വൈകുന്നേരം റഷീദ്ഖാന്‍ വന്നു. ആറുമുഖനും അദ്ദേഹവും തമ്മില്‍ എന്തെല്ലാമോ ഇടപാടുകള്‍ തീര്‍ക്കുകയാണ്. ഞാന്‍ അങ്ങോട്ട് ശ്രദ്ധിച്ചില്ല. കാര്യമായ പാക്കിങ്ങ് ഒന്നുമില്ലെങ്കിലും ഉള്ളത് നേരെയടുക്കി ബാഗില്‍ വച്ചു ശേഖരിച്ചിരുന്ന പവിഴപ്പുറ്റുകള്‍ നല്ലൊരു പ്ലാസ്റ്റിക് കവറിലിട്ട് തുണി സഞ്ചിയിലാക്കി ബാഗില്‍ വെച്ചു. ദ്വീപില്‍ വന്നിട്ട് പ്രത്യേകമായി ഒന്നും വാങ്ങാനുണ്ടായിരുന്നില്ല. ദ്വീപുവാസികള്‍ പ്രത്യേകതയുള്ളതായി പറഞ്ഞ വിഭവങ്ങളാകട്ടെ എനിക്കു പ്രത്യേകതയുള്ളതായി തോന്നിയില്ല. അപൂര്‍വ്വ ഇനത്തില്‍ പെട്ട ഒന്ന് ദ്വീപിലെ സുര്‍ക്കയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് കിട്ടുകയും ചെയ്തില്ല.
രാത്രി ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ മാണിക്യനും കൃഷ്ണങ്കുട്ടിയും വന്നിട്ടുണ്ട്. അവരെ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുകകും ചെയ്തതാണ്. പൂര്‍ണ്ണസുഖം പ്രാപിച്ച അവര്‍ ഇന്ന് പണിക്കു പോയി എന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി. നാടും വീടും താണ്ടി ഇവിടെയെത്തി സമയം വെറുതെ കളയരുതല്ലോ. ഞാന്‍ ഇന്നത്തെ മീന്‍ പിടുത്ത വിശേഷമെല്ലാം അവരോട് പറഞ്ഞു. അവരതെല്ലാം കേട്ടുകൊണ്ടിരുന്നു. കൂടുതലൊന്നും ഞങ്ങള്‍ക്ക് പറയാനുമുണ്ടായിരുന്നില്ല. നാട്ടില്‍ വരുമ്പോള്‍ നേരില്‍ കാണാം എന്നു പറഞ്ഞാണ് ഊണിനു ശേഷം ഞങ്ങള്‍ വിടപറഞ്ഞത്.
താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ആര്‍ക്കും ഔട്ടിംഗിന്റെ മൂഡ് ഉണ്ടായിരുന്നില്ല. പ്രാരാബ്ധങ്ങള്‍ തലക്കു പിടിച്ചിരിക്കുകയായിരുന്നു. ദ്വീപിലെത്തിയ ആദ്യ ദിവസങ്ങളില്‍ രാത്രിയില്‍ എന്നെ ചവിട്ടിയൊതുക്കിയ പയ്യനും മിണ്ടാപ്രാണിയായ മകള്‍ക്കും പ്ലസ് വണ്ണിന് സീറ്റു കിട്ടുമോ എന്ന ആധി ഹണിച്ചേച്ചിയെ പിടി കൂടിയിരുന്നു. ബാബുവേട്ടന്‍ ബിസിനസ് കാര്യങ്ങളെന്തായി എന്നറിയാതെ ഉദ്വേഗത്തിലാണ്. എന്നാല്‍ തന്റെ കാര്യങ്ങളെല്ലാം നാട്ടില്‍ അസിസ്റ്റന്റുമാര്‍ നോക്കിക്കൊള്ളുമെന്ന ആത്മവിശ്വാസത്തിലാണ് ആറുമുഖന്‍ അതാണ് ആറുമുഖന്‍! ഒന്നൊന്നരക്കോടിയുടെ ടേണോവര്‍ കച്ചവടത്തെക്കുറിച്ച് ഉത്കണ്ഠയില്ലാത്ത ശുഭാപ്തിവിശ്വാസം വേണ്ടുവോളമുള്ള ഒരു പരിപൂര്‍ണ്ണന്‍. തികഞ്ഞ പരിസ്ഥിതി സ്നേഹി. രവിക്ക് വല്ലാത്ത ആകാംക്ഷയാണ് അയാളുടെ അളിയന്‍ നളിനാക്ഷന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ദ്വീപിനെ കീഴടക്കിയിരിക്കുകയാണ്. തികഞ്ഞ ഒരു മെക്കാനിക്ക് എന്ന് ടൂവീലര്‍ സുഹൃത്തുക്കള്‍ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അയാളെ അവിടെ താമസിപ്പിച്ചാലോ എന്നു കൂടി റഷീദ് ഖാന്‍ മോഹിക്കുന്നുവത്രെ. അതു തന്നെയാണ് രവിയുടെ ആകാംക്ഷയും . താന്‍ തിരിച്ചു വരണോ എന്നാണ് നളിനാക്ഷന്റെ ചോദ്യം. അളിയനില്ലാതെ എങ്ങിനെ രവി കരയ്ക്കടുക്കും?
