വിവാഹം പ്രശ്‌നമല്ല; പ്രേമവിവാഹം?

രാവിലെ തുടങ്ങിയ നടത്തയാണ്‌. മനസും ശരീരവും അല്‌പം വിശ്രമം ആവശ്യപ്പെടുന്നുണ്ട്‌. റൂമിലെത്തിയ ഉടനെ ഞാനൊന്നു കുളിച്ചു ഫ്രെഷായി. ഏകദേശം മുക്കാൽ മണിക്കൂർ നേരം വളരെ അയഞ്ഞു കിടന്നു. സഹയാത്രികർ ഗഫൂർക്കാന്റെ നേതൃത്വത്തിൽ കല്ല്യാണ വീട്ടിലേക്കുള്ള വരന്റെ തയ്യാറെടുപ്പിലാണ്‌. കൃഷ്‌ണൻകുട്ടിയും മാണിക്യനും ഏഴര മണിയായിട്ടും എന്നെ കാണാത്തതിനാൽ ഹോട്ടലിൽനിന്നു ഫോൺ ചെയ്‌തു. അല്‌പസമയത്തിനകം എത്താമെന്ന്‌ ഞാനവരെ അറിയിച്ചു. കല്ല്യാണ വീട്ടിലേക്കു പോകുമ്പോൾ കൂടാമെന്ന്‌ പറഞ്ഞ്‌, ലളിതമായ വേഷവും ധരിച്ച്‌ ഞാൻ ഹോട്ടലിലേക്ക്‌ ചെന്നു നവാസും എന്റെ ഒപ്പം കൂടി.

കൃഷ്‌ണമാണിക്യന്മാർ ഭക്ഷണം കഴിക്കാതെ എന്നെ കാത്തിരിക്കയായിരുന്നു. ഇന്നെന്തുപറ്റി അവർക്കെന്ന വിചാരം എന്നെ അമ്പരപ്പിച്ചു. രണ്ടു നിമിഷത്തിനകം തന്നെ എനിക്കതിന്റെ കാരണം പിടികിട്ടി. അവർ തെങ്ങിൻ കള്ളിന്റെ ലഹരിയിലായിരുന്നു. മീര എന്നാണ്‌ ദ്വീപിൽ ഇതിന്റെ വിളിപ്പേര്‌ സ്വദേശി പ്രേമം മൂക്കുവാനുണ്ടായ കാരണം ശരിക്കും എനിക്ക്‌ മനസിലായത്‌ അപ്പോഴായിരുന്നു. എന്നിരുന്നാലും അവർ ഒറ്റയക്ഷരം വേണ്ടാത്തത്‌ പറഞ്ഞില്ല. തികച്ചും മാന്യമായിട്ടാണ്‌ പെരുമാറ്റം. അവരോടൊന്നിച്ചുള്ള ഭക്ഷണം ഞാൻ വേണ്ടന്ന്‌ വെച്ചു. കല്ല്യാണവീട്ടിലേക്ക്‌ പോകുകയാണ്‌ എന്ന വിവരം അവരേ ബോധിപ്പിച്ചു. അല്‌പസമയത്തിനകം ഗഫൂറും പാർട്ടിയും എത്തി. സ്വദേശികളോട്‌ നാളെ കാണാമെന്ന്‌ പറഞ്ഞ്‌ ഞാൻ നവാസിനൊപ്പം ഗഫൂറിന്റെ കൂടെ നിക്കാഹ്‌ വീട്ടിലേക്ക്‌ നടന്നു.

വീട്‌ അലങ്കരിക്കുന്ന തിരക്കിലായിരുന്നു വരന്റെ സുഹൃത്തുക്കൾ അലങ്കരിക്കുന്നതിന്‌ കാര്യമായ മുറ്റമൊന്നും ഞാനവിടെ കണ്ടില്ല. കഷ്‌ടിച്ച്‌ എഴുപത്തഞ്ചു പേർക്കിരിക്കാവുന്ന സ്‌ഥലമെ പന്തലിലുള്ളൂ. നേരാംവണ്ണം പന്തലിടാനും പറ്റാത്ത സ്‌ഥിതിയാണ്‌ സ്‌ഥലമെല്ലാം തെങ്ങുകൾ തലങ്ങും വിലങ്ങും അശാസ്‌ത്രിയതയുടെ പര്യായമായി നിൽക്കുകയാണ്‌. ഏകദേശം അമ്പതുപേരോളമുണ്ട്‌ അവിടെ ഹാജർനില. ചെറുപ്പക്കാർ കിസ പറഞ്ഞിരിക്കുന്നുണ്ട്‌. ഞങ്ങളുടെ സംഘത്തെ ഒട്ടും അവർ ഇന്ന്‌ പ്രതീക്ഷിച്ചിട്ടില്ല എന്ന്‌ ഞാൻ മനസിലാക്കി. നാളെ വധൂഗൃഹത്തിലാണ്‌ ഞങ്ങൾ പോകുന്നത്‌. അതുകൊണ്ട്‌ ഇന്നിവിടെ വന്നുവെന്നുമാത്രം. ഗഫൂറാണ്‌ രംഗപ്രവേശത്തിന്റെ കാരണം അവതരിപ്പിച്ചത്‌.

