പാവം കള്ളന്‍(തുടര്‍ച്ച)

എന്റെ ഊഴം വന്നു. ചുരുങ്ങിയത് അരമണിക്കൂറെങ്കിലും സംസാരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നറിഞ്ഞു. ആറുമുഖന്‍ ചടങ്ങിനു പറഞ്ഞന്നേയുള്ളു.

ഞാനെഴുനേറ്റു സ്വാഗത- അധ്യക്ഷ പ്രാസംഗികന്മാര്‍ക്ക് നമസ്ക്കാരം പറഞ്ഞ് കുട്ടികള്‍ക്ക് പ്രത്യേകം സ്നേഹം ചൊരിഞ്ഞ് ഞങ്ങളെ ക്ഷണിച്ചതിനു നന്ദി പറഞ്ഞ് അരനിമിഷം ഞാന്‍ ഏവരേയും ശ്രദ്ധിച്ചു. അവരുടെ മനസും കാതും എനിക്കായി കാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞ് ഞാന്‍ പറഞ്ഞുതുടങ്ങി.

രാസമാലിന്യങ്ങളില്ലാത്ത, വിഷപുക ശ്വസിക്കാതിരിക്കാന്‍ ഭാഗ്യം ചെയ്ത സൗന്ദര്യം തുളുമ്പുന്ന ദ്വീപിലെ ഭാഗ്യവാന്മാരായ കുട്ടികളെ നിങ്ങള്‍ അനുഗ്രഹീതര്‍. പ്രകൃതിയുടെ സംശുദ്ധമായ ജീവവായു ഹൃദയത്തിലേക്കു ആവോളം വലിച്ചു കയറ്റാന്‍ മുജ്ജന്മപുണ്യം ചെയ്തവരാണ് നിങ്ങള്‍. എന്നാല്‍ കരയില്‍ നിന്നെത്തിയിട്ടുള്ള ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിങ്ങളോളം ഭാഗ്യമില്ല.

കാടും മലയും കാട്ടാറുകളും വയലേലകളും വന്‍ വൃക്ഷങ്ങളും നിങ്ങള്‍ക്കില്ല. ചെറുതും വലുതുമായ വൈവിധ്യമാര്‍ന്ന പക്ഷികള്‍ നിങ്ങള്‍ക്കില്ല. എങ്കിലും സംശുദ്ധമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ കഴിയുന്നു എന്നത് നിങ്ങളുടെ പുണ്യമാണ്. ഇത് നിലനിര്‍ത്തേണ്ടത് ആരുടെ കര്‍ത്തവ്യമാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ? ഞങ്ങളുടെ നാട്ടില്‍ പ്രഭാതങ്ങള്‍ ഉണരുന്നത് കാക്കകളുടെ കരച്ചില്‍ കേട്ടാണ്. നിങ്ങളുടെ ഇവിടെ കാക്കകള്‍ ഇല്ലാത്തത് മാലിന്യം കുറവായതുകൊണ്ടായിരിക്കണം എന്നു വിചാരിക്കാനാണെനിക്കിഷ്ടം. കിളികള്‍ പാടിക്കൊണ്ടും വയല്‍ പക്ഷികള്‍ ചിലച്ചു കൊണ്ടും നാട്ടില്‍ പുറങ്ങളില്‍ ഞങ്ങളെ ഉണര്‍ത്തുന്നു. നഗരങ്ങളില്‍ സൈറണുകള്‍ ഭയപ്പേടുത്തിക്കൊണ്ടാണ് ജനങ്ങളെ ദിവസേന സ്വാഗതം ചെയ്യുന്നത്. മാത്രമല്ല ഓരോ ദിനവും ഉണര്‍ന്ന് ‘ഹര്‍ത്താലുകള്‍‘ ഇല്ലെന്ന് ഉറപ്പു വരുത്തിയാണ് വീട്ടിനു പുറത്തേക്ക് ഞങ്ങള്‍ ഇറങ്ങുന്നത്. ഇവിടെ അത്തരം ദുരിതങ്ങളൊന്നുമില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കട്ടെ.

