ദ്വീപിൽ – 5

അറയ്‌ക്കൽ ഭരണകാലത്തെ ദുസ്സഹമായ പ്രവൃത്തികൾ മൂലവും ഭരണകർതൃത്വത്തിന്റെ പരാജയം മൂലവും ഒരു സംഘം അറയ്‌ക്കൽ വിരോധികൾ ടിപ്പുവുമായി ബന്ധപ്പെടുകയും ടിപ്പുവും അറയ്‌ക്കൽ ബീബിയുമായി നടന്ന സംഭാഷണത്തിലൂടെ (അവർ പരസ്‌പരം സൗഹാർദത്തിലായിരുന്നത്രെ). അയനി, കഡുമം, കിളുത്തം, ചേത്തിലാക്കം, ബിത്ര എന്നീ ദ്വീപുകൾ സുൽത്താന്‌ വിട്ടുകൊടുത്തു എന്നു പറഞ്ഞുവരുന്നു. ഇതിനു പകരം ചിറയ്‌ക്കലിലെ ടിപ്പുവിന്റെ സ്‌ഥലങ്ങൾ ബീബിക്കും കൈമാറുകയുണ്ടായി. ഇത്‌ യഥാർത്ഥ്യമാണെങ്കിൽ ഇത്രയും ലഘുവായരീതിയിൽ ലഭിച്ച, നയതന്ത്രത്തിന്റെ വിജയം സംഭവിച്ച ആദ്യകേസായിരിക്കും ഇത്‌. ദ്വീപുകൾ സുൽത്താന്‌ കിട്ടിയ ശേഷം അവയെ അയ്‌നി മുതലായ ദ്വീപുകൾ എന്നു വിളിച്ചുവരാൻ തുടങ്ങുകയുണ്ടായി.

ടിപ്പുവിന്റെ ഭരണം 1800-​‍ാം ആണ്ടുവരെയെ നീണ്ടിനിന്നുള്ളൂ. അപ്പോഴേക്കും ബ്രിട്ടീഷുകാർ ദ്വീപുകളെ കീഴ്‌പ്പെടുത്തുകയും ഭരണം അവരുടെ കൈകളിലാവുകയും ചെയ്‌തു. ഇതിന്റെ ഫലം മറ്റു ദ്വീപുകാരും അറയ്‌ക്കൽ ഭരണത്തിൽ നിന്നും രക്ഷനേടാൻ ശ്രമിച്ചുതുടങ്ങി എന്നതാണ്‌. രോഗി ഇച്ഛിച്ചതും പാല്‌ വൈദ്യൻ കൽപിച്ചതും പാല്‌ എന്ന സ്‌ഥിതിയിലായി കാര്യങ്ങൾ. ആ ദ്വീപുകാരെല്ലാം പലതരത്തിൽ ബ്രിട്ടീഷുകാരോട്‌ അടുക്കുകയും അവർ അറയ്‌ക്കൽ ബീബിക്കുവേണ്ടി അവരുടെ സമ്മതത്തോടെതന്നെ ദ്വീപുകാരെ സഹായിക്കാനും തുടങ്ങി. എന്നും കൗശലക്കാരണല്ലൊ ബ്രിട്ടീഷുകാർ. കുറുക്കന്റെ സന്തതികൾ. പത്തുകൊല്ലംകൊണ്ട്‌ ലക്ഷക്കണക്കിനു രൂപ ദ്വീപുനിവാസികൾക്കു വേണ്ടി ചിലവഴിച്ചപ്പോൾ ആ സംഖ്യയത്രയും (അപ്പുറവും) ബീബിയോട്‌ ആവശ്യപ്പെട്ടു. പാപ്പരായ അറയ്‌ക്കൽകാർ എവിടുന്നുകൊടുക്കാൻ? ഗത്യന്തരമില്ലാതെ അറയ്‌ക്കൽ രാജകുടുംബം അന്ത്രോസ്‌, കൽപേനി, കവരത്തി, അഗത്തി എന്നീ ദ്വീപുകൾ ബ്രിട്ടീഷുകമ്പനിക്ക്‌ കൊടുക്കാൻ തീരുമാനിച്ചു. തുച്ഛമായ മാലിഖാനും (പെൻഷൻ) പിന്നെ ഭാരമായ സ്‌ഥാനപ്പേരും അറയ്‌ക്കൽ കുടുംബത്തിന്‌ നിലനിർത്താൻ കമ്പനി കനിഞ്ഞനുഗ്രഹിച്ചുവത്രെ! ഇങ്ങനെ ലക്ഷങ്ങൾകൊടുത്തു വാങ്ങി എന്നർത്ഥത്തിലാണ്‌ ദ്വീപുകൾക്ക്‌ ലക്ഷദ്വീപ്‌ എന്നു പേരുണ്ടായത്‌ എന്നാണ്‌ ആധുനികമതം.

