(എം ഇ സേതുമാധവന്റെ പുതിയ യാത്രാവിവരണം ആരംഭിക്കുന്നു)
സുഖം തേടിയുള്ള യാത്രയിലാണ് ഓരോരുത്തരും ജീവിതം മുഴുവന്‍ സുഖമനുഭവിച്ചാലും തൃപ്തി വരാത്തവര്‍. ജനിച്ചു വീഴുമ്പോഴേ കുട്ടിക്ക് പരമാവധി സുഖം നല്‍കാനാണ് മാതാപിതാക്കളുടെ ശ്രമം. കുട്ടി വലുതാകുന്തോറും അവന്റെ സുഖം കണ്ടെത്താന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരിക്കും. സുഖമെന്ന വാക്കിന് വ്യക്തമായി പറഞ്ഞാല്‍ തൃപ്തി എന്നെ പറയാനാകൂ അതു തന്നെ പൂര്‍ണ്ണവും അപൂര്‍ണ്ണവുമായി വേര്‍തിരിക്കാവുന്നതാണ്.
സുഖംതേടിയുള്ള ജീവിതയാത്രയില്‍ ഓരോത്തുരം കണ്ടെത്തുന്നത് വ്യത്യസ്ത മേച്ചില്‍ പുറങ്ങളാണ്. അതിനുള്ള നെട്ടോട്ടത്തില്‍ ശരിയും തെറ്റും കാണാന്‍ ശ്രമിക്കുന്നില്‍ ലോകം എന്തൊരു അത്ഭുതമാണ്. വാദിയാകാതെ സാക്ഷിയായി തീരുമ്പോഴാണ് കാഴ്ചക്ക് കരുത്തേറുന്നത് കൗതുകമേറുന്നത്
ഓരോ യാത്രയും ഓരോ കണ്ടെത്തലുകളാണ്. നവനവങ്ങളായ അനുഭവങ്ങളാണ് അവ നമുക്ക് സമ്മാനിക്കുന്നത്. സാഹസിക പരിവേഷമുള്ള യാത്രകള്‍ ഉദ്വേഗജനകങ്ങള്‍കൂടിയാകുമ്പോള്‍ എന്തൊരു ത്രില്ലാണ്. ജീവിതം പോലെ തന്നെ യാത്രയും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്. അര്‍ധവിരാരമോ പൂര്‍ണ്ണ വിരാമമോ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
മൂന്നുമാസം മുമ്പേ നടത്തിയ ട്രയല്‍ ട്രക്കിംഗ് വിജയകരമായപ്പോഴാണ് കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ അവരുടെ അടുത്ത സാഹസിക യാത്രക്കുള്ള വേദിയായി പുലിയറ മുതല്‍ ശിരുവാണി വരെയുള്ള റൂട്ട് തിരഞ്ഞെടുത്തത്. പുതുവഴികളിലൂടെ അനുഭൂതിയുടെ പുത്തന്‍ കണ്ടെത്തെലുകള്‍ തേടിയുള്ള മടുക്കാത്ത യാത്ര. ഞാനും ഈ യാത്രയില്‍ കൂട്ടുകൂടാന്‍ തീരുമാനിച്ചത് എന്റെ സുഹൃത്തും സൗത്തിന്ത്യന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ കൗണിസിലിന്റെ കണ്‍വീനറുമായ തത്തമംഗലംകാരന്‍ ഗുരുവായൂരപ്പന്‍ കൂടി യാത്രയില്‍ ഉണ്ടെന്നറിഞ്ഞപ്പോളാണ്. കക്ഷിയുടെ പശ്ചിമഘട്ട സം രക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എനിക്കു ആവേശം കൂടി.
ഗൂഗിള്‍നെറ്റ് വര്‍ക്കില്‍ കയറി ഞാന്‍ ശിരുവാണി കാടിനെ തിരഞ്ഞു. കാലുകുത്താന്‍ ഇടം കാണാത്ത കനത്ത കാട് മൃഗസഞ്ചാരം നിറഞ്ഞ സന്തുലിത വന്യ ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണെന്ന് എനിക്കു മനസിലായപ്പോള്‍ ഞാന്‍ രണ്ടാമതൊന്നു ആലോചിക്കാതെ യാത്രക്ക് തയ്യാറാവുകയായിരുന്നു.
