മുട്ടിത്തൂറിയും ചോരക്കാലിയും

പുഴ മുറിച്ചു കടക്കാന്‍ വളരെ പ്രയാസപ്പെട്ടു. അമ്പതു മീറ്ററിലധികം വീതിയുള്ള പുഴയില്‍ മുട്ടിനു മീതെ വെള്ളമുണ്ട് . നല്ല ഒഴുക്കും പരന്നതും ഉരുണ്ടതുമായ കല്ലുകളാണ് പുഴയില്‍ നിറയെ. ഞങ്ങള്‍ ജിന്‍സന്റെ നേതൃത്വത്തില്‍ നടന്നു. മറുകരയെത്തി ജോയിയും ടോമിയും പരിവാരങ്ങളും എത്തുന്നതു വരെ കാത്തു നിന്നു സെക്കന്റുകള്‍ക്കകത്ത് അട്ടകള്‍‍ ‘അവിടം’ വരെ കയറിക്കഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ വരാനുള്ളവരെ കാത്ത് ഞങ്ങളവിടെ നിന്നില്ല.

വഴിയില്‍ പലമാതിരി മരങ്ങള്‍ കാണാന്‍ കഴിഞ്ഞു , പക്ഷെ എന്തുകൊണ്ടോ അവയ്ക്കൊന്നും അസാധാരണത്വം ഉള്ളതായി എനിക്കു തോന്നിയില്ല. വന്മരങ്ങള്‍ അധികമൊന്നും കണ്ടെന്നു പറഞ്ഞു കൂടാ. അടിക്കാട് തീരെയില്ലന്നു പറയാം. ദേഹം കേടു വരുത്തുന്ന പലമാതിരി മുള്‍ച്ചെടികളേയും കണ്ടില്ല.

നടത്തിനിടയില്‍ കാണാന്‍ കഴിഞ്ഞ ചില ജാതി മരങ്ങളെ ടോമിയും എന്‍സണും ഞങ്ങള്‍ക്കു പരിചയപ്പെടുത്തി തന്നു. ( ഇതിനോടകം ടോമിയും ഞങ്ങള്‍‍ക്കൊപ്പം എത്തിയിരുന്നു ) മഞ്ഞക്കടമ്പ് , ചോരക്കാലി, പനഗമരം, പൂവ്വം, അകില്‍, തെള്ളി, പന്തപയ്യന്‍, വെടിപ്ലാവ് , പാല്‍ പാലി, പയ്യിനി, മുട്ടിത്തൂറി, ചുരുളി, ഇരുട്ടുമരം, തുടങ്ങിയവയെ കുറിച്ചെല്ലാം അവര്‍ക്കറിയാവുന്ന രീതിയില്‍ പറഞ്ഞു തന്നു.

മഞ്ഞകടമ്പ് ഏണുകളോടു കൂടിയ വണ്ണമുള്ള മരമാണ്. പത്തടിയോളം ഉയരം കടഭാഗത്തു നിന്നും മൂന്നായി പിളര്‍ന്ന രീതിയിലാണ് ഉള്ളത്. പിന്നീട് മുകളിലേക്ക് അമിട്ട് പോലെ ഉയര്‍ന്നു പോയി ഒരു നില്പ്പാണ്. ആരുണ്ട് എന്നെ തോല്പ്പിക്കാനെന്നൊരു ഭാവം.

ചോരക്കാലി അഥവാ ചോരക്കാണി കാണാന്‍ വളരെ അഴകുള്ള മരമാണ്. പ്രായമനുസരിച്ച് പല വലിപ്പത്തിലുള്ളവയെ ഞങ്ങള്‍ കണ്ടു. ചോരക്കാലി മരത്തിന്റെ നീരിനു ചോരയുടെ നിറവും ഗന്ധവുമാണെത്രെ. മാത്രമല്ല കുറച്ചേറെ സമയം നീര്‍ പ്രവഹിച്ചുകൊണ്ടിരിക്കയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു . ഈ മരത്തിന്റെ തൊലിയുടെ ഉള്‍ഭാഗം അസല്‍ ഇറച്ചിയുടെ നിറവും മാര്‍ദ്ദവവുമാണ് എന്നാണ് ജിന്‍സണ്‍ അഭിപ്രായപ്പെട്ടത്. രണ്ടിഞ്ചിലധികം ഘനമുള്ള തൊലി നീക്കിയാല്‍ തടിക്ക് അസ്ഥിയുടെ നിറമാണെത്രെ.

മത്സ്യത്തിന്റെ ചെതുമ്പലുകള്‍‍ കണക്കെ തൊലിപ്പുറത്ത് ശല്‍ക്കങ്ങള്‍ എഴുന്നു നില്‍ക്കുന്ന ഒരിനം മരമായിരുന്നു പനഗമരം. മുള്ളന്‍ വാലി എന്നു പേര്‍ പറഞ്ഞ് അവര്‍ എനിക്കു പരിചയപ്പെടുത്തിയത് വെടിപ്ലാവിനെയാണ്. സിംഹവാലന്റെ ഇരയായ ഈയിനം ധാരാളം മറ്റ് കാടുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ശിരുവാണിക്കാട്ടിലെ വെടിപ്ലാവിനെ മുള്ളന്‍ വാലി എന്നവര്‍ പറഞ്ഞത് പ്രാദേശിക നാമമായിരിക്കും എന്നു ഞാന്‍ മനസിലാക്കി.