ആധിയുണ്ടെങ്കിലും പത്തരയായപ്പോള്‍ അവരില്‍ ചെറുപ്പമുള്ളവര്‍ ആടുപുലിയാട്ടം ആടുവാന്‍ തുടങ്ങി. ഞാന്‍ ഉറങ്ങാന്‍ കിടന്നു. അവര്‍ ആടിക്കൊണ്ടിരിക്കട്ടെ എന്നു കരുതി.
രാവിലെ അഞ്ചുമണിക്ക് ഞാന്‍ ഉണരുമ്പോഴേക്കും എന്നും വൈകി ഉണരുന്നവര്‍ എണീറ്റ് കുളിക്കുന്നുണ്ടായിരുന്നു. ഞാന്‍ നളിനാക്ഷനെ പ്രത്യേകം ശ്രദ്ധിച്ചു. അയാള്‍ യോഗയിലാണ്. എന്റെ ദിനചര്യകളെല്ലാം ആറുമണിക്കു മുമ്പായി ചെയ്തു കഴിഞ്ഞു. റഷീദ് ഖാന്‍ പറഞ്ഞ സമയത്ത് പിക്കപ്പ് വാനുമായെത്തി. ഞങ്ങള്‍ വീടുപൂട്ടി താക്കോല്‍ അദ്ദേഹത്തിനെ ഏല്‍പ്പിച്ചു. ലഗേജുകളുമായി വണ്ടിയില്‍ കയറി. അഞ്ചു മിനിറ്റു മാത്രമേ ജെട്ടിയിലെത്താന്‍ വേണ്ടി വന്നുള്ളു. അവിടെ കപ്പലില്‍ നിന്നും മിറങ്ങിയവര്‍ കരയിലേക്കും തിരിച്ചുള്ളവര്‍ കപ്പലിലേക്കും മോട്ടോര്‍ ഘടിപ്പിച്ച തോണികളില്‍ പോയിക്കൊണ്ടിരുന്നു. അല്‍പ്പസമയം ഞങ്ങളവിടെ നിന്നു. നവാസും അയാളുടെ ഭാര്യയും ഞങ്ങളെ യാത്രയയക്കാന്‍ എത്തിയിട്ടുണ്ട്. അതുമാത്രമല്ല ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആവശ്യമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പായ്ക്കു ചെയ്തു റെഡിയാക്കി കൊണ്ടുവന്നിട്ടുമുണ്ട്. രണ്ടു നേരത്തേക്ക് ആവശ്യമായ ഭക്ഷണം പാകം ചെയ്യാന്‍ വളരെ നേരത്തെ അവര്‍ ഉണര്‍ന്നിരിക്കണമെന്നും ഭേദപ്പെട്ട സംഖ്യ ചിലവാക്കിയിട്ടുണ്ടെന്നും ഞാനൂഹിച്ചു. അവരുടെ സ്നേഹിക്കുവാനുള്ള മനോഭാവത്തില്‍ പ്രണമിക്കുവാനല്ലാതെ മറ്റെന്തു ചെയ്യാന്‍?
ഒടുവില്‍ സ്നേഹഭാഷണങ്ങള്‍ക്കു സമാപ്തി കുറിച്ച് യാത്രികരെ കാത്തു കിടന്നിരുന്ന ഒരു തോണിയില്‍ ഞങ്ങള്‍ ലഗേജുകള്‍ കയറ്റി. ഓരോരുത്തരായി സാവധാനം കയറി. ഖാനും നവാസിനും ഹസ്തദാനം നല്‍കി വീണ്ടുമൊരിക്കല്‍ കാണാം എന്നു പറഞ്ഞ് ഞാന്‍ തോണിയില്‍ കയറാന്‍ നീങ്ങുമ്പോള്‍ നവാസിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അയാള്‍ക്ക് അത്രക്കു പിടിച്ചിരുന്നു എന്നെ.
Generated from archived content: laksha23.html Author: m.e.sethumadhavan