2014 ജനുവരിയിലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമാണ് യാത്രക്കു നിശ്ചയിച്ചിരുന്നത്. ഞാനും ഗുരുവായൂരപ്പനും ഞങ്ങളുടെ സുഹൃത്ത് പ്രശാന്തും ശനിയാഴ്ച ഉച്ചക്ക് പന്തണ്ടു മണിക്കു മുമ്പു തന്നെ പുലിയറയിലെത്തുവാനായി കാലത്ത് എട്ടുമണിക്ക് യാത്ര തിരിച്ചു.
മുണ്ടൂര്‍ മണ്ണാര്‍ക്കാട് വഴി നാഷണല്‍ ഹൈവേ 213 -ലൂടെ ഞങ്ങളുടെ കാര്‍ അനായാസം മുന്നോട്ടു നീങ്ങി. കണ്ണാടി പോലുള്ള റോഡിലൂടെ കാറ് നീങ്ങുമ്പോള്‍ കല്ലടിക്കോടന്‍ മലനിരകളില്‍ കോടമഞ്ഞിന്‍ പുതപ്പില്‍ തട്ടി പ്രഭാത സൂര്യകിരണങ്ങള്‍ ചിതറുന്നുണ്ടായിരുന്നു. നല്ല തണുപ്പുള്ള കാറ്റ് കാറിന്റെ വാതിലില്‍ തട്ടി തകര്‍ന്നു.
പ്രശാന്ത് കാറില്‍ കമ്പമുള്ളയാളാണ്. അദ്ദേഹം രണ്ടാഴ്ച മുമ്പ് വാങ്ങിയ ഫോര്‍ഡ് കാറിലാണു ഞങ്ങളുടെ യാത്ര. ബസ് യാത്ര മറന്നു പോയ എന്റെ സുഹൃത്ത് മൂത്രമൊഴിക്കാനും കാറിലാണ് ഏറെ നാളായുള്ള. യാത്ര അയാളത് ശീലിച്ചു കഴിഞ്ഞു. ഒരു കണക്കിന് പ്രശാന്തിന്റെ ഈ സൗകര്യമുള്ളതുകൊണ്ടാണ് ഞാനും അയാളോടൊപ്പം ഈ യാത്രക്കിറങ്ങിയത്.
മണ്ണാര്‍ക്കാട് കഴിഞ്ഞ് കാറ് മുക്കാലി ആനക്കട്ടി റോഡില്‍ കയറി. മൂന്നു വശത്തുമായി വളയപ്പെട്ട സൈന്യത്തേപ്പോലെ ആകാശം മുട്ടി നില്‍ക്കുന്ന മലനിരകള്‍ ഈ മലനിരകളെ താണ്ടി വേണം യാത്ര. വളവുകളും തിരിവുകളും പിന്നിട്ട് ഞങ്ങള്‍ രണ്ടാം ഹെയര്‍ പിന്നിലെത്തിയപ്പോള്‍ ഗുരുവായൂരപ്പന്‍ പറഞ്ഞു
‘ കഴിഞ്ഞ മാസം ഇവിടെയാണ് പുലിയിറങ്ങി പ്രശ്നമുണ്ടാക്കിയത് ഈ വഴിയിലൂടെയുള്ള രാത്രി യാത്ര ബുദ്ധിമുട്ടായിക്കയാണ്’
ഗുരുവായൂരപ്പന്‍ എന്നും യാത്രയിലാണ് . രണ്ടുനാള്‍ കേരളത്തിലെങ്കില്‍ അടുത്ത ദിവസം കര്‍ണാടകത്തില്‍. പിന്നത്തെയാഴ്ച തമിഴ്നാട്ടിലെ ഏതെങ്കിലും കുഗ്രാമത്തില്‍. കക്ഷിയെ സംബന്ധിച്ചിടത്തോളം യാത്രയാണ് ജീവിതം. എളുതായ ഒരു മനുഷ്യന്‍
സമയം പത്തുമണിയായിരിക്കുന്നു. മുക്കാലി ജംഗ്ഷനില്‍ വണ്ടിയെത്തി. ഓരോ ചായ കുടിക്കാനായി അവിടെയിറങ്ങി. എനിക്ക് സ്ഥിരം പരിചയമുള്ള ചായക്കടയില്‍ ഞങ്ങള്‍ കയറി. സൈലന്റ് വാലിക്കു പോകുവാന്‍ മുക്കാലിയിലാണ് ഇറങ്ങേണ്ടത്. അവിടേക്ക് പോകാന്‍ വരുമ്പോഴെല്ലാം ഞാനീ കടയില്‍ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളതും പാര്‍സല്‍ വാങ്ങാറുള്ളതും.
