‘ നാറികളുടെ ഭരണിപ്പാട്ട്’

ഏറെ വൈകിയ വേളയിലെ കാടുകയറ്റത്തോട് എനിക്ക് മാനസികമായി യോജിക്കാനായില്ലെങ്കിലും മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു. സാഹസികത നല്ലതു തന്നെ പക്ഷെ, അതിസാഹസികത വിവരക്കേടാവരുതല്ലോ. എറണാകുളത്തു നിന്നും പൊന്നാനിയില്‍ നിന്നും ഇടുക്കിയില്‍ നിന്നുമെല്ലാം എത്തിച്ചേര്‍ന്നവര്‍ കൂട്ടത്തിലുണ്ട്. പരിചിതരും അപരിചിതരും അടങ്ങുന്ന ടീം. കാടിന്നകത്തളങ്ങളില്‍ വെളിച്ചം മങ്ങി ഇരുട്ട് പരക്കുന്ന നേരങ്ങളില്‍ ഉള്‍ക്കാട്ടില്‍ നിന്നും പാറമടകളില്‍ നിന്നും പുറത്തിറങ്ങി വേട്ടക്കൊരുങ്ങുന്ന മാംസഭുക്കുകളായ ഇരപിടിയന്മാര്‍. ഇതിന്നിടയിലൂടെ പദമൂന്നാന്‍ പറ്റാത്ത സ്ഥലത്തുകൂടി കയറ്റിറക്കങ്ങളിലൂടെ എങ്ങനെ യാത്ര ചെയ്യാന്‍? വരും വരായ്കകളെ കുറിച്ച് പ്രവചന സാധ്യമല്ലങ്കിലും ഏറെ ആലോചിച്ച് തലപുകയ്ക്കാതെ വനദേവതമാരെയും പ്രകൃതിയമ്മയേയും മനസില്‍ വിളീച്ച് മലയുടെ പാദത്തില്‍ തൊട്ടു വന്ദിച്ച് ഞാന്‍ നടന്നു തുടങ്ങി.

ശിരുവാണി പുഴയുടെ കരയിലൂടെ പാറക്കെട്ടുകളില്‍ പദമൂന്നി ചാടിയും മറിഞ്ഞു നടന്നു നീങ്ങുമ്പോള്‍ പലരും നിശബ്ദരായിരുന്നു. പുഴയുടെ ഓരങ്ങളില്‍ ധാരാളം ഈറ്റക്കൂട്ടങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട് . അവയ്ക്കു പിന്നില്‍ കൂറ്റന്‍ മരങ്ങള്‍ ആകാശം നോക്കി പോയിട്ടുണ്ട്. സംഘാടകരിലെ സ്ഥിരാംഗങ്ങളുടെ കയ്യില്‍ ലഗേജ്ജിനു പുറമെ നിലത്തു വിരിക്കാനുള്ള ടാര്‍പോളിനുകളും ടെന്റായി ഉപയോഗിക്കാവുന്ന കുടകളുമുണ്ട്. പുഴയ്ക്കു കുറുകെ രണ്ടു മൂന്നു തവണ ഇറങ്ങി കടക്കേണ്ടി വന്നു. വെളിച്ചം മങ്ങുന്തോറും ഹരിതവനത്തിന്റെ ഗാഢതയില്‍ ഇരുട്ട് കടന്നുവരുവാന്‍ തിടുക്കം കാണിക്കുന്നതു പോലെ തോന്നി. ഒടുവില്‍ ആറരയോടെ വഴികാട്ടികള്‍ യാത്ര മതിയാക്കുമ്പോല്‍ ഞങ്ങള്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ ഉള്‍ക്കാട്ടിലെത്തിയിരുന്നു .

കടന്നു വന്ന വഴികളെ താരതമ്യം ചെയ്യുമ്പോള്‍‍ സാമാന്യം ഭേദപ്പെട്ട സ്ഥലമാണ് വിശ്രമകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത് . പുഴയുടെ നടുക്ക് ഉള്ള തുരുത്താണ് ഇത് ഇരുവശങ്ങളിലൂടെയും വെള്ളമൊഴുകുന്നുണ്ട്. കുറ്റിപ്പുല്ലും പാറക്കെട്ടുകളും നിറഞ്ഞ ഇടം തുരുത്തിനു കുട പിടിച്ചു കൊണ്ട് എന്ന പോലെ നടുവില്‍ പത്തോളം ഉയരമുള്ള ഓടകള്‍ നാലുവശത്തേക്കും തലതാഴ്ത്തി നില്‍ക്കുന്നു.

