ഇപ്പോള്‍ സമയം പതിനൊന്നു മണിയാണ്. ഇതിനകം ഞങ്ങള്‍ മൂന്നാലു മലകളുടെ ചരിവിലൂടെ മുന്നേറിയിട്ടുണ്ട്. എങ്കിലും യാത്രക്കു വേണ്ടത്ര വേഗതയുണ്ടെന്ന് എനിക്കു തോന്നിയില്ല. കൂടെയുള്ള ഒരു കൂട്ടം പേര്‍ ഇഴയും മട്ടിലാണ് നടക്കുന്നത് . യാത്രക്കിടക്ക് ഞങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളുടെ പേരുകള്‍ വഴികാട്ടികള്‍ പറഞ്ഞു തന്നിരുന്നു. അതില്‍ ചിലത് അവിടങ്ങളില്‍ നില്‍ക്കുന്ന വന്‍വൃക്ഷത്തിന്റെ പേരിനോട് ബന്ധപ്പെട്ടതാണ്. വെടിപ്ലാവ്, കയം, എടണക്കയം, പട്ടക്കയം, താന്നിക്കയം എന്നിവ അവയില്‍ ചിലതുമാത്രമാണ്. അടുത്തതായി എത്താനുള്ള സ്ഥലം യക്ഷിക്കയം ആണെന്നും ജിന്‍സണ്‍ പറഞ്ഞു.
രണ്ടു പുഴകള്‍ സംഗമിക്കുന്ന ‘ കൂടം ‘ എന്ന സ്ഥലത്താണ് ഞങ്ങളിപ്പോള്‍. ഒന്ന് ശിരുവാണി പുഴയും മറ്റേത് കണ്ണീരാറും. ഇവിടെ രണ്ടു പുഴകളിലേയും വെള്ളത്തിനു വ്യത്യസ്ത നിറമാണ്. ശിരുവാണിപുഴയിലെ വെള്ളത്തിനു നേരിയ നീലനിറമാണ് കണ്ടത്. എന്നാല്‍ കണ്ണീരാറിലെ ജലത്തിനു പേരു പോലെ തെളിഞ്ഞ അവസ്ഥയാണ്. യഥാര്‍ത്ഥ നിര്‍മലജലം ആഴക്കയത്തില്‍ കിടക്കുന്ന വെള്ളാരം കല്ലുകള്‍ കണ്ണാടി പോലെ കയ്യെത്തും ദൂരത്ത് കിടക്കുന്നതായി തോന്നുമായിരുന്നു .
കണ്ണീരാറ് ശിരുവാണിയുമായി ചേരുന്നിടത്ത് കണ്ട രണ്ട് കാഴ്ചകള്‍ യാത്രക്ക് മാറ്റുകൂട്ടുന്നതായിരുന്നു. അതില്‍ ഒന്ന് വൃക്ഷത്തിന്റെ അപൂര്‍വകാഴ്ചയാണ് .പത്തു മീറ്റര്‍ നീളത്തില്‍ മതില്‍ കെട്ടിയ പോലെയാണ്. അഞ്ചു മീറ്റര്‍ ഉയരത്തില്‍ അതിന്റെ ഏണുകള്‍ തുടര്‍ന്നങ്ങോട്ട് ഉരുണ്ട് കൊഴുത്ത് ആകാശം തേടി ഒരു യാത്രയാണ്. ഇത്തരം രൂപ ഘടനയുള്ള ഒരു വൃക്ഷത്തെ ഞാന്‍ കാടുകളിലൊന്നും കണ്ടിട്ടില്ല ഞങ്ങള്‍ അതിന്റെ ചുവട്ടില്‍ നിരന്നു നിന്നു ഫോട്ടോകള്‍ എടുത്തു.
