ഇതിനിടയാണ് ഒരു ഫോറസ്റ്ററും രണ്ടു മൂന്നു ഗാര്‍ഡുകളും ഞങ്ങളുടെ ക്യാമ്പിലെത്തിയത്. ട്രക്കിംഗിനുള്ള അനുമതി പത്രം അവര്‍ വാങ്ങി പരിശോധിച്ചു. നിര്‍ലോഭം ആശംസകളും നിര്‍ദ്ദേശങ്ങളും തന്നു. നിബിഡവനത്തിനകത്ത് കരുതലുണ്ടാകണമെന്നും കണ്ണും കാതും കൂര്‍പ്പിച്ച് നീങ്ങേണ്ടതുണ്ടെന്നും ഉപദേശിച്ചു. കാട് കാത്തു രക്ഷിക്കേണ്ടത് നമ്മളാണെന്നും കാട്ടുമൃഗങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കടന്നതിന് അവര്‍ക്ക് നമ്മളോട് വിരോധമുണ്ടാകുക സ്വാഭാവികമായതിനാല്‍ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് മുന്നേറണമെന്നും അവരെ ആക്രമിക്കാന്‍ നമുക്ക് നിയമമില്ലെന്നുമെല്ലാം ഫോറസ്റ്റര്‍ ഉപദേശിച്ചു. കൂടെ വരാന്‍ ഗാര്‍ഡുമാരാരും തയ്യാറായിരുന്നില്ല. ഞങ്ങളുടെ നായകര്‍ സ്ഥലവാസികളായ ഓണനും വില്ലും ബാലനുമാണ്. യാത്രക്കു മുമ്പുള്ള അണിഞ്ഞൊരുങ്ങിയ വേഷത്തോടുള്ള ഫോട്ടോയെടുക്കുന്ന തിരക്കിലാണ് പലരും . ഇതെല്ലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എനിക്കു ചിരി വരാതിരുന്നില്ല. കൃത്യം 9.30 ന് ഞങ്ങള്‍ യാത്ര തിരിച്ചു. അപ്പോഴാണ് V S S ആഫീസിന്റെ മുകളില്‍ ചുമരില്‍ എഴുതിയ ബോര്‍ഡ് ഞാന്‍ ശരിക്കു കണ്ടത്- വാണിയമ്പുഴ വനവികസന സമിതി ഓഫീസ് മുണ്ടേരി.
ഓണനാണ് മുമ്പേ ഗമിക്കുന്ന ഗോവ്. പുറകില്‍ 30 മുതല്‍ 50 മീറ്റര്‍ വരെ പിന്നിലായി നൗഷാദ്. അതിനും പിന്നില്‍ എലഫന്റ് ഗ്രൂപ്പിന്റെ ക്യാപ്റ്റന്‍. തുടര്‍ന്ന് ആ ഗ്രൂപ്പിലെ അംഗങ്ങള്‍. അവര്‍ക്ക് പിന്നില്‍ മറ്റു ഗ്രൂപ്പുകളായ ടൈഗര്‍ , ബൈസണ്‍ എന്നിവരും മുന്നേറിക്കൊണ്ടിരിക്കുന്നത്. എല്ലാത്തിനും പിന്നിലായി വില്ല് ബാലന്‍ എന്നിവരുമാണ് നടക്കുന്നത്.
മൂന്നു ദിവസത്തെ യാത്ര തുടങ്ങും മുമ്പ് അംഗങ്ങളെ എലഫന്റ് , ടൈഗര്‍, ബൈസണ്‍ എന്നിങ്ങനെ പേരുകളുള്ള ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഞാന്‍ എലഫന്റ് ഗ്രൂപ്പിലാണ് അകപ്പെട്ടത്.
നൗഷാദിന്റെ കടുത്ത നിര്‍ദ്ദേശങ്ങള്‍ ആദ്യത്തെ അരമണിക്കൂറോളം യാത്രയെ ഒരു മൗനജാഥയാക്കി മാറ്റിയോ എന്ന് എനിക്കു തോന്നി. കാലിലെ ഷൂസും ചവറ്റിലകളും നടത്തിനിടയില്‍ കരഞ്ഞുകൊണ്ടിരുന്നു. കാട്ടുചോലകളില്‍ മുഖം കഴുകിയും കാട്ടാറിലെ ഉരുളന്‍ കല്ലുകളില്‍ തട്ടിത്തടഞ്ഞു വീഴാതെ ചാടിച്ചാടി നടന്നും ഉണ്ടായ ശബ്ദത്തിനെ നിലനിര്‍ത്താന്‍ ക്യാമ്പ് ഡയറക്ടര്‍ നൗഷാദിനാകുമായിരുന്നില്ല.
