രാവിലെ പതിനൊന്നരമണിക്ക് യാത്ര പുറപ്പെടാനുള്ള കപ്പലിന് ഒമ്പതു മണിക്കുമുമ്പുതന്നെ എൻട്രി തുടങ്ങിയപ്പോൾ ഗേറ്റിൽ നീണ്ടനിരയുണ്ടായിരുന്നു. സി.ആർ.പി.എഫ്.കാർ ടിക്കറ്റ് പിശോധന നടത്തുന്നുണ്ട്. കൈയ്യിലും തലയിലും എളിയിലുമായി ലഗേജുകളോടെ ദ്വീപുകാർ. സ്വാഭാവികമായും അവർക്ക് പരിശോധന പേരിനു മാത്രമാണ്. മറ്റുള്ളവർക്കാണ് എൻട്രിപെർമിറ്റും ബാഗേജും പരിശോധന. ഇതു കാര്യമായിട്ടൊന്നുമില്ലായിരുന്നു. എൻട്രിഗേറ്റിൽ ദ്വീപുകാരായ വിദ്യാർത്ഥികൾ വേണ്ടത്ര നിൽക്കുന്നുണ്ട്. ഞങ്ങളിൽ പതിനഞ്ചുപേരിൽ പന്ത്രണ്ടുപേരും ആദ്യമായി കപ്പൽയാത്ര ചെയ്യുന്നവരാണ്. മട്ടാഞ്ചേരിയിലെ വാർഫിൽ നിന്നായിരുന്നു കപ്പൽ. വലിയ ഗോവണിയിലൂടെ കയറി കപ്പലിനുള്ളിൽ കടന്നപ്പോഴെക്കും എന്റെ ചെരിപ്പുകളിലൊരെണ്ണം താഴെവീണുപോയിരുന്നു.
മൂന്നാംക്ലാസ് യാത്രികരുടെ ക്യാബിനിൽ എത്തിയ ഞങ്ങൾ പുതുമുഖങ്ങളെ ആറുമുഖനും മറ്റും ഇതുതന്നെയാണ് നമ്മുടെ സീറ്റ് എന്നറിയിച്ചപ്പോൾ ഞാൻ അമ്പരന്നുപോയി. ഒരു തരത്തിലും എനിക്കു പൊരുത്തപ്പെടാൻ പറ്റുന്നതായിരുന്നില്ല അവിടത്തെ സ്‌ഥിതി. മകരകൊയ്‌ത്തു കഴിഞ്ഞ പാലക്കാടൻ പാടങ്ങളിൽ തീറ്റതേടിയെത്തുന്ന ചെമ്മരിയാടിൻ കൂട്ടങ്ങൾപോലും തമ്പടിക്കാറുള്ളത് വളരെയധികം നല്ല സ്‌ഥലങ്ങളിലായിരുന്നു. ടിക്കറ്റുകളെല്ലാം ആറുമുഖന്റെ കൈയ്യിലാണ്. ഞാൻ അതുവാങ്ങി നോക്കിയപ്പോഴാണ് സെക്കൻഡ് ക്ലാസ് ടിക്കറ്റാണ് ഞങ്ങൾക്കുള്ളത് എന്ന് മനസിലായത്. ഞാൻ സെക്കൻഡ് ക്ലാസ് ക്യാബിനുകൾ കണ്ടുപിടിച്ച് എല്ലാവരേയും സ്വന്തം ബർത്തുകളിൽ കൊണ്ടാക്കി. ഈ സമയം മിസിസ്സ് മേനോൻ ആശ്വാസംകൊണ്ടു. ജീവിതത്തിലൊരിക്കലും കഷ്‌ടപ്പാട് അനുഭവിക്കാത്ത മേനോൻ ഇതിനകം പരവശയായിരുന്നു.
