ദ്വീപിൽ – 4

ചേരമാൻ പെരുമാൾക്കും കേരളം ഭരിപ്പാൻ പന്ത്രണ്ടു കൊല്ലമാണ്‌ കഴകം (സഭ) അനുവദിച്ചുനൽകിയതെങ്കിലും കേരളത്തെ ആചാരാനുഷ്‌ഠാനങ്ങളോടുകൂടിയ ഒരു ഭരണത്തിലേക്ക്‌ നയിച്ചത്‌ ഇദ്ദേഹമാണത്രെ. അതുകൊണ്ടുതന്നെ ഇദ്ദേഹം മൂപ്പത്തിയാറുകൊല്ലം നാടുഭരിച്ചതായി രേഖകൾ പറയുന്നു. എന്തായാലും ചേരമാൻ പെരുമാളുടെ പന്ത്രണ്ട്‌ അകമ്പടിക്കാരിൽ ഒരാളായ പടമലനായരെ പെൺചൊല്ലുകേട്ടതിന്റെ പേരിൽ ‘അഴിയാറ’ പുഴയിൽ കൊണ്ടു നിർത്തി ശിക്ഷിപ്പാൻ തുടങ്ങുന്നതോടെ ആകാശത്തുനിന്നും വിമാനം ഇറങ്ങിവന്ന്‌ പടമലനായരെ സ്വർഗത്തിലേക്ക്‌ കൂട്ടികൊണ്ടുപോയത്രെ. ഇതിനിടെ പരിഭ്രാന്തനായ ചേരമാൻ തന്റെ ഗതിയെന്താകും എന്ന്‌ നായരോട്‌ ആരാഞ്ഞപ്പോൾ മുതുരപുറത്ത്‌ വേദആചിയാര്‌ എന്ന ഒരു ജോനകൻ ഉണ്ടാകുമെന്നും അവനെ കണ്ടാൽ നാലാം വേദം ഉറപ്പിക്കാമെന്നും അങ്ങനെ ചെയ്‌താൽ പാതിമോക്ഷം ലഭിക്കുമെന്നും നായർ പറഞ്ഞു. ഇങ്ങനെയാണ്‌ എഞ്ചൊല്ല്‌ കേട്ടപെരുമാളെ മക്കത്തു പോയി തൊപ്പിയിട്‌ എന്ന പ്രസിദ്ധ ചൊല്ല്‌ ഉണ്ടായത്‌ എന്ന്‌ പറയുന്നു. ചിലസ്‌ഥലങ്ങളിൽ ഇതിനെ പെൺചൊല്ല്‌ കേട്ട പെരുമാളെ മക്കത്തുപോയി തൊപ്പിയിട്‌ എന്നും പറഞ്ഞു വരുന്നതായി കാണുന്നുണ്ട്‌.

പിന്നീട്‌ ചേരമാൻ പെരുമാൾ വേണ്ടതെല്ലാം ചെയ്‌തു വച്ച്‌ തിരുവഞ്ചിക്കുളത്തുനിന്നു വാണിഭത്തിന്നായി വന്ന അറബികപ്പലിൽ കയറി ആരുമറിയാതെ മക്കത്തേക്ക്‌ പോയിയത്രെ. ഇതറിഞ്ഞ്‌ പെരുമാളിന്റെ പ്രജകൾ വളരെയധികം ദുഃഖിക്കുകയും തിരികെയെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്‌തു. ഇതിന്‌ മുൻകൈയ്യെടുത്തത്‌ പെരുമാളിന്റെ ഏറ്റവും വേണ്ടപ്പെട്ട നാടുവാഴിയായ ‘വളർഭട്ടണം’ ഭരിക്കും ഉഭയവർമൻ കോലത്തിരിയാണെന്നും പറഞ്ഞുവരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വാണിഭക്കാരായ അറബിക്കപ്പലിനെ അന്വേഷിച്ചുപോയ കോലത്തിരിയുടെ പടയാളികളാണ്‌ ലക്ഷദ്വീപുകളിലെ ചില ദ്വീപുകൾ കണ്ടുപിടിച്ചത്‌ എന്ന്‌ ദ്വീപോൽപത്തി എന്ന ഗ്രന്ഥത്തിൽ ശ്രീമാൻ വി.ഐ.പൂക്കോയ അഭിപ്രായപ്പെടുന്നു.

