയോ മരക്കൊമ്പുകള്‍ ഒടിയുന്ന ശബ്ദം വ്യക്തമായി കേള്‍ക്കുന്നുണ്ട്. പിന്നില്‍ വരുന്നവരോട് അവിടെ തന്നെ നില്‍ക്കാന്‍ ഞാന്‍ ആംഗ്യം കാണിച്ചു.
ഓണനും ബാലനും ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നിടത്തു നിന്നും ഇരുന്നൂറ് മീറ്റര്‍ അകലെയാണ്. അവര്‍ ഞങ്ങളെ നിശബ്ദം അങ്ങോട്ടു ചെല്ലാന്‍ സൂചന നല്‍കി നൗഷാദും ഞാനും മുന്നില്‍ നടന്നു. കരിയിലകളനക്കാതെ ശ്വാസം അടക്കിപ്പിടിച്ച് ഓണന്റെ അടുക്കലെത്തി. അപ്പോഴുണ്ട് നൂറു മീറ്ററോളം മുന്നില്‍ ഗുരുവായൂര്‍ കേശവനെ വെല്ലുന്ന കൊമ്പന്‍. ഏകദേശം അത്രയും പോന്ന ഒരു പിടിയാനയെ പ്രണയിക്കുന്ന കാഴ്ച ! അത്ഭുതം ! അപൂര്‍വ മനോഹരമായ അസുലഭ കാഴ്ച.
തൊട്ടടുത്ത് രണ്ട് പിടിയാനകള്‍ മരക്കൊമ്പൊടിച്ച് നില്‍ക്കുന്നുണ്ട്. മരങ്ങള്‍ക്കിടയിലൂടെയുള്ള കാഴ്ച കാണാന്‍ ഞങ്ങള്‍ പിന്നില്‍ നില്‍ക്കുന്നവരെ ക്ഷണിച്ചു. ശ്വാസം അടക്കിപ്പിടിച്ച് കൈകാലുകള്‍ വിറച്ചുകൊണ്ട് അവര്‍ വന്നു. കാഴ്ച കണ്ട് കോരിത്തരിച്ചു. വിസ്മയക്കാഴ്ച. ജീവിതത്തിലൊരിക്കലും കാണാന്‍ കഴിയുമെന്ന് കരുതാനാവാത്ത ദര്‍ശനം. ദൃശ്യം പകര്‍ത്താന്‍ എല്ലാവരും ക്യാമറകള്‍ കയ്യിലെടുത്തു. ക്യാമറ സൂം ചെയ്ത് ഫോട്ടോ എടുത്തു. നിന്നിടത്തു നിന്നും ഒരടി മുന്നോട്ടു വയ്ക്കാന്‍ ഓണന്‍ ആരേയും അനുവദിച്ചില്ല. മാത്രമല്ല അഞ്ചു മിനിറ്റു പോലും അവിടെ നില്‍ക്കാന്‍ സമയം നല്‍കിയില്ല. ഇതിന്നകം കൊമ്പനും കൂട്ടരും മരങ്ങള്‍ക്കും മുള്‍ച്ചെടികള്‍ക്കും ഇടയില്‍ മറഞ്ഞു കഴിഞ്ഞു.
ഒട്ടും അമാന്തിക്കാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. വന്നവഴിയില്‍ നിന്നും കുറച്ചു മാറിയാണ് നടന്നിരുന്നത് ( അല്ലെങ്കില്‍ കാട്ടില്‍ എന്തു വഴി) തുടര്‍ന്നുള്ള നടത്തത്തിന് ക്ഷീണം ആര്‍ക്കു ഒരു പ്രശ്നമായിരുന്നില്ല. അവശന്മാര്‍ പോലും പതിന്മടങ്ങ് വേഗത്തിലായി . സന്തോഷമായിരുന്നില്ല ഇതിനെല്ലാം പ്രധാന കാരണം ഭയമായിരുന്നു. ഏതെങ്കിലും ഇടത്തില്‍ കൂടി ആനകള്‍ മുന്നില്‍ വന്നു പെട്ടാല്‍?
