ഒരു സ്റാവും കുറേയാളുകളും

ഇന്ന് ഞായറാഴ്ചയാണ്. ഇനി രണ്ടു മൂന്നുദിവസം കൂടിയേ ഇവിടെ നില്‍ക്കാനാവൂ. ഇതിനകം തന്നെ സരസനാണെങ്കിലും ഗഫൂര്‍ കയറുപൊട്ടിച്ചു തുടങ്ങിയിട്ടുണ്ട്. വൈകിയാല്‍ ഏതോ സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ പ്രശ്നമാകുമെന്നാണ് പറയുന്നത്. അതേ സമയം വളരെ ആനന്ദത്തിലുള്ളയാള്‍ നളിനാക്ഷനാണ്. കക്ഷിക്ക് എവിടെയും ഹാപ്പി തന്നെ. കുടുംബമോ മറ്റു ബാധ്യതകളോ അയാള്‍ക്കില്ല. സ്വന്തം വര്‍ക്ക് ഷോപ്പ് നടത്തുകയാണ് ഊട്ടിയില്‍. ഇപ്പോള്‍ ശിക്ഷ്യന്‍മാരെ കട ഏല്പ്പിച്ച് കടലും ദ്വീപും കാണാനെത്തിയിരിക്കുകയാണ്. ഇവിടെ വന്ന ശേഷം അഞ്ചു ബൈക്കുകള്‍ റിപ്പയര്‍ ചെയ്തു കഴിഞ്ഞു. നിത്യവും അതിരാവിലെ അഞ്ചുമണിക്കു മുന്‍പ് എഴുന്നേല്‍ക്കുന്ന നളിനാക്ഷന്‍ ഒരു മണിക്കൂര്‍ സമയം യോഗാസനവിദ്യകളും മറ്റു വ്യായാമങ്ങളും നടത്താറുണ്ട്.

ഏഴുമണിയോടെ മാത്രമേ മറ്റുള്ളവര്‍ ഉണര്‍ന്നുള്ളു. അതുനു മുമ്പേ ഞാന്‍ കുളിയും നിത്യവൃത്തികളും കഴിച്ച് മനസിനെ പ്രകൃതിയിലേക്ക് ലയിക്കാന്‍ വിട്ട് മുന്‍കോലായില്‍ കണ്ണുമടച്ചിരുന്നു. എത്രനേരം കഴിഞ്ഞു എന്നറിയില്ല ആറുമുഖന്‍ വന്ന് കുലുക്കി വിളിക്കുമ്പോള്‍ ഞാന്‍ നല്ല ആനദത്തിലായിരുന്നു.

ഗഫൂര്‍ അടക്കമുള്ള മിക്കവരും വധുവിന്റെ വിവാഹഗൃഹത്തില്‍ പോകുവാന്‍ ഉത്സുകരായിരിക്കുകയാണ്. എന്നാല്‍ ഇന്നലെപോയ അതേ കല്യാണവുമായി ബന്ധപ്പെട്ട് ഇനിയുമൊരു പങ്കുകൊള്ളല്‍ അത്ര സുഖമുള്ളതായി എനിക്കു തോന്നിയില്ല. ഇനിയും വേറെ വീടുകളില്‍ സന്ദേശമെത്തിക്കാനുള്ള ഉത്സാഹത്തിലാണ് ആറുമുഖനും മറ്റും. ഞാന്‍ ആറുമുഖന്റെ കൂടെ പോകാന്‍ തീരുമാനിച്ച നേരത്താണ് നവാസിന്റെ ഫോണ്‍ വന്നത്.

ഇടത്തരം വലിപ്പമുള്ള ഒരു സ്രാവ് തോണിക്കാരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്നും ആയത് കാണണമെങ്കില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ആഫീസിനടുത്തുള്ള കടലോരത്ത് എത്തണമെന്നുമായിരുന്നു സന്ദേശം.

ഞാനൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. വലയില്‍ പെട്ട സ്രാവിനെ കാണാനുള്ള അസുലഭാവസരം ഇനിയൊരിക്കലും ഉണ്ടാകാനിടയില്ല. പാലക്കാട്ടുകാരനായ എനിക്ക് കടലും മുക്കുവരുമായി എന്തു ബന്ധം. ഈ സന്ദര്‍ഭം നഷ്ടമാക്കിയാല്‍ പിന്നെയൊരവസരം ഉണ്ടാകില്ലെന്ന് ഞാന്‍ കരുതി. അതുകൊണ്ടുതന്നെ എന്റെ ആഗ്രഹം നയത്തില്‍ ആറുമുഖനെ ബോധ്യപ്പെടുത്തി. നോട്ടിസു വിതരണം ഉച്ചക്കാവാം എന്നു പറഞ്ഞ് അദ്ദേഹം എന്നോടൊപ്പം വന്നു. എനിക്ക് ആശ്വാസം തോന്നി.