രണ്ടാമതായി കണ്ട കാഴ്ച കരയോട് ചേര്‍ന്നുള്ള മണലില്‍ കടുവയുടെയും കുഞ്ഞിന്റെയും കാലടിപ്പാടുകള്‍ തെളിഞ്ഞു കിടക്കൂന്നതായിരുന്നു. വളരെ തെളിമയുള്ളതും ഒട്ടും വൈകാതെ പതിഞ്ഞതുമായ പാദങ്ങളുമായിരുന്നു അവ. തൊട്ടടുത്ത് അവ ഉണ്ടെന്ന് ഞങ്ങള്‍ക്കു ഉറപ്പായിരുന്നു. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സൗത്തിന്‍ഡ്യ ചാപ്റ്റര്‍ ചെയര്‍മാന്‍ ഗുരുവായൂരപ്പന്‍ ടേപ് ഉപയോഗിച്ച് പാദങ്ങളുടെ അളവെടുത്ത് കുളമ്പുകളുടെ ഘടന പരിശോധിച്ചാണ് ആ പാദങ്ങള്‍ കടുവയുടേത് തന്നെ എന്ന് സ്ഥീതീകരിച്ചത്. എന്നാല്‍ ജിന്‍സണന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കണ്ട മാത്രയില്‍ തന്നെ പാദങ്ങള്‍ ഈ മൃഗത്തിന്റേതാണെന്ന് അയാള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.
ഞങ്ങള്‍ കണ്ണീരാറിന്‍ കരയില്‍ കൂടി നടന്നു. പലതവണ പുഴക്ക് കുറുകയെയും നെടുകെയും ഇറങ്ങി നടക്കേണ്ടി വന്നു. ഇവിടുത്തെ ചില പാറകളിലും കല്ലുകളിലും കറുത്ത പേപ്പര്‍ അടുക്കി വച്ചിരിക്കുന്നതു പോലെ ഉള്ള ഭാഗങ്ങള്‍ കാണാനുണ്ടായിരുന്നു. മറ്റൊരിടത്തും ഞാന്‍ കാണാത്ത കാഴ്ചയായിരുന്നു ഇതും. ടൈലു പോലെ മിനുസമുള്ള പാറകളില്‍ അതീവ ശ്രദ്ധയോടെ ചവിട്ടിയും വെള്ളത്തില്‍ കൈവശമുണ്ടായിരുന്ന വടികള്‍ കുത്തി ആഴം മനസിലാക്കിയും ഞങ്ങള്‍ മുന്നോട്ടു നടന്നു. കാലങ്ങളായി വെള്ളമൊഴുകി പാറകള്‍ക്ക് കണ്ണാടിയെക്കാള്‍ മിനുസം വന്നിട്ടുണ്ട്. ആരെങ്കിലും വഴുതി വീണാല്‍ ‘ പണി ‘ ഉറപ്പായിരുന്നു.
ആദ്യ സംഘം യക്ഷിക്കയത്ത് എത്തുമ്പോള്‍ സമയം പന്ത്രണ്ടു മണി ആയി. ജിന്‍സണും ഞാനും കൊച്ചിക്കാരന്‍ പ്രകാശ് നാരായണനും പ്രശാന്തുമടക്കം ഏഴു പേരാണ് എത്തിയിട്ടുള്ളത് ബാക്കിയുള്ളവര്‍ പുറകിലെവിടെയോ ആണ്. ടോമിയും ജോയിയും അവര്‍ക്ക് ഒപ്പമുണ്ട്.
ഒട്ടും സമയം കളയാതെ ഞങ്ങള്‍ പാചകം ചെയ്യാനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. വിറക് കാട്ടില്‍ ഒരു പ്രശ്നമല്ലല്ലോ. പ്രശാന്ത് തീകൂട്ടി ഞാന്‍ അരി കഴുകി പ്രകാശ് നാരായണനും പ്രാന്‍സിസും ചേര്‍ന്ന് ഉണക്ക മാന്തളിന്റെ തൊലി കളയാന്‍ ശ്രമം തുടങ്ങി. തുടര്‍ന്നു പാചകത്തിന്റെ നേതൃത്വം ടീം ലീഡറും പ്രകാശും ഏറ്റെടുത്തു. ബാക്കി ഞങ്ങളെല്ലാവരും യക്ഷിക്കയത്തില്‍ നീന്താനിറങ്ങി. ജിന്‍സനാണ് ആദ്യം ഇറങ്ങിയത്. ഒരാള്‍ക്ക് ആഴമേ കയത്തിനൊള്ളു. ഞങ്ങള്‍ ജലപാതത്തില്‍ നിന്ന് തല മസാജ് ചെയ്തു. വെള്ളത്തിനു നട്ടുച്ചക്കും എന്തൊരു തണുപ്പായിരുന്നു.
