ഇലക്ട്രിസിറ്റി ജീവനക്കാരന്‍ ഓവര്‍സീയര്‍ രാമചന്ദ്രന്‍ തികഞ്ഞ ഒരു മനുഷ്യസ്നേഹിയാണെന്ന് ബോധ്യമായത് രാത്രി വന്നതോടുകൂടിയാണ്. ക്ഷീണമകറ്റാനും കാട്ടാറിന്റെ കുളരിയില്‍ വിവസ്ത്രരായി നീരാടി തിമിര്‍ക്കാനും പലരും നേരം കണ്ടെത്തിയപ്പോള്‍ , രാമചന്ദ്രന്‍ വലിയ പാത്രത്തില്‍ കഞ്ഞിയും കറിയും വയ്ക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. സുന്ദരേശ്വരനും ഷിബുവും ആത്മാര്‍ത്ഥതയോടെ സഹകരിക്കുന്നുണ്ട്. ചിലരെല്ലാം പാറപ്പുറത്തിരുന്നു എന്തെല്ലാമൊ കൊറിക്കുകയാണ്. മറ്റുചിലര്‍ പിന്നിട്ട വഴികളിലെ അതിസാഹസികതയും വീരത്വവും പത്തുമടങ്ങ് പൊലിപ്പിച്ച് നാട്ടിലേക്ക് കയറ്റിവിടുകയാണ്. മൊബൈല്‍ ഫോണിന് നന്ദി. റേഞ്ചിന് സ്തുതി.
കാടിന്റെ കാലാവസ്ഥയിലും ആഗോളതാപനം വന്നിരിക്കുന്നു. വയനാടന്‍ കാടുകള്‍ തണുത്തു വിറക്കുന്നില്ല. കെട്ടിപൊതിഞ്ഞു കൊണ്ടുവന്ന സ്വറ്റെറും ഓവര്‍ കോട്ടുമെല്ലാം മിക്കവരും വാരിയണിഞ്ഞു കഴിഞ്ഞു. എനിക്ക് ചിരിയാണു വന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ഷര്‍ട്ടിന്റെ ചൂട് ധാരാളം മതിയായിരുന്നു. ഞാന്‍ പാറപ്പുറത്ത് മാനം നോക്കി നക്ഷത്രമെണ്ണി കിടന്നു. മനസ് അനായാസം അവിശ്രമം കുന്നും മലകളും താണ്ടി അക്ഷീണം വീട്ടിലെ കിടപ്പുമുറിയിലെത്തി. ആ സങ്കല്‍പ്പത്തില്‍ ഞാന്‍ തല്‍പ്പത്തിലെന്ന പോലെ ഉറങ്ങി.
രാത്രി പത്തുമണിക്ക് നാരായണസ്വാമി തട്ടി വിളിച്ചിട്ടാണ് ഞാനുണര്‍ന്നത്. കഞ്ഞിയും കറിയും കാലമായിരിക്കുന്നു. ചൂടു കഞ്ഞിയും കാച്ചിയ പപ്പടവും കടലമസാലകറിയും അച്ചാറും ഉണക്കമീന്‍ വറുത്തതുമാണ് മെനു. മീന്‍ പൊരിച്ചതൊഴികെയുള്ളതെല്ലാം ഞാന്‍ വാങ്ങി. ഉച്ചഭക്ഷണം ശരിയാകാതിരുന്നതിനാല്‍ കഞ്ഞി കാര്യമായി കഴിച്ചു. വീണ്ടും അരമണിക്കൂറിനകം ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു. യുവധീരന്മാര്‍ കൗതുകകഥകളും നൗഷാദ് മുന്‍ ട്രക്കിംഗുകളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ടായിരുന്നു. മനസുവിട്ടൊരു ഉറക്കം സാധ്യമായിരുന്നില്ല. പാറപ്പുറവും ചെരിഞ്ഞിരുന്നതിനാല്‍ താഴേക്ക് ഊര്‍ന്നു പോകുന്നുണ്ട്. ഞാന്‍ കിടക്കുന്നതിനു താഴെ പന്ത്രണ്ടടി താഴ്ചയിലൂടെയാണ് വെള്ളം ഒഴുകുന്നത്. കരയില്‍ നിന്നും പാറയുടെ അടുത്തേക്ക് പതിനഞ്ചു മീറ്ററിലധികം ദൂരമുണ്ട്. ഈ ധൈര്യം മനസില്‍ സംഭരിച്ചാണ് ഞാന്‍ കിടക്കുന്നത്.