ഞങ്ങൾക്ക്‌ പന്തലിൽ പ്രത്യേകം ഇരിപ്പടം കിട്ടി. സ്‌ഥലത്തെ ദിവ്യന്മാരണല്ലൊ ഞങ്ങൾ ഞങ്ങളെ കൂടുതലറിയാനും നാട്ടുവിശേഷങ്ങൾ അവരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകി. ഈ സമയമെല്ലാം വീട്ടുകാരനെ പോലെ മുറ്റത്തും പുറത്തെ ഭക്ഷണനിർമ്മാണ സ്‌ഥലത്തും ഗഫൂർ നിറഞ്ഞു നടക്കുകയാണ്‌. ഒപ്പം തന്നെ നാട്ടിലെ വിവാഹരീതികൾ ചിലരോട്‌ പറയാനും ഗഫൂർ മറക്കുന്നുണ്ടായിരുന്നില്ല. ഇതെല്ലാം കണ്ടും കേട്ടും ബാബുവേട്ടനോട്‌ ഹണിചേച്ചി രഹസ്യമായി പറഞ്ഞത്‌ ഞാൻ കേട്ടു… ‘ കള്ളൻ ബിരിയാണിയുടെ മണം പിടിച്ച്‌ പോയിരിക്കയാണ്‌ എന്ന്‌ – അതുകേട്ട്‌ എനിക്കു ചിരിച്ചു വന്നു.

ഇവിടെ കല്ല്യാണത്തിന്‌ രാത്രിയിൽ വരന്റെ വീട്ടിൽ പ്രത്യേക പാർട്ടികളൊന്നുമില്ല. കഴിവുള്ളതനുസരിച്ച്‌ പാട്ടുപാടലൊ, ദോൽപാട്ടോ, ദഫ്‌മുട്ടൊ തുടങ്ങിവയയെല്ലാം ഉണ്ടാകുമത്രെ. എന്നിരുന്നാലും ആളുകൾ തലേദിവസം കാര്യമായി ഉണ്ടാകാറില്ല എന്ന്‌ നവാസ്‌ പറഞ്ഞു. ഞങ്ങളുടെ ആതിഥേയർ ശരാശരിക്കാരായതിനാൽ പാട്ടോ മറ്റിതര പരിപാടികളൊ ഒന്നു മുണ്ടായിരുന്നില്ല.

ഒമ്പതു മണികഴിഞ്ഞപ്പോൾ ഞങ്ങൾക്ക്‌ ഒന്നാംതരം ബിരിയാണി കിട്ടി. ഗഫൂറിന്റെ മുഖം പൂർണചന്ദ്രനെപോലെ തിളങ്ങി. ചിക്കൻ ഫ്രൈയും മട്ടൻകറിയും അച്ചാറും പ്ലേറ്റിൽ നിറഞ്ഞു. ഒപ്പം ടേബിളിനുമുകളിൽ കോക്കോ കോളയും വന്നെത്തി. ആ സമയത്ത്‌ ആറുമുഖന്റെ മുഖം മഴക്കാറ്‌ നിറഞ്ഞ ആകാശവും ഇരമ്പുന്ന കടലിന്റെ ഭാഗത്തിലുമായിരുന്നു. കോളായുൽപ്പന്നങ്ങളെ നാട്ടിൽ നിന്നും ഓടിക്കാൻ അരയും തലയും മുറുക്കി പ്രവർത്തിക്കുന്ന ആറുമുഖൻ വല്ലതും വിളിച്ചു പറയുമൊ എന്നു ഞാൻ ഭയപ്പെട്ടു. അപ്പോഴെക്കും അർഷാദ്‌ കക്ഷിയുടെ കൈയ്യിൽ കയറിപിടിക്കുന്നത്‌ ഞാൻ കണ്ടു. അതുകണ്ട ഞാൻ ശ്രീകൃഷ്‌ണനേയും രുഗ്‌മണിയേയും ഓർത്തുപോകുക തന്നെ ചെയ്‌തു. തുടർന്ന്‌ ആറുമുഖൻ ഏകമുഖനായി നിശ്ശബ്‌ദനായിരുന്നു.

