മഞ്ഞുരുക്കവും സ്വപ്നത്തിലെ ആനയും

എല്ലാം സശ്രദ്ധം കേട്ടുകൊണ്ടിരുന്ന എനിക്ക് ടോമിയുടെ വികാര പ്രകടനത്തിന്റെ പൊരുള്‍ മനസിലായി. സത്യത്തില്‍ അയാള്‍ പ്രകൃതിക്കോ പരിസ്ഥിതിക്കോ വനത്തിനോ എതിരല്ലായിരുന്നു . ടോമിച്ചന്റെ കൃഷിയെല്ലാം വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാതിയുടെ കാതല്‍. കുറച്ചു കാലമായി കൃഷിയിറക്കുന്ന മുടക്കു മുതല്‍ പോലും തിരികെ കിട്ടാതെ വുഷമവൃത്തത്തിലായിരിക്കുകയാണ് അദ്ദേഹം. ഭാര്യയേയും മക്കളേയും പോറ്റാന്‍ വകയില്ലാതെ വലയുന്ന ടോമിയുടെ കാഴ്ചപ്പാടില്‍ പ്രകൃതിയും പരിസ്ഥിതിയും വില്ലന്മാരായതില്‍ അത്ഭുതമില്ല . ഈ ദു:ഖക്കടലിനിടക്കാണ് കസ്തൂരി, ഗാഡ്ഗില്‍ എന്നെല്ലാം പറഞ്ഞ് ആരോ അയാളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് അതുകൊണ്ടാണ് അവര്‍ അയാള്‍ക്ക് കുലദ്രോഹികളായത്

ഞങ്ങളുടെ കൂടെയുള്ള കേള്വിക്കാര്‍ അല്പ്പം ക്ഷമ കാണീച്ചിരുന്നെങ്കില്‍ അയാള്‍ പൊട്ടിത്തെറിക്കില്ലായിരുന്നു. അതിനു പകരം എരിതീയില്‍ എണ്ണ എന്നതായിരുന്നു അവരുടെ നയം. അപക്വമതികള്‍ തന്നെയായിരുന്നു സംഘത്തിലെ കുറച്ചു പേര്‍ എന്ന് എനിക്കു പറയാതെ വയ്യ !

ഞാന്‍ ടോമിയുടെ കൂടെ നിന്നു സഹയാത്രികരെ സ്നേഹ ശാസനയിലൂടെ ശാന്തരാക്കി. അടുത്ത ദിവസം യാത്ര കഴിഞ്ഞ് പോകും വഴി ടോമിയുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാമെന്ന് ഞാന്‍ അദ്ദേഹത്തിനു ഉറപ്പുകൊടുത്തു. ഞങ്ങളാല്‍ കഴിയും വിധം ഇപ്രദേശത്തെ കൃഷിക്കുപദ്രവകാരികളായ വന്യ മൃഗശല്യം കുറക്കാന്‍ അധികാരികളോട് ആവുന്നത് ചെയ്യിക്കാന്‍ പൂര്‍ണ്ണമായും ശ്രമിക്കുമെന്നും അദ്ദേഹത്തിന് ഉറപ്പുകൊടുത്തു.

ഞങ്ങള്‍ക്കിടയിലെ മഞ്ഞ് . കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല. അല്പ്പസമയത്തിനകം ടോമിയെ ജയിക്കാന്‍ മത്സരിച്ചവര്‍ അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ മനസിലാക്കുകയും കടിച്ചു കീറിയതിനു ക്ഷമ ചോദിക്കുകയും ചെയ്തു.

ട്രക്കിംഗ് ടീമിലെ ചിലരെയെല്ലാം ചില്ലറ കലാകാരന്മാരായിരുന്നു. അവര്‍ സിനിമാ സംഭാഷണങ്ങള്‍ താരങ്ങളെ പോലെ അനുകരിച്ചുകൊണ്ടിരുന്നു. കേരള രാഷ്ട്രീയ താരങ്ങളും അനുകരണങ്ങളിലൂടെ കടന്നു വന്നു. പിന്നീട് പാട്ടു പാടുകയും താളം പിടിക്കുകയും ചെയ്തു. ഇതിനിടക്ക് മുന്‍ കാല യാത്രാനുഭവങ്ങളും വീരകഥകളും ചിലരെല്ലാം പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

കനത്ത മഞ്ഞ് വീണ് റെയിന്‍ കോട്ടടക്കം നനഞ്ഞു തുടങ്ങി. ഞങ്ങള്‍ അവരവര്‍ക്കനുവദിച്ചു തന്നിരുന്ന ടെന്‍ഡുകളില്‍ കയറിക്കിടന്നു. വഴികാട്ടികളും മറ്റ് ഒന്നു രണ്ടു പേരും തുരുത്തിലുള്ള ഈറ്റ ചുവട്ടില്‍ ഇരുന്നു തീ അണയാതെ സൂക്ഷിക്കാമെന്ന് അവര്‍ ഏല്‍ക്കുകയുണ്ടായി.