ഉഭയവർമൻ രാജാവിനെയാണത്രെ ചിറക്കൽ തമ്പുരാൻ എന്നു വിളിക്കുന്നത്‌. പെരുമാളിനെ അന്വേഷിച്ചുപോയവർ ഏതാനും ദ്വീപുകൾ കണ്ടുപിടിച്ച്‌ തിരിച്ചു വന്നപ്പോൾ കൂടുതൽ ദ്വീപുകളുണ്ടെങ്കിൽ കണ്ടെത്താനും അവിടെ കൃഷിചെയ്‌ത്‌ ജീവിതം തുടങ്ങാനും രാജാവ്‌ വേണ്ടവർക്ക്‌ നിർദ്ദേശം നൽകിയെന്നും അങ്ങനെയാണ്‌ അവിടെക്ക്‌ ആളുകൾ പോയി തുടങ്ങിയതെന്നും പറയപ്പെടുന്നു. മുൻകാലങ്ങളിലെ രാജഭരണകാലത്ത്‌ സൈനികരിൽ മുഖ്യപങ്കും നായർ ജാതിയിൽപ്പെട്ടവരായിരുന്നല്ലൊ. അതുകൊണ്ടുതന്നെ ദ്വീപുനിവാസികളിൽ എല്ലാവരും ഹൈന്ദവരായിരുന്നു.

ക്രി.വ. 6-​‍ാം നൂറ്റാണ്ടിലും 7-​‍ാം നൂറ്റാണ്ടിലും ലക്ഷദ്വീപുകൾ വരെ പല്ലൻ രാജവംശത്തിന്റെ ഭരണം നീണ്ടുകിടന്നതായി സംഘകാലസാഹിത്യത്തിലെ പതിറ്റിപ്പത്ത്‌ എന്ന ഗ്രന്ഥത്തിൽ പരാമർശമുള്ളതായും കാണുന്നു. അപ്പോൾ ലക്ഷദ്വീപുകൾ യഥാർത്ഥത്തിൽ കണ്ടുപിടിച്ചത്‌ ആരായിരിക്കും? ചരിത്രം എന്നും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതാണല്ലൊ. ചുരുക്കത്തിൽ വളരെ പണ്ടുകാലം മുതൽക്കുതന്നെ ഇന്ത്യയുമായി കച്ചവടബന്ധം പുലർത്തിപോന്നിരുന്ന അറേബ്യൻ പണിക്കുകൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള തുറമുഖങ്ങളിലൂടെ അവരുടെ പത്തേമാരികളുമായി യാത്ര ചെയ്യുമ്പോൾ ഈ ദ്വീപസമൂഹങ്ങൾ കണ്ടിരിക്കും. അവർ കേരളത്തിലെ രാജാക്കന്മാരെ അറിയിച്ചിട്ടുണ്ടാകാം. തുടരന്വേഷണത്തിന്‌ രാജാക്കന്മാർ അവരുടെ അധീനത്തിലുള്ളവരെ ദ്വീപുകളിലേക്ക്‌ അയക്കുകയും അങ്ങനെ അവരിലൂടെ ദ്വീപുകളിൽ ജനവാസം ഉണ്ടാകുകയും ചെയ്‌തിരിക്കാനാണ്‌ സാധ്യതയെന്നതും തള്ളിക്കളയാനാവില്ല.