കാട്ടിന്നകത്ത് ചെല്ലുമ്പോള്‍ നവാഗതര്‍ക്ക് വന്യമൃഗങ്ങളെ നേരില്‍ കാണണമെന്ന് തോന്നുക സ്വാഭാവികമാണ്. ക്രുദ്ധരല്ലാത്തവരെ കാണുന്നത് ആവേശം നിറക്കുമെങ്കിലും അക്രമകാരികള്‍ അതീവപ്രശ്നക്കാരാണ്. ഒരിക്കല്‍ തലനാരിഴക്കു രക്ഷപ്പെട്ടവര്‍ക്ക് പിന്നീടൊരിക്കലും അത്തരമൊരു അനുഭവം സ്വപ്നത്തില്‍ പോലും കാണാന്‍ ഭയപ്പെടുന്നവരായിരിക്കും . ആന, പുലി, കടുവ, കരടി , ഉഗ്രസര്‍പ്പങ്ങള്‍ തുടങ്ങിയവയെ കണ്ടാല്‍ പിന്നീട് കാലുകള്‍ക്ക് എന്തു ഭാരമാണ്. നെഞ്ചിടിപ്പിന് എന്തു വേഗമാണ്. എങ്ങോട്ട് ഓടാന്‍ ? എവിടെ ഒളിക്കാന്‍? ഏതു പൊന്തയില്‍ , മരത്തിനു പിറകില്‍ മുന്നില്‍ വശങ്ങളില്‍ ഏതു തരക്കാരുണ്ടായിക്കൂടാ?
എന്തെങ്കിലും സംഭവിച്ചാല്‍ അനുഭവിക്കുക തന്നെ. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അസ്ഥികൂടമോ അജ്ഞാത തലയോട്ടിയോ കണ്ടെത്തി എന്ന വാര്‍ത്ത വന്നേക്കാം. വനം വന്യജീവികളുടേതാണ്. അവിടേക്ക് കടക്കുന്നവര്‍ അതിക്രമിച്ചു കടക്കുന്നവരാണ്. എന്തു സംഭവിച്ചാലും തിരിച്ചറിവുള്ള നമ്മുടെ പിഴ വലിയ പിഴ. ഇതെല്ലാമാണെങ്കിലും ട്രക്കിംഗ് നടത്തി ഒരിക്കല്‍ സുഖം അനുഭവിച്ചാല്‍ ഉറപ്പായും അവര്‍ക്ക് മിണ്ടാതിരിക്കാനാവില്ല.
ഇരുപത് മിനിറ്റു നേരം ഞങ്ങള്‍ നടന്നത് റോക്കറ്റ് വേഗതയിലായിരുന്നു. സത്യത്തില്‍ ആരും ആരേയും ശ്രദ്ധിക്കാതിരുന്ന നേരം. വിവിധങ്ങളായ കാട്ടുവള്ളികളുടേയും മുള്‍പ്പടര്‍പ്പുകളുടെയും തടസ്സം എങ്ങനെയാണ് മറി കടന്നെതെന്ന് അത്ഭുതമായിരുന്നു. മൂന്നു നാള്‍ ദീര്‍ഘിച്ച വനയാത്രയില്‍ ആരും മിണ്ടാതിരുന്ന അരമണിക്കൂര്‍. സ്വന്തം നെഞ്ചിടിപ്പും ആരാന്റെ നെഞ്ചിടിപ്പും കേള്‍ക്കുന്ന നിമിഷങ്ങള്‍. ഒടുവില്‍ മൂന്നരമണിയോടെ ഞങ്ങള്‍ ഭേദപ്പെട്ട ഒരു പുല്‍മേട്ടില്‍ എത്തിച്ചേര്‍ന്നു. അവിടെ കുറച്ചു നേരമിരുന്ന് ആശ്വസിച്ചു.
വളരെ അകലെയല്ലാതെ ആകാശം മുട്ടുന്ന ഒരു മരക്കൊമ്പില്‍ ചെമ്പന്‍ നിറത്തില്‍ ഒരു പക്ഷി ഇരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ക്യാമറ സൂം ചെയ്തു നോക്കിയപ്പോള്‍ അതൊരു കഴുകനാണെന്നു മനസിലായി. കേരളത്തില്‍ കഴുകന്മാരെ കാണുക അപൂര്‍വമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു. ഞാന്‍ കഴുകന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തി.
