കേവലം ഒരു രണ്ടുമൂന്നു വാര്‍ഡിന്റെ ജനസംഖ്യ മാത്രമുള്ള ഇവിടെ മനുഷ്യനെ മൂന്നായി വിഭാഗീകരിച്ചിരിക്കുന്നു. അനവധികാലം മുമ്പു മുതല്‍ക്കുള്ള മാമൂലുകള്‍ അതെപ്രകാരം ഇല്ലെങ്കിലും ചില ശേഷിപ്പുകള്‍ ഇന്നുമുണ്ടെന്ന് നവാസ് സമ്മതിച്ചു. കോയ, മാലൂമി, മേലാച്ചേരി എന്നിങ്ങനെ മൂന്ന് വിഭാഗമാണ് ആളുകള്‍. ഇതില്‍ കോയമാര്‍ മുന്തിയ കൂട്ടരും മാലൂമി ശരാശരിക്കാരും മേലാച്ചേരികള്‍ താഴ്ന്നവരുമാണത്രെ. ഇവര്‍ പരസ്പരം ബന്ധങ്ങള്‍ സഥാപിക്കില്ല. അഥവ ആരെങ്കിലും സ്നേഹിച്ച് വിവാഹിതരായാല്‍ (വിഭിന്നവര്‍ഗ്ഗക്കാര്‍) അവരുടെ ജീവിതം പ്രയാസപൂര്‍ണമാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തിരി വട്ടത്തിലെ ഒത്തിരി നൂലാമാലകള്‍ തള്ളിക്കളയേണ്ടതല്ല എന്ന് എനിക്കും തോന്നി.
മനുഷ്യന്‍ എവിടെയുണ്ടോ അവിടെ വിഭാഗീയതയും വലിപ്പ ചെറുപ്പ വ്യത്യാസങ്ങളുമുണ്ട്. ദ്വീപുകളില്‍ ആദ്യകാലത്ത് കയറിപ്പറ്റിയവര്‍ കരയിലെ മേലാളന്മാരെ അവര്‍ക്കുവേണ്ടി അവരുടെ പിന്നണിയാളുകളൊ ആയിരിക്കുമല്ലൊ? അതുകൊണ്ടു നാട്ടിലെ ആചാരങ്ങളും അനാചാരങ്ങളും അപ്രകാരം തന്നെ ഇവിടെയും തുടര്‍ന്നു പോന്നിരിക്കണം. എങ്കിലും നാട്ടിലുള്ളതില്‍ നിന്നും വ്യത്യസ്തമായി ഐക്യത്തോടെ ജീവിക്കാനും സ്നേഹിക്കാനും അവര്‍ക്കു കഴിഞ്ഞിരുന്നു എന്ന് പറയുന്നു. എല്ലാ ജോലികളും കൂട്ടായ്മയോടെ ചെയ്തിരുന്നു എന്നും പ്രതിഫലേഛ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു വരുന്നു. ഈ കൂട്ടായ്മയാണത്രെ പല്ലവ രാജാക്കന്മാരെ പോലും (നരസിംഹവര്‍ദ്ധന്‍) ചെറുത്തുനില്പ്പിലൂടെ തുരത്തുവാന്‍ സാധിപ്പിച്ചത്. ഈയൊരു ഒരുമയ്ക്കു കാരണം തങ്ങള്‍ കുറച്ചുപേര്‍ മാത്രമാണ് എന്ന ബോധമായിരിക്കണം.
നാനവിധ അതിക്രമങ്ങളും പുറത്തുനിന്നുള്ള അക്രമങ്ങളും അസഹ്യമായ സന്ദര്‍ഭത്തിലാണത്രെ ലക്ഷദ്വീപസമൂഹങ്ങളില്‍ പ്രവാചകന്‍ ഉബൈദിന്റെ രംഗപ്രവേഷം അക്ഷരജ്ഞാനമില്ലാത്ത ജനത അടിമരക്തം സിരകളിലൂടെ ഒഴുകി ആ സംസ്കാരം ഉറച്ചുപോയ പഴയ അവര്‍ണന്‍, ചില മുന്നോക്കക്കാര്‍ എന്നിവര്‍ ഉബൈദിന്റെ ‘പ്രവചനത്തില്‍’ വീണ് ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ മുമ്പേഗമിക്കുന്ന ഗോവുതന്റെ പിമ്പേഗമിക്കും ബഹുഗോക്കളെല്ലാം എന്ന മാര്‍ഗേന എല്ലാവരും ഇസ്ലാം മതം സ്വീകരിച്ചുവത്രെ. അങ്ങനെ ദ്വീപസമൂഹത്തിലെ എല്ലാദ്വീപിലും ഉബൈദ് നടത്തിയ പ്രസംഗ പരമ്പരകള്‍ കേട്ട ഈവരും ഇസ്ലാമികളായിതീര്‍ന്ന് എന്ന് ചരിത്രം പറയുന്നത് അതേപടി വിഴുങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.