ഏകദേശം ഒരു മണിക്കൂര്‍ കഴിയും മുമ്പുതന്നെ ക്ഷീണിതരുടെ എണ്ണം കൂടി വന്നു. രണ്ടു മിനിറ്റ് സമയമാണ് ക്ഷീണമകറ്റാന്‍ അനുവദിച്ചിട്ടുള്ളത്. ഇതിന്നകം ഏറെ ക്ഷീണിച്ചത് ബിജു ചേട്ടനായിരുന്നു. അതിലത്ഭുതവുമില്ലായിരുന്നു. കാരണം, അദ്ദേഹത്തിന്റെ ശരീര പ്രകൃതം അത്തരത്തിലുള്ളതായിരുന്നല്ലോ? മനോബലത്തിന്റെ ധൈര്യമാണ് അദ്ദേഹത്തെ നടത്തിക്കുന്നത് എന്നത് തികച്ചും സത്യമായിരുന്നു.
യാത്ര മുന്നേറിക്കൊണ്ടിരിക്കേയാണ് എനിക്ക് ചില വിഘ്നങ്ങള്‍ പറ്റിയത്. സാധാരണയായി ഷൂസ് ധരിക്കുന്ന ഒരാളല്ല ഞാന്‍. പാന്റും ഉപയോഗിക്കാറില്ല. കഴിഞ്ഞ 15 വര്‍ഷമായി ട്രക്കിംഗ് നടത്തി വരുന്നുണ്ടെങ്കിലും ഹാഫ് ട്രൌസര്‍ അണിയുന്ന പതിവുമില്ല. മുണ്ടും ഷര്‍ട്ടും ഹവായ് ചെരിപ്പും സാധാരണ സ്ലിപ്പറും മാത്രമേ ഉപയോഗിക്കാറുള്ളു. ഒരു കാരണവശാലും മുണ്ടു ധരിച്ചു കൊണ്ട് ട്രക്കിംഗിനു അനുവദിക്കില്ല എന്ന നൗഷാദിന്റെ മുന്‍ കൂട്ടിയുള്ള വാക്കിനെ മാനിച്ചു കൊണ്ടാണ് ഞാന്‍ എന്റെ സുഹൃത്തിന്റെ പക്കല്‍ നിന്നും രണ്ടു പാന്റ് കടം വാങ്ങിയത്. പിന്നെ അഞ്ചു വര്‍ഷം മുമ്പ് ഹിമാലയ യാത്രയുമായി ബന്ധപ്പെട്ട് വാങ്ങിയ ഷൂസും (ക്യാന്‍വാസ്) കൈവശമുണ്ട്. യാത്രക്കുമുമ്പ് സഹയാത്രികന്‍ പ്രവീണിന്റെ സഹായത്തോടെ പാന്റും ഷര്‍ട്ടും ധരിച്ചു. ആകെ ഒരസ്വസ്ഥത. ഒരു മണിക്കൂറിനു ശേഷം ഞാന്‍ എന്റെ വേഷവുമായി പൊരുത്തപ്പെട്ടുകൊണ്ടിരിക്കെയാണ് കാലിലെ ഷൂ കാട്ടാറിന്‍ ഉരുളന്‍ കല്ലുകളില്‍ തട്ടി തട്ടി ഒരെണ്ണത്തിന്റെ ഹീല്‍ അടര്‍ന്നു തുടങ്ങിയത്.
ബാഗില്‍ കരുതിയിരുന്ന വലിയ സേഫ്റ്റി പിന്‍ എടുത്തു അടര്‍ന്നു കഴിഞ്ഞ ഷൂവില്‍ പിന്‍ കൊളുത്തി നടത്തം തുടര്‍ന്നു. പതിനഞ്ചു മിനിറ്റ് ആകുമ്പോഴേക്കും രണ്ടാമത്തെ ഷൂവിനും ആദ്യത്തെ അവസ്ഥയായി. കൂടുതലൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ഞാനവയെ അടുത്തു കണ്ട പാറയിടുക്കില്‍ ഉപേക്ഷിച്ചു. ബാഗില്‍ കരുതിയിരുന്ന പുതിയ ചെരുപ്പ് എടുത്തണിഞ്ഞു.
എല്ലാവരുടേയും ലഗേജുകള്‍ കടുത്തതായിരുന്നു. അതുകൊണ്ട് കയറ്റങ്ങള്‍ വരുമ്പോള്‍ ആയാസം കൂടുതലുണ്ടായി. ആദ്യത്തെ രണ്ടു മണിക്കൂര്‍ നടന്നിരുന്ന വനമേഖല അര്‍ധ നിത്യഹരിത വനപ്രദേശങ്ങളായിരുന്നു. അടിക്കാട് കുറവുള്ള , ഉള്ളവ തന്നെ ഉണങ്ങി വരണ്ടു കിടക്കുന്ന കാഴ്ചയായിരുന്നു. അതുകൊണ്ട് ദൂരക്കാഴ്ച സാധ്യമായിരുന്നു. പലയിടത്തും കരടികള്‍ തുരന്നുണ്ടാക്കിയ കുഴികളും കൊഴിഞ്ഞു കിടക്കുന്ന മുള്ളന്‍ പന്നിയുടെ മുള്ളുകളും കാഷ്ടവും കാണുന്നുണ്ട്.