കപ്പലിൽ നല്ല തിരക്കുണ്ടായിരുന്നു. അറുനൂറ് പേരോളം യാത്രചെയ്യുന്നിടത്ത് തൊള്ളായിരത്തിലധികം യാത്രക്കാരുണ്ട് എന്ന് കപ്പലിലെ ഒരുദ്യോഗസ്‌ഥൻ പറഞ്ഞു. അത് ശരിയോ തെറ്റോ എന്നറിഞ്ഞുകൂട. പക്ഷെ, ഒരു കാര്യം വ്യക്തമായിരുന്നു. ജനറൽ (മൂന്നാം ക്ലാസ്) ക്യാബിനിൽ വാഗൺട്രാജഡിയെ വെല്ലുന്ന തരത്തിലായിരുന്നു തിരക്ക്. ഇവിടേയും ടിക്കറ്റ് കരിഞ്ചന്തയിൽ കിട്ടുമെന്നാണ് സത്യം. കഴിഞ്ഞദിവസം മൂന്നു ടിക്കറ്റ് (അധികം ഉണ്ടായിരുന്നത്) ആറുമുഖൻ ദ്വീപിലെ ഒരാവശ്യക്കാരൻ കൊടുത്തപ്പോൾ അയാൾ ടിക്കറ്റൊന്നിന് ആയിരം രൂപ വെച്ച് അധികം തരാൻ തയ്യാറായിരുന്നു. എന്നാൽ ആറുമുഖൻ സത്യസന്ധനായിരുന്നതിനാൽ അത് നിരസിക്കയാണുണ്ടായത്.
മൂന്നാം ക്ലാസ് യാത്രികരുടെ അടുത്തുതന്നെയായിരുന്ന കപ്പലിലെ അടുക്കള എന്നതുകൊണ്ടുതന്നെ അവിടത്തെ ചൂട് അസഹ്യമായിരുന്നു. അഭയാർത്ഥികളെപ്പോലെ അവിടെകണ്ട ഒട്ടനവധി സ്‌കൂൾ കുട്ടികൾ, (പെൺകുട്ടികളാണധികവും) അവരുടെ ദുരവസ്‌ഥ കാണുന്നവരുടെ കരളലിയിക്കുന്നതായിരുന്നു. ദുർഗന്ധം വമിക്കുന്ന ടോയ്‌ലറ്റുകളും എവിടേയും ചിതറികിടക്കുന്ന കടലാസ്, പോളിത്തീൻ കവർ എന്നിവയുടെ ശേഷിപ്പും ഭക്ഷണാവശിഷ്‌ടങ്ങളും ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിനെ വെല്ലുന്നതായിരുന്നു. ഇതുകൂടാതെയാണ് തളർന്നവശരായ കുട്ടികളുടെ ഛർദ്ദിലും. പല കുട്ടികളും കിടക്കുന്ന ബഞ്ചും തറയും കണ്ടാൽ പെറ്റവയറുകൾ പൊറുക്കില്ലായിരുന്നു.