പോർട്ടുഗീസുകാർ വാണിഭ ആവശ്യങ്ങൾക്കായി കേരള തീരത്തിലേക്ക്‌ വരുമ്പോൾ കരയടുക്കുവാനായി എന്ന്‌ സൂചന നൽകിയിരുന്ന ഈ ഭാഗ്യ ദ്വീപുകളെ ‘ലക്ക്‌ ഡീപ്‌സ്‌’ എന്നു വിളിച്ചുവന്നത്‌ പിൽക്കാലത്ത്‌ ലക്ഷഡീവ്‌സ്‌ ആയി എന്നത്‌ മുൻകാല അഭിപ്രായം. കരയോട്‌ ചേർന്ന്‌ ലേക്ക്‌ പോലെ കാണപ്പെടുന്ന ലഗൂണുകൾ നിറഞ്ഞ ദ്വീപസമൂഹമായതുകൊണ്ട്‌ ‘ലേക്ക്‌ ദ്വീപ്‌സ്‌’ എന്നു വിളിക്കയാണുണ്ടായത്‌ എന്ന്‌ മൂന്നാമതൊരഭിപ്രായം. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും പിണഞ്ഞുകിടക്കുന്ന ഈ ദ്വീപുകൾ ഏതായാലും 1910 നകം മുഴുവനായും ബ്രിട്ടീഷുകാരുടെ അധീനതയിലായി എന്നത്‌ സത്യം.

ഏത്‌ അച്ഛൻ വന്നാലും അമ്മയ്‌ക്കു സ്വൈരമില്ല എന്ന സ്‌ഥിതിതന്നെയായിരുന്നു ദ്വീപുകാരുടേതും. വമ്പൻ സ്രാവുകളാകുന്ന ബ്രിട്ടീഷുകാർക്കുമുന്നിൽ കുഞ്ഞുകുഞ്ഞന്മാരായ ദ്വീപുകാർ എന്തുചെയ്യാൻ? 1905-ൽ ബംഗാളിൽ ഭിന്നിച്ച്‌ ഭരിക്കൽ പ്രാവർത്തികമാക്കിയ കൗശലക്കാർ ദ്വീപുകളേയും ഫലത്തിൽ അങ്ങനെതന്നെയാണ്‌ ഭരിച്ചുവന്നത്‌. ടിപ്പുവിൽനിന്നും സ്വന്തമാക്കിയ അയ്‌നിദ്വീപുകളെ മംഗലാപുരം കലക്‌ടറുടെ കീഴിലും ലക്ഷങ്ങൾ കടംകൊടുത്ത്‌ കണക്കെഴുതി ഒപ്പിച്ചെടുത്ത ദ്വീപുകളെ മലബാർ കലക്‌ടറുടെ കീഴിലുമാക്കി ഭരണം നടത്തി. എന്നിട്ട്‌ ദ്വീപുകാർക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഗുണം കിട്ടിയോ എന്നു ചോദിച്ചാൽ ഇല്ലാതാനും.

