പുലിയറയിലേക്ക്- 2

കാറില്‍ കയറുന്നതുവരെ ശങ്കരേട്ടന്‍ ഞങ്ങളെ അനുഗമിച്ചു. വണ്ടി മുന്നോട്ടു നിങ്ങി. പുറത്ത് കണ്ണെത്തുന്ന ദൂരമെല്ലാം പച്ചപ്പ് മാഞ്ഞു കഴിഞ്ഞിരിക്കുന്നു. വേനല്‍ കടുക്കുന്നതിന്റെ സകല ലക്ഷണങ്ങളും എവിടെയും കാണാം. ഇപ്പോള്‍ റോഡിന്നിടതു വശത്ത് കാണുന്നതാണു മല്ലീശ്വരന്‍ മുടി. ഏകദേശം നാലായിരം അടി ഉയരത്തിലുള്ള ഈ മലമുടി അട്ടപ്പാടി ആദിവാസികളുടെ കൈലാസമാണ്. മല്ലീശ്വരനെ കണികണ്ട് നിത്യവും വണങ്ങാത്ത ഒരു ആദിവാസിയും അട്ടപ്പാടിയിലുണ്ടാകില്ല. മല്ലീശ്വരന്റെ പാദം തഴുകി പതിഞ്ഞൊഴുകുന്ന ഭവാനിപ്പുഴയുടെ കരയിലുള്ള ചമ്മണ്ണൂര്‍ ശിവക്ഷേത്രത്തിലാണു ശിവരാത്രിയുത്സവം മൂന്നുനാള്‍ കൊണ്ടാടുന്നത്.

മുന്നിലുള്ള റോഡ് വളവുകളും തിരിവുകളുമുള്ളതാണെങ്കിലും കയറ്റിറക്കങ്ങള്‍ കുറവായിരുന്നു. പ്രശാന്തിന്റെ ഡ്രൈവിംഗ് മികവില്‍ വണ്ടി ഉലയാതെ വഴി പിന്നിട്ടത് വളരെ വേഗത്തിലാണു. റോഡരികുകളില്‍ ചെറിയ കവലകളില്‍ മിക്ക സ്ഥലത്തും നമ്മെ ഭരിക്കാന്‍ വേണ്ടി നമ്മള്‍ തിരഞ്ഞെടുത്തയച്ച നല്ലവരായ അടിമകളുടെ( ജനാധിപത്യത്തില്‍ പൊതുജനമാണല്ലോ യജമാനന്മാര്‍) ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനു ചുവട്ടില്‍ മുക്കിത്തൂറാന്‍ സ്ഥലം അനുവദിച്ചതു മുതല്‍ വിമാനത്താവളം വരെ അനുവദിച്ചു തന്നതിനു ആശംസകള്‍ എന്നും രേഖപ്പെടുത്തിക്കണ്ടു.അട്ടപ്പാടിയില്‍ ഇപ്പോള്‍ മരങ്ങളേക്കാള്‍ മനുഷ്യരേക്കാള്‍ ഫ്‌ലക്‌സുകളാണുള്ളത്. എട്ടും പൊട്ടും തിരിയാത്ത ന്യൂനപക്ഷമായ ആദിവാസികളുടെ മറവില്‍ അവരുടെ ആനൂകൂല്യങ്ങളില്‍ ഇത്തിള്‍ക്കണ്ണികളായി മാറി സുഖം നുകരുന്ന ആധുനിക ഭാരതത്തിന്റെ കര്‍ഷകപുത്രന്മാരായിരിക്കുകയാണു ഒരു കൂട്ടര്‍. ഇതെല്ലാം കണ്ടുകൊണ്ടായിരിക്കണം പുറത്ത് വെയില്‍ തിളച്ചു മറിയുന്നത്.