സാമാന്യം നിരപ്പുള്ള സ്ഥലത്ത് ടാര്‍പോളിന്‍ വിരിച്ച് എല്ലാവരും ബാഗുകള്‍ വെച്ചു. കുറച്ചു പേര്‍ ഉണങ്ങിയ മരത്തടികളും ശേഖരിച്ചു തുടങ്ങി. വഴികാട്ടികള്‍ വിറകിന്റെ ആവശ്യകതയെ ഗൗരവത്തോടെ കണ്ടില്ല എന്നത് എനിക്ക് വിഷമമുണ്ടാക്കി . അവര്‍ ഏത് ഇരുട്ടിലും വെളിച്ചം കൂടാതെ രാത്രി കഴിക്കാന്‍ തയാറായതു പോലെയാണ് നില്പ്പി ഞാന്‍ സംഘാടകരോട് വരും വരായ്കകള്‍ പറഞ്ഞു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ശരവേഗത്തില്‍ കുറയേറെ കമ്പുകള്‍ ശേഖരിച്ചു. അപ്പോഴേക്കും വെളിച്ചം മാഞ്ഞു കഴിഞ്ഞിരുന്നു. കഷ്ടിച്ച് ആവശ്യത്തിനുള്ള വിറകെ ആയിട്ടുള്ളു. പിന്നീട് എനിക്കുണ്ടായിരുന്ന ധൈര്യം അടുത്തു തന്നെ തുരുത്തിനു കുറുകെ വീണുകിടക്കുന്ന സാമാന്യം ഭേദപ്പെട്ട പപ്പടം പോലു ഉണങ്ങിക്കൊഴിഞ്ഞ ഒരു തടി കിടപ്പുണ്ട് എന്നതാണ്.

ഇരുട്ടിനു കനം കൂടി . ഞങ്ങള്‍ ഒരിടത്ത് തീകൂട്ടി. ചോറും കറിയും വെയ്ക്കാനുള്ള ശ്രമം നേതൃത്വം തുടങ്ങി താത്പര്യമുള്ളെവരെല്ലാം അതില്‍ പങ്കാളികളായി. മറ്റുള്ളവര്‍ മൊബൈല്‍ഫോണുകള്‍ കയ്യിലെടുത്ത് അക്കങ്ങളെ പീഡിപ്പിച്ചു കൊണ്ടിരുന്നു. തലങ്ങും വിലങ്ങും നടന്നും തിരിച്ചും മറിച്ചും ഞെക്കിയും ഒരാളുടെയും കാര്യം നടന്നില്ല. ഒരു കമ്പനിയുടേയും ടവര്‍ റേഞ്ച് കടുകോളം പോലും കിട്ടിയില്ല . ശ്രമം വിഫലമായപ്പോള്‍‍‍ മിക്കവരും തോര്‍ത്തും ടോര്‍ച്ചുമെടുത്ത് പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി സ്ഥലം കണ്ടെത്തി അവിടിവിടങ്ങളില്‍ ഇരുപ്പുറപ്പിച്ചു . ചിലയിടങ്ങളില്‍ നിന്നും നാദസ്വരമുയര്‍ന്നു.

