അവസാനിക്കുമ്പോള്‍ ഒരാരംഭം

ട്രക്കിംഗിനു വരാനുള്ളവര്‍ മെല്ലെ എത്തട്ടെ എന്നു കരുതി ഞങ്ങള്‍ നൗഷാദിന്റെ അനുമതിയോടെ പുലിയറയിലേക്കു യാത്ര തുടര്‍ന്നു. വഴി വളരെ മോശമാണ് പന്ത്രണ്ടു കിലോമീറ്റര്‍ ദൂരം യാത്ര വേണം അവിടെ എത്താന്‍. വഴിയുടെ ഇടതു വശം നല്ല താഴ്ചയാണ്. ചിറ്റൂര്‍ പുഴ ശരാശരി സമൃദ്ധിയോടെ (പ്രാദേശിക നാമം) വളഞ്ഞു പുളഞ്ഞു ഒഴുകുന്നുണ്ട്. പല പല കുന്നിന്‍ ചരിവുകളിലൂടെയും മണല്‍പാത ഇഴഞ്ഞിഴഞ്ഞ് വനാന്ത്രഭാഗത്തേക്കു പോകുന്നതു കാണം . അര്‍ബുദം ബാധിച്ച് നശിച്ച സെല്ലുകള്‍ പോലെ അവിടവിടെയായി മൊട്ടയടിക്കപ്പെട്ട മലഞ്ചരിവുകള്‍.! കുടിയേറ്റക്കാരുടെ സംഭാവന കാലങ്ങളായുള്ള അനുസ്യൂത ബലാത്സംഗത്തിന്റെ മുറിപ്പാടുകള്‍ !

ഒരു മണിക്കു മുമ്പ് ഞങ്ങള്‍ പുലിയറയില്‍ എത്തി . അവിടെ ഞങ്ങളുടെ ടീമിനെ കാത്തിരുന്ന് മുഷിഞ്ഞ ജോയിച്ചന്‍ ( സ്ഥലവാസി) ഒരു കടവരാന്തയില്‍ താടിക്കു കയ്യും കൊടുത്ത് ഇരുപ്പുണ്ട്. ഞങ്ങളാരാണെന്നും എന്തിനു വന്നതാണെന്നും അദ്ദേഹത്തിനോടു പറഞ്ഞു പരിചയപ്പെട്ടു. ഗൂളിക്കടവില്‍ നിന്നും ഞങ്ങള്‍ പുറപ്പെടുന്ന സമയം തന്നെ നൗഷാദ് ജോയിച്ചനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദമാക്കിയിരുന്നു. കാലത്ത് പതിനൊന്നു മണിക്ക് ട്രക്കിംഗ് ആരംഭിച്ച് അഞ്ചുമണിയോടെ ഉചിതമായൊരിടത്ത് കാട്ടില്‍ തമ്പടിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് ജോയിച്ചന്‍ പറഞ്ഞു. പക്ഷെ ഈ ഒരു മണിവരെയും ആരും എത്താത്തതിനാല്‍ ഖിന്നനായിരുന്നു അദ്ദേഹം. ഞങ്ങള്‍ ജോയിച്ചന്റെ നിര്‍ദ്ദേശപ്രകാരം കടയോടു ചേര്‍ന്ന ഒരു മരത്തണലില്‍ കാര്‍ ഒതുക്കിയിട്ടു. പിന്നീട് ഞങ്ങളെയും കൂട്ടി മലഞ്ചരിവിലൂടെ അദ്ദേഹം സ്വന്തം വീട്ടിലേക്കു നടന്നു ഇനി എത്താനുള്ള ടീമിന്റെ കൂടെ നൗഷാദ് ഉള്ളതിനാല്‍ ജോയിച്ചന്റെ വീട് കണ്ടെത്താന്‍ പ്രയാസമാവില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഒഴിഞ്ഞ വയറുമായി നിലത്തു പൊങ്ങി നില്‍ക്കുന്ന കല്ലുകളില്‍ ചവിട്ടി ഞങ്ങള്‍ ജോയിച്ചനോടൊപ്പം നടന്നു . വഴിയുടെ ഇടതുവശം കമുങ്ങും കാപ്പിയും തെങ്ങും വളര്‍ന്നു നിന്നിരുന്നു വലതുവശം ഉയര്‍ന്നു നില്‍ക്കുന്ന കുന്നാണ്. അതാകട്ടെ ഉഴുതറിച്ചിട്ട നിലയിലാണ്. എന്തു കൃഷിക്കാണെന്ന് എനിക്കു മനസിലായില്ല. കുന്നിന്റെ നെഞ്ചു പിളര്‍ത്തി കൊണ്ട് ജെ സി ബി ഉപയോഗിച്ച് റോഡ് വെട്ടിയിട്ടുണ്ട് സത്യത്തില്‍ അതു കണ്ടപ്പോള്‍ മനസു പിടഞ്ഞു.

