കവലപ്രസംഗം – 1(തുടർച്ച)

ഞങ്ങളുടെ അമ്പരപ്പ്‌കണ്ട്‌ ഖാൻ ഊറിചിരിച്ചു. കൂടുതലെന്തെങ്കിലും പറയാതെ അദ്ദേഹം ഞങ്ങളേയുംകൂട്ടി നടന്നു. രണ്ടുമീറ്റർ വീതിയുള്ള ‘സംസ്‌ഥാന പാത’യിലൂടെയാണ്‌ യാത്ര. റോഡിന്റെ നടുവിൽ ചിലയിടങ്ങളിൽ ഡിവൈഡർ മാതിരി നിന്നിരുന്ന തെങ്ങുകൾക്കു ജീവനില്ലായിരുന്നു. എന്നിട്ടും ദേവലോകത്തെ പാരിജാതം കണക്കെ അവർ അതിനെ സംരക്ഷിക്കുന്നു. വഴിയരികിലെ ചെറുകടകളിൽ പുകയില ഉൽപന്നങ്ങൾ തൂങ്ങിക്കിടക്കുന്നുണ്ട്‌. നടവഴിക്കരികിലുള്ള വീടുകളിലൊന്നിലും അതിർ തിരിക്കുന്നതിന്‌ വേലികളുണ്ടായിരുന്നില്ല. എന്നാൽ സമ്പന്നർ മതിലും ഇടത്തരക്കാർ ചെടികളും അതിരുകളിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്‌. ഞങ്ങൾ പതിനഞ്ചുമിനിറ്റു നേരം നടന്ന്‌ ഒരു പള്ളിയുടെ മുന്നിലെത്തി. പടിപ്പുര കടന്ന്‌ അകത്തെത്തിയപ്പോൾ ശരിക്കും ഞങ്ങൾ വിസ്‌മയിച്ചു. പഴയകാലക്ഷേത്രത്തിന്റെ സുവ്യക്തമായ ശേഷിപ്പുകൾ നിർത്തികൊണ്ട്‌ പള്ളിയാക്കിയിരിക്കുന്ന ഒരാരാധനാലയം. അടുത്തുതന്നെ നല്ലൊരു കൊക്കർണിയുണ്ട്‌. അതിൽ തികച്ചും നീലജലമാണുള്ളത്‌. അല്‌പം പോലും ഉപ്പിന്റെ അംശമില്ലാത്ത പായലുകളില്ലാത്ത ശുദ്ധ ഉറവജലം.

കൊക്കർണിക്ക്‌ നാലു മീറ്ററിലധികം ആഴമുണ്ട്‌. കടലും കരയും തമ്മിലൊ ശരാശരി മൂന്നുമീറ്റർ വ്യത്യാസം മാത്രം. എന്നിട്ടും കാണാൻ കഴിഞ്ഞ നീലജലാശയം ഒരു വിസ്‌മയമായിരുന്നു. ഇത്തരം കൊക്കർണികൾ മറ്റുദ്വീപുകളിലും കാണാമെന്ന്‌ ഖാൻ പറഞ്ഞു. ഇതെല്ലാം ആദ്യകാലത്തെ ഹൈന്ദവ പൂർവികരെയാണ്‌ സൂചിപ്പിക്കുന്നതെന്നും പറയാൻ റഷീദ്‌ ആർജവം കാണിച്ചതിൽ എനിക്ക്‌ സന്തോഷം തോന്നി. ഞാൻ നീലജലാശയത്തിലേക്കു തന്നെ നോക്കികൊണ്ടിരുന്നു. അതിലെ മത്സ്യങ്ങൾ പൂർവസൂരികളായിമാറുന്നതും അവർ എന്നെ നോക്കി എന്തെല്ലാമൊ വേദനയോടെ പറയുന്നതായും എനിക്കു തോന്നി.

