ഇപ്പോള്‍ സമയം പന്ത്രണ്ടുമണിയാണ്. ഒരു കാട്ടാറിന്റെ മറുകരയിലാണ് ഞാനും കൂട്ടരും. നൈസര്‍ഗികമായി തഴച്ചു വളരുന്ന ഒന്നാന്തരം നിത്യഹരിതവനം. വമ്പന്‍ മരങ്ങള്‍ മേഘമേലാപ്പ് തേടി വളരുന്നത് ആകാശം തൊട്ടു നോക്കാനാണോ എന്നു തോന്നും. അതിനും താഴെ ചേട്ടന്മാര്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ പിമ്പേ തിരഞ്ഞു പോയവര്‍. അവര്‍ക്കു പുറകെ ഉയരങ്ങള്‍ എത്തിനോക്കാനാവുമോ എന്നു പരിശോധിക്കുന്ന മൂന്നാം തലമുറക്കാര്‍. ഏതു വിധേനെയും സൂര്യപ്രകാശം കാണാന്‍ കൊതിച്ചോടുന്ന ഇളം തലമുറക്കാര്‍. അസംതൃപ്തി പ്രകടിപ്പിച്ച് വളരാന്‍ കൂട്ടാക്കാതെ ശാഠ്യക്കാരായ കുട്ടികളേപ്പോലെ തറച്ചു നില്‍ക്കുന്ന കുഞ്ഞന്മാര്‍. എല്ലാവരും ചേര്‍ന്ന് നല്‍കുന്ന കുളിര്‍! ഇരുട്ട്! ഇടതൂര്‍ന്ന മത്സരിച്ചു വളരലില്‍ അപ്രത്യക്ഷമാകുന്ന ദൂരകാഴ്ച സമ്മാനിക്കുന്ന ഭയത്തിന്റെ , ആകാംക്ഷയുടെ , ത്രസിപ്പിക്കുന്ന, വിറപ്പിക്കുന്ന അനിശ്ചിതത്വം.
കാലദേശങ്ങളേയും പ്രായഭേദങ്ങളേയും വിസ്മരിച്ച് ഓരോരുത്തരും മറ്റുള്ളവര്‍ക്ക് കൈത്താങ്ങായി മുന്നോട്ടു ഗമിച്ചു. മിക്കപ്പോഴും കാട്ടാറിന്‍ കരയില്‍ കൂടിയായിരുന്നു മുന്നേറ്റം. വഴിപറഞ്ഞു തരാന്‍ ആറിനോളം ആര്‍ക്കാണാവുക? ഇടക്കിടെ കാട്ടാറിന്റെ ശീതളിമയില്‍ മുഖം കഴുകിയും കാല്‍ നല്‍കിയും തെളിഞ്ഞ ഒഴുക്കുവെള്ളം കൈക്കുമ്പിളില്‍ എടുത്ത് മൊത്തിക്കുടിച്ചും ദൂരം താണ്ടിക്കൊണ്ടിരുന്നപ്പോള്‍ തത്തമംഗലക്കാരന്‍ വെബ് എഞ്ചിനീയര്‍ ജി.പി. എസ് നോക്കി പറഞ്ഞു ‘’ ഇപ്പോള്‍ 573 മീറ്റര്‍ ഉയരത്തില്‍ ( സീലെവല്‍) നാം യാത്ര ചെയ്യുകയാണ്. 110 ഡിഗ്രി ലാറ്റിറ്റ്യൂഡും 29 ഡിഗ്രി ലോഞ്ജിറ്റ്യൂഡിലുമാണ് നാം എത്തിയിരിക്കുന്നത്. വി. എസ്.എസ് ആഫീസില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരം നാം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.”
വിയര്‍ത്തുകുളിച്ചും നടന്നു കിതച്ചും തളരുകയായിരുന്നു മിക്കവരും. കരുതിയിരുന്ന വെള്ളം കഴിഞ്ഞപ്പോള്‍ കാട്ടാറിന്‍ വെള്ളം അമൃതായി തീര്‍ന്നു. ജലം ഒന്നാന്തരമാണെന്ന് കണ്ടാല്‍ തോന്നുമെങ്കിലും അങ്ങനെയായിക്കൊള്ളണമെന്നില്ല.
