രാവിലെ ഏഴുമണിക്കാണ് ദ്വീപിൽ കാലികുത്തിയത്. മഴ മാറിനിന്നത് നന്നായി തോന്നി. ഞങ്ങളുടെ സുഹൃത്തും സ്‌പോൺസറുമായ റഷീദ്‌ഖാൻ കരയിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ലഗ്ഗേജുകൾ ചുമന്നുകൊണ്ടുപോകാനും സ്വീകരിക്കുവാനുമായി ഖാനും സഹായികളും നിറപുഞ്ചരിയുമായിട്ടാണ് തയ്യാറായി നിൽക്കുന്നത്. ഹസ്‌തദാനത്തോടെ അവർ ഞങ്ങളെ സ്വീകരിച്ചു. ഖാനുമായി മുൻപരിചയമുള്ളത് ആറുമുഖനും ഭാര്യക്കുമാണ്. അവർ അതിന്റെ പങ്കുവെയ്‌ക്കലുകൾ കഴിഞ്ഞ് ഞങ്ങൾ ഓരോരുത്തരെയായി പരിചയപ്പെട്ടു. പിന്നീട് താമസസ്‌ഥലത്തേക്ക് ഞങ്ങളെ നയിച്ചു.
രാവിലെ ചായ കിട്ടാതെ വിഷമിച്ച ഞങ്ങൾ വഴിയരികിലെ ചായക്കടയിൽ കയറി. ആ സമയത്തും കടയിൽ ചൂട് പൊറോട്ട കല്ലിൽ കിടന്നു പിടയുന്നുണ്ട്. ഈ ‘അമൃത്’ കഴിക്കാൻ നാലഞ്ചുപേർ കടയിലെ ബഞ്ചിൽ ഇരുപ്പുമുണ്ട്. ഞങ്ങൾ കുറച്ചാളുകളെ കണ്ടപ്പോൾ കൗതുകമോ സന്തോഷമോ അവരുടെ മുഖത്ത് വിരിയുകയുണ്ടായി. അവർ ഖാന് സലാം കൊടുക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹം അവിടത്തെ ഒരു പ്രധാന പാർട്ടിയുടെ നേതാവാണ്. വൈകാതെ ചായ കിട്ടിയപ്പോൾ കുടികഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് നടന്നു. വീട്‌കാണിച്ചുതന്ന് കാര്യങ്ങളെല്ലാം ശരിയാക്കി റഷീദ് കുറേക്കഴിഞ്ഞ് വരാമെന്നേറ്റ്‌പോയി.
സാമാന്യം നല്ലൊരു വീടായിരുന്നു ഞങ്ങൾക്കായി ഖാൻ ശരിയാക്കിയിരുന്നത്. ഒരു മാസക്കാലത്തിലധികം അവിടെ താമസിക്കാൻ ഞങ്ങൾക്ക് ദ്വീപിൽ പെർമിറ്റുണ്ടായിരുന്നു. എത്രദിവസം എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക് ഭക്ഷണം ചായ ഇതര പലഹാരങ്ങൾ എന്നിവ കഴിക്കാനും അടുത്തുള്ള പ്ലാസ ഹോട്ടലിൽ ഖാൻ ഏർപ്പാടുചെയ്‌തിരുന്നു.
താമസസ്‌ഥലത്ത് എത്തിയതും ഞങ്ങൾ ആദ്യം ഏർപ്പെട്ടത് വീട് വൃത്തിയാക്കാനാണ്. സ്‌ഥിരതാമസം ഇല്ലാത്ത വീടായിരുന്നതിനാൽ പൊടിയും മാറാലയും കൊണ്ട് തറയും മുറികളും അഴുക്കായികിടക്കുകയാണ്. മിസിസ്സ് മേനോനും അർഷാദും ബാബുവേട്ടന്റെ ഭാര്യ ഹണിചേച്ചിയും മകളും കൂടി കേവലം കാൽമണിക്കൂറിനകം മുറികളെല്ലാം തൂത്തുവാരി തുടച്ചുവൃത്തിയാക്കി. ഈ സമയത്ത് ഞാൻ താമസസ്‌ഥലത്തെ കിണർ ശ്രദ്ധിക്കുകയായിരുന്നു. എട്ടടിയോളം ആഴമെ കിണറിനുള്ളൂ. റിങ്ങ് ഉപയോഗിച്ചാണ് കിണർ ഉണ്ടാക്കിയിരിക്കുന്നത്. കഷ്‌ടിച്ച് ഒരു വട്ടച്ചെമ്പിന്റെ വ്യാസമാണ് കിണറിനുള്ളത്. നല്ല തെളിഞ്ഞ വെള്ളം! അതിലുമത്ഭുതം വെള്ളത്തിന് അല്‌പം പോലും ഉപ്പുരസം ഉണ്ടായിരുന്നില്ല എന്നതാണ്. എന്നാൽ ചെറിയ രുചിവ്യത്യാസം ഉണ്ട്. ഞാൻ സമൃദ്ധമായി നാടൻശൈലിയിൽ വിസ്‌തരിച്ച് കുളിച്ചു. കൂടെയുള്ളവരെല്ലാം അകത്തേയും പുറത്തേയും കുളിമുറികളിൽ കാര്യം നിർവഹിച്ചു.
ഞങ്ങളെ വീട്ടിലാക്കി തിരിച്ചുപോയ റഷീദ് പത്തുമണിയോടെ എത്തുമ്പോൾ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. നവാസ്‌ഖാൻ റഷീദണ്ണന്റെ മരുമകനാണ് നവാസ്. കല്‌പേനി ദ്വീപിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെയിൽ നഴ്‌സ് ആണ് നവാസ്. കുറച്ചുദിവസം ഞങ്ങളെസേവിക്കാനായി നിയോഗിക്കപ്പെട്ടിരിക്കയാണ്. ഞങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞും സന്ദർശനസ്‌ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ചും വഴികാട്ടുവാനാണ് നവാസിനുള്ള നിർദ്ദേശം. ഏതുസമയത്തും തയ്യാറായി നവാസ് തൊട്ടടുത്തുള്ള ഹോട്ടൽ പ്ലാസയിൽ ഉണ്ടാവുമത്രെ. പ്ലാസ റഷീദ്‌ഖാന്റെ അമ്മായിഅച്‌ഛന്റേതാണ്. രണ്ടുജോലിക്കാരുണ്ട് അവിടെ. ഒരാൾ കോഴിക്കോട്ടുകാരൻ. മറ്റേയാൾ മലപ്പുറംകാരനും.
പതിനൊന്നു മണിയോടെ ഗഫൂറും നളിനാക്ഷനും വിജയനുമടങ്ങുന്നവർ പുറത്തേക്കിറങ്ങി. കുടുംബസമേതമുള്ളവർ അവരുടെ പാട്ടിനുപോയി. മിസിസ് മേനോൻ വിശ്രമിക്കാൻ കിടന്നു. പിന്നീട് ഏറെനേരം അവിടെ നിൽക്കാൻ ഞാൻ തുനിഞ്ഞില്ല. തോൾസഞ്ചിയും തൂക്കി ഞാനും അലക്ഷ്യമായി നടന്നു.
Generated from archived content: laksha3.html Author: m.e.sethumadhavan