തോട്ടത്തിൽ പച്ചക്കറികൾ കണ്ടാൽ ആ ചെടികളിൽ അതാതിനങ്ങൾ കെട്ടിതൂക്കേണ്ടിയിരുന്നു. ഈ ‘തോട്ടം’ പരിപാലിക്കാൻ സർക്കാർ വക പണം ചിലവഴിക്കുന്നുവല്ലൊ എന്നറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞുപോയി. എന്റെ നാട്ടിലെ പച്ചക്കറിത്തോട്ടങ്ങളിൽ കാണുന്ന രണ്ടു തൈകളിൽ നിന്നുള്ള കായ്‌ഫലം ഈ ഇരുപതുസെന്റിൽ നിന്ന് കിട്ടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ചുരുക്കത്തിൽ ആ തോട്ടം വസ്‌ത്രമില്ലാതെ ഉണ്ടെന്ന് നടിച്ച് നടക്കുന്ന രാജാവിന് തുല്യമാണ്.
ലക്ഷദ്വീപുകളിൽ നെല്ല്, കോറ, വാഴ, കപ്പ തുടങ്ങിയ വിളകളെല്ലാം കൃഷി ചെയ്യ്‌തിരുന്നുവത്രെ. ഇന്ന് തെങ്ങല്ലാതെ മറ്റൊരു കൃഷിയും കാര്യമായിവിടെയില്ല. അതൊന്നും വിളയുവാൻ പറ്റിയ മണ്ണല്ല ഞാനിവിടെ കണ്ടത്. അതുമാത്രവുമല്ല ഒന്നും കൃഷി ചെയ്യേണ്ട ബാധ്യതയും അവർക്കില്ല. എല്ലാവരേയും തീറ്റിപോറ്റാനാണല്ലൊ കരയിലുള്ളവർ നഷ്‌ടം സഹിച്ചും കാലാവസ്‌ഥയുടെ ചതിയെ തുടർന്ന് ആത്മഹത്യചെയ്‌തും കെട്ടുതാലി പണയം വെച്ചും വിറ്റുമെല്ലാം കൃഷി ചെയ്യുന്നത്. വരും തലമുറയെ വീണ്ടും അടിമകളാക്കാൻ സ്‌കൂൾ വിദ്യാഭ്യാസത്തിൽ കൃഷി ഒരു സംസ്‌കാരമായി കാണാൻ, പഠിപ്പിച്ച് തീരാദുഃഖത്തിൽ (ദുരിതത്തിൽ) ആഴ്‌ത്തുന്നതും ചിലരെയെല്ലാം‘ പുലർത്താനാണല്ലൊ. എല്ലാം സബ്‌സിഡയ്‌സ്‌ഡ് നിരക്കിൽ കിട്ടുന്ന ഭൂമിയിലെ ദൈവദൂതന്മാർക്ക് മേലനങ്ങേണ്ട കാര്യവുമില്ല. വിളനഷ്‌ടം വന്ന് ആർക്കും ആത്മഹത്യ ചെയ്യേണ്ടതുമില്ല. അതെല്ലാം കടത്തിൽ ജനിച്ച് കടത്തിൽ വളർന്ന് കടത്തിൽ മരിക്കേണ്ടുന്ന കർഷകനും അവന്റെ പരമ്പരയ്‌ക്കും സ്വന്തം! ഞാൻ ഒന്ന് രണ്ട് മൂന്ന് എന്ന് പത്തുവരെയെണ്ണി. എന്റെ മനസ് ദേഷ്യഭാവത്തിൽ നിന്നും ശാന്തഭാവത്തിലേക്ക് എത്തി എന്ന തോന്നലുണ്ടായപ്പോൾ ഞാൻ എന്റെ വഴികാട്ടിയോട് ചോദിച്ചു ഈ വെജിറ്റബിൾ ഫാം വന്നിട്ട് എത്രകാലമായിയെന്നും കാര്യമായ വിളവ് എന്തെങ്കിലും കിട്ടിയൊയെന്നും.