കാടുകള്‍ പലതരമാണ്. അരുവികളും ചോലകളും ആറുകളും കാടിന്റെ ഞരമ്പുകളാണെങ്കിലും ധാരാളം ഔഷധ സാസ്യങ്ങളുടെ കലവറയില്‍ കൂടി ഒഴുകുന്നു എന്നതുകൊണ്ടും ജലം സംശുദ്ധമായിരിക്കുമെന്ന് കരുതരുത്. ഒട്ടനവധി മൃഗങ്ങളുടേയും ഇഴജന്തുക്കളുടേയും സ്പര്‍ശനം കൊണ്ടും കാഷ്ടം, മൂത്രം എന്നിവ ചേര്‍ന്നതുകൊണ്ടും വിഷച്ചെടികളുടെയിടയില്‍ കൂടി ഒഴുകുന്നതുമെല്ലാം ജലത്തെ മലിനീകരിക്കാം. ഒഴുക്കുവെള്ളത്തില്‍ അഴുക്കില്ല എന്ന പഴമൊഴി അക്ഷരം പ്രതി ശരിയായി തീരണമെന്നില്ല. അതേ സമയം ദാഹിച്ചു വലഞ്ഞ് നാവിറങ്ങുമ്പോള്‍ കാല്‍ തളരുമ്പോള്‍ ദേഹം ക്ഷീണിക്കുമ്പോള്‍ ജലം അമൃത് തന്നെ!
കരുതിയിരുന്ന ഉച്ചഭക്ഷണം കഴിക്കാനൊത്ത ഇടം തരമായത് ഒന്നരമണിക്കാണ്. സാമാന്യം വലിയ ഒരു പാറയുടെ മുകളിലും ചെരിവുകളിലുമായി ഞങ്ങള്‍ ഇരുന്നു. അരികിലൂടെ വെള്ളമൊഴുകുന്നുണ്ട് . ഓണനും വില്ലും അവരുടെ ചുമലില്‍ തൂക്കിയിരുന്ന പാത്രങ്ങള്‍ ഇറക്കി വച്ചു. അതിനുള്ളില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചികളില്‍ നിറച്ചു വച്ചിരുന്ന സാമ്പാറിന്റേയും രസത്തിന്റേയും കിറ്റുകളെടുത്ത് ലീഡര്‍മാര്‍ക്ക് നല്‍കി. അവര്‍ എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു.
എനിക്ക് പാഥേയം ( പൊതിച്ചോറ്) തുറന്നതും അതിന്റെ വാട മൂക്കില്‍ കയറി ഛര്‍ദ്ദിക്കാന്‍ വന്നു. വിളമ്പിയ സമ്പാറാകട്ടെ പഴകിയ ഗന്ധത്താല്‍ വഴുവഴുപ്പായി കഴിക്കാന്‍ പറ്റാത്ത വിധമായിട്ടുണ്ട്. അല്‍പ്പമെങ്കിലും ആശ്വാസം രസമാണ്. ചോറുപൊതിയില്‍ വച്ചിരുന്ന ഉപ്പേരി ( ഒരു ടീസ്പൂണ്‍) വെന്തിട്ടില്ലായിരുന്നു . ഞാനാകെ കഷ്ടത്തിലായി. പ്രഭാതഭക്ഷണമേ ശരിയായില്ല മനസിന് പിടിക്കാത്ത ഭക്ഷണം എങ്ങനെ കഴിക്കും? ഇരുപതുകൊല്ലമായി ജീവിതത്തില്‍ കടന്നു വന്ന സൗഭാഗ്യമാണ് ദിവസവും മൂന്നുനേരം ചൂടുള്ളതും സമ്പുഷ്ടവുമായ ഭക്ഷണം കഴിക്കാന്‍ സാധിച്ചു എന്നുള്ളത്. വിവാഹാനന്തരം സ്വാദിഷ്ടവും വൈവിധ്യവുമായ ഭക്ഷണം ഉണ്ടാക്കിത്തരാനും ആയത് കഴിക്കാനും ഇടവന്നതില്‍ എന്റെ ഭാര്യയുടെ പങ്ക് അവിസ്മരണീയമാണ്. മറ്റൊരു മാര്‍ഗവുമില്ലാത്തതു കോണ്ട് പാഥേയത്തില്‍ എന്റെ പാര്‍വതിയുടെ ( ഭാര്യ) മുഖം കാല്‍പ്പനികമായി ദര്‍ശിച്ച് ഞാന്‍ പൊതിച്ചോറ് അകത്താക്കി . പിന്നീട് തെളിഞ്ഞ ഒഴുക്കുവെള്ളത്തില്‍ കൈയും വായും കഴുകി . ഒരു ചെറിയ പാറയുടെ ചരിവില്‍ മയങ്ങാല്‍ കിടന്നു യാത്രാ സംഘത്തിന് അരമണിക്കൂര്‍ വിശ്രമമാണ്.
Generated from archived content: yathra04.html Author: m.e.sethumadhavan