വഴികാട്ടികളായ സുഹൃത്തുക്കള്‍ അല്പ്പം മാറിയിരിക്കുന്നുണ്ട്. ഞാന്‍ അവരുടെ അടുത്തുകൂടി നാട്ടു വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. നല്ല മൃഗശല്യമുള്ള പ്രദേശമാണ് ശിരുവാണി തടങ്ങള്‍ എന്നവര്‍ പറഞ്ഞു .വേനലെന്നോ വര്‍ഷമെന്നോ വ്യത്യാസമില്ലാതെ ജലസമൃദ്ധി ഉള്ള സ്ഥലം . കേവലം ഇരുപത്തഞ്ചു കുടുംബാംഗങ്ങള്‍ മാത്രമാണ് ഇന്ന് പുലിയറയിലുള്ളതെത്രെ ! ഒരു പാട് കുടുംബങ്ങള്‍ ഇതിനോടകം നാടുവിട്ടുപോയതായി അവര്‍ സാക്ഷ്യപ്പെടുത്തി. കസ്തൂരി രംഗനും ഗാഡ്ഗിലും നാട്ടില്‍ പാട്ടായതോടെ ഒരു സെന്റ് ഭൂമിക്കു ആയിരം രൂപക്കു പോലും വാങ്ങാനാളില്ല എന്നവര്‍ സങ്കടം പറഞ്ഞു . രാത്രി ആന ശല്യം, പുലി ശല്യം എന്നിവയോടൊപ്പം കൃഷി നശിപ്പിക്കുന്ന മുള്ളന്‍ പന്നി, പന്നി എന്നിവയുടെ ഉപദ്രവവും അസഹ്യമാണത്രെ. പുലിയറയിലെ പട്ടികളെയും ആടുകളേയുമെല്ലാം നിത്യവും കാണാതാകുന്നത് ഒരു വാര്‍ത്തയെ അല്ലെന്ന് അവര്‍ സങ്കടപ്പെട്ടു. പിന്നെങ്ങനെ കുടുംബങ്ങള്‍ നാടുവിടാതിരിക്കും ? ശുദ്ധവായുവും കുളിരും ഉള്ളതിനാലും പൊയ്മുഖങ്ങളുളളവരെ കാണേണ്ടല്ലോ എന്നു കരുതിയുമാണ് ഞാന്‍ ഇവിടം വിട്ടു പോകാത്തത് എന്നാണ് വഴികാട്ടിയായ ജിന്‍സണ്‍.
ഞങ്ങള്‍ ക്യാമ്പ് ഫയര്‍ ഇട്ടിരിക്കുന്ന സ്ഥലത്തിന്റെ പേര്‍ ചള്ളത്തോട് അഥവാ ചള്ളക്കയം എന്നാണ്. ജനവാസമേഖലയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ കുറച്ചു കാലം ചായക്കടയും പലചരക്കുകടയും ഉണ്ടായിരുന്നു . കൂപ്പുലേലം നടന്ന അക്കാലത്ത് തൊഴിലാളികള്‍ക്കു വേണ്ടി നടത്തിയിരുന്നതാണെത്രെ. കൂപ്പു റോഡു ഉണ്ടായിരുന്ന ഇടമൊന്നും ഇന്ന് കണ്ടാലറിയില്ല. എങ്ങും ഘോരവനമാണ് ശിരുവാണി പെരും കാട്.
കഞ്ഞിയും കറിയും കാലമാവാന്‍ രാത്രി ഒമ്പതരമണി കഴിഞ്ഞു. വട്ടത്തിലിരുന്ന് കിസ്സ പറഞ്ഞിരുന്നവര്‍ പ്ലേറ്റും സ്പൂണുമായി ക്യൂ നിന്ന് ഭക്ഷണം വാങ്ങി. ഉള്ളിയും തക്കാളിയും വെള്ളരിക്കയും ചേര്‍ത്തുണ്ടാക്കിയതായിരുന്നു കറി. അച്ചാറും പപ്പടവും വേറെയുണ്ട്. കഞ്ഞിയും കറിയും ധാരാളമുണ്ടായിരുന്നതിനാല്‍ സുഭിക്ഷമായിത്തന്നെ എല്ലാവരും കഴിച്ചു.
