ലൈറ്റ് ഹൗസ് കാഴ്ചകള്‍

ലൈറ്റ് ഹൗസില്‍ നാലുമണിക്കെത്തുമ്പോള്‍ ഞങ്ങളല്ലാതെ കാഴ്ചക്കാരായി ആരുമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഇവിടെ കാഴചകാണാന്‍ ആരുവരാന്‍? സീസണ്‍ കഴിഞ്ഞിരിക്കുന്നു. നാലുമണിമുതല്‍ ആറുമണിവരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം എന്ന് അവിടെ എഴുതിവച്ചിരിക്കുന്നതു കണ്ടു. ആളൊന്നിന് പത്തുരൂപയാണ് ഫീസ്. ക്യാമറ, ഫോണ്‍ തുടങ്ങിയ ഗുലുമാലുകള്‍ ഒന്നും കൊണ്ടുപോകുവാന്‍ അനുവാദമില്ല. ഞങ്ങള്‍ എല്ലാം ഓഫീസില്‍ തന്നെ വച്ചു.

സ്തംഭാകൃതിയിലുള്ള ലൈറ്റ് ഹൗസിന്‍ അടിവശത്തെ ഉള്‍വിസ്താരം പത്തുമീറ്റര്‍ ഉണ്ടായിരുന്നു. അതുമുഴുവനും ഭംഗിയായി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. മുപ്പത്തിയാറുമീറ്റര്‍ ഉയരമുള്ള ദീപസ്തംഭത്തില്‍ വളഞ്ഞു പുളഞ്ഞു പോകുന്ന കോണിവഴി മുകളിലെത്താന്‍ അല്‍പ്പം ആയാസമുണ്ട്. കൂടെയുള്ളവര്‍ പ്രയാസപ്പെടുകയാണ് സ്റ്റെപ്പുകള്‍ കയറാന്‍. എനിക്ക് സത്യമായും ഒരുവിധ ബുദ്ധിമുട്ടുമുണ്ടായില്ല. സ്തഭത്തിനകത്തുകൂടെ മുകളിലേക്കു കയറുന്ന കോണിയില്‍ ഓരോ സ്റ്റെപ്പിനും ഏഴിഞ്ചോളം ഉയരമുണ്ട്. നൂറ്റിയെണ്‍പതു പടവുകളുള്ള ഏണി കയറി മുകളിലെത്തിയപ്പോള്‍ അവിടെ ഇരുപത്തിനാലുകിലോമീറ്റര്‍ വരെ ദൂരം കാണുന്ന കാന്തവിളക്ക് ഞങ്ങള്‍ കണ്ടു. അതുമുഴുവന്‍ വെളുത്ത തുണികൊണ്ട് മൂടിയിരിക്കുന്നു. പര്‍ദ്ദ ഇട്ടതുപോലെ.

വിളക്കുള്ള ക്യാബിനുപുറത്ത് രണ്ടുമീറ്റര്‍ വീതിയില്‍ വിശ്രമത്തിനായി പ്ലാറ്റുഫോമുണ്ട് .അവിടേക്ക് ഞങ്ങള്‍ ‍ കടന്നു നിന്നു. താഴെയുള്ള ഉയരമുള്ള തെങ്ങുകള്‍ പോലും ചെറിയ ചെടികളേപോലെയാണ് തോന്നിയത്. വീടുകള്‍ കൂടുകള്‍ പോലെയും. ദ്വീപിന്റെ ഒട്ടാകെയുള്ള കാഴ്ച വളരെ മനോഹരമായിട്ടുണ്ട്. അനുബന്ധമായ കൊച്ചുതുരുത്തുകള്‍ വളരെ ചെറുതായി തോന്നി. ചുറ്റും നിറഞ്ഞകടലിന്റെ നീലിമ മാത്രം. സഹിക്കാവുന്ന ശക്തിയായടിക്കുന്ന കാറ്റില്‍ പടവുകള്‍ കയറിയ ക്ഷീണം വിട്ടകന്നു. മനോഹര കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞു.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം ലൈറ്റ് ഹൗസിന്റെ മുകളില്‍ ചിലവഴിച്ചു. കൂടെയുള്ള ഗൈഡ് (സൂക്ഷിപ്പുകാരന്‍) താഴെയിറങ്ങാന്‍ സമയമായെന്നറിയിച്ചപ്പോള്‍ ഞങ്ങളതനുസരിച്ചു. വിളക്ക് സ്ഥാപിച്ചതിന് തൊട്ടു താഴെയുള്ള നിലയില്‍ ലൈറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അയാള്‍ ഞങ്ങള്‍ക്ക് വളരെ ഭംഗിയായി പറഞ്ഞു തന്നു. പിന്നീട് ഞങ്ങള്‍ താഴേക്കിറങ്ങി . താഴത്തെ നിലയിലെ ചുമരില്‍ ദീപസ്തംഭത്തിന്റെ ഉല്‍ഘാടനവുമായിട്ടുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നും 1976 നവംബറിലാണ് ലൈറ്റ് ഹൗസ് പ്രവര്‍ത്തനം തുടങ്ങിയത് എന്നറിഞ്ഞു. അവിടെത്തന്നെ 1885 ല്‍ മിനിക്കോയില്‍ ആരംഭിച്ചതും 1985 ല്‍ ശതാബ്ദി ആഘോഷിച്ചതുമായിട്ടുള്ള കാര്യങ്ങളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ആയതെല്ലാം നോക്കിക്കണ്ടൂ.പിന്നീട് അഞ്ചരമണിയോടെ റൂമിലേക്ക് തിരികെ നടന്നു.

റോഡിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയിലാണ് കഴിഞ്ഞ തവണ ദ്വീപു സന്ദര്‍ശനവേളയില്‍ ആറുമുഖന്‍ പരിചയപ്പെട്ട സാബിറയെ കണ്ടുമുട്ടിയത്. തികച്ചു ആകസ്മികമായ കണ്ടുമുട്ടല്‍. അര്‍ഷാദിന്റേയും സാബിറയുടേയും പരസ്യാലിംഗനം. സന്തോഷാശ്രുക്കള്‍ പൊഴിക്കല്‍, എല്ലാം ഞൊടിയിടയിലാണ് നടന്നത്. സാബിറ ഇന്നൊരു മഹിളാപ്രധാന്‍ ഏജന്റും ദ്വിപിലെ പഞ്ചായത്തുമെമ്പറുമാണ്. കളക്ഷന്‍ കഴിഞ്ഞുള്ള മടയാത്രയിലാണ് ഈ കണ്ടെത്തലുണ്ടായത്. തുടര്‍ന്നുള്ള ഞങ്ങളുടെ നടത്തത്തില്‍ സാബിറയും പങ്കുകൊണ്ടു. അവര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറയുകയുണ്ടായി. വികസനം പരമാവധി എത്തിയ പഞ്ചായത്താണെന്നും ഇനിയുള്ള വികസനത്തിന് സ്ഥലസൗകര്യം ഒരു പ്രശ്നമാണെന്നും അവര്‍ പറഞ്ഞത് ശരിയാണെന്ന് കഴിഞ്ഞ ദിവസങ്ങളിലെ എന്റെ കാഴ്ചകളില്‍ നിന്നും എനിക്കു മനസിലായിരുന്നു. ഓരോ ദിക്കിലേക്കും പ്രാദേശിക നിലക്കനുസരിച്ചുള്ള വികസനമാണല്ലോ നടപ്പിലാക്കാന്‍ കഴിയുക. ( നമ്മുടെ നാട്ടില്‍ പോലും അടിസ്ഥാന സൗകര്യവികസനം ഒരു പരിധിവരെ നടപ്പിലായി കഴിഞ്ഞിട്ടുണ്ടെന്നതാണ് വാസ്തവം. ) ആശുപത്രിയാവശ്യത്തിനും സ്കുളാവശ്യത്തിനുമായി ജില്ലാ പഞ്ചായത്തുവക വാന്‍ ഓടുന്നത് ഞാന്‍ കാണുകയുണ്ടായി. കേവലം നാലായിരത്തിയിരുനൂറ് പേരുള്ള ഇവിടെ ,ഓടാന്‍ വേണ്ടത്ര റോഡുകളോ സന്ദര്‍ശിക്കുവാന്‍ വിസ്തൃതമായ ഭൂമിയോ എവിടെ?

