സാഹസികമലക്കയറ്റം അഥവാ ട്രെക്കിംഗ് എന്നു കേട്ടാല്‍ സിരകളില്‍ ഊര്‍ജ്ജം നിറഞ്ഞു പൊങ്ങുക പതിവാണ്. കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം കടന്നുവന്ന അവസരമായതിനാല്‍ ആവേശത്തിരത്തള്ളല്‍ തന്നെയായിരുന്നു മനസു നിറയെ. ഈ തവണ യാത്രക്ക് തരമായത് നിലമ്പൂരിനപ്പുറമുള്ള മുണ്ടേരിയായിരുന്നു.
ജനുവരി 26 – ആം തീയതി നിലമ്പൂരില്‍ നിന്നും മുണ്ടേരിയിലേക്ക് ബസില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ മലപ്പുറം ജില്ല മുഴുവനും ബസിലുണ്ടായിരുന്നു. തിരക്ക് അത്രക്കുണ്ടായിരുന്നു. പത്തുമിനിറ്റു നേരം കമ്പിയില്‍ തൂങ്ങി വവ്വാല്‍ കിടക്കുന്ന പോലെ നിന്നു. അരയില്‍ മുണ്ട് സ്ഥാനം തെറ്റി. ചുമലിലെ ബാഗ് ദേഹത്തുനിന്നും മാറി മറ്റൊരാളുടെ തോളിലാണ്. തിരക്കുള്ള ബസില്‍ ഒരു പാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലൊലൊന്ന് ഓര്‍ക്കാനില്ല. മുന്നിലേക്കോ പിന്നിലേക്കോ കടക്കാനാവാത്ത അവസ്ഥ. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബസ് ഒരു സ്റ്റോപ്പില്‍ നിന്നു. സര്‍വശക്തിയുമെടുത്ത് പിന്നിലുള്ളവരെ വചിട്ടി മെതിച്ച് ഞാന്‍ താഴെയിറങ്ങി. ആരെല്ലാമോ എന്നെ പഴയ കാല കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ വെല്ലുന്ന രീതിയില്‍ ഭത്സിക്കുന്നുണ്ട്. ഇതിനിടയില്‍ കണ്ടക്ടര്‍ കാലന്‍ എന്റെ കയ്യില്‍ നിന്നു ചാര്‍ജിന്റെ വകയില്‍ 25 രൂപയും വാങ്ങി. നിലമ്പൂര്‍ ചന്തക്കുന്നില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുള്ള മുണ്ടേരിയിലേക്ക് ചാര്‍ജ്ജെത്രയെന്ന് അറിഞ്ഞു കൂടാ. ഇടയിലിറങ്ങിയിട്ടും മുഴുവനും ചാര്‍ജ് വാങ്ങിയ കണ്ടക്ടറെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
ബസ് യാത്രയുടെ ക്ഷീണം തീര്‍ക്കാന്‍ അടുത്തുകണ്ട ചായക്കടയില്‍ കയറി സ്നാക്സും ചായയും കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കടക്കാരനോടു ബസിലെ തിരക്കിനെക്കുറിച്ച് പറഞ്ഞു അതുകേട്ട് അയാള്‍ ചിരിച്ചു. ഇന്ന് തിരക്ക് കുറവാണെന്നായിരുന്നു അയാളുടെ അഭിപ്രായം. ഞാന്‍ ശരിക്കും വിയര്‍ത്തത് അപ്പോഴായിരുന്നു . ചായക്കുശേഷം ഒരു ഓട്ടോ പിടിച്ച് മുണ്ടേരി ഗവണ്മെന്റ് സീഡ് ഫാമിനെ ലക്ഷ്യമാക്കി ഞാന്‍ യാത്ര തുടര്‍ന്നു.