ഖാൻ പിന്നീട്‌ ഞങ്ങളെ നയിച്ചത്‌ ഒരു കൊപ്രക്കളത്തിലേക്കായിരുന്നു. കരയോട്‌ ചേർന്നുള്ള കരിങ്കൽ ഭിത്തിക്കരികിൽ (പവിഴപ്പാറ) കൊപ്രക്കളങ്ങളെന്നു തോന്നിക്കുന്ന ചെറിയ മുറ്റങ്ങൾ കണ്ടു. ഇത്തരം മുറ്റങ്ങളിൽ എന്നാണ്‌ ഈ ദ്വീപിലെ കൊപ്രാ ഉണങ്ങിതീരുക എന്ന്‌ ഞാൻ ന്യായമായും സന്ദേഹിക്കാതിരുന്നില്ല. ഇതിനിടയിലാണ്‌ അർഷാദ്‌ ഒരു ഭാഗത്തേക്ക്‌ ഓടി പോകുന്നത്‌ കണ്ടത്‌. എനിക്കുമാത്രമല്ല കൂടെയുള്ള ചിലർക്കൊന്നും കാര്യം മനസിലായില്ല. തെങ്ങുകൾക്കിടയിലൂടെ നടന്നുപോകുന്ന ഒരു സ്‌ത്രീയുടെ അടുത്തേക്കാണ്‌ അർഷാദ്‌ ഓടുന്നത്‌ എന്നു മാത്രമെ എനിക്കു മനസിലായുള്ളൂ. ഞാൻ ഒടുവിൽ കണ്ടത്‌ അർഷാദ്‌ ആ സ്‌ത്രീയെ കെട്ടിപ്പിടിച്ചുനിൽക്കുന്ന കാഴ്‌ചയാണ്‌.

ഞങ്ങൾ അവിടേക്ക്‌ നടന്നെത്തുമ്പോഴേക്കും അവർ പരിരംഭണവിമുക്‌തരായി. സന്തോഷാശ്രുപൊഴിക്കുകയും മൃദുസ്‌നേഹവചനം കൈമാറുകയുമാണ്‌. ആറുമുഖനെ കണ്ടപ്പോഴും ആ സ്‌ത്രീയുടെ മുഖത്ത്‌ വിസ്‌മയപൂക്കൾ വിടർന്നു. കഴിഞ്ഞ നാലുവർഷംമുമ്പ്‌ ആറുമുഖനും അർഷാദും അടങ്ങുന്ന സംഘം ദ്വീപിലെത്തിയപ്പോൾ പരിസ്‌ഥിതി പ്രവർത്തനങ്ങളിൽ അവരോട്‌ അക്ഷരാർത്ഥത്തിൽ സഹകരിച്ച പെൺകുട്ടിയായിരുന്നത്രെ അവൾ ആമിന! ജീവിതത്തിന്റെ കാണാപുറങ്ങളിൽ എന്തെല്ലാം അത്‌ഭുതങ്ങളാണ്‌ സംഭവിക്കുന്നത്‌.

നാലു വർഷത്തിനിടയ്‌ക്ക്‌ ആറുമുഖനും അർഷാദും വിവാഹിതരായി. കുട്ടിയായി. കുടുംബമായി. ഉറച്ചസ്‌ഥിതിയിലായി. ആമിന, പാവം പെൺകുട്ടി. ദുർവിധികളുടെ കൂട്ടുകാരി. ഇക്കാലയളവിനുള്ളിൽ കെട്ടുകഴിഞ്ഞ്‌ കെട്ടിയവൻ ഉപേക്ഷിക്കപ്പെട്ടവൾ. കൂടപിറപ്പുകളില്ലാതെ കൂട്ടിനാരുമില്ലാതെ കൂരയിൽ തനിയെ കഴിയുന്നവൾ. അർഷാദിന്റെയും ആമിനയുടേയും കഥയാണ്‌ ഇത്‌. ജീവിതത്തിൽ ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന്‌ കരുതിയിരുന്നവർ. കാലം വീണ്ടും കാണിച്ചുകൊടുത്തപ്പോൾ ചിറതകർത്തൊഴുകിയ സ്‌നേഹം ഞാനെല്ലാം ശ്രദ്ധിക്കുകയായിരുന്നു, ഒരു സാക്ഷിയെ പോലെ.

അടുത്ത ദിവസങ്ങളിൽ വീണ്ടും കാണാമെന്ന ഉറപ്പോടെ അർഷാദ്‌ യാത്രപറഞ്ഞു. പിന്നെ ഞങ്ങൾ നേരെ വീട്ടിലേക്കും.