കടലോരത്ത് പത്തു മിനിറ്റിനകം ഞങ്ങളെത്തി. അവിടെ നവാസ് കാത്തുനില്‍ക്കുന്നുണ്ട്. അമ്പതിലധികം പേര്‍ കടല്‍ക്കരയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കടലില്‍ ഇരുനൂറുമീറ്റര്‍ അകലെ നിന്നും ര‍ണ്ടു തോണികള്‍ കരയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ്.സ്രാവ് കിട്ടിയ തോണിക്കാര്‍ സഹായത്തിന് വിളിച്ചപ്പോള്‍ പോയതാണത്രെ രണ്ടാമത്തെ പാര്‍ട്ടി.ഇനിയും ആളുകളുടെ സഹായം വേണമോ എന്ന് കരയില്‍ നിന്നും ആരെല്ലാമോ ഫോണില്‍ വിളിച്ചു ചോദിക്കുന്നുണ്ട്. അക്ഷമരായ ചിലര്‍ പല്ലിറുമ്മുന്നുണ്ട്. ആ പല്ലിന്നകത്ത് സ്രാവ് പിടയുന്നത് ഞാന്‍ കാണുന്നുണ്ട്.

കാല്‍ മണിക്കൂറിനകം ഇരു തോണിക്കാരും കൂടി വലിച്ചു പിടിച്ച് സ്രാവിനെ കരയ്ക്കടുപ്പിച്ചു. തിരകള്‍ അനുകൂലമായതുകൊണ്ട് കരയിലുള്ളവര്‍ കൂടി ചേര്‍ന്ന് വെള്ളത്തില്‍ നിന്നും കരയിലെ മണലിലേക്ക് വലിച്ചു കയറ്റി. സ്രാവിന്റെ തലയിലുമുടലിലുമവര്‍ കയറുകള്‍ കെട്ടി മെരുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ബന്ധപ്പെട്ടവര്‍ ഒന്നാന്തരം കത്തികൊണ്ട് ചിറകരിയുന്നതും പിന്നെ കഴുത്തില്‍ മുറിക്കുന്നതും കണ്ട് എന്റെ കരളൊന്നു പിടഞ്ഞു. ജീവനു വേണ്ടി പിടയുന്നവലിയ മത്സ്യം; കാണുന്നവരിലോ ചെയ്യുന്നവരിലോ അറപ്പിന്റേയോ മടുപ്പിന്റേയോ ഒരു ഒരു ലാഞ്ചന പോലും കണ്ടില്ല. ആസുരിക ശക്തിയുടെ ഒരു അരങ്ങായിരുന്നു അവിടെ. സന്തോഷവും ഉത്സാഹവും നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്ത് എന്റെ ഉള്ളില്‍ മാത്രമാണ് മ്ലാനത എന്ന് എനിക്കു തോന്നി. സ്രാവിനെ കാണാന്‍ വരുമ്പോള്‍ ഇത്തരമൊരുരംഗം എന്റെ മനസില്‍ ഉണ്ടായിരുന്നില്ല. ജീവനോടെ കാണുക എന്നതിനപ്പുറം ഒന്നുംതന്നെ കരുതിയിരുന്നില്ല.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോളേക്കും ആളുകളുടെ എണ്ണം നൂറിനപ്പുറം കഴിഞ്ഞു. ചാകര കിട്ടിയ സന്തോഷം സ്രാവിന്റെ ഉടമക്കും നല്ലൊരു വെറയറ്റി ഫ്രെഷായി ലഭിക്കുന്ന സുഖം കൂടിയവരിലുമുണ്ടായി.ഇതിനകം തുലാസും തൂക്കുകട്ടകളും അവിടെയെത്തി. ഗ്രാമങ്ങളില്‍(പാലക്കാട്ടെ നാട്ടിന്‍ പുറങ്ങളില്‍)ശങ്കരാന്തി വിഷു കര്‍ക്കടകവാവ് ഉത്സവങ്ങളില്‍ ആട്ടിറച്ചി വില്‍ക്കുന്ന കടകളില്‍ കാണുന്ന അസാമാന്യ തിരക്കിനെ ഓര്‍മ്മിപ്പിക്കും പോലെയായിരുന്നു കൂടിയവരുടെ തിരക്കും ധൃതിയും. ആളേറെയായപ്പോള്‍ ഒരാള്‍ക്ക് കൂടിയത് പത്തും കുറഞ്ഞത് അഞ്ചും കിലോഗ്രാമായി നിജപ്പെടുത്തി. ഒരു കിലോവിന് അറുപത്തഞ്ചു രൂപയായിരുന്നു വില തീര്‍ച്ചപ്പെടുത്തിയിരുന്നത്. തൂക്കം ഇലക്ട്രോണിക് വെയിംഗ് മെഷീനിലായിരുന്നില്ല എന്നതുകൊണ്ടു തന്നെ സ്വര്‍ണ്ണം തൂക്കും പോലായിരുന്നില്ല കാര്യങ്ങള്‍. അത്രയും സമാധാനം.