ടെന്റിനകത്ത് തണുപ്പിന്റെ ആധിക്യം ഉണ്ടായിരുന്നില്ല. നിരപ്പല്ലാത്ത സ്ഥാത്താണ് ടെന്റുകളില്‍ ചിലതെല്ലാം. ഞാന്‍ എനിക്കനുവദിച്ചു കിട്ടിയ ടെന്റില്‍ നടുനിവര്‍ക്കാന്‍ കയറി കിടന്നു.

നേരം ഏറെ കഴിഞ്ഞു ഇടക്കിടെ സമയം അറിയാന്‍ ഞാന്‍ മൊബൈല്‍ തെളീച്ചു വീണ്ടും കിടന്നും ഉറങ്ങിയും ഉണര്‍ന്നും നേരം പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് എന്റെ സഹശയനക്കാരന്‍ സ്വപ്നത്തില്‍ ആന ആന എന്നു പറഞ്ഞ് അസ്പഷ്ടമായി നില വിളിച്ചതും ‍ വിറപ്പിച്ചതും. ഞാനയാളെ വിളീച്ചുണര്‍ത്തി ആശ്വസിപ്പിച്ചു. അയാള്‍ക്ക് പിന്നീട് ഉറങ്ങാന്‍ കഴിഞ്ഞില്ല അയാള്‍ തീയിനു കാവലിരിക്കുന്നവരുടെ കൂടെ ഇരിക്കാന്‍ ചെന്നു ഞാന്‍ വീണ്ടൂം കിടന്നു എപ്പോഴോ ഉറങ്ങി.

രാവിലെ ആറുമണിക്ക് എഴുന്നേല്‍ക്കുമ്പോള്‍ പുറത്തെങ്ങും ഇരുട്ടാണ്. നേരിയ വെളിച്ചം വരുന്നതേയുള്ളു. തീ കത്തിക്കാനിരുന്നവര്‍ ഇപ്പോള്‍ ഗാഡ്ഡനിദ്രയിലാണ്. തീ പുകഞ്ഞുകൊണ്ടിരിക്കുന്നത് ഒരിടത്തു മാത്രം. ചിലരെല്ലാം കൂര്‍ക്കം വലിക്കുന്നത് തിരുവനന്തപുരം വരെ എത്തുന്നുണ്ടായിരുന്നു. അതുകൊണ്ട് ഭയന്നിട്ടാകണം ആനയടക്കമുള്ള മൃഗങ്ങള്‍ വരാതിരുന്നത് എന്നെനിക്കു തോന്നി. ടീം ലീഡര്‍ ഫ്രാന്‍സിസും പ്രകാശ് നാരായണനും ഉണര്‍ന്നിട്ടുണ്ട്. അവര്‍ കട്ടന്‍ കാപ്പി തയാറാക്കുന്നുണ്ടായിരുന്നു.

ഏഴുമണിയോടടുത്താണ് എല്ലാവരും ഉണര്‍ന്നത്. കട്ടന്‍ കാപ്പി കഴിച്ചവര്‍ അല്പ്പാല്പ്പം അകന്ന് ആശ്വാസത്തിന്റെ തീരങ്ങള്‍ തേടി. ഫ്രാന്‍സിസും ഗുരുവായൂരപ്പനും പ്രഭാതഭക്ഷണമായി ഉപ്പുമാവ് ഉണ്ടാക്കുന്ന തിരക്കില്‍ മുഴുകി.

കൃത്യം എട്ടുമണിക്ക് ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍‍ യാത്രക്ക് തയാറായി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും പശ്ചിമഘട്ടം സം രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബാനറിനു പിന്നില്‍ ഞങ്ങള്‍ ഏവരും അണി ചേര്‍ന്നു. കസ്തൂരിക്കും പശ്ചിമഘട്ടത്തിനും പത്തു ജയ് വിളിച്ചു. അതു കേട്ടും കണ്ടും ടോമിക്ക് ചൊറിഞ്ഞു വരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങളുടെ പ്രവര്‍ത്തി കണ്ട് കാട്ടിലെ മരങ്ങള്‍ സസന്തോഷം തലകുലുക്കി നേര്‍ത്ത ഇളം കാറ്റ് ഞങ്ങളെ ആശ്ലേഷിച്ചു .

Generated from archived content: puliyara6.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here