ചിറക്കൽ ഭരണത്തിൽ സസുഖം കഴിഞ്ഞുവന്നിരുന്ന ദ്വീപുകൾ പിന്നീട്‌ അറക്കൽ ഭരണത്തിലേക്ക്‌ എത്തുകയാണുണ്ടായത്‌. ഇതെങ്ങനെ സംഭവിച്ചു എന്നത്‌ വളരെ രസകരമായ ഒരു സംഭവമത്രെ. ഇത്‌ അവിശ്വസനീയം എന്നു തോന്നാമെങ്കിലും മറ്റ്‌ കണ്ടെത്തലുകൾ ഉണ്ടോ എന്നറിഞ്ഞൂകൂട. മാത്രമല്ല അറയ്‌ക്കൽ ഭരണത്തിൻ കീഴിൽ ദ്വീപുകൾ കഴിഞ്ഞിരുന്നു എന്നതും ആയത്‌ നിരായുധം ലഭിച്ചതാണ്‌ എന്നും കണക്കാക്കേണ്ടിയിരിക്കുന്നു. ഇതേ സംബന്ധിച്ച്‌ ദ്വീപോൽപത്തി എന്ന പുസ്‌തകത്തിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്‌.

ചേരമാൻ പെരുമാളുടെ മക്കായാത്രക്കുശേഷം അദ്ദേഹത്തിന്റെ കത്തുമായി കേരളത്തിൽ വന്ന മാലിക്‌ ബിൻദിനാരുടെ കൂട്ടത്തിലുണ്ടായിരുന്ന ‘ഹുസൈൻബിൻ മുഹമ്മദ്‌ ഇബ്‌നു മാലിക്കിൽ മദനിയ്യ’ എന്നയാൾ മലബാറിലെ ധർമപട്ടണത്തിൽ ചെല്ലുകയുണ്ടായി. അവിടെ വച്ച്‌ പെരുമാളുടെ സഹോദരി ശ്രീദേവിയെ കാണുകയും അവരുമായി സംഭാഷണം നടത്തുകയും ചെയ്‌തു. അതെ തുടർന്ന്‌ ശ്രീദേവിയും മകൻ മഹാബലിയും ഇസ്‌ലാം മതം വിശ്വസിക്കുകയുണ്ടായി. പിന്നീട്‌ ഹുസൈൻ ബിൻ മുഹമ്മദ്‌ ശ്രീദേവിയെ വിവാഹം കഴിക്കയും അവർ ഫാത്തിമാ ബീബി എന്ന പേര്‌ സ്വീകരിക്കുകയും ചെയ്‌തുവത്രെ. ഇതറിഞ്ഞ ചിറക്കൽ തമ്പുരാൻ ശ്രീദേവിയുടെ അവകാശം ഭാഗിച്ചുകൊടുക്കുകയും അവർ കണ്ണൂർ തലസ്‌ഥാനമാക്കികൊണ്ട്‌ ഭരണം നടത്തുകയും ചെയ്‌തു. അറയ്‌ക്കൽ ഫാത്തിമ ബീബി എന്നു പറഞ്ഞുവന്നത്‌ ശ്രീദേവിയേയും “ആദിരാജ സുൽത്താൻ അലി” എന്നു പറയുന്ന ശ്രീദേവിയുടെ മൂത്തപുത്രനായ മഹാബലിയേയുമാണത്രെ.

പ്രചാരത്തിലുള്ള മറ്റൊരു കഥ ഇപ്രകാരമാണ്‌. ഒരിക്കൽ ഒരു ചിറക്കൽ തമ്പുരാന്റെ സഹോദരിമാർ കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ ഇളയവളുടെ വസ്‌ത്രം മുതിർന്നവർ കുളികഴിഞ്ഞ്‌ പോകുമ്പോൾ എടുത്തു കൊണ്ടു പോയിയത്രെ. കുളത്തിൽനിന്നും കയറാൻ നേരം വസ്‌ത്രമില്ലാതിരുന്ന തമ്പുരാട്ടി വസ്‌ത്രത്തിനായി ഉറക്കെ കരഞ്ഞപ്പോൾ അതുകേട്ട്‌ ആ വഴിവന്ന മായൻ എന്നുപേരുള്ള മുസ്ലീം തന്റെ വസ്‌ത്രം നൽകിയെന്നും അങ്ങനെ മാനംരക്ഷിച്ച അയാളുടെ കൂടെ പോകുന്നതിന്‌ തനിക്ക്‌ സന്തോഷമാണുള്ളതെന്നും രാജാവിനോട്‌ സഹോദരി പറഞ്ഞത്രെ. തന്റെ സഹോദരിക്കു പറ്റിയ അബദ്‌ധം (പുടവ സ്വീകരിച്ചത്‌) മനസിലാക്കിയ രാജാവ്‌ ഇളയ സഹോദരിയെ മായന്റെ കൂടെ പോകുവാൻ അനുവദിച്ചു. ആ തമ്പുരാട്ടി ഇസ്ലാം മതം സ്വീകരിച്ച്‌ ഫാത്തിമബീബി എന്നു പേര്‌ സ്വീകരിക്കുകയും മായനെ ഭർത്താവാക്കി പൂർണസന്തോഷത്തോടെ ഉൾകൊള്ളുകയുമുണ്ടായി.