നവാസിനെ ഇന്നു കണ്ടതേയില്ല. വൈകിട്ട്‌ ഏഴുമണിയോടെ ഞാൻ അയാളുടെ വീട്ടിലേക്ക്‌ സുഖവിവരം അന്വേഷിക്കാൻ പോകാൻ തയ്യാറായി നിൽക്കുന്ന നേരത്താണ്‌ അയാളുടെ കൂട്ടുകാരൻ അയൂബ്‌ ഹോട്ടലിനു മുന്നിൽ നിൽക്കുന്നത്‌ കണ്ടത്‌. ഞാൻ അയൂബിനേയും കൂട്ടി പോകാമെന്നു കരുതി അയാളുടെ അടുക്കൽ ചെന്നു. അപ്പോഴാണ്‌ അയൂബ്‌ എന്നോട്‌ പറഞ്ഞത്‌. തീരെ ഒഴിവില്ലാതെ നവാസ്‌ ഇന്നു രാവിലെ മുതൽ നാളെ രാവിലെ വരെ ഡ്യൂട്ടിയിലാണെന്ന്‌. ഞങ്ങളെ സേവിക്കാനായി നവാസ്‌ ലീവെടുത്തതായിരുന്നു. പക്ഷെ അയാളൊടൊപ്പം ജോലി ചെയ്യുന്ന മറ്റു രണ്ടു പേരിലെ ഒരാൾക്ക്‌ എന്തോ അത്യാഹിതം സംഭവിച്ചതുകൊണ്ട്‌ ഡ്യൂട്ടിയിൽ തിരിച്ച്‌ ചെല്ലേണ്ടിയിരുന്നു. നാളെ മുതൽ രാത്രിഷിഫ്‌റ്റ്‌ ഏറ്റെടുത്ത്‌ പകലിൽ വരാൻ ശ്രമിക്കാനാണത്രെ അയാളുടെ ഉദ്ദേശം. ഇതറിഞ്ഞപ്പോൾ ഞാൻ ഹോട്ടലിനു മുന്നിലൊരിടത്ത്‌ ചെയറിട്ടിരുന്നു. റൂമിൽപോയിട്ട്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലല്ലൊ?

വളരെ ഒതുങ്ങി ഒരുവശത്തിരിക്കുന്ന എന്നെ ആ കവലയിലെ ചിലരെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടെയുള്ളവർ സംസാരിക്കുന്നത്‌ പൂർണമായും മലയാളമല്ല. ദ്വീപുമലയാളത്തിൽ തമിഴും അറബിയും ഉറുദുവും കന്നടയും എല്ലാം ചേർന്നിട്ടുണ്ട്‌. ജെസ്സരി എന്നാണ്‌ ലക്ഷദ്വീപിലെ ഭാഷക്ക്‌ പേര്‌. അവർ പരസ്‌പരം സംസാരിക്കുമ്പോൾ ദ്വീപുഭാഷയെ പ്രയോഗിക്കൂ. അതേസമയം അല്ലാത്ത ഒരാളോട്‌ കുറേയൊക്കെ ശുദ്ധമായ മലയാളത്തിൽ പറയാനും അവർക്കറിയാം. കേരളത്തിനുപുറത്ത്‌ വ്യാപകമായി മലയാളം പറയുന്ന നാട്‌ (മാതൃഭാഷപോലെ) ലക്ഷദ്വീപ്‌ മാത്രമായിരിക്കും. ഹോട്ടലിനു മുന്നിൽ നിന്നിരുന്നവർ അടുത്തെവിടെയൊ ഉള്ള ഒരു വിവാഹത്തിന്റെ വിശേഷമായിരുന്നു സംസാരിച്ചിരുന്നത്‌. അതുകേട്ടപ്പോൾ ഒരു ദ്വീപുവിവാഹം കാണാൻ എനിക്ക്‌ കൊതി തോന്നി. കുറച്ചുസമയം കഴിഞ്ഞപ്പോൾ അല്‌പം മാറിനിന്ന്‌ ഫോൺ ചെയ്യുന്ന രണ്ടുപേർ എന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ തനിപാലക്കാടൻ ശൈലിയിലായിരുന്നു സംസാരിക്കുന്നത്‌. ഞാൻ എഴുന്നേറ്റ്‌ അവരുടെ അടുക്കലേക്ക്‌ ചെന്നു. വിളികഴിഞ്ഞപ്പോൾ ഞാൻ അവരോട്‌ എന്നെ പരിചയപ്പെടുത്തി. ദ്വീപു കാണാനെത്തിയ ഒരു സഞ്ചാരിയാണെന്നും ഇവിടത്തെ അറിയാവുന്ന വിശേഷങ്ങൾ പറഞ്ഞുതരണമെന്നും അഭ്യർത്ഥിച്ചു.