കുളിക്കിടയില്‍ ഞാന്‍ യക്ഷിക്കയം എന്ന പേരിന്റെ ഐതിഹ്യം എന്തെന്ന് ജിന്‍സനോട് ആരാഞ്ഞു. അതിനു അയാള്‍ പറഞ്ഞ മറുപടി രസകരമാണ്. ഒരിക്കല്‍ ആദിവാസികല്‍ വന വിഭവങ്ങള്‍ അന്വേഷിച്ച് കാട്ടില്‍ നടക്കുന്ന കൂട്ടത്തില്‍ ഇവിടേയും എത്തിയെത്രെ. നട്ടുച്ച നേരം കയത്തിനു മുകളിലെ പാറക്കെട്ടില്‍ ഒരു യുവതി വസ്ത്രം അലക്കിക്കൊണ്ടിരിക്കുന്നു.അത് കണ്ട് അവര്‍ വിസ്മയിച്ചു. അടുത്തെങ്ങും മനുഷ്യസ്പര്‍ശമെ ഇല്ലാത്തയിടത്ത് യുവതി എങ്ങിനെ അവിടെയെത്തി? ഏതാണിവള്‍? അവര്‍ അന്ധാളിച്ചു. തുടരന്വേഷണത്തിനായി അടുത്തെത്തിയതും അവള്‍ അപ്രത്യക്ഷമായെത്രെ. പിന്നീട് ആ സ്ഥലത്ത് ഇടയ്ക്കൊക്കെ ഉച്ചനേരങ്ങളില്‍ വസ്ത്രം അലക്കുന്ന ശബ്ദം ആദിവാസികള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നു പറയുന്നു. ജിന്‍സണ്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ കുളി നിര്‍ത്താന്‍ തീരുമാനിച്ചു.
തല തുവര്‍ത്താനായി ഞാന്‍ ഒന്നു കൂടി മുങ്ങി. എന്റെ കണ്ണില്‍ കയത്തിനടിയില്‍ നിന്നും ആ സുന്ദരി തെളിഞ്ഞിഞ്ഞു വന്നു എന്നെ വിളീക്കുന്നതായി എന്റെ ഭ്രമാത്മകമനസിനു തോന്നി. ഞാന്‍ സര്‍ വശക്തിയുമെടുത്ത് കയത്തില്‍ നിന്നും കയറി ചടപടാന്ന് തലതുവര്‍ത്തിക്കൊണ്ടിരിക്കെ എന്റെ കാതുകളില്‍ അവളുടെ ചിരി മുഴങ്ങി.
ഞങ്ങള്‍ നനഞ്ഞ വസ്ത്രം മാറി ഉണങ്ങിയത് ധരിക്കുന്നതിനടയിലാണ് എത്താനുള്ളവര്‍ വന്നു ചേര്‍ന്നത്. അവര്‍ കയത്തില്‍ ഇറങ്ങാല്‍ തയാറെടുക്കുകയായിരുന്നു.
സമയം ഒരു മണി കഴിഞ്ഞിട്ടുണ്ട്. കഞ്ഞി തിളച്ചിട്ടില്ല. ഇനി കഞ്ഞി കുടി കഴിഞ്ഞ് വിശ്രമം തീര്‍ന്ന് ശിരുവാണി ഡാം സൈറ്റിലെത്തുക അസാധ്യമാണെന്ന് ജിന്‍സണ്‍ പറഞ്ഞു. ടോമിക്കു അഭിപ്രായം മറ്റൊന്നായിരുന്നില്ല. അതുമാത്രമല്ല ഇന്ന് തന്നെ തിരിച്ചെത്തുക നടക്കണമെങ്കില്‍ പകലിനു ഇരൂപത്തിനാലു മണിക്കുര്‍ ദൈര്‍ഘ്യം കൂടിയെ തീരു എന്നവര്‍ അഭിപ്രായപ്പെട്ടു. ശിരുവാണിയില്‍ എത്തണമെങ്കില്‍ ഇനിയും നാലു മണിക്കുര്‍ സമയമെങ്കിലും വേണമെത്രെ അതും അവരെ പോലെ നടന്നാല്‍. ഞങ്ങളുടെ നടത്തം പോലെയാണെങ്കില്‍ രാത്രി പതിനൊന്നു മണിക്കും സ്ഥലത്തെത്തില്ല എന്നാണവര്‍ പറയുന്നത്. പോരാത്തതിനു കടന്നു വന്ന വനപ്രദേശം പോലെയല്ലത്രെ മുന്നിലുള്ള കാട്. ഏതു നിമിഷവും സ്തോഭജനകമായ പ്രദേശങ്ങളത്രെ. അഞ്ചു മണിക്കു ശേഷമുള്ള യാത്ര തീര്‍ത്തും അസാധ്യമാണെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.
