എം. വി മിനിക്കോയി എന്ന കപ്പലില്‍ ടിക്കറ്റിന് ക്ലാസുഭേദം ഉണ്ടായിരുന്നില്ല. പൂര്‍ണമായും എയര്‍കണ്ടീഷന്റ് ഹാളാണ്. നൂറ്റിയമ്പതു യാത്രികര്‍ക്കുള്ള ടിക്കറ്റു മാത്രമേ അതുലുള്ളൂവെങ്കിലും മിക്കവാറും സീറ്റുകള്‍ ഒഴിവായിരുന്നു. പിലേക്കുള്ള ചരക്കിറക്കം കഴിഞ്ഞ് യാത്ര തുടങ്ങുമ്പോള്‍ എട്ടരമണിയായി. ഇനി അടുത്ത ദ്വീപ് അന്ത്രോത്ത് ആണ്. അവിടെനിന്നും നേരെ കൊച്ചിയിലേക്കും
കപ്പല്‍ യാത്രതുടങ്ങിയ ഉടനെതന്നെ ഏതോ ഒരു തമിഴ് സിനിമ ടി.വിയില്‍ ഓടാന്‍ തുടങ്ങി. ഒരു മസാലചിത്രം. കുടിയും കുളിയും അടിയും പിടിയും ചവിട്ടും വാഗ്വാദങ്ങളും സ്ക്രീനില്‍ നിറഞ്ഞുനിന്നു. ഞാന്‍ എന്റെ ബാഗില്‍നിന്നും ഒരു പുസ്തകമെടുത്ത് വായനയാരംഭിച്ചു. കുറെനേരം വായിച്ചു. പിന്നീട് കപ്പലിന്റെ ഡക്കിലും യാത്രികര്‍ വിശ്രമിക്കുന്ന വശങ്ങളിലെ ഇരിപ്പിടങ്ങളിലൂടെയും കുറച്ചു സമയം നടന്നു. ദ്വീപുകാര്‍ രാഷ്ട്രീയം ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുകയാണ്. എം. പിയായിരുന്ന പിതൃപുത്രന്മാരുടെ സേവനങ്ങളും മറ്റൊരു മുന്‍ എം. പിയുടെ പ്രവര്‍ത്തനങ്ങളും അളന്നു മുറിച്ച് പണത്തൂക്കം കണക്കെ വിലയിരുത്തുകയാണ്. അനല്പമായ സമയം ഈ വധം കേട്ട് എന്റെ സഹികെട്ടു. ഞാന്‍ കടലിന്റെ നീലിമയില്‍ ശ്രദ്ധിച്ചുനിന്നു. അലകള്‍ ഓളം തുള്ളുന്ന കടലിന്റെ അനന്തതിയിലെക്ക് ദൃഷ്ടിയുറപ്പിച്ച ഞാന്‍ ഓര്‍ത്തുപോയത് അസൗകര്യങ്ങള്‍ അരങ്ങുവാണിരുന്ന കാലഘട്ടത്തില്‍ മുന്‍നാവികരും യാത്രികരും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നതിന്റെ കുറിച്ചായിരുന്നു.
ഏകദേശം ഒന്നരമണിക്കുമുമ്പ് കപ്പല്‍ അന്ത്രോത്ത് ദ്വീപിലെത്തുമെന്ന് അറിയാന്‍ കഴിഞ്ഞു. അപ്പോള്‍ എനിക്ക് ദ്വീപ് ചുറ്റിക്കാണുവാന്‍ മോഹമുണ്ടായി. അഞ്ചരമണിയാകുമത്രെ അവിടെനിന്ന് കപ്പല്‍ മടക്കയാത്രയാരംഭിക്കാന്‍. പുറത്തിറങ്ങി കാഴ്ചകള്‍ കാണാലോ ദ്വീപില്‍ പ്രവേശിക്കാനോ യാത്രികര്‍ക്ക് അനുമതിയൊന്നുമില്ല. പോലീസ് പിടിക്കുകയോ മറ്റോ ചെയ്താല്‍, ക്ഷക്കായി വളരെ വേണ്ടപ്പെട്ട ഒരാളെ വരുന്ന വഴിക്കു പരിചയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കാമെന്നു കരുതി ഞാനും രണ്ടുമൂന്നു സുഹൃത്തുക്കളും പുറത്തിറങ്ങാന്‍ തീരുമാനിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കുതന്നെ ഭക്ഷണം കപ്പലില്‍ വില്പന തുടങ്ങി. ബിരിയാണിയത്രെ. ഒരുതരം മഞ്ഞനിറത്തിലുള്ള ചോറായിരുന്നു അത്. ആളുകള്‍ വാരി കഴിക്കുന്നതുകണ്ടപ്പോള്‍ മനം പിരട്ടലാണുണ്ടായത്. മുപ്പത്തിയഞ്ചു രൂപയായിരുന്നു ആ ‘അമൂല്യവിഭവ’ ത്തിന്റെ വിലയെന്നറിഞ്ഞു. ഒരുതരം കടല്‍ കൊള്ള. ഞാന്‍ നവാസിന്റെ വകയായുള്ള ഭക്ഷണപൊതി എടുത്തഴിച്ചു. ഒന്നാന്തരം നെയ്ച്ചോറും ചിക്കന്‍ ഫ്രൈയും .ഞാന്‍ മനസറിഞ്ഞ് നല്ലവണ്ണം കഴിച്ചു. കപ്പലിലെ ഭക്ഷണവും നവാസിന്റെ ഭക്ഷണവും തമ്മില്‍ താരതമ്യം അരുതെങ്കിലും ഒരായിരം നന്ദിയാണ് നവാസിനോട് തോന്നിയത്.