വളഞ്ഞു പുളഞ്ഞൊഴുകുന്ന ചാലിയാറിന് സമാന്തരമായിട്ടാണ് റോഡ്. ഒട്ടും നന്നല്ലാത്ത റോഡ് യാത്രക്ക് ദുഷ്ക്കരമായിരുന്നു. എന്നിരുന്നാലും ആടിയുലഞ്ഞ് ഓടിച്ച് ലക്ഷ്യത്തിലെത്താന്‍ ഡ്രൈവര്‍ തത്രപ്പെടുന്നതു കണ്ടപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിനു പോലും ഇത്ര തിടുക്കമുണ്ടാകുമെന്നു തോന്നിയില്ല. എങ്കിലും ഞാന്‍ ആശ്വസിച്ചത് ബസിനേക്കാള്‍ ഭേദമാണല്ലോ എന്നോര്‍ത്തായിരുന്നു. നാല്‍പ്പതു മിനിറ്റിനകം ഓട്ടോക്കാരന്‍ എന്നെ സീഡ് ഫാമിലെത്തിച്ചു. 260 രൂപ അയാള്‍ ആവശ്യപ്പെട്ടത് ഞാന്‍ കൊടുത്തു. ഇരുട്ട് വീഴും മുമ്പ് എനിക്ക് ക്യാമ്പിലെത്തേണ്ടതുണ്ട്.
സീഡ് ഫാമിലെത്തുമ്പോല്‍ സമയം 6.15 ആയിരുന്നു. ഫാമിന്റെ പ്രധാന ഗേറ്റില്‍ നിന്നും സെക്യൂരിറ്റിക്കാരന്റെ അനുമതി വാങ്ങി ഒന്നരക്കിലോമീറ്റര്‍ ദൂരെയുള്ള വാണിയമ്പുഴ VSS ആഫീസിനെ ( വനസംരക്ഷണസമിതി) ലക്ഷ്യമാക്കി നടന്നു. അന്യവാഹനങ്ങള്‍ക്ക് അകത്ത് പ്രവേശനമുണ്ടായിരുന്നില്ല. ഇന്നു രാത്രി യാത്രികരെല്ലാം ഒത്തുകൂടി ക്യാമ്പ് ചെയ്യുന്നത് VSS ആഫീസിലാണ്.
ഒഴിഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും പുല്‍ക്കാടും തെങ്ങിന്‍ തോട്ടങ്ങളുമാണ്. സ്ഥലപ്പരപ്പും ഏരിയയും കണ്ടപ്പോള്‍ ഏകദേശം 100 ഹെക്ടര്‍ സ്ഥലമെങ്കിലും ഫാമിനുണ്ട് എന്നു ഉറപ്പായിരുന്നു. ചിലയിടങ്ങളില്‍ ചീര, പാവല്‍, പടവലം, വെള്ളരി എന്നിവ കൃഷി ചെയ്ത തോട്ടങ്ങളാണ്. പടവലങ്ങളുടെ തുഞ്ചത്ത് കയറില്‍ ഇടത്തരം വലിപ്പമുള്ള കല്ലുള്‍ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. വളവ് കൂടാതെ നീണ്ടു വളരുന്നതിനാണ് ഈ പ്രയോഗം. നാട്ടിന്‍ പുറങ്ങളിലും പടവലതോട്ടങ്ങളിലും ഇത്തരം കാഴചകള്‍ കാണാവുന്നതാണ്. നടക്കുന്നതിനിടയില്‍ എവിടെ നിന്നോ ഭയത്തിന്റെ നൂലുകള്‍ കാലില്‍ കെട്ടിടുന്നതായി തോന്നി. ഇരുട്ടിന്റെ അലകള്‍ മലയുടെ മേലാപ്പില്‍ നിന്നും താഴ്വരയിലേക്ക് ഒഴുകിയിറങ്ങി. വഴിയിലെ ശൂന്യതയും നിശബ്ദതയും കാലിന് വിറയലുണ്ടാക്കി. കശുവണ്ടി തോട്ടങ്ങള്‍ അവസാനിക്കുന്ന മലയടിവാരത്തു നിന്നും അനക്കങ്ങളുണ്ടോ എന്ന് മനസ് സന്ദേഹിച്ചു.