ഒരു മൃഗത്തേപ്പോലും ഇതുവരെ കണ്ടില്ലല്ലോ എന്ന കുണ്ഠിതമായിരുന്നു മിക്കവര്‍ക്കും. മാത്രമല്ല ചെറുകിടക്കാരെയൊന്നും കണ്ടാല്‍ പോരാ എന്ന ധ്വനിയാണ് അവരുടെ വാക്കുകളിലുള്ളത്. കടുവയോ പുലിയോ ആനയെയോ പോലുള്ള ഇനങ്ങള്‍ ആണ് അവരുടെ ആഗ്രഹം. സിംഹം, സീബ്ര, കണ്ടാമൃഗം തുടങ്ങിയവ ഈ കാട്ടിലുണ്ടോ എന്നു ചോദിച്ച സഹയാത്രികരായ വിവരദോഷികളും കൂടെയുണ്ടായിരുന്നു എന്നത് എന്നെ ലജ്ജിപ്പിച്ചു.
മുന്തിയ ഇനം വന്യമൃഗങ്ങളെ നേരില്‍ കാണരുതേ എന്ന അഭിപ്രായക്കാരനായിരുന്നു ഞാന്‍. കാരണം ഏതിനെയെങ്കിലും കണ്ടാല്‍ ഇത്ര വലിയ ടീം എങ്ങോട്ട് ഓടും ? എവിടെ ഒളിക്കും? സ്വന്തം സുരക്ഷക്ക് പല്ലും നാക്കും കയ്യും കാലുമല്ലാതെ എന്തുണ്ട് സംഘത്തിന്റെ കൈവശം? മുന്നില്‍ നടക്കുന്ന ഓണന്റെയും പിന്നിലെ വില്ല്, ബാലന്‍ എന്നിവരുടേയും പക്കല്‍ കുറെ പടക്കങ്ങള്‍ ഉണ്ട്. ഓരോ കൊടുവാളും ഇതുമതിയോ സുരക്ഷക്ക്? ചെറുമരങ്ങളില്‍ പോലും കയറാന്‍ വശമില്ലാത്ത നഗരന്മാരാണധികവും. പിന്നെങ്ങനെ സാമാന്യം വലിയ വണ്ണമുള്ള ഉയരമുള്ള മരങ്ങളില്‍ കയറാന്‍. മുമ്പ് പറഞ്ഞ പോലെ മൃഗങ്ങള്‍ക്ക് ഞങ്ങളുടെ ദയനീയാവസ്ഥ മനസിലായി ഒളിഞ്ഞിരിക്കയായിരിക്കണം.
വഴികാട്ടിയടക്കം 31 പേരുടെ പാദപതന ശബ്ദമാണ് നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഉയര്‍ന്നു സഞ്ചരിക്കുന്നത്. അതിനും പുറമെയാണ് കാട്ടിലെ കൂട്ടുകെട്ടിന്റെ കഥ. ചീവീടു മുതല്‍ അണ്ണാന്‍ വരെയും മരംകൊത്തി മുതല്‍ നത്തുവരെയും അലസന്മാര്‍ മുതല്‍ നിതാന്ത ജാഗ്രതവരെയുള്ള ഒട്ടനവധി ജീവ സഞ്ചയത്തിന്റെ സുരക്ഷാമുന്നറിയിപ്പുകള്‍. കൊണ്ടും കൊടുത്തും തിന്നും കൊന്നും കലഹിച്ചു കഴിയുന്ന വന്യതയിലെ കൂട്ടായ്മ പരിഷ്കൃത സമൂഹമായ മനുഷ്യനില്‍ പോലും കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല. ജാതിയും മതവും കൊള്ളലും തള്ളലും തള്ളിപ്പറയലും സംവരണ തന്ത്രത്തിലൂടെ അടുപ്പിച്ചും അകറ്റിയും കഴിയുന്ന സമൂഹം. സന്ദര്‍ഭം കിട്ടിയാല്‍ സ്നേഹിച്ചവനെ കൊല്ലാനും കൊല്ലിക്കാനും കണ്ണിലെണ്ണയൊഴിച്ച് കപട സ്നേഹഭാവങ്ങളോടെ ജീവിക്കുന്ന യഥാര്‍ത്ഥ വന്യത എവിടെയാണ്? നാട്ടിലോ കാട്ടിലോ? കാട്ടില്‍ പോകുക നിങ്ങള്‍ക്കത് തിരിച്ചറിയാം .
Generated from archived content: yathra03.html Author: m.e.sethumadhavan