നാട്ടിലെ അവര്‍ണന്‍ ഏതുവിധേനയും സ്വാതന്ത്ര്യം ആഗ്രഹിച്ച് എന്തും സ്വീകരിക്കാന്‍ തയ്യാറായത് അവന്റെ നിലനില്പ്പിന്റെ പ്രശ്നമായതുകൊണ്ടായിരിക്കണം. പക്ഷെ, പരിണിതഫലമോ ‘ജാത്യാലുള്ളത് തൂത്താല്‍ പോകില്ലെന്ന്’ പറഞ്ഞതുപോലെ സവര്‍ണന്‍ തന്റെ പ്രമാണിത്തം പുലര്‍ത്തുക തന്നെ ചെയ്തു. ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്ത് അമ്മാത്ത് എത്തിയതും എത്താത്തതും ഒന്നുപോലെയായ അവര്‍ണന്‍ എല്ലാം സഹിക്കാന്‍ ശീലിക്കുകയായിരുന്നു.
പണ്ടുതന്നെ സവര്‍ണരായവര്‍ ‘കോജകള്‍’ അഥവ കോയമാരായി. അവര്‍ ഭൂമിയുടെ അവകാശികളായി. പ്രമാണികളായി. ദ്വീപുല്പന്നങ്ങള്‍ കയറ്റിറക്കുമതി ചെയ്യുന്നതിന് ‘പുറംനാടുമായി ബന്ധപ്പെടാന്‍’ വഴികാട്ടികളായി വര്‍ത്തിച്ചവരെ (മുഅല്ലം) മാലൂമികളായി വേര്‍തിരിച്ചു. കഠിനാദ്ധ്വാനം ചെയ്യാന്‍ വിധിക്കപ്പെട്ടവരും തെങ്ങുകയറ്റം ശീലിച്ചവരുമായ അവര്‍ണവിഭാഗത്തെ ‘മേലാച്ചേരി’ കളായിട്ടും (മേലേക്ക് കയറുന്നവര്‍) വിളിച്ചുവന്നു. സുന്ദരലോകം സ്വപ്നം കണ്ടവര്‍ പഴയ ആചാരങ്ങളില്‍ വീര്‍പ്പുമുട്ടി. ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയാണല്ലൊ. കല്യാണ വീട്ടിലെ ഒഴിഞ്ഞ കോണിലിരുന്ന് ദ്വീപുജനതയുടെ മാറ്റചരിത്രം നവാസ് പറഞ്ഞതിന്റെ ചുരുക്കമാണ് ഇപ്പറഞ്ഞതെല്ലം.
വരന്റെ വീട്ടിലെ അത്താഴ ഭക്ഷണത്തിനു ശേഷം ഞങ്ങളെ റൂമില്‍ കൊണ്ടാക്കിയിട്ട് നവാസ് പോകുമ്പോള്‍ സമയം പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു. ഇന്ത്യാരാജ്യത്തിനകത്തെ മറ്റൊരു രാജ്യത്തിനകത്താണ് ഞാനെന്നറിഞ്ഞുകൊണ്ട് ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്റെ ‘മതേതര രാജ്യത്തെ’ ഞാന്‍ പ്രണമിച്ചുവോ എന്നറിഞ്ഞുകൂടാ! ഇതേ അനുഭവം തന്നെയായിരുന്നു എന്റെ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് രാജ്യാഭിമാനം കാത്തുരക്ഷിക്കാന്‍ മിടുക്കുള്ള ജവാന്മാരുടെ പരേഡ് നമ്മുടെ വാഗാതിര്‍ത്ഥിയില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍, കോടികള്‍ കട്ടുമുടിച്ച മുഖ്യന്മാര്‍ വാഴുന്ന ഇവിടെ ആര്‍ക്കുവേണ്ടിയാണ് ഈ ധീരജവാന്മാരുടെ രാജ്യത്തെ കാക്കുന്നത് എന്നും തോന്നിപോയിട്ടുണ്ട്. അടുത്ത നിമിഷം ‘ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു’ എന്ന സ്കൂള്‍ അസംബ്ലിയിലെ പ്രതിജ്ഞ ഓര്‍ത്തുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു.
Generated from archived content: laksha17.html Author: m.e.sethumadhavan