ഞങ്ങള്‍ നില്‍ക്കുന്ന പുല്‍മേട്ടില്‍ നിന്നും വളരെ ദൂരെ മലയടിവാരത്തില്‍ വയനാട്ടിലെ മലമ്പാതകളിലൂടെ ജീപ്പ് ഇഴഞ്ഞു നീങ്ങുന്നത് ഉറുമ്പിന്റെ വലിപ്പത്തില്‍ കണ്ടു. ഓടിട്ട വീടുകളും മോട്ടോര്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്ന നേരിയ ശബ്ദം കാണാനും കേള്‍ക്കാനും കഴിഞ്ഞു. പത്തു മിനിറ്റു നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. തികച്ചും ദുര്‍ഘടമായ മേഖല. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മുള്ളുള്ള വഴികള്‍ മാത്രം എന്നതാണവസ്ഥ. ഇങ്ങനെയും മുള്‍ക്കാടുണ്ടോ എന്നു തോന്നി. ഏകദേശം അരമണിക്കൂര്‍ സമയം ഇഴഞ്ഞും നിരങ്ങിയും നീങ്ങി. ഉടുവസ്ത്രങ്ങല്‍ കീറാത്തവരായി ആരുമുണ്ടായില്ല. ഇതിലുമത്ഭുതം ഇത്രയും നേരം പ്രൊഫസര്‍ ബിജു നഗ്നപാദനായിട്ടാണ് നടന്നിരുന്നെന്നതാണ്. കാടിന്റെ ശരിയായ കലവറയില്‍ കുറച്ചു നേരം കൂടി കഴിഞ്ഞാണ് എത്തിയത്.
വഴിമുടക്കി കിടന്നിരുന്ന ഉണങ്ങി വീണ മരങ്ങളെ ചാടിക്കടന്നും കയറിമറിഞ്ഞും മുമ്പോട്ടു നീങ്ങുകയാണ് ഇന്നത്തെ ക്യാമ്പ് അവസാനിക്കുന്നതിന് ഇനിയും ദൂരമുണ്ട് എന്ന ഓണന്റെ വാക്കുകള്‍ വെള്ളിയിടിയായി തോന്നിത്തുടങ്ങി. അന്തമില്ലാത്ത കാട്. പെരും കാട്. നേരമിപ്പോള്‍ അഞ്ചരമണിയാണ്. നല്ല കാഴ്ച മങ്ങി തുടങ്ങി. വയനാടന്‍ മലയടിവാരത്ത് ഓടിട്ട വീടുകള്‍ കണ്ട ഭാഗത്തേക്ക് ഇറങ്ങി യാത്ര അവസാനിപ്പിക്കാമായിരുന്നു എന്ന് ആരൊക്കെയോ പറഞ്ഞു തുടങ്ങി. ഇനിയൊന്നും സാധ്യവുമല്ല.
നടെന്നെത്തിയത് കാട്ടാറിന്റെ തീരത്താണ്. കൂര്‍ത്തതും ഉരുണ്ടതും മിനുസമുള്ളതുമായ പാറകള്‍ക്കിടയിലൂടെ വഴുക്കലുകളില്‍ തെന്നി വീഴാതെ കഴിഞ്ഞ ദിവസങ്ങളില്‍ പുറം തള്ളിയ ആനപ്പിണ്ടങ്ങളെ കണ്ട് , കാലടിപ്പാടുകളില്‍ ഞെരിഞ്ഞമര്‍ന്ന പുല്ലിന്റെ അവശിഷ്ടങ്ങളില്‍ ചവിട്ടി കുഴഞ്ഞു മറിഞ്ഞ ചേറില്‍ കാല്‍ പുതയാതെ മലഞ്ചെരുവിലൂടെ ഉരുണ്ട് താഴേക്കു പതിക്കാതെ ഇടം വലം നോക്കാതെ മുന്നോട്ടു നടന്നു. ( മുമ്പില്‍ നടക്കുന്ന ഓണന് ഞങ്ങളെ തങ്ങാന്‍ പറ്റുന്നിടത്ത് എത്തിക്കുക എന്ന ഡ്യൂട്ടി മാത്രം) ഒടുവില്‍ തലേന്നത്തേതു പോലെ കാട്ടാറില്‍ നടുവിലെ പാറക്കെട്ടുകളില്‍ ആറരക്ക് ഞങ്ങള്‍ക്കുള്ള വിശ്രമം ഓണന്‍ കണ്ടെത്തിത്തന്നു.