രണ്ടാം ദിവസം രാവിലെ ഏഴുമണിക്ക് ഞാൻ ചായ കഴിച്ച് എന്റെ ബർത്തിലേക്ക് പോകുന്നവഴി ആദ്യമായി ഛർദ്ദിച്ചു. കപ്പലിൽ ആദ്യമായി യാത്രചെയ്യുന്നവരും തീരെ പരിചയമില്ലാത്തവരും യാത്രയിൽ കടൽ ചൊരുക്ക് ബാധിച്ച് ഛർദ്ദിക്കുക പതിവാണ്. എന്റെ കൂടെ ഉള്ളവരിൽ ഞാൻ മാത്രമാണ് കടൽയാത്രക്ക് യോഗ്യൻ എന്ന എന്റെ അഹന്ത കൊഴിഞ്ഞുവീണു. ബെർത്തിൽ ചെന്ന് കിടന്ന എനിക്ക് സീ സിക്ക്‌നസ് ബാധിച്ചതോടെ ഭക്ഷണം കഴിക്കാൻ ഭയമായി. അതുമല്ല കാന്റീനിലെ ഭക്ഷണത്തിന്റെ മണം ഓക്കാനം വരുത്തുന്നുമുണ്ടായിരുന്നു. ഞാൻ കരുതിയിരുന്ന മുന്തിരിയും ഏത്തക്കയും അല്‌പാല്‌പം കഴിച്ചു. കടൽ റഫ് ആയിരുന്നു. അതുകൊണ്ടു തന്നെ പ്രധാനസന്ദർശനസ്‌ഥലങ്ങളിൽ ഒന്നായ കൽപേനിയിൽ നാളെ രാവിലെയെ എത്തുകയുള്ളൂയെന്ന് അന്വേഷണത്തിൽ നിന്നും ബോധ്യമായി. ആകാശം കാറും കോളും നിറഞ്ഞതാായിരുന്നു. കടൽ പ്രക്ഷുബ്‌ദവും ഭീതിദവുമാണ്. ഇടക്കിടെ ആഞ്ഞുവീശുന്ന കടൽക്കാറ്റിൽ ഡക്കിന്റെ മേൽത്തട്ട് പറന്നുപോകുമെന്ന് ഞാൻ ഭയപ്പെട്ടു
കപ്പലിലെ കിച്ചൺവഴിതന്നെ (അരികിലൂടെ) വേണം എന്റെ ബെർത്തിലേക്കും മുകളിലത്തെ ഡക്കിലേക്കും പോകാൻ. അവിടെ എത്തുമ്പോൾ അടിവയറ്റിൽ നിന്നും ഓക്കാനത്തിന്റെ ഉയർച്ചയാണ്. വായിലെ പല്ലും ചുണ്ടും കൊണ്ടൊന്നും ചിറകെട്ടിയിട്ട് ഒരു കാര്യവുമില്ല. ഞാൻ ഈ ഭയംകൊണ്ട് ഉച്ചക്ക് ഊണുകഴിക്കാൻ പോയില്ല. ഉണക്കമുന്തിരിയും പച്ചവെള്ളവും കുടിച്ച് പുസ്‌തകം വായിച്ചു കിടന്നു. നാലുമണിയോടെ ഡക്കിലേക്കു ചെന്നു. അവിടെ ഇരിപ്പിടം നിറഞ്ഞിരുന്നു. തറയിൽ ഒരുപാടുപേർ കിടക്കുന്നുണ്ട്. ഞാൻ ഒരിടത്ത് സ്‌ഥലം കണ്ടെത്തി ഇരുന്നു. ഡക്കിലധികവും സ്‌കൂൾ കുട്ടികളും മറ്റ് ചെറുപ്പക്കാരുമാണ്. എവിടെയും ഒഴിഞ്ഞ ഫൈൻ കുപ്പികളും പോളിത്തീൻ കൂടുകളും ചിതറികിടക്കുന്നുണ്ട്. ഇടക്കിടെ ചില ദ്രോഹബുദ്ധികൾ ബോട്ടിലുകൾ കടലിലേക്ക് എറിയുന്നുണ്ട്. ഇവയിലൊന്നും ശ്രദ്ധിക്കാതെ സ്വപ്‌നമാണ് യഥാർത്ഥ്യം എന്ന രീതിയിൽ മൂന്നാലുപ്രണയ ജോഡികൾ നനഞ്ഞവസ്‌ത്രം കണക്കെ ഒട്ടിച്ചേർന്നിരിക്കുന്നുണ്ടായിരുന്നു. വിശപ്പ് കൂടിവന്നപ്പോൾ ഞാൻ ആറുമണിയോടെ ബെർത്തിലേക്ക് ചെന്നു. ആകാശം മേഘാവൃതമായതുകൊണ്ട് നല്ലൊരു അസ്‌തമയകാഴ്‌ച സാധ്യമല്ല എന്നും ഞാൻ ഊഹിച്ചു. ബെർത്തിൽ ചെന്ന് ബാഗ് പരിശോധിച്ചപ്പോൾ അതിൽ ഒരു ചീഞ്ഞ ഏത്തപ്പഴമെ തിന്നാനായി ബാക്കിയുണ്ടായിരുന്നുള്ളൂ. ഞാൻ അതു തിന്നെങ്കിലും വിശപ്പിന് ശമനമൊന്നുമുണ്ടായില്ല. ഉറങ്ങാൻ ശ്രമം നടത്തി കിടന്ന ഞാൻ എപ്പോഴാണ് മയങ്ങിയതെന്നറിയില്ല.