നടക്കുന്നതിനിടയില്‍ സാബിറയെക്കുറിച്ച് ചില കാര്യങ്ങല്‍ കുടി ഞാനറിഞ്ഞു. അവര്‍ അവിവാഹിതയാണെന്നും പുരുഷന്റെ കുടെയല്ലാതെ ജിവിക്കാന്‍ പറ്റുമോയെന്ന് ഞാന്‍ നാടിന് കാണിച്ചു കൊടുക്കുമെന്നുമെല്ലാം അവര്‍ പറഞ്ഞു. ഇളയ സഹോദരിമാര്‍ കുടുംബിനികളായി കഴിയുന്നുണ്ട്. അവര്‍ക്ക് താനൊരു ഉമ്മയാണെന്നും കുടി അവര്‍ പറഞ്ഞു.

പതിവുപോലെ പ്ലാ‍സയുടെ മുന്നിലെത്തിയപ്പോള്‍ ഞങ്ങള്‍ ‍ അവിടെ ചായ കുടിക്കാന്‍ നിന്നു. ചായ കുടിക്കാന്‍ സാബിറയെ ക്ഷണിച്ചെങ്കിലും അവര്‍ സ്നേഹപുര്‍വ്വം നിരസിക്കുകയാണുണ്ടായത്. സൗകര്യപ്പെട്ടാല്‍ അടുത്തന്‍ ഏതെങ്കിലുമൊരു ദിവസം ഞങ്ങളുടെ താമസസ്ഥലത്തെത്താമെന്ന് പറഞ്ഞു സാബിറ വിടവാങ്ങി.

ഏഴുമണിയാകുന്നതേയുള്ളു. ഹോട്ടലില്‍ ഊണ് റെഡിയാണെങ്കിലും നേരത്തെ കഴിച്ചാല്‍ രാവിലെ വരെ കഴിച്ചുകൂട്ടേണ്ടേ എന്നോര്‍ത്ത് ഞാന്‍ പാതയരികിലെ കലുങ്കില്‍ ഇരുന്നു. ഹോട്ടലിന്റെ മുറ്റത്തോട് ചേര്‍ന്ന് പത്തോളം ആളുകള്‍ ചെയറിട്ടിരിക്കുന്നുണ്ട്. ഇതൊരു സ്ഥിരം സായാഹ്നകാഴ്ചയാണെങ്കിലും ഇന്നത്തേക്ക് അല്‍പ്പം വ്യത്യസ്തമായിരുന്നു. അവരുടെ സംസാരം കടുത്ത രാഷ്ട്രീയമാണ്. ബുദ്ധിരാക്ഷസന്മാരുടെ ഗുരുക്കന്മാരാണ് തങ്ങളെന്ന ഭാവം അവര്‍ക്കുണ്ടായിരുന്നു. ഒരു പക്ഷെ കൗടില്യന്‍ ജീവിച്ചെന്നു വരികില്‍ അവര്‍ക്കു മുന്നില്‍ മുട്ടുമടക്കിയേനേ എന്ന് എനിക്കു തോന്നി. വീറും വാശിയോടെയുമാണ് അവരുടെ ഭാഷണമെങ്കിലും സ്നേഹത്തിന്റെ അതിവരമ്പുകള്‍ അവര്‍ കാത്തു സൂക്ഷിക്കുന്നത് എന്നില്‍കൗതുകമുണര്‍ത്തി. നാട്ടിലെ രാഷ്ടീയക്കാര്‍ക്ക് തികച്ചുമൊരു മാതൃകാസമീപനം തന്നെയായിരുന്നത്.