മുട്ടിത്തൂറി എന്ന മരത്തിന്റെ പേര്‍ കേട്ട് എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. അടി മുതല്‍ മുടി വരെ തടിയും ശാഖകളുമടക്കം ഒരു തരം ചുവന്ന പഴങ്ങള്‍ ഉണ്ടാകുന്ന മരമാണത്രെ ഇത്. മുന്തിരിക്കുല പോലെപഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച അതീവ സുന്ദരമാണെന്നാണ് ടോമി പറഞ്ഞത്. വേനല്‍ക്കാലത്ത് പൂവിട്ട് വനത്തിനു ഭംഗി വരുത്തുന്ന ഈ വൃക്ഷത്തില്‍ ജൂണ്‍ ജൂലായ് മാസത്തോടെ പഴങ്ങള്‍ പാകമാകുന്നെന്നു അയാള്‍ പറഞ്ഞു തന്നു. കുരങ്ങുകളുടെയും വെരുകിന്റെയും ഇഷ്ട ഭോജ്യമാണെത്രെ ഈ ഫലം.

കാണി എന്നു പേരിട്ട് എനിക്ക് പരിചയപ്പെടുത്തിയ മരത്തിനു ബദാം മരത്തിന്റെ സകല സാദൃശ്യവുമുണ്ടായിരുന്നു. പടി പടിയായിട്ടാണ് അതിന്റെ കമ്പുകള്‍‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇലകള്‍ക്ക് നാട്ടില്‍ കാണുന്ന ഇരിപ്പ മരത്തിന്റെ വീതിയേ ഉണ്ടായിരുന്നുള്ളു.

ഇരുട്ട് മരം സാമാന്യം ഉയരമുള്ളതും പടര്ന്നു പന്തലിച്ച നില്‍ക്കുന്ന ഇനവുമായിരുന്നു അകില്‍ രണ്ടു തരത്തിലുണ്ടെത്രെ. വെള്ളയും മഞ്ഞയും തെള്ളി മരത്തിനു പന്തപയ്യന്‍ എന്നു കൂടി പേരുണ്ട്. ഇതില്‍ നിന്നാണ് കുന്തിരിക്കം ഉണ്ടാകുന്നത്. വെള്ള , കറുപ്പ്, ഇളം പച്ച എന്നിങ്ങനെ മൂന്നു തരം കുന്തിരിക്കം ഉള്ളതില്‍ പച്ചയാണെത്രെ അതി സുന്ദരം. ഡിമാന്റും അതിനാണ് എന്ന് അവര്‍ പറയുകയുണ്ടായി. തെള്ളിമരത്തിന്റെ മരത്തിന്റെ കറയാണ് പശയായി കട്ടി പിടിച്ച് കുന്തിരിക്കമാകുന്നത്. ഞാന്‍ കണ്ട മരങ്ങളില്‍ ശിരുവാണിക്കാട്ടില്‍ ഏറ്റവും വണ്ണവും ആനച്ചന്തവും തോന്നിയത് ചോരക്കാലി ഇനങ്ങളിലെ ഒരെണ്ണമായിരുന്നു . നിലം മുതല്‍ മേലോട്ട് ഒരേ വണ്ണത്തില്‍ ഒട്ടും ചെരിവില്ലാതെ നക്ഷത്രങ്ങളെണ്ണാന്‍ ഉയര്‍ന്നു നില്‍ക്കുകയാണ് കക്ഷി. അതൊരു കാഴ്ച കാലമെത്രെ കഴിഞ്ഞാലും കണ്ണിനും കരളിനും ഓര്‍ക്കുന്തോറും കുളിരു പകരുന്നതു തന്നെ.

യാത്രക്കിടയില്‍ മിക്ക സ്ഥലത്തും ആനവിരട്ടി അഥവാ കട്ടന്‍ പ്ലാവ് എന്നു പേരുള്ള മുട്ടോളം ഉയരം വരുന്ന ഒരിനം വിഷ സസ്യത്തെ കാണുന്നുണ്ടായിരുന്നു അത് ദേഹത്ത് തട്ടിയാല്‍ അവിടെ ചൂടു കുരു കണക്കെ ത്വക്ക് തിണര്‍ക്കുകയും നിമികഷങ്ങള്‍ക്കകം ചൊറിഞ്ഞു പൊട്ടുകയും ചെയ്യുമത്രെ. ഞാനടക്കമുള്ള ചിലക്ക് അതിനുള്ള ഭാഗ്യമുണ്ടായി

Generated from archived content: puliyara7.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here