ഗാഢനിദ്ര സാധ്യമായിരുന്നില്ല. അര്‍ധമയക്കത്തില്‍ നിന്നും ഉണര്‍ന്ന് നോക്കുമ്പോള്‍ സമയം ഒരു മണിയായിരുന്നു. ക്യാമ്പ് ഫയര്‍ ഒറ്റക്കിരുന്ന് കത്തിക്കുകയാണ് നാരായണ സ്വാമി. ഞാനതു കണ്ട് കിടക്കാതെ നാരായണ സ്വാമിയെ സഹായിക്കാനായി ചെന്നു. അദ്ദേഹം സ്നേഹപൂര്‍വം എന്നെ ഉറങ്ങാനയച്ചു. വീണയിടം വിഷ്ണു ലോകം എന്ന നിലക്കാണ് പലരും.
മൂന്നു മണിയോടെ എന്റെ ഉറക്കം പൂര്‍ണ്ണമായും കളമൊഴിഞ്ഞു. അന്നേരം തീ മിന്നിയാണ് കത്തുന്നത്. എല്ലാവരും ഉറക്കത്തിന്റെ ആഴങ്ങളില്‍ ആണ്ടു പോയിരുന്നു. ഞാന്‍ എണീറ്റ് തീയിന് ജീവന്‍ പകര്‍ന്നു. പുതിയ മരക്കഷണങ്ങള്‍ തീയിലേക്ക് ഇട്ടു കൊടുത്തു. തീ ആളിക്കത്തിക്കൊണ്ടിരുന്നു.
ഓണനും ബാലനും വില്ലും നല്ല ഉറക്കത്തിലാണ്. അവര്‍ ഞങ്ങളില്‍ നിന്നും കുറച്ചകലെ ചെറിയ രീതിയില്‍ തീയിട്ട് ആയതിന് അടുത്താണ് കിടപ്പ്.
തണുപ്പ് തീരെ കുറവായിരുന്നു. അഞ്ചു മണിയോടെ പലരും എണീറ്റു തുടങ്ങി. കാവലിനു ആളായപ്പോള്‍ നടുനിവര്‍ക്കാന്‍ വീണ്ടും ഞാന്‍ കിടന്നു. ആകാശത്തു നിന്നും മഞ്ഞിന്‍ കണങ്ങള്‍ നിര്‍ഭയരായി താഴേക്കു വന്നു. അങ്ങു ദൂരെ വെള്ളരി മലയില്‍ പ്രകാശത്തിന്റെ കണങ്ങള്‍ കടന്നു വന്നു കൊണ്ടിരുന്നു. ചുവപ്പും മഞ്ഞയും വെള്ളയും നിറങ്ങള്‍ മലമുടിയില്‍ തെളിയുകയാണ്.