ഗഫൂർ വന്ന് കുലുക്കി വിളിച്ചപ്പോളാണ് ഉണർന്നത്. കപ്പൽ നാലുമണിക്ക് കരയോടുത്തത്രെ. ആറര മണിക്കു മാത്രമാണ് ആളുകൾ ഇറങ്ങിതുടങ്ങിയത്. കൂടെയുള്ളവരെല്ലാം ലഗ്ഗേജുകൾ എക്‌സിറ്റ് ഡോർ ഭാഗത്തേക്ക് കൊണ്ടുപോയികഴിഞ്ഞു. ഞാനും എന്റെ ബാഗുമായി നടന്നു.
കപ്പൽ കരയോട് അടുക്കാൻ പറ്റിയ സ്‌ഥലമല്ല ഇവിടം. കുറച്ചകലെ കപ്പൽ കടലലകളിൽ കിടന്നാടും. യാത്രികർ സാഹസികാഭ്യാസികളെപ്പോലെ കപ്പലിനടുത്തുവന്ന് കാത്തു നിൽക്കുന്ന മോട്ടോർ ഘടിപ്പിച്ച തോണികളിലേക്ക് ഇറങ്ങണം. കപ്പലിലെ എക്‌സിറ്റ് ഡോറിൽകൂടി മൂന്നുനാലു സ്‌റ്റെപ്പുകൾ ചവിട്ടിയിറങ്ങി കയറിൽ തൂങ്ങി താഴെ കടൽവെള്ളത്തിൽ അമ്മാനമാടുന്ന തോണിയിലേക്ക് ഇറങ്ങുക വളരെ പ്രയാസമാണ്. ദ്വീപ് യാത്രികർ പോലും കഷ്‌ടപ്പെടുന്ന ഈ ‘ഇറക്കം’ അപരിചിതർക്ക് വലിയ ഒരു കടമ്പയാണ്.
ഞാൻ എക്‌സിറ്റ് ഡോറിൽ എത്തുമ്പോഴെക്കും എന്റെ സംഘം അവിടെ പൂർണ്ണമായും തയ്യാറായി കഴിഞ്ഞിരുന്നു. ഞങ്ങൾ ഓരോരുത്തരായി ഇറങ്ങിതുടങ്ങി. കുടുംബസമേതം വന്നിട്ടുള്ള ബാബു ഏട്ടനും മക്കളും ഇറങ്ങി കഴിയുമ്പേഴേക്കും വിയർത്തിരുന്നു. അതിരാവിലെ ചനുപിനെ മഴ പെയ്യുന്നു. ആകാശം ഭാഗികമായി മേഘാവൃതവും. ആറുമുഖന്റെ ഭാര്യ അർഷാദ് കടലിലേക്ക് തെന്നിവീഴാൻ പോയിയെങ്കിലും ‘എക്‌സ്‌പെർട്ടുകൾ’ രക്ഷപ്പെടുത്തി. കയറിൽ തൂങ്ങി മുതുകളിൽ ലഗ്ഗേജുമായി ഞാൻ നിഷ്‌പ്രയാസം ഇറങ്ങി. കരയിലേക്ക് തോണിയാത്രയായപ്പോഴാണ് ശരിക്കും ഞാൻ ആശ്വസിച്ചത്.
Generated from archived content: laksha2.html Author: m.e.sethumadhavan