മത്സ്യം വാങ്ങി ആളുകള്‍ പിരിഞ്ഞപ്പോള്‍ എല്ലാം കണ്ടു കൊണ്ട് നില്‍ക്കുന്ന എന്നെ നോക്കി അറവുകാരന്‍ നിങ്ങള്‍ക്ക് എത്രയാ വേണ്ടത് എന്നു ചോദിച്ചു. ഞാന്‍ ചിരിച്ചുകൊണ്ട് (കരയാന്‍ പറ്റില്ലല്ലോ) ഒരു നാടുസഞ്ചാരിയാണെന്നും എല്ലാം കാണുകയാണെന്നും പറഞ്ഞു. അതു കേട്ട് അയാള്‍ ‘എന്നാ നിന്നോളി’എന്നായി. വില്പ്പന തീര്‍ന്നപ്പോള്‍ പിന്നേയും ഒരു വളര്‍ത്തു പന്നിയോളം വലിപ്പത്തിലുള്ള കഷ്ണം ബാക്കിയായി. അതുവരേക്കും വിറ്റത് 4550 രൂപക്കാണ്. ( പണം എണ്ണി തിട്ടപ്പെടുത്തുന്നതു ഞാന്‍ കണ്ടു. )അതായത് എഴുനൂറ്റമ്പതു കിലോ മത്സ്യം.ഇനിയുള്ളതു പുറമെ. ബാക്കി വന്നത് വെട്ടി ഉണക്കാമെന്ന് അവര്‍ പറയുന്നതു കേട്ടു. ഞങ്ങളുടെ കാഴ്ചയെല്ലാം കഴിഞ്ഞപ്പോള്‍ നവാസ് സ്രാവു കൂട്ടിയുള്ള ഊണിനു ക്ഷണിച്ചു. അത്യധികം സന്തോഷത്തോടെയണ് ഞങ്ങളത് നിരസിച്ചത്.

സമയം പതിനൊന്നര മണി കഴിഞ്ഞു. കല്യാണത്തിനു പോയവര്‍ കാഴ്ചക്കാരായി ഭക്ഷണവും കാത്തിരിക്കുകയായിരിക്കും എന്ന് ഞാനൂഹിച്ചു. ഉച്ചവരെ ഞാനും ആറുമുഖനും കുറേ സ്ഥലങ്ങളില്‍ നോട്ടിസുമായി (ഒപ്പം സാമ്പിള്‍ സോപ്പും) വീടുകള്‍ കയറിയിറങ്ങി. ഒന്നരയോടുകൂടി പ്ലാസയില്‍ എത്തിഊണുകഴിച്ച് റൂമിലേക്കു നടന്നു.

നെയ്ച്ചോറും കോഴിക്കറിയും കഴിച്ച് ഗഫൂറും മറ്റുള്ളവരും റൂമില്‍ തണുത്ത നിലത്ത് മലര്‍ന്നുകിടന്ന് സുഖവിശ്രമത്തിലാണ്. ഞാനും അവരുടെ കൂടെ കൂടി. നാലുമണിക്ക് ലൈറ്റ് ഹൗസ് കാണാന്‍ പോകേണ്ടതുണ്ട്. വിവാഹവീട്ടിലെ വിശേഷങ്ങള്‍ പോയവര്‍ വിലയിരുത്തുന്നുണ്ട്. അവരുടെ ഊഴം കഴിഞ്ഞപ്പോള്‍ ആറുമുഖം ഞങ്ങള്‍ പോയ സ്രാവുവേട്ടയും അനുബന്ധകാര്യങ്ങളും പറഞ്ഞ് അവരെ കൊതിപ്പിച്ചു. ജീവിതത്തിലെ ഈ അസുലഭ സന്ദര്‍ഭം ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നു പറഞ്ഞ് ഞാന്‍ അവരെ ചെറുതായി വേദനിപ്പിക്കാനും മറന്നില്ല.

Generated from archived content: laksha18.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here