വാര്‍ഫില്‍ കപ്പലടുത്തപ്പോള്‍ സമയം കൃത്യം ഒന്നരയായി. തിരക്ക് ഒന്നടങ്ങിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. എന്നോടൊപ്പം ആറുമുഖനും രവിയും ഉണ്ടായിരുന്നു. അഞ്ചുമണിക്കകം ചുറ്റിക്കറങ്ങാന്‍ പാകത്തില്‍ ഓട്ടോകളൊന്നും കിട്ടിയില്ല . ആദ്യമാദ്യം ഇറങ്ങിയവര്‍ ഓട്ടോ വിളിച്ച് സ്ഥലം വിട്ടപ്പോള്‍ പിന്നീട് വണ്ടികളൊന്നും ഇല്ലാതായി. ഉടന്‍ തന്നെ ഞാന്‍ ദ്വീപിലുള്ള എന്റെ സുഹൃത്തിനെ വിളിച്ചു. വിവരമെല്ലാം പറഞ്ഞു. അഞ്ചുമിനിറ്റിനകം അദ്ദേഹം ഓട്ടോയുമായെത്താമെന്നറിയിച്ചു. അന്ത്രോത്തിലെ ഹാര്‍ബറില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്യുകയാണദ്ദേഹം. കഴിഞ്ഞ പത്തു വര്‍ഷമായി ദ്വീപിലാണു ജോലി. വര്‍ഷത്തില്‍ നാലഞ്ചുമാസവും പല ഘട്ടങ്ങളിലായി നാട്ടില്‍ തന്നെയായിരിക്കും കക്ഷി. അടുത്ത വര്‍ഷം ഒരു മാസത്തെ ദ്വീപുവാസത്തിന് ഇപ്പോഴേഎന്നെ ക്ഷണിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഇപ്പോഴത്തെ അവിചാരിത കണ്ടുമുട്ടല്‍ നടക്കാന്‍ പോകുന്നത്.
പറഞ്ഞതു പോലെ അഞ്ചുമിനിറ്റിനകം അദ്ദേഹം ഓഫീസ് വണ്ടിയുമായി വന്നു. ഞങ്ങള്‍ സ്നേഹം പങ്കുവച്ചു. കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ ചുരുക്കി ഞാന്‍ പറഞ്ഞു. ദ്വീപു മുഴുവന്‍ നാലുമണിവരെ കറങ്ങിക്കാണാന്‍ അദ്ദേഹം ഡ്രൈവറേയും വണ്ടിയേയും ഞങ്ങള്‍ക്കു വിട്ടു തന്നു. കാര്യമായ എന്തോ തിരക്കുള്ളതിനാല്‍ അദ്ദേഹം കൂടെ വന്നില്ല.
കല്‍പ്പേനിയില്‍ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ അകലെയാണ് അന്ത്രോത്ത്. അഞ്ചു കിലോമീറ്റര്‍ നീളവും രണ്ടു കി. മീറ്റര്‍ വീതിയുമുള്ള ദ്വീപിന് ആയിരത്തി ഒരുനൂറു ഏക്കറിലധികം വിസ്തീര്‍ണ്ണമുണ്ട്. വലിപ്പത്തിന്റെ കാര്യത്തില്‍ ലക്ഷദ്വീപുകളിലെ വലിയവനാണ് അന്ത്രോത്ത്. അതുപോലെ തന്നെ മാലിന്യത്തിന്റേയും മന്തുരോഗത്തിന്റേയും ശുചിത്വമില്ലായ്മയുടേയും കാര്യത്തിലും ഈ ദ്വീപ് രണ്ടാം സ്ഥാനത്തല്ല. ദ്വീപ് കാണാന്‍ വണ്ടിയില്‍ പോകുന്നതിനിടെ പല സ്ഥലത്തും ചപ്പുചവറുകള്‍ കൂടിക്കിടക്കുന്നതു കണ്ടു. ഞങ്ങളുടെ ബോധവല്‍ക്കരണ ദൗത്യം കല്‍പ്പേനിയേക്കാള്‍ ഇവിടെയാണാവശ്യമെന്ന് കണ്ട കാര്യങ്ങളില്‍ നിന്നും എനിക്കു തോന്നി.