ആറുമുഖനടങ്ങുന്ന ഞങ്ങളുടെ സുഹൃത്ത് സംഘം ഇവിടെയെത്തിയത് ഞങ്ങളുടെ നാടിനെ ശുദ്ധീകരിച്ചിട്ടല്ല. നാടിനെ അശുദ്ധമാക്കുന്ന ദുഷ്പ്രവര്‍ത്തികള്‍ക്ക് കാരണക്കാര്‍ നമ്മള്‍ തന്നെയല്ലേ നമ്മുടെയിടയിലും അശ്രദ്ധരില്ലേ ഞങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടം മുഴുവന്‍ സംശുദ്ധി സന്ദേശം നടാത്തുന്നിതിനിടെ പലയിടങ്ങളിലും വിവിധതരം മാലിന്യങ്ങള്‍ കാണുകയുണ്ടായി. മേലില്‍ ഇത് കുമിഞ്ഞു കൂടാന്‍ അനുവദിക്കാതിരിക്കുക. ഈ ചെറിയ ദ്വീപിനെ രക്ഷിക്കാന്‍ നിങ്ങള്‍ ധാരാളമാണ്. മനസുണ്ടായിരിക്കണമെന്നു മാത്രം.

കരയിലെ അഥവാ ഒരു പ്രദേശത്തെ പരിസ്ഥിതിയെ സംരക്ഷിക്കുക കേവലം പരിസ്ഥിതി സംഘടനകള്‍കൊണ്ടുമാത്രം സാധിക്കുന്നതല്ല. അതിന് രാജ്യത്തെ ഭരണകൂടം ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ നല്ല മനോഭാവത്തോടേ പെരുമാറുകയും വേണം.

വന്‍ കാടുകളും സമുദ്രങ്ങളും ഉന്നത പര്‍വ്വതതടങ്ങള്‍ പോലും ഇന്ന് മാലിന്യമുക്തമല്ല. ഹിമാലയത്തിന്റെ ഉന്നത ശൃംഗങ്ങളിലടക്കം യാത്ര ചെയ്തിട്ടുള്ള എനിക്ക് മനുഷ്യന്‍ ഉപേക്ഷിച്ച മാലിന്യകൂമ്പാരം കണ്ട് നൊമ്പരം തോന്നിയ സന്ദര്‍ഭങ്ങള്‍ ധാരാളമാണ്.

അരമണിക്കൂര്‍ ഞാന്‍ എന്റെ അനുഭവങ്ങളെ കുട്ടികളുമായി പങ്കു വച്ചു. സദസ്സ് സാമാന്യം നിശബ്ദമായിരുന്നു. ഞങ്ങളെ ക്ഷണിച്ച സ്കൂളിനും അധ്യാപകര്‍ക്കും നന്ദി പറഞ്ഞ് ഞാന്‍ നിര്‍ത്തി. അഞ്ചുമിനിറ്റിനകം ഞാന്‍ സ്കൂളില്‍ നിന്നും ഒഴിവാകുകയും ചെയ്തു. ഓരോരുത്തരേയായി നവാസ് ബൈക്കില്‍ ഹോട്ടലില്‍ എത്തിച്ചതു കൊണ്ട് നടത്തമൊഴിവായി കിട്ടി. ഹോട്ടലില്‍ ആറുമുഖനെ കാത്ത് റഷീദ്ഖാന്‍ നില്‍പ്പുണ്ട്. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുകയാണ്. ഖാനില്‍ നിന്നും മടക്കയാത്രക്കുള്ള ടിക്കറ്റുകള്‍ മറ്റന്നാള്‍ രാവിലേയുള്ള എം. വി മിനിക്കോയി എന്ന കപ്പലില്‍ പോകാന്‍ ശരിയായിട്ടുണ്ടെന്നറിഞ്ഞു. ഒരു പരിധി വരെ ഞങ്ങള്‍ക്ക് ആശ്വാസം തോന്നിയ കാര്യമായിരുന്നു അത്. കുറേ പേര്‍ക്കെല്ലാം ഗൃഹാതുരം ഏറിക്കഴിഞ്ഞിരുന്നു.