പാറപ്പുറത്തിന് തീരെ ഉയരമുണ്ടായിരുന്നില്ല. അംഗങ്ങള്‍ക്കെല്ലാം ഒരുമിച്ച് ഇരിക്കാന്‍ പോലും ഒരിടത്തും ഇടമില്ല. വെള്ളം കിനിയുന്ന പാറക്കു മുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കിടക്കേണ്ട അവസ്ഥയാണ്. പക്ഷെ ഓണനെ പറഞ്ഞിട്ടു കാര്യമില്ല. കാഴ്ച മങ്ങിത്തുടങ്ങിയിരിക്കുന്നു. ദിക്കറിയാ പെരും കാട്ടില്‍ മിന്നാമിനുങ്ങിന്റെ വെട്ടം പോലുമില്ലാതെ….
സത്യത്തില്‍ ആശ്വാസവും കരച്ചിലും വന്ന നേരമായിരുന്നു. കൂടെയുള്ളവരെല്ലാം ഇനിയും അരമണിക്കൂറെങ്കിലും കഴിയാതെ എത്തില്ലായെന്നു ഞാന്‍ കരുതി. കടന്നു വന്ന വഴികളിലൂടെ അവരെങ്ങനെയെത്തുമെന്നും ഞാന്‍ സന്ദേഹിച്ചു. അത്രക്ക് ദുഷ്ക്കരവും ഭയാനകവും ഭീതിദവുമായിരുന്നു മങ്ങിയ വെളിച്ചത്തിലെ ആ യാത്ര. ഓണനോടൊപ്പം നൗഷാദും ഞാനും പ്രവീണും പ്രശാന്തും നാരായണ സ്വാമിയും ഫ്രാങ്ക് ആന്റെണിയും സുന്ദരനും മാത്രമേ എത്തിയിട്ടുള്ളു. കാടുകള്‍ പലത് കയറിയിറങ്ങി പരിചയമുള്ള നൗഷാദ് പറഞ്ഞു.
‘’ ചങ്ങാതിമാരെ ഇതാണ് ട്രക്കിംഗ്. നിങ്ങളാണ് യഥാര്‍ത്ഥ ട്രക്കേഴ്സ് ‘’
അവിശ്വസനീയം എന്നേ പറയേണ്ടു. അരമണിക്കൂര്‍ കഴിയാതെ മറ്റുള്ളവര്‍ക്ക് എത്താന്‍ കഴിയില്ല എന്നു കരുതിയ ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ഏവരും പത്തു മിനിറ്റിനകം എത്തിച്ചേര്‍ന്നു. അക്കൂട്ടത്തില്‍ മുമ്പില്‍ വിജുവേട്ടനായിരുന്നു എന്നത് മഹാത്ഭുതം. വില്ലിന്റെയും ബാലന്റെയും മിടുക്കും ഇതിനു പിന്നിലുണ്ടായിരുന്നു.
ഒന്നാലോചിച്ചാല്‍ എല്ലാവരും എത്തിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കടന്നു വന്ന വഴിയിലെ ഭീകരഭയാനകത നിശ്ശബ്ദം ഏവരോടും പറയാതെ പറഞ്ഞത് ഒരേ ഒരു കാര്യമായിരുന്നു ‘’ പ്രാണന്‍ വേണോ അതോ കൊമ്പന്റെ തുമ്പിയിലോ കാലടിയിലോ കിടന്ന് ഈ കന്യാവനങ്ങളിലെ ആദ്യ ഇരയാകണോ?’‘ ഈ ബോധം തന്നെയാണ് ഏവരേയും കാലുകളില്‍ യന്ത്രം ഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഉറപ്പ് അമ്മയാണെ ദൈവമാണേ സത്യം.
വിശ്രമയിടം ഒട്ടും തന്നെ സുരക്ഷിതമല്ല എന്ന് ഏവര്‍ക്കും ബോധ്യമുണ്ട്. പക്ഷെ മറ്റൊരു മാര്‍ഗവുമില്ല. ലക്ഷ്യമിട്ടിരിക്കുന്ന ചൂരല്‍ മലയിലെ താല്‍ക്കാലിക ഷെഡിലെത്താന്‍ ഇനിയും ഒരുമണിക്കൂറിലേറെയെങ്കിലും നടക്കണമെന്നും ഇടക്ക് ചതുപ്പ് നിലങ്ങളുണ്ടെന്നും ഇരുട്ടു വീണ നേരത്തെ യാത്ര അപകടങ്ങളെ ക്ഷണിച്ചു വരുത്തുമെന്നും ഓണനും വില്ലും അച്ചട്ട് പറഞ്ഞു. ഇപ്പോഴെത്തെ സ്ഥലത്തിന് ഒരു വശം പുല്‍ക്കാടും മറുവശം കഴിഞ്ഞ ദിവസങ്ങളില്‍ ആനകള്‍ വിശ്രമിച്ച ഇടവുമാണ് എന്ന് സുവ്യക്തം. മുമ്പില്‍ ഒരു മാര്‍ഗം മാത്രം ‘ മൂന്നു വശവും ക്യാമ്പ് ഫയര്‍ – രാവിലെ ഏഴുവരെ’ നൗഷാദ് പറഞ്ഞു.