ഏതാനും വർഷമായി ഫാം തുടങ്ങിയിട്ടത്രെ. എന്നാണതെന്നൊ എത്ര വിളവ് കിട്ടിയിട്ടുണ്ടാകുമെന്നോ ഒന്നും അയാൾക്കറിഞ്ഞുകൂടാ. ഞാൻ കൂടുതലൊന്നും ചോദിച്ച് അയാളെ ബുദ്ധിമുട്ടിച്ചില്ല. പാവം അയാളെന്തുചെയ്യാൻ. ഞാനെന്തിന് അയാളോട് ദേഷ്യപ്പെടണം.?
ഞങ്ങളിലാർക്കും തന്നെ ഫാം തീരെ പിടിച്ചില്ല. ഒന്നാം കിട ഫാം കണ്ട് കാര്യങ്ങളറിഞ്ഞിട്ടുള്ളവരാണല്ലൊ ഞങ്ങൾ? എങ്കിലും ദ്വീപിലെ കാഴ്‌ചയല്ലെ എന്നു കരുതി ഞാൻ വഴികാട്ടിയോട് നല്ല അഭിപ്രായംതന്നെയാണ് പറഞ്ഞത്. അതുകേട്ട് അയാൾ എനിക്ക് വിവരമില്ല എന്ന് കരുതിയോ ആവോ?
കുറേനേരം അവിടെ ചിലവഴിച്ചശേഷം ഞങ്ങൾ യാത്ര തുടർന്നു. വഴിയിലൊരിടത്ത് സാമാന്യം വലിയ സോളാർ പാനലുകൾ നിറഞ്ഞ ഒരു കെട്ടിടം കണ്ടു. രണ്ടായിരത്തിയഞ്ചിൽ നിർമ്മിതമായത് എന്ന് അവിടെ ബോർഡിൽ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നും ഒരുവിധ ഉപയോഗവും ജനത്തിന് കിട്ടിതുടങ്ങിയിട്ടില്ല എന്നറിയാൻ സാധിച്ചു. സോളാർ എനർജി ശേഖരിക്കുന്ന സ്‌ഥലത്ത് രാത്രി ഒരു ലൈറ്റർ പോലും കത്താറില്ലത്രെ. വൈദ്യൻ പുഴുപിടിച്ചു ചത്തതുപോലെ എന്നല്ലാതെന്തുപറയാൻ. കെട്ടിടം നിൽക്കുന്ന കോമ്പൗണ്ട് സാമാന്യം ഭേദപ്പെട്ട നെറ്റുകൊണ്ടുള്ള വേലിയാൽ സുരക്ഷിതമാക്കിയിട്ടുണ്ട്. കോമ്പൗണ്ട് മുഴുവനും പാഴ്‌ചെടികളാൽ നല്ല പച്ചപ്പൊരുക്കിയിട്ടുണ്ട്. അത് കണ്ണിന് നല്ലൊരു വിരുന്നുതന്നെയായിരുന്നു. (ഇത്രയും ദിവസം ഈ ദ്വീപിൽ കണ്ട നല്ല പച്ചപ്പ് ഇവിടെ മാത്രമാണ്.)
എന്റെ കാഴ്‌ച്ചപ്പാടിൽ സോളാർ പാനലുകൾക്ക് ഊർജ്ജം സംഭരിക്കാൻ വേണ്ടത്ര പ്രകാശം സൂര്യനിൽ നിന്ന് കിട്ടുമെന്ന് തോന്നിയില്ല. കാരണം എവിടെയും (കോബൗണ്ടിലും) തെങ്ങുകളാണ് കുടപിടിച്ചതുപോലെ. പിന്നെ എങ്ങനെ സൗരോർജം സംഭരിക്കാനാണ്? ഇവിടെ ദ്വീപിൽ ആവശ്യത്തിനുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഡീസൽ വൈദ്യുതി നിലയങ്ങളിലൂടെയാണ്. കഴിഞ്ഞദിവസം യാത്ര ചെയ്യുന്നതിനിടക്ക് ഒരിടത്ത് ഡീസൽ വൈദ്യുതി നിലയം പ്രവർത്തിക്കുന്നത് കാണുകയുണ്ടായി. ഇരുപത്തിനാലുമണിക്കൂറും സമൃദ്ധമായ വൈദ്യുതി ലഭിക്കുന്നുണ്ട് എന്ന് എനിക്ക് ദ്വീപുകാരിൽ നിന്നുമറിയാൻ കഴിഞ്ഞു.