ഞാനും ഗുരുവായൂരപ്പനും പ്രശാന്തും മലപ്പുറംകാരന്‍ നസീറും, ഒരിടത്തിരുന്ന് എല്ലാം നിരീക്ഷിക്കുകയാണ്. ‍ഈയവസരത്തിലാണ് നസീറിനൊരു ദുര്‍ബുദ്ധി ( കുസൃതി) തോന്നിയത് . അയാള്‍ ബാഗ് തുറന്ന് ഒരു ഉപകരണം കയ്യിലെടുത്ത് ചുണ്ടോടു ചേര്‍ത്ത് വെച്ച് ഉറക്കെ ഒന്ന് ഊതി. ആ ശബ്ദം അവിടമാകെ മുഴങ്ങി മാറ്റൊലികൊണ്ടു . കാടിന്റെ നിശബ്ദതയില്‍ ആ മുഴക്കത്തിനു പല മടങ്ങ ശക്തിയുണ്ടായിരുന്നു . അപ്രതീക്ഷിതവും അപരിചിതവുമായ ശബ്ദം കേട്ട് ആ ശ്വാസതീരം തേടി ഇരുന്നവര്‍ പ്രാണഭയത്തോടെ നില്വിളീച്ച് എഴുന്നേറ്റ് ഉരുണ്ട് പിരണ്ട് തീ കത്തുന്നിടത്തേക്ക് പറന്നെത്തി . കാലിലും വഴിയിലും ദുര്‍ഗന്ധലേപനവുമായി മറ്റു ചിലര്‍ അടിവസ്ത്രത്തില്‍ തടഞ്ഞു വീണവര്‍ വേറെ ചിലര്‍. ഉടുത്ത തോര്‍ത്ത് അഴിഞ്ഞു വീണ് ഓടിയെത്തിയത് രണ്ടു പേര്‍. എനിക്ക് ഒരു സെക്കന്റ് നേരം ചിരി വന്നെങ്കിലും ഞാന്‍ ഗൗരവം കൈക്കൊണ്ടു നസീര്‍ വിഡ്ഡിയേപ്പോലെ ചിരിക്കുകയാണ്. അവന്‍ ചെയ്തത് കടന്ന കളിയായിരുന്നു. ഞാന്‍ നസിറിനെ വഴക്കു പറഞ്ഞു. അപ്പോഴേക്കും ഒരാള്‍ പറന്നെത്തി അവനു നേരെ സര്‍ വവും മറന്ന്‍ കയ്യുയര്‍ത്തിയെങ്കിലും ഗുരുവായൂരപ്പന്റെ അവസരോചിതമായ ഇടപെടല്‍ അടി ഒഴിവാക്കി . വീണവരും ഓടിയവരും ‘ നാറികളും’ വിവസ്ത്രരും ചേര്‍ന്ന് രണ്ടു മിനിറ്റു നേരം നസീറിന്റെ നേര്‍ക്ക് ഭരണിപ്പാട്ട് ഗദ്യത്തില്‍ ചൊല്ലി . സത്യത്തില്‍ അവനത് പോരായിരുന്നു.

കുറച്ചുനേരത്തെ മന്ദിപ്പിനു ശേഷം വീണ്ടും ക്യാമ്പുണര്‍ന്നു. മറ്റു രണ്ടിടങ്ങളില്‍ കൂടി കത്തിച്ച് വെളിച്ചം ഉറപ്പാക്കി. കുളിയും കഞ്ഞിവെപ്പും നടന്നു. ഇടുക്കിക്കാരന്‍ സേവ്യര്‍ മനോഹരമായ കലാചാതുരിയോടെ കഷ്ണങ്ങള്‍ മുറിച്ചു. അതുകാണാന്‍ എന്തൊരഴകായിരുന്നു. സൗദിയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് സേവ്യര്‍ . രണ്ടാഴ്ചയെ ആയിട്ടുള്ളു കക്ഷി തിരിച്ചെത്തിയിട്ട് . ഇനിയൊരു തിരിച്ചു പോക്കില്ല എന്നാണ് പറഞ്ഞത്. പിതാവിനോടൊപ്പം കൃഷിചെയ്ത് കഴിയാനാണ് ഇനിയുള്ള കാലം. ഉദ്ദേശിക്കുന്നതെത്രെ ഇതറിഞ്ഞപ്പോള്‍ എനിക്കദ്ദേഹത്തിനോട് ബഹുമാനം തോന്നി. കൃഷിയില്‍ താല്പ്പര്യമുള്ള ഒരു ചെറുപ്പക്കാരനെ കൂടി കണ്ടതില്‍; സന്തോഷമുണ്ടായി.

ഞങ്ങളുടെ ടീം ലീഡര്‍ ഫ്രാന്‍സിസും കൊച്ചിന്‍ ഡീ ആര്‍ ഡി ഓ യിലെ പ്രകാശ് നാരായണനും ചേര്‍ന്ന് ഇതിനോടകം അഞ്ചു ടെന്റുകള്‍ ഉയര്‍ത്തിക്കഴിഞ്ഞിരുന്നു. പ്രാഥമിക കാര്യങ്ങളും കുളിയും കഴിഞ്ഞ പലരും മൊബൈലില്‍ ഒരു ശ്രമം കൂടി നടത്തി പരാജയം ഏറ്റു വാങ്ങി. പൊതുവായ പരിചയപ്പെടല്‍ ഭക്ഷണത്തിനു ശേഷമാണ് നിശ്ചയിച്ചിട്ടുള്ളത് എങ്കിലും പലരും പരസ്പരം പരിചപ്പെട്ടുകൊണ്ടിരുന്നു.

Generated from archived content: puliyara4.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here