ആറമണിയായപ്പോള്‍ നൗഷാദ് എല്ലാവരേയും തട്ടിയുണര്‍ത്തി. ചൂടു കട്ടന്‍ ചായ കുടിച്ച് മിക്കവരും പ്രഭാതകൃത്യങ്ങള്‍ക്കായി പാറക്കെട്ടുകള്‍ക്കിടയില്‍ മറഞ്ഞു. ചെറിയ ജലപാതകളില്‍ ദേഹം നനച്ചു കുളിച്ചു. രണ്ടാം ദിവസത്തെ യാത്രക്കുള്ള തയ്യാറെടുപ്പിന് വേഗത പോരായിരുന്നു. നഗരന്മാരുടെ ആലസ്യം തന്നെയായിരുന്നു കാരണം. പ്രഭാതഭക്ഷണം പ്രത്യേകം തയ്യാറാക്കാന്‍ ശ്രമം നടന്നില്ല. തലേരാത്രിയിലെ കഞ്ഞി ബാക്കിയുണ്ടായിരുന്നു. ചുട്ട പപ്പടവും മാങ്ങാ അച്ചാറുമാണ് കറി . കഞ്ഞി കഴിക്കാതെ തരമില്ല. എല്ലാവര്‍ക്കും കഴിക്കാന്‍ വേണ്ടത്ര കഞ്ഞിയുള്ളപ്പോള്‍ അതങ്ങനെ കളയും? ഉച്ചക്ക് എത്തുന്നിടത്ത് അവില്‍ നനച്ച് കഴിക്കാം എന്നു തീരുമാനിച്ച് 8. 15 നു രണ്ടാം ദിവസത്തെ യാത്രയാരംഭിച്ചു.
തുടക്കമെ കയറ്റമായിരുന്നു. ഇറക്കങ്ങള്‍ കുറഞ്ഞു വന്നു. കഴിഞ്ഞ ദിവസത്തെ നടത്തിന്റെ ക്ഷീണവും കാല്‍ വണ്ണയുടെയും തുടയുടേയും മസില്‍ പിടുത്തവും ആദ്യ നിമിഷങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കാതിരുന്നില്ല. വിജു ചേട്ടനും അഷറഫും കുറച്ചു ക്ഷീണിതരാണ്. അവരെ മുന്‍പില്‍ നടത്തിച്ചു. പിന്നിലായാല്‍ അവര്‍ വീണ്ടും പിന്നിലാകുമെന്ന് ഉറപ്പായിരുന്നു. യാതൊരു സംശയത്തിനും ഇട നല്‍കാതെ വഴികാട്ടികള്‍ വഴി കണ്ടെത്തി മുന്നോട്ടു നടന്നു.
നേരം കഴിയും തോറും എല്ലാവരും ഊര്‍ജ്ജം ആര്‍ജ്ജിക്കയായിരുന്നു. അല്ലാതെ മറ്റെന്തു മാര്‍ഗം? മുന്നില്‍ കുത്തനെയുള്ള കയറ്റങ്ങള്‍. കൈപ്പത്തിയുടെ വീതിമാത്രമുള്ള ചരിവുകളിലൂടെ ഞാനും നൗഷാദും വരയാടുകള്‍ മാതിരി കയറിക്കൊണ്ടിരുന്നു. ബാലന്‍ റോപ്പുകെട്ടി ചിലരെ കയറാന്‍ സഹായിച്ചു. ഇടക്കിടെ പ്രശാന്ത് ജി. പി. എസ്. എല്‍ നോക്കി ലാറ്റിറ്റ്യൂട്ട് ലോഞ്ജിറ്റ്യൂട്ട് ഉയരം ദൂരം എന്നിവ കൃത്യമായി പറയുന്നത് കേള്‍ക്കുമ്പോള്‍ സുഖം തോന്നിയിരുന്നു.
സമയം പന്ത്രണ്ടരയായിരിക്കുന്നു. എട്ടേകാലിനു തുടങ്ങിയ നടത്തമാണ്. കിലോമീറ്ററിന്റെ കണക്കില്‍ നാല് കി. മി. മാത്രമേ പിന്നിട്ടിട്ടുള്ളു. പക്ഷെ 790 മീറ്ററില്‍ നിന്നും 1400 മീറ്റര്‍ ഉയരത്തില്‍ എത്തിയിരിക്കുന്നു. ഇത് കയറ്റത്തിന്റെ കാഠിന്യം വെളിപ്പെടുത്തുന്നു. ഉയരം കൂടുംതോറും കുളിര്‍ കൂടികൂടി വന്നു. അതേ സ മയം ശരീരം നല്ല ഹീറ്റായിരുന്നു.