അവർ രണ്ടുപേരും പാലക്കാട്ടുകാരായിരുന്നു. കുഴൽമന്ദം സ്വദേശികൾ. കൃഷ്‌ണൻകുട്ടിയും മാണിക്യനും. എന്റെ വീടിനടുത്തുനിന്നും കേവലം പത്തുകിലോമീറ്റർ ദൂരമെ അവരുടെ വീട്ടിന്നടുത്തേക്കുള്ളൂ. ഞാൻ എന്റെ യഥാർത്ഥ സ്‌ഥലം തൽക്കാലത്തേക്ക്‌ മറച്ചുവച്ചു. ദ്വീപിലെ തെങ്ങുകയറി കാശുണ്ടാക്കാൻ വന്നവരാണവർ. മൂന്നുവർഷമായി ഇവിടെ പണിതുടങ്ങിയിട്ട്‌. ദ്വീപിൽ തെങ്ങുകയറ്റത്തിന്‌ തീരെ ആളില്ലാന്നാണ്‌ പറയുന്നത്‌. ഈ സമയത്ത്‌ ഞാനോർത്തത്‌ പത്രങ്ങളിൽ സ്‌ഥിരം വരാറുള്ള പരസ്യമാണ്‌. ഒമ്പതിനായിരം രൂപയും താമസസൗകര്യവും വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള ഒരു പരസ്യം ഈയിടെയാണ്‌ ഞാൻ കണ്ടത്‌. അത്‌ മനസിൽ വെച്ചുകൊണ്ടുതന്നെ ഞാൻ അവരോട്‌ ചോദിച്ചു.

‘നാട്ടിൽ ഭേദപ്പെട്ട കൂലിയുണ്ടല്ലോ. പിന്നെന്തിനാ ഇത്രയും ദൂരം….’ കൃഷ്‌ണൻകുട്ടി അതിനുത്തരം പറഞ്ഞത്‌ എന്നെ സ്‌തബ്‌ധനാക്കാതിരുന്നില്ല.

‘നാട്ടിൽ കുറച്ചല്ലെ കൂലിയുള്ളു സാർ, നിത്യവും പത്തുനാനൂറ്‌ രൂപയില്ലാതെ എങ്ങനെയാ കുടുംബം പോറ്റുക.’

ഞാൻ അന്ധാളിച്ചു. അത്‌ പുറത്തുകാണിക്കാതെ ചോദിച്ചു. ഇവിടെ നിത്യവും ഇപ്പറഞ്ഞകൂലി കിട്ടുമോ സുഹൃത്തെ? മാണിക്യൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

‘ഇവിടെ വലിയ കുഴപ്പമില്ലസാറെ. ജീവിച്ചുപോകാൻ വേണ്ട കൂലികിട്ടും.’

‘എന്നാലും? ഞാൻ ജിജ്‌ഞ്ഞാസ മറച്ചുവെച്ചില്ല.

അറുനൂറ്‌ എഴുനൂറ്‌ രൂപ സുമാർ ദിവസം കൂലി തടയും. കൃഷ്‌ണൻകുട്ടി പറഞ്ഞു.

ഞാൻ ശരിക്കും അകമെ ഞെട്ടിയത്‌ ഇപ്പോഴായിരുന്നു. എഴുനൂറുരൂപ! എനിക്കുപോലും നാനൂറുരൂപ ദിവസകൂലി കിട്ടുന്നില്ല. അധികം പഠിച്ച്‌ ബിരുദാനന്തരബിരുദം എടുത്തത്‌ അബദ്ധമായോ എന്നു തോന്നി. എന്റെ വീട്ടിൽ അത്യാവശ്യം തേങ്ങപറിക്കൽ ഞാൻ തന്നെയാണ്‌ ചെയ്യാറ്‌. തെങ്ങുകയറൽ കല കൈവശമുള്ളതുകൊണ്ട്‌ ഇന്നുവരെ ആരുടെയും കാലുപിടിക്കേണ്ടിവന്നിട്ടില്ല.