നീതിജ്ഞനായ രാജാവ്‌ കുടുംബത്തിലെ അവകാശികളുടെ കണക്കനുസരിച്ച്‌ ചിറക്കൽ കൊട്ടാരം വക സ്വത്തുക്കൾ ഭാഗിക്കുകയുണ്ടായി. അതിൽ ഇളയ തമ്പുരട്ടിക്ക്‌ ലഭിച്ചത്‌ ഇന്നത്തെ ലക്ഷദ്വീപുകളടക്കമുള്ള കണ്ണൂർ മുതലായ ദേശങ്ങളായിരുന്നു. അതെ തുടർന്ന്‌ കണ്ണൂർ തലസ്‌ഥാനമാക്കി ഫാത്തിമ ബീബി ഭരണവും നടത്തി. ഇളഭ്യരായ മൂത്ത സഹോദരിമാർ അരക്കാലോറിക്കാരി ബീബി മായന്റെ കൂടെ പോയില്ലെ“ എന്നു പറഞ്ഞു സങ്കടപ്പെടുകയും അത്‌ കാലാന്തരത്തിൽ ”അറയ്‌ക്കൽ ബീബി“ എന്നായി തീരുകയുമുണ്ടായി എന്നത്‌ ചരിത്രം. ഫാത്തിമയും മായനും സുഖമായി രാജ്യം ഭരിച്ചുവരവെ അവർക്ക്‌ ഒരു മകൻ ഉണ്ടായി, അലി. ഫാത്തിമ ബീബിക്കുശേഷം അറയ്‌ക്കൽ സ്വരൂപത്തിൽ ഒന്നാമത്തെ സുൽത്താനായി ഭരണം നടത്തിയത്‌ ഈ അലിയാണ്‌ എന്ന്‌ പറഞ്ഞുവരുന്നു.

അറയ്‌ക്കൽ ഭരണം ഏറെക്കാലം നീണ്ടുനിന്നു. ഏതൊരു ഭരണവും ദീർഘകാലം നീണ്ടുനിന്നാൽ സ്വാഭാവികമായും ഭരണസാരഥ്യത്തിലുള്ളവർ ദുർമാർഗികളും ദുഷ്‌ടവർഗവും ആയിത്തീരുകയും അവർ ജനങ്ങളിൽ നിന്നകലുകയും ചെയ്യും. ഫലമോ? ജനങ്ങൾക്ക്‌ ഭരണ നേതൃത്വത്തോട്‌ വിരക്തിയും വിദ്വേഷവും ഉണ്ടാവുകയും ഭരണം തകരുകയും ചെയ്യുന്നു. അറയ്‌ക്കൽ ഭരണത്തിലും സംഭവിച്ചത്‌ മറ്റൊന്നായിരുന്നില്ല. സ്വേച്‌ഛാധികാരികളായ കാര്യക്കാർ സാധാരണ ജനങ്ങളെ തികച്ചും അടിമകളാക്കിയാണ്‌ ഭരിച്ചുവന്നത്‌. സ്വാതന്ത്ര്യത്തിന്റെ അല്‌പംപോലും അവർക്ക്‌ അനുഭവിക്കാൻ ആയില്ല.

Generated from archived content: laksha6.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English