ഞങ്ങള്‍ മുതിര്‍ന്നവര്‍ എന്തുവേണമെന്ന കാര്യം കൂടിയാലോചിച്ചു .ലക്ഷ്യത്തിലെത്താതെ തിരിച്ചു പോരിക വേദനാജനകമായിരുന്നു. പക്ഷെ മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല . നാളെ ഞങ്ങളില്‍ പലര്‍ക്കും ജോലിക്കു പോയെ തീരുകയുള്ളു. യക്ഷിക്കയത്തുനിന്നും പുലിറയിലെത്താന്‍ തന്നെ നാലഞ്ചും മണിക്കൂര്‍ നടക്കണം. തുടര്‍ന്ന് വാഹനത്തില്‍ മുക്കാല്‍ മണിക്കൂര്‍ വേണം അഗളിയിലെത്താന്‍. അവിടന്ന് മണ്ണാര്‍ക്കാട്ടേക്ക് നാല്പത്തി രണ്ടു കിലോമീറ്റര്‍. അവിടന്ന് പാലക്കാട്ടേക്ക് മുപ്പത്തിയെട്ടു കിലോ മീറ്റര്‍ തുടര്‍ന്ന് കൊച്ചിക്ക്.
ഞങ്ങള്‍ മനസില്ലാ മനസോടെ പ്രായോഗികതയിലൂന്നി യാത്ര വെട്ടിച്ചുരുക്കി. പിന്നെ കാര്യങ്ങള്‍ വളരെ വേഗം നടന്നു. ഒന്നര മണിക്കു കഞ്ഞിയും ചമ്മന്തിയും മാന്തള്‍ വറുത്തതും റെഡിയായി. നളപാചകക്കാര്‍ കയത്തില്‍ ഇറങ്ങി കുളി കഴിഞ്ഞു വന്ന് റെഡിയാകുമ്പോഴേക്കും കഞ്ഞി വിതരണം തുടങ്ങിക്കഴിഞ്ഞു. തിളച്ച കഞ്ഞിയും നല്ല എരിവുള്ള ചമ്മന്തിയും നാക്കിനു പണിയുണ്ടാക്കി. അതുകൊണ്ടു തന്നെ കഞ്ഞി കുടിച്ചു കഴിയാന്‍ കുറച്ചധികം സമയം വേണ്ടി വന്നു.
കൃത്യം രണ്ടേ കാല്‍ മണിക്ക് ഞങ്ങള്‍ പുലിയറ ലക്ഷ്യമാക്കി തിരിച്ചുള്ള യാത്ര തുടങ്ങി. ഞാനടക്കം ചിലരുടെ മനസില്‍ ലക്ഷ്യം പൂര്‍ത്തികരിക്കാനാവാത്തതിന്റെ വിഷാദം തിരതല്ലുന്നുണ്ടായിരുന്നു. ഒരു നാള്‍ ഞാന്‍ വീണ്ടും വരും എന്ന ശപഥം മനസില്‍ കുറിച്ച് പിന്‍ വാങ്ങുമ്പോള്‍ ശിരുവാണി ശിഖരങ്ങള്‍ സന്തോഷത്തോടെ പറയുന്നതുകേട്ടു
”എന്നും എപ്പോഴും നിങ്ങള്‍ക്കു സ്വാഗതം ഞങ്ങളുടെ ഭാവിയും സുരക്ഷിതത്വവും നിങ്ങളെപോലുള്ളവരുടെ കൈകളിലാണല്ലോ. നിഴലായ് നിലാവായ് നിര്‍മലജലമായ് കുളിരായ് കൂട്ടുകൂടി ജീവിതം പങ്കിടാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍”
അവസാനിച്ചു
Generated from archived content: puliyara8.html Author: m.e.sethumadhavan