ചുമലിലെ ബാഗിന് ഭാരം കൂടി വരുന്നതായി തോന്നി. ക്യാമ്പിലെത്തുവാന്‍ ഇനിയെത്ര ദൂരം നടക്കണമെന്നറിയില്ല. വിവിധങ്ങളായ ശ്ലഥ ചിന്തകളുമായി നീങ്ങുമ്പോഴാണ് VSS യുടെ കേന്ദ്രത്തില്‍ നിന്നു യാത്രയുടെ കോഡിനേറ്ററുടെ ഫോണ്‍ വന്നത്. ഞാനെവിടെ എത്തി എന്നറിയാനാണ് അദ്ദേഹം വിളിച്ചത്. എന്റെ അവസ്ഥ അറിയിച്ചപ്പോള്‍ ഉടന്‍ ഒരു വണ്ടിയുമായി വരാമെന്ന് കോഡീനേറ്റര്‍ അറിയിച്ചു. ഞാന്‍ പതിയെ നടന്നുകൊണ്ടിരുന്നു. അഞ്ചു മിനിറ്റിനകം ഒരു ജീപ്പ് എന്റെയടുത്തെത്തി. ജീപ്പിലുള്ളവരെ ആരേയും എനിക്കു പരിചയമില്ല. എന്നെ ആരെന്നും എന്തെന്നും തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ ജീപ്പില്‍ കയറ്റി വന്ന വഴിയെ ജീപ്പ് തിരിച്ചു പോയി. ഞാനൊഴികെ യാത്രക്ക് ബുക്കു ചെയ്തവരെല്ലാം ക്യാമ്പിലെത്തിയിട്ടുണ്ട് എന്നവര്‍ പറഞ്ഞു. മൂന്നു മിനിറ്റിനകം ജീപ്പ് ചാലിയാറിന്റെ കരയിലെത്തി. പുഴക്കു കുറുകെ മരത്തടികളും മണല്‍ച്ചാക്കുകളും ഉപയോഗിച്ച് നിര്‍മിച്ച് പാലത്തിലൂടെ അക്കരെയുള്ള VSS ആഫീസിലേക്ക് മറ്റുള്ളവരോടൊപ്പം ഞാന്‍ നടന്നു. രണ്ടു മിനിറ്റു നേരമേ അവിടെയെത്താന്‍ വേണ്ടി വന്നുള്ളു.
ഇരുട്ട് പടര്‍ന്നു കഴിഞ്ഞിരുന്നെങ്കിലും കട്ടികൂടി വരുന്നതേയുള്ളു. VSS ആഫീസിലെത്തിയ ഞാന്‍ എന്റെ ലഗേജ് തിണ്ണയിലൊരിടത്ത് വെച്ച് അവിടെ ഉള്ളവരെ ഏല്‍പ്പിച്ച് ഞാന്‍ പുഴയിലേക്ക് നടന്നു. വിശദമായ പരിചയപ്പെടല്‍ 9 മണിക്കു നടക്കുന്ന ക്യാമ്പ് ഫയര്‍ സമയത്താകാമെന്നു വെച്ചു.
പുഴയിലെ ഒഴുക്കു വെള്ളത്തിന് ഐസ് വാട്ടറിനേക്കാള്‍ തണുപ്പുണ്ടായിരുന്നത് രാവിലെ മുതലുള്ള എന്റെ യാത്രാക്ഷീണത്തെ ലഘൂകരിച്ചു. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയുടെ നടുവില്‍ ചെന്ന് അരക്കൊപ്പം വെള്ളത്തില്‍ ദേഹം പൂഴ്ത്തി കിടക്കുമ്പോഴാണ് അടുത്തെവിടെയോ പടക്കം പൊട്ടുന്നതിന്റേയും തിടുക്കത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ VSS ആഫീസിന്റെ അടുത്തുള്ള കോളനിയിലേക്ക് ഓടുന്നതും കണ്ടത്. ഞാന്‍ പുഴയില്‍ നിന്നും തിടുക്കത്തില്‍ കയറി വസ്ത്രങ്ങള്‍ വാരിച്ചുറ്റി ക്യാമ്പിലേക്കു വേഗം നടന്നു. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് ആനകള്‍ കോളനിയിലെ പ്ലാവുകളില്‍ നിന്നും ചുങ്കമായി ചക്കപറിക്കാന്‍ ഇറങ്ങിയിട്ടുണ്ടെന്ന്.
പുഴക്ക് അക്കരെയുള്ള കോളനിക്കാരാണ് തിടുക്കപ്പെട്ട് ഇക്കരെ കോളനിയിലേക്ക് വന്നവര്‍. ഇതൊരു തുടര്‍ക്കഥയാണോ എന്തോ? ആറ്റില്‍ ധാരാളം വെള്ളം ഉള്ള സമയമാണെങ്കില്‍ ഇവര്‍ എന്തു ചെയ്യും എന്ന് ഞാന്‍ ഓര്‍ക്കാതിരുന്നില്ല.
Generated from archived content: yathra01.html Author: m.e.sethumadhavan