കവലപ്രസംഗം – 1

ആറുമണി കഴിഞ്ഞിട്ടും വെളിച്ചം വേണ്ടത്ര കാണാതായപ്പോൾ ഞാൻ പുറത്തിറങ്ങി നോക്കി. എവിടെയും മൂടികെട്ടിയ ആകാശം. മലയോരങ്ങളിൽ പുതുമഴക്കാലത്ത്‌ വന്നടിയാറുള്ള കരിമുകിൽ കണക്കെയുള്ള മേഘങ്ങളാണ്‌ മാനത്തുമുഴുവനും. നല്ല കാറ്റു വീശുന്നുണ്ട്‌. കടൽ ക്ഷോഭിക്കുന്നുണ്ടാവുമെന്ന്‌ ഞാൻ കരുതി. മുറ്റത്ത്‌ ചാരിവെച്ചിരുന്ന സൈക്കിളുമെടുത്ത്‌ ഞാൻ കടൽക്കരയിലേക്ക്‌ യാത്രയായി. വഴിയിൽ കാണുന്നവരോട്‌ വഴി തിരക്കാമെന്ന്‌ ഞാൻ തീരുമാനിച്ചു.

ഭാഗ്യം! വഴിയിലൊരിടത്തും ആരുമുണ്ടായിരുന്നില്ല. എങ്കിലും കടൽ എന്നെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. ആർത്തിരമ്പുന്ന തിരമാലകൾ എനിക്കു വഴികാട്ടി. കടൽക്കരയിൽ ഞാൻ ഇപ്പോൾ ഏകനാണ്‌. മൃദുഭാഷണം നടത്താൻ ആരുമില്ല. മോഹിനിരൂപം ധരിച്ച കടലല്ല എന്റെ മുന്നിൽ. വിജിഗീഷുവായ ഒരു രാക്ഷസന്റെ ഉന്മത്ത രൗദ്രഭാവമാണ്‌ ഞാൻ കാണുന്നത്‌. കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്ത്‌ ഹുങ്കാരം മുഴക്കുന്ന രാക്ഷസൻ. എനിക്ക്‌ ഭയം തോന്നിയില്ല എന്നു പറയാൻ വയ്യ, എങ്കിലും വിനയഭാവത്തിൽ കൂറ്റൻ പവിഴ പാറകൾക്ക്‌ തെല്ലകലെയായി നിന്നു. ചുരുണ്ടുരുണ്ട്‌ വാ പിർന്ന്‌ കരയെ വിഴുങ്ങാൻ വരുന്ന തിരകളിൽ കൂറ്റൻ മത്സ്യങ്ങൾ പിടഞ്ഞു. സൂചിമുനയുള്ള പവിഴ പാറകളിൽ എറിയപ്പെട്ട മത്സ്യങ്ങൾ വേദനകൊണ്ടു പുളഞ്ഞു അപ്രത്യക്ഷമാകുന്നുണ്ട്‌. മുറിവേറ്റ തിരകൾ പല്ലുകൊഴിഞ്ഞു തിരിച്ചുപോയി. പാറകൾ നിശ്ചലം നിന്നു പറഞ്ഞു. “ഭയപ്പെടേണ്ട വിരുന്നുകാര. വാനം കാറുകൊള്ളുമ്പോൾ ഇതിവിടെ പതിവാ. താങ്കളൊരു പുതുമുഖം. നോക്കൂ, നിങ്ങളല്ലാതെ മറ്റാരുണ്ട്‌ ഈ പുലർകാലത്തിവിടെ? താങ്കളുടെ രക്ഷ എന്റെ കൈകളിലാണ്‌. ധൈര്യമായി നിന്നോളൂ.” നേരിയ ചാറ്റൽമഴ വീണു തുടങ്ങി. ഞാൻ എന്റെ സൈക്കിളുമായി തിരിച്ചു. വീട്ടിലെത്തുമ്പോൾ ഒരാളൊഴികെ മറ്റാരും നല്ല മയക്കം വിട്ടിരുന്നില്ല.

സമയം 9 മണി കഴിഞ്ഞു. ക്ഷേമന്വേഷണത്തിന്‌ റഷീദ്‌ഖാൻ വന്നു. തികച്ചും അപ്രിതീക്ഷിതമായ കാലാവസ്‌ഥ കണ്ട്‌ കൂടെയുള്ളവരെല്ലാം പരിഭ്രമിച്ചിരിക്കയാണ്‌. എന്നിരുന്നാലും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച്‌ അവർ പ്ലാസ്‌റ്റിക്‌ ചാക്കുമായി തയ്യാറായി നിൽക്കുകയാണ്‌. ഇന്ന്‌ രണ്ടുകവലയിൽ ചെന്ന്‌ പോളിത്തീൻ കടലാസുകളും ഫൈബർ കുപ്പികളും പെറുക്കലും ജനശ്രദ്ധയാകർഷിച്ച്‌ പരിസ്‌ഥിതി സംരക്ഷരണസന്ദേശം നൽകലും പ്രസംഗവുമാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. റഷീദ്‌ഖാനാണ്‌ ഞങ്ങളുടെ മാർഗദർശി.