മൂന്നിടത്താണ് ക്യാമ്പ് ഫയര്‍ ഇട്ടിരുന്നത്. അത്താഴം കഴിക്കാന്‍ കഷ്ടിച്ച് അരമണിക്കൂര്‍ വേണ്ടി വന്നു . കഞ്ഞികുടി കഴിഞ്ഞ് എല്ലാവരും ഒരിടത്തുള്ള കത്തുന്ന തീയിനു ചുറ്റുമിരുന്നു . ഔപചാരികമായ പരിചയപെടലാണു കാര്യം . ആദ്യം ക്യാമ്പ് ലീഡര്‍ ഫ്രാന്‍സിസ് സ്വയം പരിചപ്പെടുത്തി. കൊച്ചിന്‍ അഡ്വെഞ്ചറസ് ഫൗണ്ടേഷന്റെ ദൗത്യങ്ങളും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും അദ്ദേഹം ഓടിച്ചു പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തരായി സ്വന്തം പേരും കുടുംബവിശേഷങ്ങളും തൊഴിലും നാടും ചുറ്റുപാടുകളും സംബന്ധിച്ച് ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചു. പ്രകൃതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും പൗര സംരക്ഷണത്തിന്റെ ആവശ്യകതയും ഒരു പല്ലവി പോലെ മിക്കവരും പറയുന്നുണ്ടായിരുന്നു . ഏറ്റവും ഒടുവിലായി ഞങ്ങളുടെ വഴികാട്ടികളും പരിചയപ്പെട്ടു. അവസാനം പരിചയപ്പെട്ടതും സഭക്ക് ചൂട് ഏറിയതും ടോമി പറഞ്ഞതു മുതലായിരുന്നു. അവിടന്നങ്ങോട്ട് ചര്‍ച്ചക്ക് നൂറു ഡിഗ്രി ചൂടുണ്ടായിരുന്നു. വനങ്ങള്‍ മുഴൗവന്‍ വെട്ടി വെളുപ്പിക്കണം കാട്ടുമൃഗങ്ങളെ ചുട്ടുകൊല്ലണം പരിസ്ഥിതി വാദികള്‍ പരമ ദ്രോഹികള്‍ , പട്ടണത്തില്‍ കഴിയുന്നവര്‍ സുഖസൗകര്യങ്ങളില്‍ മദിച്ച് മടുത്ത് എന്നെങ്കിലും കാടുകാണാന്‍ വരുന്നത് മറ്റൊരു സുഖമനുഭവിക്കാനാണ്. പൊയ്മുഖങ്ങളുള്ള അവരോട് എനിക്ക് പരമപുച്ഛമാണ്. ടോമിച്ചന്‍ ഇങ്ങനെയാണ് പറഞ്ഞു തുടങ്ങിയത് ..
നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളിലിരുന്ന് ശൂന്യതയെ നോക്കി മനസില്‍ തോന്നുന്ന കാര്യങ്ങളെ നാക്കിന്റെ നീളത്തിനൊത്ത് നാക്കിട്ടലക്കുന്നവര്‍ . പ്രകൃതി സംരക്ഷണം പരിസ്ഥിതി സന്തുലനം എന്നെല്ലാം പറഞ്ഞ് വായില്‍ തോന്നുന്നത് കോതക്കു പാട്ടെന്നു മട്ടില്‍ വരുത്തി ഞങ്ങളെ കൊന്നു തിന്നണോ എന്ന് രാത്രിയിലെ വന നിശബ്ദതയില്‍ അലറി പറഞ്ഞ് ടോമിച്ചന്‍ ഞങ്ങളെ അമ്പരപ്പിച്ചു. തികച്ചും അയാള്‍ കിതക്കുകയായിരുന്നു . എന്തും നേരിടുവാനുള്ള ചകൂറ്റത്തോടെ ഏത് പരിസ്ഥിതി വാദിയുടേയും വാദമുഖങ്ങളെ ഖണ്ഡിക്കാനുള്ള മറു വാദങ്ങളുമായി ശിരുവാണി കാട്ടിലെ വന്യമൃഗങ്ങളുടെ ക്രൗര്യത്തോടെ വിജയിഗീഷുവായി അയാള്‍ നില കൊണ്ടു.
ഞങ്ങളുടെ സംഘത്തിലെ അപക്വമതികള്‍ കാട് , ജലം , പ്രകൃതി , പരിസ്ഥിതി എന്നെല്ലാം പറഞ്ഞ് ടോമിച്ചനെ പ്രകോപിപ്പിക്കുകയാണ് ഉണ്ടായത്. നമുക്കു കഴിക്കാന്‍ ഭക്ഷണം വേണം കൃഷിഭൂമി കുറഞ്ഞു വരുന്നു ഉള്ള സ്ഥലത്ത് കൃഷി ചെയ്യുന്നില്ല നിലം തരിശിട്ട് പൊന്നിന്‍ വിലയെ വെല്ലുന്ന രീതിയില്‍ തിരിച്ചും മറിച്ചു വില്‍ക്കുന്നു പ്രിയപ്പെട്ട വിവരമുള്ള ചേട്ടന്മാരെ അനിയന്മാരെ നിങ്ങള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ പുഴയും മണലും ജലവും പാറയും കൊള്ളയടിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ ചെറുവിരല്‍ നഖമെങ്കിലും അനക്കാന്‍ നിങ്ങള്‍ക്കു സാധിച്ചുവോ? എഴുപത് മുതല്‍ എഴുപത്തഞ്ച് വരെ കാലത്ത് എട്ടുലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്ന കേരളത്തില്‍ന്ന് രണ്ടേമുക്കാല്‍ ലക്ഷമായി ചുരുങ്ങിയില്ലേ ചേട്ടന്മാരെ എന്താ കാരണം നെല്‍ വയലെല്ലാം നികത്തി നിലയുള്ള മാളികകള്‍ കെട്ടി നിങ്ങളെ പോലുള്ളവര്‍ക്ക് വില്‍ക്കാം. കൊഴുത്തു സുഖിക്കാം. അളവറ്റ ധനത്തില്‍ കിടന്ന് അളകാപുരീശ്വരനെ വെല്ലാം. ഈയടുത്ത കാലത്ത് പത്രത്തില്‍ വന്ന വാര്‍ത്ത പോലെ നോട്ടുകെട്ടുകള്‍ക്കു മുകളില്‍ കിടന്നുറങ്ങുന്ന നേതാവിനേപോലെയാകാം.