ഊണിനു ശേഷം പുറത്തിറങ്ങിയ നേരത്താണ് ആറുമുഖന്‍ ടിക്കറ്റിന്റെ കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. ഫാറൂക്കിന് സന്തോഷം കൊണ്ട് ശ്വാസം മുട്ടലുണ്ടായി. തൃശൂര്‍ ചേച്ചിക്ക് ആശ്വാസത്തിന്റെ കരച്ചില്‍ വന്നു. രോഗിയായ ഭര്‍ത്താവിനെ വീട്ടില്‍ തനിച്ചാക്കി വന്നിരിക്കയാണ് അവര്‍.

പുറത്തിറങ്ങി ലോകം ഒന്നു കാണട്ടെ എന്ന വിചാരം കൊണ്ട് അദ്ദേഹം അവരെ പറഞ്ഞയക്കയായിരുന്നെത്ര. മനസറിഞ്ഞ് ടൂള്‍സ് പിടിക്കാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു നളിനാക്ഷന്‍. ലക്ഷങ്ങളുടെ രജിസ്ട്രേഷന്‍ മുടങ്ങി കിടക്കുന്ന സങ്കടത്തിലാണ് പൊറോട്ട ഗഫൂര്‍. കച്ചവടം ദ്വീപിലിരുന്ന് ഫോണില്‍ കണ്ടോള്‍ ചെയ്തിരുന്ന ആറുമുഖനും കുറച്ചു സന്തോഷം തോന്നാതിരുന്നില്ല. അതേസമയം രണ്ടു പേര്‍ക്കെ സങ്കടം ഉണ്ടായിരുന്നുള്ളു അതിലൊരാള്‍ നവാസായിരുന്നു. അടുത്തയാള്‍ ഞാനും. ഞങ്ങള്‍ അത്രക്ക് അടുത്തു പോയിരുന്നു. എന്റെ സങ്കടത്തിനുള്ള പ്രധാനകാരണം മറ്റു ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലല്ലോ എന്നതായിരുന്നു.

റൂമിലേക്കു നടക്കുന്നവര്‍ ആവേശത്തിലാണ്. കുറച്ചു ദൂരം ഞാന്‍ അവരുടെ കൂടെ നടന്നു. പിന്നീട് കൃഷ്ണന്‍ കുട്ടിയും മാണിക്യനും താമസിക്കുന്ന സ്ഥലത്തേക്ക് ഞാന്‍ തിരിഞ്ഞു. നവാസ് അയാളുടെ വീട്ടിലേക്കു പോയി. പതിനഞ്ചു മിനിറ്റു സമയം വേണ്ടി വന്നു അവരുടെ വീടന്വേഷിച്ചു കണ്ടു പിടിക്കാന്‍ വീട് പുറത്തുനിന്നും വാതില്‍ ചാരി വെച്ചിരിക്കയാണ്. ഞാന്‍ ബെല്ലടിക്കാന്‍ ശ്രമിച്ചു നോക്കിയപ്പോള്‍ അകത്തുനിന്നും മാണിക്യന്‍ വാതില്‍ തുറന്നു വന്നു. എന്നെ കണ്ട് അവര്‍ക്ക് അത്ഭുതവും അമ്പരപ്പുമാണുണ്ടായത്. തീരെ പ്രതീക്ഷിക്കാത്ത അതിഥിയായിരുന്നല്ലോ ഞാന്‍. അകത്തേക്ക് ക്ഷണിക്കപ്പെട്ട ഞാന്‍ എന്റെ തോര്‍ത്തു മുണ്ട് ബാഗില്‍ നിന്നെടുത്ത് നിലത്തിട്ട് അതിലിരുന്നു. കൃഷ്ണങ്കുട്ടിയുടെ രോഗവിവരമന്വേഷിക്കാന്‍ ചെന്ന എനിക്ക് അയാളുടെ രോഗവിമുക്തി കണ്ട് സന്തോഷം തോന്നി. വേണമെങ്കില്‍ ഇന്നു തന്നെ പണിക്ക് പോകാമായിരുന്നു എന്നും എന്നാല്‍ ഒരു ദിവസത്തെ വിശ്രമം എടുത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഞാന്‍ അതു കേട്ട് ചിരിച്ചതേ ഉള്ളു.