ഈ കാര്യങ്ങൾക്കു മുമ്പായി ഞങ്ങളേയും കൊണ്ട്‌ ഖാൻ പോലീസ്‌ സ്‌റ്റേഷനിൽ പോകേണ്ടതുണ്ടായിരുന്നു. ഇന്നലെതന്നെ സ്‌റ്റേഷനിൽ പോയി ദ്വീപിലെ പുതിയ സന്ദർശകർ എന്ന നിലയിൽ എൻട്രി രേഖപ്പെടുത്തേണ്ടതായിരുന്നു. ഖാൻ ദ്വീപിലെ സമ്മതനായതിനാൽ പോലീസ്‌ ആയത്‌ ഇന്നു മതി എന്നു പറഞ്ഞതാണ്‌. ഞങ്ങൾ സ്‌റ്റേഷനിലെ രജിസ്‌റ്ററിൽ എൻട്രി രേഖപ്പെടുത്തി ഒപ്പിട്ടു. നല്ല നിലയിൽ മാത്രം ദ്വീപിൽ പെരുമാറുവാൻ സബ്‌ ഇൻസ്‌പെക്‌ടർ ഉപദേശിച്ചു. അദ്ദേഹത്തിൽ നിന്നും വെറുതെ കിട്ടിയ ‘ഹസ്‌തദാനവും’ വാങ്ങി ഞങ്ങൾ ഖാന്റെ കൂടെ പുറത്തിറങ്ങി.

സമയം പത്തുമണി കഴിഞ്ഞിരുന്നു. ആകാശം തെളിഞ്ഞുതുടങ്ങി. മലപോലെ വന്ന മഴ മഞ്ഞുമാകാതെ പുകയായി പോയി. കാലാവസ്‌ഥ അനുകൂലമായതിനാൽ ഇത്രയും നേരം വിളറിയ മുഖങ്ങൾ പ്രസന്നമായി.

മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആദ്യകവലയിൽ എത്തിയപ്പോൾ ഖാൻ തൊട്ടടുത്ത കടയിൽ നിന്നും മൂന്നുനാലു ഫൈബർ കസേരകൾ സംഘടിപ്പിച്ച്‌ റോഡരികിലിട്ടു. പിന്നീട്‌ സംഘത്തിലെ ചിലർ വിസിലടിച്ചും കൈകൊട്ടിയും കവലയിലെ ജനശ്രദ്ധയാകർഷിച്ചു. റഷീദ്‌ഖാൻ ആളുകൾക്ക്‌ ഞങ്ങളെ പരിചയപ്പെടുത്തിയശേഷം കസേരയിൽ ഇരുന്നു. അടുത്ത ഊഴം രവിയുടേതായിരുന്നു. പരിസ്‌ഥിതി സംരക്ഷണപ്രവർത്തനങ്ങളുടേയും ആയതിന്റെ ആവശ്യകതയേയും പറ്റി രവി അരമണിക്കൂറോളം പ്രസംഗിച്ചു. പിന്നീട്‌ ദൗത്യം ഏറ്റെടുത്തത്‌ ആറുമുഖനാണ്‌. ആധുനികജീവിതം നമുക്ക്‌ സമ്മാനിക്കുന്ന അശാന്തിയും ആതുരതയും വ്യാധിയുമെല്ലാം കുറിക്കികൊള്ളുന്ന ഭാഷയിൽ അവതരിപ്പിച്ചപ്പോൾ കവലയിലെ ആളുകൾ അക്ഷരാർത്ഥത്തിൽ കൈയ്യടിച്ച്‌ അഭിനന്ദിച്ചു. നാട്ടുകാർ അതിഥികളെ സ്വീകരിച്ചിരിക്കുന്നു എന്ന തോന്നലുണ്ടായതുകൊണ്ടോ എന്തൊ റഷീദ്‌ഖാനും സന്തോഷവാനാണ്‌ എന്ന്‌ ആ മുഖം വിളിച്ചു പറഞ്ഞു.