ദ്വീപിന്റെ കിഴക്കന്‍ തീരം പൊതുവേ മനോഹരമായ കടല്‍ത്തീരമാണ്. വളരെ ഉയരമുള്ള മണല്‍ക്കൂന ഇവിടെ ഒന്നാംതരം സംരക്ഷണഭിത്തിയാണ് തീര്‍ത്തിട്ടുള്ളത്. ഇവിടെ കടലിന് ആഴക്കൂടുതല്‍ ഉണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞു. മണല്‍ക്കൂനയിലേക്ക് തിരകള്‍ വന്നടിക്കുന്ന ശക്തി അപാരമായിരുന്നു.
സാമാന്യം ഭേദപ്പെട്ട റോഡിലൂടെയാണ് യാത്ര. കല്‍പ്പേനിയില്‍ കണ്ട റോഡുകളുടെ വിസ്താരം തന്നെയാണ് ഇവിടെയും കാണാന്‍ കഴിഞ്ഞത്. ദ്വീപിനെ ചുറ്റി ഒരു റിങ് റോഡ് കണക്കെയാണ് പാതയുടെ കിടപ്പ്. റോഡിനോടു ചേര്‍ന്നുള്ള ചില തീരപ്രദേശം വെയ്സ്റ്റ് തള്ളാനുള്ള ഗോഡൌണുകള്‍ പോലെയാണ് തോന്നിച്ചത്. യാത്രക്കിടയില്‍ ഡ്രൈവര്‍ ഒരു പ്രത്യേക സ്ഥലത്ത് വണ്ടി നിര്‍ത്തി. താഴെയിറങ്ങി. നമസ്ക്കരിക്കുന്നതു കണ്ടു. എന്താണിവിടെ വിശേഷം എന്നാരാഞ്ഞപ്പോള്‍ അത് പ്രവാചകന്‍ ഉബൈദിന്റെ അന്ത്യവിശ്രമസ്ഥലമാണെന്നു അയാള്‍ പറഞ്ഞു. ഞാനും അവിടെ ഇറങ്ങി നമിച്ചു. ഡ്രൈവര്‍ക്ക് അതു കണ്ട് വളരെ സന്തോഷം തോന്നി. അയാളൊരു തദ്ദേശിയനും പേര് ഷിഹാബുമായിരുന്നു എന്നതുതന്നെയാണ് സന്തോഷത്തിന്റെ കാരണമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വണ്ടി വീണ്ടും യാത്ര തുടങ്ങി. കുറച്ചു കൂടി പോയപ്പോല്‍ മറ്റൊരു ശവകുടീരത്തിനു മുന്നില്‍ നിര്‍ത്തി ഡ്രൈവര്‍ പറഞ്ഞു. ‘’ ഇതാണ് ഞങ്ങളുടെ എം. പി യായിരുന്ന പി. എം. സെയ്തു സാറിന്റെ കബറിടം’‘ ഞങ്ങള്‍ അവിടേയുമിറങ്ങി രണ്ടു നിമിഷം നിന്നു. ലക്ഷദ്വീപുകാരുടെ ദൈവമായിരുന്നല്ലോ അദ്ദേഹം.
ഒരു പാടു നല്ല സ്ഥലങ്ങള്‍ ഇനിയും കാണാനുണ്ടെന്നും മൂന്നര കഴിഞ്ഞ സ്ഥിതിക്ക് ഇനി തിരിച്ചു പോകുകയാണ് നല്ലതെന്നു ഡ്രൈവര്‍ പറഞ്ഞു. ( ആ കള്ളതിരുമാലിക്ക് എവിടേയോ പോകുവാന്‍ വേണ്ടി ഞങ്ങളെ ഒഴിവാക്കാനാണ് ഉദ്ദേശ്യമെന്ന് പിന്നീടറിഞ്ഞു) ദ്വീപിലെ ഇടവഴികള്‍ നിലവാരം കുറഞ്ഞവയായിരുന്നു. ഇവിടെ ഞാന്‍ കണ്ട മറ്റൊരു വിശേഷം ധാരാളം വേപ്പുമരങ്ങള്‍ കാണാന്‍ കഴിഞ്ഞു എന്നുള്ളതാണ്. എങ്കിലും അവയ്ക്കെല്ലാം ദ്വീപിലെ മണ്ണിന്റേതായ കുറവുകളുണ്ടായിരുന്നു. ജനങ്ങളുടെ ജീവിതനിലവാരം തൃപ്തികരമായി തോന്നിയില്ല.