1956 ലാണ്‌ ഒരു സ്വതന്ത്ര കേന്ദ്രഭരണപ്രദേശമായി ലക്ഷദ്വീപിനെ പ്രഖ്യാപിച്ചത്‌. അന്നുമുതൽക്ക്‌ പുരോഗതി പടിപടിയായി അവിടെ എത്തുവാൻ തുടങ്ങി. ഇന്ന്‌ പ്രകൃതി അനുവദിക്കുന്ന സാഹചര്യങ്ങൾക്കനുസൃതമായ വികസനവും മറ്റു പുരോഗതിയും വൻകരയെപോലെ തന്നെ ലക്ഷദ്വീപിലുമുണ്ട്‌. 1973 നവംബർ ഒന്നു മുതൽ എല്ലാ ദ്വീപുകളേയും ചേർത്ത്‌ കേന്ദ്രസർക്കാർ ഔദ്യോഗികമായിതന്നെ ലക്ഷദ്വീപ്‌ എന്ന്‌ നാമകരണം നടത്തുകയുണ്ടായി. ഈ പവിഴ ദ്വീപുകളെ നാം അടുത്തറിഞ്ഞില്ലെങ്കിൽ അതൊരു നഷ്‌ടം തന്നെയെന്നതിന്‌ യാതൊരു സംശയമില്ല.

രാത്രി ഏറെ വൈകിയാണ്‌ ഞങ്ങൾ കടൽക്കരയിൽ നിന്നും എഴുന്നേറ്റത്‌. അതുവരേക്കും നവാസിന്റെ ദ്വീപുചരിത്രവിജ്ഞാനം ഞാൻ അല്‌പാല്‌പമായി മനസിലാക്കിയാതാണ്‌ ഇതുവരേയും പരമർശിച്ചത്‌. ദ്വീപുകളെപറ്റിയുള്ള കുറച്ചറിവുകൾകൂടി പിന്നീട്‌ തരാമെന്നേറ്റ്‌ നവാസ്‌ എനിക്ക്‌ ധൈര്യം തന്നു. കടൽ തിരമാലകൾ അലറി വിളിച്ചുകൊണ്ടിരുന്നിട്ടും രാത്രിയുടെ ഏകാന്തതയിൽ മൂന്നുമീറ്ററിൽ താഴ വീതിയുള്ള ‘ഹൈവേ’ റോഡിലൂടെ ഞങ്ങൾ നടന്നു. ഒറ്റ മനുഷ്യജീവിയും വഴിയിലുണ്ടായിരുന്നില്ല. അവിടവിടെയായി ഇലക്‌ട്രിക്‌ ബൾബുകൾ ചിതറുന്ന പ്രകാരം മാത്രമാണ്‌ തറയിൽ പിളർത്തുകിടന്നത്‌. ആകാശത്തുനിന്നും ഒരുതരി നക്ഷത്രവെളിച്ചംപോലും മണ്ണിലേക്ക്‌ വിരുന്നു വന്നില്ല. ദ്വീപുമുഴുവനും തെങ്ങിന്റെ കുടക്കീഴിൽ ഇരുട്ടിലമർന്നിരിക്കയാണ്‌. ഇടക്കിടെ പവിഴപ്പുറ്റുകളിൽ തട്ടി തലതകർന്ന്‌ ദീനരോദനം കൊള്ളുന്ന തിരകളുടെ അലർച്ചയല്ലാതെ മറ്റൊരു ശബ്‌ദവും കേൾക്കാനുണ്ടായിരുന്നില്ല.

എന്നെ വീട്ടിൽവിട്ട്‌ നവാസ്‌ തിരിച്ചുപോകുമ്പോൾ സമയം 11.30 കഴിഞ്ഞു. മൂന്നുമിനിറ്റ്‌ നേരം നടക്കേണ്ടുന്ന ദൂരമെ നവാസിന്റെ വീട്ടിലേക്കുള്ളു. ഞാൻ വീട്ടിലെത്തുമ്പോൾ കൂട്ടുകാർ ഉറങ്ങിയിരുന്നില്ല. കാരംസ്‌ കളിക്കുന്ന തിരക്കിലാണവർ. രാവിലെതന്നെ നവാസ്‌ അവർക്കൊരു കാരംബോർഡ്‌ കൊണ്ടുകൊടുത്തിരുന്നു. ഹണിചേച്ചിയും മകളും അർഷാദും നല്ല ഉറക്കത്തിലാണ്‌. എനിക്കുള്ള ഭക്ഷണം സുഹൃത്തുക്കൾ വാങ്ങിവെച്ചിട്ടുണ്ട്‌. ഏഴര കഴിഞ്ഞാൽ പിന്നെ ആഹാരമൊന്നും കിട്ടില്ലല്ലൊ. കുറേയാളുകൾ കൂടുന്ന കവലകളോ ചെറുപട്ടണങ്ങളോ മറ്റു വിനോദോപാധികളോ ഒന്നുമില്ല അതിനാൽ ഇരുട്ട്‌ മൂക്കും മുമ്പെ റോഡിൽ നിന്നും ആളുകളൊഴിയുകയാണ്‌ പതിവ്‌. പിന്നെങ്ങനെയാണ്‌ കടകളിൽ ആളുകളെ കാണുക.