ഞങ്ങളുടെ സംഭാഷണം മുറിച്ചുകൊണ്ട്‌ ഇടയിലേക്ക്‌ ഒരു മധ്യവയസ്‌ക്കൻ കടന്നുവന്നു. കൃഷ്‌ണൻകുട്ടിയോട്‌ അയാൾ നാളെ രാവിലെ തെങ്ങുകയറാൻ ആവശ്യപ്പെട്ടുവന്നാണ്‌. രണ്ടുദിവസം ഒഴിവില്ല എന്ന അലസമായ ഉത്തരം ആഗതനെ തൃപ്‌തനാക്കിയില്ല. അയാൾ വിനയഭാവത്തിൽ തുടർന്നു.

’ങക്ക്‌ ഇരുപത്തഞ്ചുരൂപ വെച്ച്‌ തെങ്ങൊന്നിന്‌ താരാ കുട്ട്യേ ഒന്നു വരിൻ‘

കൃഷ്‌ണൻ കുട്ടി ഷർട്ടിന്റെ കീശയിൽ നിന്നും പോക്കറ്റ്‌ ഡയറി എടുത്ത്‌ നാളെ രാവിലെ ബുക്കിംഗ്‌ ഉണ്ടോ എന്ന്‌ പരിശോധിച്ചു.

പിന്നെ അർധമനസോടെ പറഞ്ഞു.

’നാളെ പണീള്ള ദെവസോണ്‌. ഒമ്പതുമണിക്കകം എന്നെ വിടോങ്കിവരാ. അല്ലെങ്കി അടുത്ത തിങ്കളാഴ്‌ചക്കെ ഒഴിവാകൂ‘.

ആഗതൻ ഒമ്പതുമണിക്കകം വിടാമെന്ന കരാറിൽ വാക്കാൽ ഒപ്പിട്ട്‌ പോയി.

കൃഷ്‌ണൻകുട്ടിയും മാണിക്യനും എന്നെനോക്കി ചിരിച്ചു. ഞാനും.

ഏഴരമണി കഴിഞ്ഞിട്ടും ഞങ്ങൾ ഭക്ഷണത്തിന്‌ കയറാതിരുന്നപ്പോൾ ഹോട്ടലുകാർ വിളിച്ചു. കൃഷ്‌ണൻകുട്ടിയും ചങ്ങാതിയും അവിടത്തെ സ്‌ഥിരം പറ്റുകാരാണത്രെ. സ്‌ഥിരമായവരായതിനാൽ പ്രാതലിന്‌ ഇരുപതുരൂപയും ഊണിനാണെങ്കിൽ 15 രൂപയും മാത്രമെ കടക്കാരൻ എടുക്കുകയുള്ളുവത്രെ. ഉച്ചയൂണ്‌ മിക്കവാറും പണിയുള്ളിടത്ത്‌ തരപ്പെടുമെന്നു പറഞ്ഞു.

ഞങ്ങൾ കുശലം പറഞ്ഞ്‌ ആഹാരം കഴിച്ചു. ഞാൻ അതിഥിയായതിനാൽ എനിക്കവരുടേയും സ്‌ഥിരക്കാരായതിനാൽ അവർക്ക്‌ എന്റേയും ചാർജ്‌കൊടുക്കേണ്ടിവന്നില്ല. പിരിയാൻനേരം അവർ എനിക്ക്‌ മൊബൈൽ നമ്പർ തന്നു. താമസസ്‌ഥലത്ത്‌ വരുവാനും പറഞ്ഞു. ഞാൻ ആ ക്ഷണം സ്വീകരിച്ച്‌ തത്‌ക്കാലം വിടപറഞ്ഞു.

താമസസ്‌ഥലത്ത്‌ എത്തിയപ്പോൾ സുഹൃത്തുക്കൾ പോസ്‌റ്റർ രചനയിൽ മുഴുകിയിരിക്കയാണ്‌. നാളെത്തെ പരിപാടിക്കുള്ള തയ്യാറെടുപ്പ്‌. ഞാൻ കുറച്ചുനേരം അവരെ പ്രോൽസാഹിപ്പിച്ചു. പിന്നെ മേൽ കഴുകി ഉറങ്ങാൻ കിടന്നു. ബാബുവേട്ടന്റെ മകന്റെ ചവിട്ടിനെ പേടിച്ച്‌ മാറിയാണ്‌ കിടന്നത്‌.

Generated from archived content: laksha9.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English