പിന്നീട് താമസമുണ്ടായില്ല. ഞങ്ങളില്‍ ഏവരും ഒത്തൊരുമയോടെ സമീപസ്ഥലത്തു നിന്നും വലുതും ചെറുതുമായ ഉണങ്ങിയ മരക്കഷണങ്ങള്‍ ശേഖരിച്ചു. ഒത്തൊരുമിച്ചാല്‍ മലയും പോരും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഞങ്ങളുടെ സഹകരണം.
ഏഴുമണിക്കു തന്നെ ക്യാമ്പ് ഫയര്‍ തുടങ്ങി. കാട്ടാറിന്റെ കരകളിലും പുഴയുടെ നടുക്ക് പാറപ്പുറത്ത് ഭക്ഷണം തയ്യാറാക്കുന്നയിടത്തും ഫയറിട്ടു. പുഴയുടെ മുന്‍ഭാഗം മൂന്നാള്‍ പൊക്കത്തില്‍ താഴ്ചയാണ് അവിടെ ക്കാണ് വെള്ളം ഒഴുകി വീഴുന്നത്.
രാവിലെ വരെ കത്താനുള്ള വിറക് സംഭരിച്ചിട്ടുണ്ട്. അതുതന്നെയായിരുന്നു വലിയ ധൈര്യം. കുളിക്കുന്നവര്‍ കുളിയിലും ഫോണന്മാര്‍ ഫോണിലും അഭ്യാസം തുടങ്ങി. കഴിഞ്ഞ ദിവസം പോലെ അവരാരും തൃപ്തരായിരുന്നില്ല. നീരാട്ടിനു പറ്റിയ ഇടമല്ലാത്തതും ഇരുട്ടു കനത്തതും റേഞ്ച് കുറഞ്ഞതുമായിരുന്നു കാരണം.
ഇന്നലത്തേതു പോലെ പാചകം ഏറ്റെടുത്തത് രാമചന്ദ്രനും കൂട്ടുകാരുമായിരുന്നു. അവര്‍ അവരുടെ ഡ്യൂട്ടി തുടങ്ങി. മറ്റുള്ളവര്‍ ചെറു സംഘങ്ങളായി വീരസ്യങ്ങളും നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞിരുന്നു. എറണാകുളത്തെ രണ്ട് സുഹൃത്തുക്കള്‍ എന്റെ പുസ്തകങ്ങളെക്കുറിച്ചും യാത്രകളെപറ്റിയും ചോദിച്ചറിഞ്ഞു. കല്യാണം കഴിക്കാത്ത ഉദ്യോഗസ്ഥകളായ പെണ്‍കുട്ടികളാരെങ്കിലും അറിവിലുണ്ടോ എന്ന് അന്വേഷിക്കാനും അവര്‍ മറന്നില്ല.
ഇന്നു രാത്രി രണ്ടു പേര്‍ വീതം രണ്ടു മണിക്കൂര്‍ ഇടവിട്ട് ഓരോ തീകുണ്ഡത്തിന്നടുത്തും കാവല്‍ നില്‍ക്കുവാന്‍ ടീമുകളായി തിരിച്ച് നൗഷാദ് ഉത്തരവിറക്കി. എന്തുകൊണ്ടാണെന്നറിഞ്ഞു കൂടാ ഞാന്‍ ടീമുകളുടെ പട്ടികയിലുണ്ടായിരുന്നില്ല. നൗഷാദിന്റെ പ്രവൃത്തി തികച്ചും ശരിയായിരുന്നു. വളരെ സെന്‍സേഷനല്‍ ആയ ഇടത്താണല്ലോ ക്യാമ്പ്.
Generated from archived content: yathra07.html Author: m.e.sethumadhavan