ഞാൻ ഷർട്ടും ബാഗുമൊക്കെ അഴിച്ചുവെച്ചു. കുളിമുറിയിൽ ചെന്ന്‌ വിശദമായി ഒന്നു കുളിച്ചു. വെള്ളത്തിന്‌ തണുപ്പ്‌ തീരെയുണ്ടായിരുന്നില്ല. സത്യത്തിൽ ഒരു കുളിയുടെ സുഖം കിട്ടിയതുമില്ല. ലുങ്കിയുടുത്ത്‌ നനഞ്ഞ തോർത്ത്‌ തോളിലിട്ട്‌ ഭക്ഷണം കഴിക്കാനിരുന്നു. തണുത്ത ഭക്ഷണം വിറകുപോലെ മരവിച്ചിരുന്നു. പകുതിയെ ഞാൻ കഴിച്ചുള്ളു. ബാക്കിയുള്ളത്‌ പൊതിഞ്ഞ്‌ പുറത്തുള്ള തെങ്ങിൻ തടത്തിൽ കൊണ്ടിട്ടു. കൈയും വായും കഴുകി തിരിച്ച്‌ വന്ന്‌ ബാഗിൽനിന്നും ഒരു പച്ചനാടൻപഴം (റോബസ്‌റ്റ്‌) എടുത്തുകഴിച്ചു. അത്‌ മൂന്നുനാലുദിവസം ബാഗിനകത്ത്‌ കിടന്നതിനാൽ പകുതിയും ചീഞ്ഞിരുന്നു. ഒരു ഗ്ലാസ്‌ വെള്ളം കൂടി കുടിച്ച്‌ ഞാൻ തറയിൽ (നിലത്ത്‌) ഇട്ടിരുന്ന കിടക്കയിൽ കിടന്നു. എന്റെ അടുത്ത്‌ ഒരു വശത്ത്‌ ബാബു ഏട്ടനും മറുവശത്ത്‌ അദ്ദേഹത്തിന്റെ മകനുമാണ്‌. മറ്റുള്ളവർ കളിയുടെ നിറുകയിലാണ്‌.

അടുത്തദിവസം ഉണരുമ്പോൾ സമയം അഞ്ചുമണിയെ ആയിട്ടുള്ളു. പള്ളിയിലെ ബാങ്കുവിളിയാണ്‌ ഉറക്കം കളഞ്ഞത്‌. നാട്ടിലാണെങ്കിൽ പരിസരങ്ങളിലെ അമ്പലങ്ങളും ഈ പണി ഏറ്റെടുക്കാറുണ്ട്‌. നേരത്തെ ഉണർന്നതിനാൽ എന്തുചെയ്യും എന്ന ചിന്ത എന്നെ വെട്ടിലാക്കി. നാട്ടിൽ കുളികഴിഞ്ഞ്‌ ഏതെങ്കിലും അമ്പലത്തിലെങ്കിലും പോകാമായിരുന്നു. ഇവിടെ ഈ അപരിചിതസ്‌ഥലത്ത്‌ എന്തുചെയ്യാനാണ്‌? തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടക്ക്‌ അരികിൽ കിടക്കുന്ന ബാബുവേട്ടന്റെ മകന്റെ വക രണ്ടു ചവിട്ടുകിട്ടി. ഉറക്കത്തിലാണ്‌ കക്ഷി. വയസ്‌ പതിനെട്ടാണെങ്കിലും 23നപ്പുറം തോന്നിക്കും. ഒരു ഇനാക്‌റ്റീവായ പയ്യൻ.

Generated from archived content: laksha7.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here