കപ്പല്‍ യാത്രക്കിടെ ലക്ഷദ്വീപിലെ രാഷ്ടീയസംസ്ക്കാരം എനിക്ക് ബോധ്യമായിരുന്നു. ഡക്കിലിരുന്ന പലര്‍ക്കും നേരം പോക്കാനുള്ള മാര്‍ഗമായിരുന്നു രാഷ്ടീയ ചര്‍ച്ച. ഇപ്പോള്‍ ആ വിശ്വാസം കൂടുതല്‍ അരക്കിട്ടു ബലപ്പെടുത്തിയിരിക്കുന്നു. ദ്വീപിലെ മധ്യവയസ്ക്കര്‍ക്ക് പ്രത്യേകിച്ചും രാഷ്ട്രീയം അന്നവും പ്രാ‍ണവായുവും പോലെ അനുപേക്ഷണീയമാണെന്ന് എനിക്കു ബോധ്യമായി. അതോടൊപ്പം ആര്‍ക്കോവേണ്ടി ജീവിതം തുലക്കുന്നവരും തുലക്കപ്പെട്ടവരുമായിട്ടുള്ളവരുടെ തുടര്‍ച്ചയായിരുന്നു ‘ചൂടന്‍; ചര്‍ച്ചക്കാര്‍ എന്നും ഞാനൂഹിച്ചു. ഏകദേശം അരമണിക്കൂര്‍ സമയം ലക്ഷദ്വീപിനു വേണ്ടി എം. പി മാരുടെ പ്രവര്‍ത്തനം സംബന്ധിച്ച വാദവും പ്രതിവാദവും പിടിവാശിയും (കടുംപിടുത്തം) നടക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ ദിവസം ഞാന്‍ പരിചയപ്പെട്ട റഹ്മാന്‍ മാസ്റ്റര്‍ എന്നെ തേടി അവിടെ എത്തിയത്. ചര്‍ച്ചകളില്‍ സാക്ഷിയായി ഒരിടത്ത് ഒതുങ്ങിയിരിക്കുന്ന എന്നെ കണ്ട് മാസ്റ്റര്‍ അത്ഭുതപ്പെട്ടു.

ഇന്നത്തെ ഞങ്ങളുടെ ദിവസത്തെക്കുറിച്ച് മാസ്റ്റര്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഇത്രയും വൈകി മാസ്റ്റര്‍ വന്നതിന്റെ ആഗമനോദ്ദേശ്യം അദ്ദേഹം പറഞ്ഞു. നാളെ അദ്ദേഹത്തിന്റെ സ്കൂളില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് എടുക്കണമെന്നാവശ്യപ്പെട്ട് ക്ഷണിക്കാനായിരുനു അദ്ദേഹത്തിന്റെ വരവ് . നാളെ പതിനൊന്നു മണിയ്ക്കാണ് പരിപാടി .നിശ്ചയമായും വരണമെന്ന് മാസ്റ്റര്‍ സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഒരര്‍ഥത്തില്‍ ഞങ്ങളുടെ സന്ദേശം സ്കൂളിലെത്തിക്കാന്‍ വരും ദിവസങ്ങളില്‍ ഹെഡ്മാസ്റ്ററെ കാണാനിരിക്കുകയായിരുനു ഞങ്ങള്‍ . രോഗി ഇച്ഛിച്ചതും പാല്‍ വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്ന നിലയിലായി കാര്യം. അമിതാഹ്ലാദം പുറത്തുകാണിക്കാതെ ഞാന്‍ മാസ്റ്ററുടെ ക്ഷണം സ്വീകരിച്ചു. സ്കൂളിനെക്കുറിച്ചും റിസല്‍റ്റിനെപറ്റിയും കുട്ടികളുടെ നിലവാരത്തെ ക്കുറിച്ചുമെല്ലാം ഞാന്‍ മാസ്റ്ററില്‍ നിന്നും ചോദിച്ചറിഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് ഒരു ചായയും കഴിച്ച്, ശേഷം മാസ്റ്ററെ പറഞ്ഞയച്ചു. ഞാന്‍ എന്റെ മിത്രങ്ങളെയും കാത്തിരുന്നു.

മാണിക്യന് രണ്ടു ദിവസമായി അസുഖമാണെത്ര. ഗൗരവമുള്ളതല്ലെങ്കിലും പുറത്ത് കാര്യമായി ചുറ്റിക്കറക്കമില്ല എന്ന് കൃഷ്ണന്‍ കുട്ടി ഇന്നലെ കണ്ടപ്പോള്‍ പറയുകയുണ്ടായി. ഞാന്‍ പതിവുസമയം കഴിഞ്ഞിട്ടും രണ്ടുപേരേയും കാണാതായപ്പോള്‍ ഫോണ്‍ ചെയ്തു. മാണിക്യന്‍ ആണ് ഫോണെടുത്തത്. അല്‍പ്പം പൊടിയരിക്കഞ്ഞി വെച്ച് അച്ചാറും കഴിച്ച് വിശ്രമിക്കയാണ് എന്ന് മാണിക്യന്‍ പറഞ്ഞു. പുറത്തിറങ്ങാന്‍ തുണയില്ലാത്തതുകൊണ്ട് കൃഷ്ണന്‍ കുട്ടിയും അവിടെ ചടഞ്ഞിരിക്കുകയാണെത്രെ. ഞാന്‍ രോഗവിമുക്തി ആശംസിച്ച് ഫോണ്‍ കട്ടു ചെയ്തു.