മണ്ണാര്‍ക്കാട് ആനക്കട്ടി റൂട്ടിലെ ശൂളിക്കടവും അഗളിയുമാണു പ്രധാന ജംങ്ഷനുകള്‍. ഞങ്ങളിപ്പോള്‍ ശൂളിക്കടവിലാണു. ഇവിടെ നിന്നും കിഴക്കോട്ട് 12 കിലോ മീറ്റര്‍ ദൂരമുണ്ട് പുലിയറയിലേക്കു. ട്രക്കിംഗില്‍ പങ്കുകൊള്ളുന്നതിനായി ഏതാനും പേര്‍ ഇവിടെ എത്തിയിട്ടുണ്ട്. ഇനിയും കുറച്ചു പേര്‍ കൂടി എത്താനുണ്ട്. അവരെ കാത്തിരിക്കുകയാണു ടീം ലീഡര്‍ നൗഷാദും സുഹൃത്തുക്കളും. എല്ലാവരും എത്തിയ ശേഷം ജീപ്പ് സംഘടിപ്പിച്ച് വരാനെ അവര്‍ക്കു കഴിയു. ഗുരുവായൂരപ്പനും പ്രശാന്തും കടത്തിണ്ണയില്‍ ഒരിടത്തിരുന്ന് അവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ പരിചയം പുതുക്കിയ ശേഷം കുറച്ചു നേരം ഗൂളിക്കടവ് മുക്കവലയിലൂടെ നിരീക്ഷണം നടത്തി.

മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പട്ടണമാണു ഇന്നു ഗൂളിക്കടവ് എന്നു പറയാം. ഒറ്റനോട്ടത്തില്‍ തന്നെ ഒരു നഗര ജീവിത മാലിന്യങ്ങള്‍ എങ്ങും ചിതറിക്കിടക്കുന്നതായി കാണാനായി. എന്നാല്‍ കാണായ ആളുകള്‍ക്കും ഇവിടെയെത്താന്‍ സാദ്ധ്യതയുള്ളവര്‍ക്കുമൊന്നും പട്ടണ സംസ്‌ക്കാരം ഉണ്ടാവാന്‍ ഇടയില്ലെന്നു എനിക്കു ഉറപ്പുണ്ട്. മലഞ്ചരക്കുകള്‍, വന വിഭവങ്ങള്‍, മലക്കറികളും നിത്യോപയോഗ സാധങ്ങളും കെട്ടിടനിര്‍മ്മാണ സാമഗ്രഹികളും വില്‍ക്കുന്ന മത്സരബുദ്ധിയോടെയുള്ള കടകള്‍ ധാരാളമുണ്ടിവിടെ. പരിഷ്‌ക്കാരികള്‍ക്കും അപരിഷ്‌കൃതര്‍ക്കും ശരാശരിക്കാര്‍ക്കും നിത്യജീവിതവുമായി വേണ്ടുന്ന സാധനസാമഗ്രഹികള്‍ക്ക് സുലഭമായ വ്യാപാര സമുച്ചയങ്ങള്‍ക്കു ഒരു കുറവുമില്ല ഗൂളിക്കടവില്‍. സ്വര്‍ണ്ണക്കടകളും ബ്യൂട്ടിപാര്‍ലറുകളും വൈവിധ്യമാര്‍ന്ന ഭക്ഷണസാധങ്ങള്‍ വിപണനം ചെയ്യുന്ന ഹോട്ടല്‍ ബേക്കറി സ്ഥാപനങ്ങളും ആവശ്യത്തിലധികമുണ്ട്. ഫോറസ്റ്റ് പോലീസ് സ്‌റ്റേഷനുകള്‍ വിവിധ ഗവണ്മെന്റ് ആഫീസുകള്‍ പണത്തിനനുസരിച്ച് ആരോഗ്യം പ്രധാനം ചെയ്യുന്ന ആശുപത്രികള്‍ തുടങ്ങിയവയും ഗൂളിക്കടവിനലങ്കാരമായി നിലനില്‍ക്കുന്നു.

ഇംഗ്ലീഷ് മലയാളം തമിഴ് മീഡിയം സ്‌കൂളുകള്‍ അറിവ് പ്രധാന ചെയ്യാന്‍ സദാ ജാഗരൂഗരായി കാവല്‍ നില്‍ക്കുന്നുണ്ട്. മത്സരിച്ച് മോക്ഷം നല്‍കാന്‍ തയാറായി നില്‍ക്കുന്ന പ്രധാന മതങ്ങളുടെയെല്ലാം ആരാധനാലയങ്ങള്‍ ഗൂളിക്കടവിലുണ്ട്. പണം വാങ്ങി ‘ പ്രാന്ത്’ സമ്മാനിക്കുന്ന നീണ്ട ക്യൂ കാഴ്ച വയ്ക്കുന്ന വിദേശമദ്യ ഷാപ്പും ഈ പ്രദേശത്ത് സ്ഥാനം പിടിച്ചിരിക്കുന്നു.