ശരാശരി വണ്ണമുള്ള രണ്ടു മരങ്ങള്‍ മാത്രമേ ഇപ്പോള്‍ കാണുന്നുള്ളു. ഇടത്തരങ്ങളും താഴെ തരത്തിലുള്ളതുമായ മരങ്ങള്‍ നിറയെ ഉണ്ട്. ഏറ്റവും നിറുകയില്‍ പാറയിടുക്കുകളില്‍ നിന്നും ഉറവ കിനിയുന്നുണ്ട്. മൂന്നരമണിക്ക് ഏറ്റവും ഉയരമുള്ള മലയുടെ ഉച്ചിയില്‍ കാല്‍ കുത്തിയപ്പോള്‍ ഹിലരിക്കും ടെന്‍സിംഗിനും തോന്നിയ അതേ നിര്‍വൃതിയായിരുന്നു എനിക്കും. ‘എന്തൊരു തണുപ്പാണ് ഇവിടെ’ ഒപ്പമെത്തിയ പ്രശാന്ത് ജി. പി. എസില്‍ നോക്കി പറഞ്ഞു. 1557 മീറ്റര്‍ ഇതൊരു വലിയ ഉയരമൊന്നുമല്ലെങ്കിലും വന്ന വഴിയുടെ കാഠിന്യവും കുത്തനെയുള്ള കയറ്റവും കണക്കാക്കുമ്പോള്‍ ഒട്ടും കുറച്ചു കാണാന്‍ പറ്റുന്നതായിരുന്നില്ല . ജി. പി. എസില്‍ കാണിച്ച ദൂരം ഉയരം എന്നിവ.
വൃക്ഷച്ഛായകളില്‍ നിലത്ത് പോളിത്തീന്‍ ഷീറ്റുകള്‍ വിരിച്ച് ഞങ്ങള്‍ ഇരുന്നും കിടന്നും വിശ്രമം ആരംഭിച്ചു. പത്ത് പേര്‍ മാത്രമേ ഇതുവരെയും ഇവിടെ എത്തിയിട്ടുള്ളു. ബാക്കിയുള്ളവര്‍ അവശത മൂലം എത്തിയിട്ടില്ല. ഗ്രൂപ്പടിസ്ഥാനത്തിലൊന്നുമല്ല ഇന്നത്തെ ഇതുവരെയുള്ള നടത്തം. വരാനുള്ളവര്‍ക്ക് തുണയായും വഴികാട്ടിയായും വില്ല് ആണ് കൂടെയുള്ളത്.
ഓണനും ബാലനും രണ്ടു കന്നാസുകളിലായി മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. 15 മിനിറ്റിനകം നിറയെ വെള്ളവുമായി അവരെത്തി . ഞാന്‍ അത്ഭുതപ്പെട്ട സമയമായിരുന്നു അത്. ഇത്രയും ഉയരത്തില്‍ സുഭക്ഷിതമായ തെളിഞ്ഞ വെള്ളം !
ഉച്ചഭക്ഷണം പാകം ചെയ്യാന്‍ രാമചന്ദ്രന്‍ റെഡിയായിട്ടുണ്ട്. ബാഗുകളില്‍ നിന്നും അവില്‍ പാക്കറ്റുകള്‍ പുറത്തെടുത്തു നനക്കാനും തേങ്ങ ചിരകാനും ശര്‍ക്കര ചുരണ്ടാനും കാലടി സംസ്കൃത കോളേജ് പ്രഫസര്‍ ബിജുവും മുന്നോട്ടിറങ്ങി. ഈ സന്ദര്‍ഭത്തിലാണ് വില്ലും സംഘവും എത്തിയത്.
Generated from archived content: yathra06.html Author: m.e.sethumadhavan