കൂട്ടുകാര്‍ 8 മണിക്കു ശേഷമാണ് ഊണിനെത്തിയത്. (ഏഴര മണിവരെയേ കടയുണ്ടാകൂ എന്നാണ് ഹോട്ടലുകാരന്‍ പറഞ്ഞിരുന്നതെങ്കിലും ഞങ്ങള്‍ എത്തിയ ശേഷം 8 30 വരെ ഹോട്ടല്‍ ഉണ്ടാകാറുണ്ട്. ) ഞാനും അവരോടൊപ്പം ചേര്‍ന്ന് അത്താഴം അകത്താക്കി. കൂടെയുള്ളവരില്‍ ചിലര്‍ക്കെല്ലാം ഗൃഹാതുരത്വം കൂടിക്കഴിഞ്ഞിരുന്നു. റഷീദ് ഖാനെ കണ്ട് ടിക്കറ്റ് ഏര്‍പ്പാടാക്കാന്‍ അവര്‍ ആറുമുഖനെ ഏര്‍പ്പാടു ചെയ്തു. ഞാനൊന്നും പറഞ്ഞില്ല. ഇനിയും മൂന്നു ദിവസത്തിനു ശേഷമേ കപ്പല്‍ വരികയുള്ളു എന്ന് നവാസില്‍ നിന്നും ഞാനറിഞ്ഞിരുന്നു.

ഊണു കഴിഞ്ഞ് മുറിയില്‍ ചെന്നപ്പോള്‍ വിജയകുമാരനെ കണ്ടില്ല. നളിനാക്ഷനേയും കണ്ടില്ല. നളിനനെ ഇപ്പോള്‍ കൃത്യമായി കാണാറേയില്ല. രാതി വളരെ വൈകിയാണ് കക്ഷിയുടെവരവ്. ഒടുവിലാണ് അയാളുടെ അളിയന്‍ രവി വിവരം പറഞ്ഞത്. റഷീദ് മുഖാന്തിരം ചില മോട്ടോര്‍ ബൈക്കുകള്‍ റിപ്പയര്‍ ചെയ്യാന്‍ പോകയാണെത്രെ. കഴിഞ്ഞ രാത്രിയില്‍ പതിനൊന്നേമുക്കാലോടെയാണ് തിരിച്ചെത്തിയത് എന്നും രവി പറഞ്ഞു. എങ്കിലും എനിക്ക് നളിനാക്ഷനോട് ബഹുമാനമാണുള്ളത്. അതിരാവിലെ ഉണരുകയും നിത്യകര്‍മ്മങ്ങള്‍ക്കു ശേഷം ‘ യോഗ’ പരിശീലിക്കുകയും ചെയ്യുന്ന അയാളെ ഞാന്‍ വന്ന ദിവസം മുതല്‍ക്കെ ശ്രദ്ധിക്കയുണ്ടായിട്ടുണ്ട്. ചെറുപ്പക്കാരിലെ ഒരു വിധ ദൗര്‍ലഭ്യങ്ങളും എനിക്ക് അയാളില്‍ കാണാന്‍ കഴിഞ്ഞില്ല. കുറെ വര്‍ക് ഷോപ്പ് മെക്കാനിക്കുകളെ പരിചയമുണ്ടെങ്കിലും ഇത്തരമൊരാള്‍ അവരില്‍ നിന്നെല്ലാം വിഭിന്നനമായിരുന്നു.

കാണാതായവരെ കാത്ത് നേരം കൊല്ലാന്‍ ഫാറൂക്കും മറ്റുള്ളവരും കണ്ടെത്തിയ മാര്‍ഗ്ഗം ചെസ് കളിയായിരുന്നു. പണ്ടുമുതല്‍ക്കെ എനിക്ക് ആയത് ഇഷ്ടമില്ലായിരുന്നു. ഞാന്‍ എന്റെ ബെഡ്ഷീറ്റ് വിരിച്ച് ഉടുത്ത മുണ്ടും പുതച്ച് ഉറങ്ങാന്‍ കിടന്നു.

Generated from archived content: laksha19.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English