എന്റെ കണ്ണുകള്‍ അവരുടെ മുറിയില്‍ ഒട്ടിച്ചു വച്ചിരുന്ന സിനിമാ നടന്മാരുടേയും നായികമാരുടേയും ചിത്രങ്ങളില്‍ തറച്ചു നിന്നു. ചിത്രങ്ങള്‍ പലതും സെക്സിയായിരുന്നു. നാട്ടില്‍ നിന്നും കൊണ്ടുവന്നതായിരിക്കണം അവ. അല്ലാതെ ഈ ദ്വീപില്‍ അത്തരം ചിത്രങ്ങള്‍ കിട്ടാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. കൂടെ കുടുംബമില്ലാത്തതായിരിക്കണം ഇത്തരം ഭ്രാന്തുകള്‍‍ക്കു കാരണമെന്ന് ഞാന്‍ കരുതി. കൃഷ്ണങ്കുട്ടിയുടെ ആരോഗ്യവും സൗഖ്യവും നേരിട്ട് കണ്ടറിഞ്ഞ ഞാന്‍ നാട്ടു വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയില്‍ അവര്‍ കട്ടന്‍ കാപ്പി തയ്യാറാക്കി തന്നു. ഞാനതു കുടിക്കുന്നതിനിടയില്‍ ഞങ്ങളുടെ മടക്കയാത്ര മറ്റന്നാളാണെന്നവരോടു പറഞ്ഞു. അതു കേട്ട് അവര്‍ക്ക് അല്‍പ്പമൊരു വിഷമം തോന്നിയതായി എനിക്കു തോന്നി. ഞാന്‍ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. നാളെ വൈകീട്ട് ഒരു പക്ഷെ മാത്രം കാണുകയുള്ളു എന്നറിയിച്ച് ഞാന്‍ സൗകര്യപ്പെട്ടാല്‍ വിളിക്കാമെന്നും പറഞ്ഞ് വിടവാങ്ങി. പല വിധ ചിന്തകളില്‍ മുഴുകി നടക്കുന്നതിനിടയില്‍ ചുറ്റുപാടുകളൊന്നും മനസില്‍ തങ്ങി നിന്നില്ല.

വൈകുന്നേരം ശുഭവാര്‍ത്തയുമായാണ് നവാസ് വന്നത്. താത്പര്യമുള്ളവര്‍ക്ക് ഒരു മീന്‍ പിടുത്ത ബോട്ടില്‍ ഫിഷിംഗിനു പോകാന്‍ നാളേക്ക് ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. എന്നതായിരുന്നു വാര്‍ത്ത. പതിനൊന്നര മണി വരെ ഫിഷിംഗും പിന്നീട് ചെറിയ ദ്വീപില്‍ മീന്‍ ചുട്ടു തിന്നുവാനുമാണത്രെ പരിപാടി. ഗഫൂറിന്റെ പ്രത്യേക താത്പര്യമായിരുന്നു ഇതിനു പിന്നില്‍. ഗഫൂറും ഫാറൂക്കും രവിയും നളിനാക്ഷനും ഞാനും പിന്നെ നവാസും മാത്രമെ ഫിഷിംഗിനു തയ്യാറായുള്ളു. മറ്റുള്ളവരെല്ലാവരും ഓരോ തിരക്കുകള്‍ പറഞ്ഞ് ഒഴിവായി മറ്റന്നാളേക്കുള്ള മടക്കയാത്രക്ക് . .

Generated from archived content: laksha21.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here