രണ്ടാമത്തെ കവലയിലെത്തുമ്പോൾ സമയം പതിനൊന്നര കഴിഞ്ഞു. ആദ്യ സ്‌ഥലത്തേതുപോലെയായിരുന്നു ഏകദേശം കാര്യങ്ങൾ. രവിക്കും ആറുമുഖനും പുറമെ ഫാറൂക്ക്‌ കൂടി ഇവിടെ സംസാരിക്കുകയുണ്ടായി. പിന്നീടയാളൊരു കവിതകൂടി ചൊല്ലുകയുണ്ടായി. സമയം പന്ത്രണ്ടരയോടടുത്തപ്പോൾ കടകളോരോന്നായി അടച്ചുതുടങ്ങി. ഉച്ചക്ക്‌ പള്ളികളിൽ ബാങ്കുവിളികേട്ടാൽ കട അടയ്‌ക്കുമെന്നും ഇനി മൂന്നരക്കുശേഷമെ തുറക്കുകയുള്ളൂയെന്നും ഖാൻ ഓർമ്മപ്പെടുത്തി. ഒന്നാം ദിവസത്തെ ‘രണ്ടുകവലപ്രസംവും’ ഞങ്ങളെ സംബന്ധിച്ച്‌ പാസ്‌മാർക്ക്‌ കിട്ടിയെന്ന്‌ തോന്നലുണ്ടാക്കി. ബാങ്കുവിളിയുയർന്നപ്പോൾ (12.35ന്‌) റഷീദ്‌ഖാൻ വീടിനടുത്തുള്ള പള്ളിയിലേക്ക്‌ പോയി. ഞങ്ങൾ സാവകാശം ഹോട്ടൽ പ്ലാസയിലേക്ക്‌ നടന്നു.

സാധാരണ ദിവസങ്ങളിൽ പ്ലാസയിൽ പതിനഞ്ചുവരെ ഊണുമാത്രമെ ചിലവാകാറുള്ളുവത്രെ. അത്‌ സ്‌ഥിരം പറ്റുകാരാണ്‌. കരയിൽ നിന്നും ജോലിക്കുവന്നവരാണവർ. അല്ലാതെ ദൂരദേശങ്ങളിൽ നിന്നോ പട്ടണത്തിലേക്കൊ മറ്റ്‌ ആഫീസാവശ്യങ്ങൾക്കോ വരേണ്ടവർ ഇവിടെ ആരുമില്ലല്ലോ? ഞങ്ങൾ വന്നശേഷം ഞങ്ങളുടെ ഭക്ഷണം കൂടി തയ്യാറാക്കേണ്ടിവന്നു എന്നുമാത്രം. ചോറും ഒരു സാമ്പാറും മീൻകറിയും. രണ്ടുവക കൂട്ടാനും പിന്നെ ഒരിഞ്ചു നീളത്തിൽ മുറിച്ചതും അരയിഞ്ചു കനത്തിൽ ഉള്ളതുമായ മീൻപൊരിച്ചതുമാണ്‌ ഭക്ഷണം. ഇന്നലെ മുതൽ കണ്ട കറിതന്നെയാണ്‌ ഇത്‌. സാമ്പാറ്‌ ഒന്നാന്തരമാണെന്നാണ്‌ ഖാന്റെ സർട്ടിഫിക്കറ്റ്‌. ദ്വിപുകാർ പാലക്കാടൻ അഗ്രഹാരങ്ങളിലെയോ യഥാർത്ഥ ബ്രാഹ്‌മിൺ ഹോട്ടലുകളിലേയോ സാമ്പാറ്‌ കഴിച്ചിട്ടുണ്ടെങ്കിൽ പിന്നെയൊരിക്കലും കൂട്ടിച്ചവിട്ടിയാൽ പോലും അവിടന്ന്‌ പോവില്ല, എന്നു ഞാൻ മനസിൽ പറഞ്ഞു. കുടം പുളിയിട്ടു വെച്ച മീൻ കറിയും വെളിച്ചെണ്ണയിൽ വറുത്തെടുത്ത മീനിന്റേയും സ്വാദ്‌ ഇവർക്കറിയില്ലെന്ന്‌ തോന്നി. എന്തായാലും കിട്ടിയ ഭക്ഷണം ഈശ്വരന്റെ പ്രസാദം എന്ന ഭാവേന ഞാൻ കഴിച്ചു. കൂടെയുള്ളവർക്ക്‌ മൂന്നുനേരത്തെ അമൃതേത്തുകൊണ്ടുതന്നെ ‘സംതൃപ്‌തിയായി’ എന്നു തോന്നി. ഞങ്ങളുടെ ഭക്ഷണം കഴിക്കലും വിരക്‌തിയും (ചിലരുടെ) കണ്ട്‌ ഹോട്ടലിലെ സപ്‌ളയർ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.

താമസസ്‌ഥലത്തെത്തി എല്ലാവരും ഒന്നൊന്നരമണിക്കൂർ നേരം വിശ്രമിച്ചു. മൂന്നരമണിക്ക്‌ ഖാൻ വീണ്ടുമെത്തി. ഞങ്ങളെ ദ്വീപിലെ ‘ഒരമ്പലം’ കാണിക്കാൻ കൊണ്ടുപോകാമെന്നേറ്റു. ഇതുകേട്ട്‌ എല്ലാവരും അമ്പരന്നു. ദ്വീപിൽ അമ്പലമോ? മുസ്ലീംങ്ങൾ മാത്രമുള്ള ഇന്ത്യയിലെ ഇന്ത്യോനേഷ്യയിൽ ഹിന്ദു ക്ഷേത്രം!

Generated from archived content: laksha8.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here