ഏവരും വളരെയധികം ഭക്ഷണം കഴിച്ചു. എന്നാ ഒരാൾ പോലും കൊക്കോ കോളാ കണ്ടതായി നടിച്ചില്ല. വേണ്ടാത്തതുകൊണ്ടല്ല ആറുമുഖനെ നേരിടാൻ വയ്യാത്തതുകൊണ്ടും അസ്വാരസ്യം ഒഴിവാക്കാമല്ലൊയെന്നു കരുതിയുമായിരിന്നു അങ്ങനെ ചെയ്‌തത്‌. അത്താഴം കഴിഞ്ഞ്‌ വിശ്രമിക്കുമ്പോൾ ഞാൻ നവാസിനോട്‌ അന്വേഷിച്ചത്‌ ദ്വീപിലെ വിവാഹത്തെക്കുറിച്ചും ജാതീയതയെപ്പറ്റിയുമാണ്‌. തലമുറകളായി രക്തത്തിൽ അലിഞ്ഞുചേർന്ന വിഭാഗീയതയുടെ ചില ശേഷിപ്പുകൾ നിലനിൽക്കുന്നതായി എനിക്കറിയാൻ കഴിഞ്ഞിരുന്നു.

ദ്വീപിൽ ജ്വല്ലറികളൊന്നും കഴിഞ്ഞ നാലഞ്ചു കൊല്ലംവരെ ഉണ്ടായിരുന്നില്ലത്രെ. എന്നാലിന്ന്‌ ചെറിയ ഒന്നോ രണ്ടോ ജ്വല്ലറികൾ ഉണ്ടെന്ന്‌ നവാസ്‌ പറഞ്ഞു. വിവാഹത്തിന്‌ സ്വർണംകെടുക്കാൻ കൊച്ചിയിലോ കോഴിക്കോടോ പോകുകയാണ്‌ ദ്വീപുകാരുടെ പതിവ്‌. അതുതന്നെ ഇടത്തരക്കാരന്‌ അമ്പതിനായിരമൊ സമ്പന്നന്‌ ഒന്നൊന്നരലക്ഷത്തോളമോ രൂപയുടെ ആഭരണങ്ങളെവേണ്ടൂ. പിന്നെ സ്‌ത്രീധനതുകയാവട്ടെ ഉള്ളവന്‌ ഒരു ലക്ഷമൊ അല്ലാത്തവർക്ക്‌ ആയാലുമില്ലെങ്കിലും ആകുന്നതെന്തൊ അതുമതിയെന്നുമാണ്‌ പറയുന്നത്‌. ഇതെല്ലാം വധുവിന്‌ വരനാണ്‌ നൽകേണ്ടത്‌. വധുവിന്റെ വീട്ടുകാർക്ക്‌ വിവാഹദിനത്തിലെ ഭക്ഷണ ചിലവുമാത്രമെ വേണ്ടതുള്ളൂ.

മക്കത്തായവും മരുമക്കത്തായവും നില നിൽക്കുന്ന ദ്വിപുകളിൽ മരുമക്കത്തായ സമ്പ്രദായത്തിനാണ്‌ അധികം പ്രാധാന്യം. ഇവിടെ വിവാഹം ആണിനും പെണ്ണിനും (വീട്ടുകാർക്ക്‌) ഒരു പ്രശ്‌നമോ ഭാരമോ അല്ല. കരയിലുള്ളവർക്ക്‌ സ്വീകരിക്കാവുന്ന ഒരു മാതൃകയാണിത്‌. ആർഭാടമൊ തൻപോരിമയൊ സൽക്കാരത്തിന്റെ പേരിലുള്ള(റിസപ്‌ഷൻ) ധൂർത്തൊ അകമ്പടിവാഹന ഘോഷയാത്രകളൊ വൈവിദ്യമാർന്ന ഒട്ടനവധി വിഭവങ്ങളൊ ഉള്ള സദ്യയുടെ പെരുപ്പിച്ചുകാട്ടലൊ ഒന്നുമില്ലാത്ത ഒതുങ്ങിയ ചടങ്ങ്‌.

Generated from archived content: laksha16.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here