വേനലിലും തണുത്ത് വിറച്ചിരുന്ന ഒരു ചരിത്രം മുക്കാലിക്കുണ്ടായിരുന്നു അതുപോലെ തന്നെ കിട്ടിയ വിലക്ക് മലഞ്ചരക്കുകളും വന വിഭവങ്ങളും വിറ്റ പുകലിലയും ചാരായവും കഴിച്ച് അനാഥ പ്രേതങ്ങളേപ്പോലെ കവലകളുടെ തെരുവോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ആദിവാസികളുമെല്ലാം ഇന്ന് വിസ്മൃതിയിലായി കഴിഞ്ഞു. കണക്കു പറഞ്ഞ് കാശു വാങ്ങുന്ന ആദിവാസി സമൂഹമാണ് ഇന്നത്തെ പുതു തലമുറക്കാര്‍.
മുക്കാലിക്ക് ചൂടുണ്ടായിരുന്നു ചായ കഴിക്കാനിറങ്ങിയ ഞങ്ങള്‍ വിയര്‍ത്തു. ചായയും വടയും കഴിക്കുന്നതിനിടെ നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും കച്ചവടക്കാര്യങ്ങളുമെല്ലാം അദ്ദേഹം ( ശങ്കരേട്ടന്‍) എന്നോടു പറഞ്ഞു. കുറെയായിട്ട് സൈലന്റ് വാലിക്ക് സന്ദര്‍ശകര്‍ കുറവാണെന്നും കച്ചവടം കണാക്കാണെന്നും ശങ്കരേട്ടന്‍ പറഞ്ഞു. വര്‍ത്തമാനത്തിനിടയിലും ഞാന്‍ പറയാതെ തന്നെ ഞങ്ങള്‍ക്കുള്ള ഉച്ചഭക്ഷണപ്പൊതി അദ്ദേഹം അടുക്കളിയില്‍ പൊതിഞ്ഞുകൊണ്ടിരുന്നു. എന്നെ കണ്ടാല്‍ അതൊരു ശീലമായിക്കഴിഞ്ഞു ശങ്കരേട്ടന്. ഞങ്ങളുടെ ചായ കുടി കഴിഞ്ഞ് സൗഹൃദം പങ്കുവയ്ക്കുന്നതിനിടെ ഞാന്‍ എന്റെ സുഹൃത്തുക്കളെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. ഇപ്പോഴത്തെ യാത്ര എവിടെക്കാണെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം പാര്‍സല്‍ തന്നപ്പോള്‍ ഞാന്‍ അഞ്ഞൂറു രൂപ കൊടുത്തു ബാക്കി ഞാന്‍ തിരിച്ചു വാങ്ങിയില്ല. കാരണം ഞാനും ശങ്കരേട്ടനും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഭക്ഷണം കാശിനു വില്‍ക്കുന്നവനെന്നോ വാങ്ങുന്നവനെന്നോ എന്നുള്ള തരത്തിലുള്ളതായിരുന്നില്ല ഞങ്ങളുടെ ബന്ധം എന്നോടൊരിക്കലും അദ്ദേഹം കണക്കു പറഞ്ഞിരുന്നില്ല.
Generated from archived content: puliyara1.html Author: m.e.sethumadhavan
Click this button or press Ctrl+G to toggle between Malayalam and English