ഗൂളിക്കടവിലെ ഒട്ടുമിക്ക വ്യാപാരങ്ങളിലും പരോക്ഷമായിട്ടും തമിഴമക്കള്‍ക്കാണു സ്വാധീനം. ആനക്കട്ടി കോയമ്പത്തൂര്‍ റൂട്ടിലൂടെ തമിഴ് വ്യാപാരികളാണു സാധങ്ങള്‍ കടയിലെത്തിക്കുന്നത്. കടയുടമക്കു ചരക്ക് അന്വേഷിച്ച് അലയേണ്ട ആവശ്യമേയില്ല. തദ്ദേശവാസികള്‍ക്കാവട്ടെ ഇരുപത്തഞ്ചു രൂപക്ക് ഗൂളീക്കടവില്‍ നിന്നും ആനക്കട്ടി വഴി കോയമ്പത്തൂരിലെത്താം. പിന്നെന്തിനു പാലക്കാട് നഗരത്തെ അവര്‍ക്കു ആശ്രയിക്കണം.

ഞാന്‍ വഴിയോരത്തെ ഒരു വില്‍പ്പനക്കാരനില്‍ നിന്നും കരിമ്പിന്‍ ജ്യൂസ് വാങ്ങി ക്കുടിച്ചു. അവിടത്തെ ഹോട്ടലുകളില്‍ ഉച്ചഭക്ഷണത്തീനു നല്ലത് ഏത് ഹോട്ടലാണെന്നു അന്വേഷിച്ചു (മുക്കാലിയില്‍ നിന്നും ശങ്കരേട്ടന്‍ പൊതിഞ്ഞു തന്ന പൊതി കൈവശമുണ്ടെങ്കിലും വെറുതെ ചോദിച്ചതാണ്) ഒട്ടും മടിക്കാതെ അയാള്‍ ഒരു വടക്കന്‍ കേരളക്കാരന്‍ നടത്തുന്ന ഹോട്ടല്‍ ചൂണ്ടിക്കാണിച്ചു പറഞ്ഞു ആ കട ഞങ്ങളുടെ നാട്ടുകാരന്റേതാണു ഒന്നാം തരം ബിരിയാണി കിട്ടും സാറ് അവിടെ കയറിക്കോളൂ”

എനിക്കു സഹതാപമോ സങ്കടമോ ഈര്‍ഷ്യയോ എല്ലാം ഒരുന്മിച്ചുള്ളതായ വികാരമാണു ഉണ്ടായത്. ഞാനത് അയാളോടു പ്രകടിപ്പിച്ചില്ല. കാരണം, എല്ലാം ഒരു തരം പ്രാദേശിക ഭ്രാന്തായിരിക്കുന്നു. ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും എന്നു തുടങ്ങി കുഞ്ഞുകടകള്‍ക്കു വരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളുടെ പേരാണിട്ടിരിക്കുന്നത്. ആ കടകളുടെയും മറ്റും മുന്നില്‍ തമിഴ് പുതുതലമുറ സിനിമാക്കാരുടെ തുണിയുള്ളതും ഇല്ലാത്തതുമായ പോസ്റ്ററുകളും ചിത്രങ്ങളുമുണ്ട്.

ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു ഗൂളീക്കടവിലെ മാറ്റങ്ങള്‍. ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് ഞാനിവിടെ വന്നപ്പോഴുണ്ടായിരുന്ന ഗൂളിക്കടവ് വിസ്മൃതമായിരിക്കുന്നു. ഏതോ ഒരു ഗൃഹാതുരത്വം എന്നെ കീഴടക്കിയിരിക്കുന്നു.

Generated from archived content: puliyara2.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English