പ്രകൃതി പരിസ്ഥിതി എന്ന് പറഞ്ഞ് ഞങ്ങളേപോലുള്ളവരുടെ വയറ്റത്തടിക്കാം. ചേട്ടന്മാരെ ഞാന്‍ അഞ്ചാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു നിത്യ പത്രവായനയാണ് എന്റെ അറിവ്. എനിക്ക് ഇംഗ്ലീഷും ഹിന്ദിയുമൊന്നും അറിയില്ല. വലിയ വിവരവുമില്ല. ഞാനൊന്നു ചോദിച്ചോട്ടെ സൈലന്റ് വാലി കാടുകളില്‍ വര്‍ഷത്തില്‍ മുന്നൂറ് ദിവസവും മഴകിട്ടുന്നുണ്ടെത്രെ അതെ നിത്യ ഹരിതവനമല്ലെ ഇതും എന്തെ ഇവിടെ മഴ കുറയാന്‍ കാരണം ? നഗരത്തിലും കടലിലും മഴ പെയ്യുന്നത് ഏത് കാടും പരിസ്ഥിതിയും കൊണ്ടാണ്? ഒരു പന്നിയുടെയോ പട്ടിയുടേയോ വിലയെങ്കിലും മനുഷ്യനുമില്ലെ? എന്റെ കൃഷിയിടം കണ്ടിട്ടെ നിങ്ങള്‍ നാളെ മടങ്ങാവൂ തെങ്ങും കവുങ്ങും വാഴയുമെല്ലാം നശിച്ചു കിടക്കുന്നത് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം എന്താ കാരണം വനമൃഗശല്യം. ഇവറ്റകളെ മുഴുവന്‍ കൊന്നൊടുക്കണം.
എന്റെ ചേട്ടന്മാരെ എഴുപതു കൊല്ലമായി ഞങ്ങളുടെ അപ്പനപ്പൂപ്പന്മാരുടെ കൈവശമുള്ള നാലു ഏക്കര്‍ പട്ടയ ഭൂമിയിലാണ് ഞാന്‍ കൃഷി ചെയ്യുന്നത്. സെന്റിനു ആയിരം രൂപക്ക് എടുക്കാന്‍ നിങ്ങളീലെ ഉദ്യോഗസ്ഥന്മാര്‍ ആര്‍ക്കെങ്കിലും കഴിയുമോ? വലിയ വലിയ ജോലിയുള്ളവരല്ലെ നിങ്ങള്‍ എന്നിട്ട് പരിസ്ഥിതിയെ വേണ്ടുവോളം സ്നേഹിക്കുവിന്‍. മരം വെച്ച് പ്രകൃതിയെ സൂക്ഷിക്കുവിന്‍. നാട്ടിലെവിടെയെങ്കിലും ചെന്ന് ഞാന്‍ ജീവിക്കും. അഞ്ഞൂറില്‍ ചുരുങ്ങിയ രൂപ ദിവസക്കൂലിയായിട്ട് ഇന്നാര്‍ക്കുമില്ലല്ലോ. എന്റെ മക്കളെ ഒന്നു കൊന്നുതാ കസ്തൂരി ഗാഡ്ഗില്‍ എന്നെല്ലാം പറഞ്ഞ് ‘ പ്രാന്താക്കാതെ ‘.
ടോമിച്ചന്‍ കിതക്കുകയായിരുന്നു രാത്രിയിലെ മകരമഞ്ഞില്‍ ശിരുവാണിക്കാട്ടിലെ ശീതത്തില്‍ അയാള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്നുണ്ടായിരുന്നു. ഒരായിരം ഈറ്റപ്പുലികളൂടേ ശൈര്യമായിരുന്നു അയാള്‍ക്ക്. ആരോടെല്ലാമോ എന്തിനെല്ലാമോ ഉള്ള രോഷം ചിറപൊട്ടി ഒഴുകുകയായിരുന്നു. അയാളുടെ അവസ്ഥ കണ്ട് ഹൃദയസ്തംഭനത്താല്‍ അയാള്‍ തീരുമോ എന്ന് ഞാന്‍ ഭയപ്പെടാതിരുന്നില്ല.
Generated from archived content: puliyara5.html Author: m.e.sethumadhavan