ഇരുപതു മിനിറ്റ് നടത്തിനൊടുവില്‍ ഞങ്ങള്‍ ജോയിച്ചന്റെ വീട്ടിലെത്തി. അദ്ദേഹം തനിയെയാണ് താമസം . കുടുംബം മക്കളുടെ പഠനാവാശ്യത്തിനായി പാലായിലാണ്. അമ്പത്തഞ്ചു കഴിഞ്ഞൊരു സാധുപ്രകൃതക്കാരനാണ് കക്ഷി. ഞങ്ങള്‍ അദ്ദേഹത്തിന്റെ ‘ ഒറ്റമുറി’ വീട്ടില്‍ എത്തി ബാഗുകള്‍ ഇറക്കി വച്ച് കുറച്ചു നേരം വിശ്രമിച്ചു. പിന്നീട് കൈകാല്‍ മുഖം തണുത്ത വെള്ളത്തില്‍ കഴുകി മലമുകളില്‍ നിന്നും ഹോസിട്ട് ഒഴുക്കികൊണ്ടുവരുന്ന വെള്ളത്തിനു നല്ല തണുപ്പുണ്ടായിരുന്നു രണ്ടുമണി സമയത്തും.

ശങ്കരേട്ടന്‍ മുക്കാലിയില്‍ നിന്നും പൊതിഞ്ഞു തന്ന് പാര്‍സലുകള്‍ ഞങ്ങള്‍ തുറന്നു . ഒരു പാര്‍സലില്‍ ചോറും കറികളും മറ്റൊന്നില്‍ പൊറോട്ടയും ചിക്കനും . ഞങ്ങള്‍ മൂന്നുപേരും ജോയിച്ചനും പങ്കിട്ട് ഭക്ഷണം കഴിച്ചു. തുടര്‍ന്നു ജോയിച്ചനുമായി കുടുംബകഥകളും ഉപകഥകളും പറഞ്ഞ് വരാനുള്ളവരെ കാത്തിരുന്നു. നാലെമുക്കാല്‍ മണിയോടെ ട്രക്കിംഗ് ടീം എത്തുമ്പോഴേക്കും ഞങ്ങള്‍ക്കു മടുത്തിരുന്നു.

നൗഷാദും മറ്റംഗങ്ങളും എത്തിക്കഴിഞ്ഞ് താമസം വിനാ രജിസ്‌ട്രേഷനും മറ്റു തുടര്‍ നടപടികളും തുടങ്ങി. കാട്ടില്‍ പാലിക്കേണ്ട ഗൗരവപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ ചുരുക്കി പറഞ്ഞു. ഭക്ഷണം തയാറാക്കാന്‍ വാങ്ങിയിരുന്ന അരിയും പലവ്യജ്ഞനങ്ങളും മറ്റു സാധങ്ങളും ഒരു ചാക്കിലാകി പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ ജോയിച്ചന്റെ വീട്ടില്‍ നിന്നെടുത്തു. ഇതിന്നകം മറ്റു രണ്ടു പേര്‍ കുട്ടി ( തദ്ദേശവാസികള്‍) എത്തി ഞങ്ങളുടെ വഴികാട്ടികളാകാന്‍ വന്നവരാണവര്‍.

സംഘാംഗങ്ങള്‍ പൂര്‍ണ്ണമായും തയാറാകുമ്പോള്‍ അഞ്ചരമണി കഴിഞ്ഞു. അപ്പോഴാണു അറിയുന്നത് നൗഷാദും മറ്റൊരാളും യാത്രക്കില്ല എന്ന കാര്യം. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണ് തനിക്കെന്നും നാളെ എല്ലാവരും തിരിച്ചെത്തുമ്പോഴേക്കും തനിക്കു കൊച്ചിയില്‍ പോയി വരേണ്ട അത്യാവശ്യമുണ്ടെന്നും നൗഷാദ് പറഞ്ഞു. കൂടുതല്‍ വൈകാന്‍ നില്‍ക്കാതെ വീടിന്റെ നായകത്വം സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായാ ഫ്രാന്‍സിസിനെയും പ്രവീണിനേയും ഏല്പ്പിച്ച് ഞങ്ങളെ യാത്രയാക്കി.

ജോയിയും ജില്‍സണും ടോമിയുമായിരുന്നു ഞങ്ങളുടെ വഴികാട്ടികള്‍. അവരടക്കം ഇപ്പോള്‍ യാത്രാസംഘത്തില്‍ 21 പേരാണുള്ളത്. തികച്ചും വിചിത്രമായ അനുഭവമായിരുന്നു യാത്രാരംഭം. യാത്ര അവസാനിക്കേണ്ട നേരത്ത് ഒരാരംഭം. പടിഞ്ഞാറെ ഏതോ മലക്കു പുറകില്‍! സൂര്യന്‍ മുഖമൊളിച്ചുകഴിഞ്ഞു. വെളീച്ചം മങ്ങിത്തുടങ്ങുകയാണ്. ഞങ്ങള്‍ കടക്കുന്നത് ശിരുവാണി പെരും കാട്ടിലേക്ക് ആപത്തുകളെ ക്ഷണിച്ചും അന്വേഷിച്ചും ഉള്ള യാത്രയാവരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

Generated from archived content: puliyara3.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here