ഇവിടെ ഞാന്‍ കണ്ട തെങ്ങുകള്‍ക്ക് കായ്ഫലം കുറവായിരുന്നു. മണ്ണിന് പൊതുവെ വരള്‍ച്ചയുള്ളതായിട്ടാണ് തോന്നിയത്. കല്പ്പേനിയിലുള്ളതിനേക്കാള്‍ കുറച്ചു കൂടി വലിയ ഹോട്ടലുകള്‍ ഇവിടെ കാണാന്‍ കഴിഞ്ഞു. ഞങ്ങള്‍ അടുത്തുള്ള ഹോട്ടലില്‍ കയറി ചായയും ഐനാസും കഴിച്ചു. പലഹാരങ്ങള്‍ പ്രദര്‍ശിപ്പിച്ചയിടത്തും ചായ വെക്കുന്ന ടേബിളിലും ഈച്ച വേണ്ടുവോളമുണ്ട്. കാക്കയില്ലാത്ത നാട്ടില്‍ ഈച്ചയുണ്ടല്ലോയെന്ന് ഞാന്‍ ആശ്വസിച്ചു. ആറുമുഖന്‍ ഒന്നും കഴിച്ചില്ല. കടയിലെ രംഗങ്ങല്‍ കണ്ടതോടെ അയാള്‍ക്ക് ‘ തൃപ്തിയായി’.
ജനസംഖ്യ കൂടുതലുള്ള ഈ ദ്വീപില്‍ രണ്ടു മിനി ബസുകള്‍ യാത്രക്കാര്‍ക്കായി ഓടുന്നുണ്ട് എന്ന് ഡ്രൈവര്‍ പറഞ്ഞു. ഞങ്ങളതു കാണുകയും ചെയ്തു. ബൈക്കുകളുകളും കാറുകളും ഓട്ടോകളും എല്ലാം ദ്വീപില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അയാള്‍ സൂചിപ്പിക്കാന്‍ മറന്നില്ല. ആയൂര്‍വേദ, അലോപ്പൊതി, വെറ്ററിനറി ആശുപത്രികളെല്ലാം ദ്വിപിലുണ്ട് എന്ന് എന്റെ ചോദ്യത്തിനുത്തരമായി അയാളറിയിച്ചു. ദ്വീപിലെ ജനതക്കാവശ്യമായ സ്കൂള്‍, കോളേജ് സൗകര്യങ്ങളെല്ലാമുണ്ട്. പക്ഷെ, ദ്വീപുകളിലെ മറ്റുള്ളയിടത്ത് ഉള്ളതു പോലെ ഇവിടെ ലഗൂണുകള്‍ കണ്ടില്ല . മുപ്പത്തി രണ്ടു ച. കി. മീ വിസ്തീര്‍ണ്ണമുള്ള ലക്ഷദ്വീപില്‍ അറുപത്തിയൊന്നായിരത്തിലധികം ജനങ്ങളുണ്ട്. ആയിരത്തിന് തൊള്ളായിരത്തിനാല്‍പ്പത്തിയേഴ് എന്നാണെത്രെ ഇവിടത്തെ സ്ത്രീ- പുരുഷ അനുപാതം. തൊണ്ണൂറു ശതമാനം സാക്ഷരത ഉള്ള ദ്വീപില്‍ എവിടെത്തേയും പോലെ സ്ത്രീസാക്ഷരത തന്നെയാണ് കുറവ്.
രണ്ടു മണിക്കൂര്‍ കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്തി നാലേകാല്‍ മണിയോടെ ഞങ്ങള്‍ സുഹൃത്തിന്റെ ഓഫീസിലെത്തി . സേവനത്തിന് നന്ദി മാത്രം പറഞ്ഞ് ഇനിയൊരിക്കല്‍ കാണാമെന്ന് അറിയിച്ച് വൈകാതെ ഞങ്ങള്‍ കപ്പലിലേക്ക് തിരിച്ചു. ഡ്രൈവര്‍ അവിടെ കൊണ്ടു വിടുകയും ചെയ്തു.
കൃത്യം അഞ്ചു മണിക്ക് കപ്പല്‍ യാത്രയാരംഭിച്ചു.ഒരു പാട് മറക്കാത്ത ഓര്‍മ്മകളുമായി ഞാന്‍ പടിഞ്ഞാറന്‍ മാനത്തേക്ക് നോക്കിയിരുന്നു. ഒരു അസ്തമയം കൂടി കാണാന്‍.
അവസാനിച്ചു.
Generated from archived content: laksha24.html Author: m.e.sethumadhavan
Click this button or press Ctrl+G to toggle between Malayalam and English