നടന്നുകൊണ്ടിരിക്കെ ഞങ്ങൾ കാഴ്‌ചയിൽപ്പെട്ട വീടുകളിലെല്ലാം നോട്ടീസുവിതരണം ചെയ്‌തുകൊണ്ടിരുന്നു. ഇതിന്റെ ഇന്നത്തെ ദൗത്യം ശരിക്കും ഏറ്റെടുത്തത് ഗഫൂറും വിജയകുമാറുമാണ്. സംഘത്തിൽ തനിയെ എന്ന നിലയിലാണ് ഇന്നു രാവിലെ മുതലെയുള്ള എന്റെ നടപ്പും ചിന്തയും. അതെസമയം ഞാൻ ശരീരംകൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്നുതാനും.
ഗഫൂറിനെക്കുറിച്ച് വേണ്ടപോലെ ഒന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു. പതിനഞ്ചുവർഷം ഗൾഫിൽ ജോലി ചെയ്‌ത് (ചായയും ശീതളപാനീയക്കടയും) കാശുണ്ടാക്കിയ കക്ഷിയാണ്. ഇപ്പോൾ നാലു വർഷമായി നാട്ടിൽ തിരിച്ചെത്തിയിട്ട്. നാൽപത്തിമൂന്നുകാരനായ ഗഫൂർ ഇന്നൊരു റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരനാണ്. എനിക്കു മാത്രമല്ല സംഘത്തിലെ എല്ലാവർക്കും ഇദ്ദേഹത്തെ വലിയ കാര്യമാണ്. ജീവിതത്തിൽ പൊറൊട്ട ചാപ്‌സ് ബിരിയാണി സുലൈമാനിയില്ലാത്ത അവസ്‌ഥ അചിന്ത്യമാണ് ഇയാൾക്ക്. ഓരോതവണ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോഴും പഴയ ഓർമ്മയിൽ ഗൾഫ് ഭക്ഷണമായ ’കുബ്ബൂസ്‘ എന്ന് പറഞ്ഞ് പട്ടാളക്കാരൻ വീരസാഹസങ്ങൾ വിവരിക്കുന്ന പോലെ തന്റെ ഭക്ഷണ നിർമിതിയെ കുറിച്ച് ഊറ്റം കൊള്ളാറുണ്ട്.
നല്ലൊരു സരസനായ ഗഫൂറിനെ ഹണിചേച്ചിക്ക് വളരെ പിടിച്ചിട്ടുണ്ട്. ഇടയ്‌ക്കിടക്ക് താനുണ്ടാക്കി അറബികൾക്കു നൽകിയിട്ടുള്ള സ്‌പെഷ്യൽ കൂൾഡ്രിങ്ക്‌സിനെപ്പറ്റി പറയുമ്പോൾ അവരെ പറ്റിച്ചതിനെക്കുറിച്ച് വീരസ്യങ്ങൾ മുഴുക്കുന്നതു കേൾക്കുമ്പോൾ അരസികർപോലും ആർത്തുചിരിച്ചു പോകും.
അഞ്ചുമണിയോടുകൂടി ഞങ്ങൾ കടൽക്കരയിലെത്തി. ദ്വീപായതിനാൽ ഓരോതവണയും കടലിന്റെ ഓരോ കരയാണ് കാണാനായി ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടുതന്നെ കാഴ്‌ചകൾ വ്യത്യസ്‌തങ്ങളുമായിരുന്നു. ഞാനും നളിനാക്ഷനും ബാബുഏട്ടനും ഹണിചേച്ചിയും ഒഴികെയുള്ളവരെല്ലാം തിരിച്ച് റൂമിലേക്ക് പോകുകയുണ്ടായി. അവർ പറഞ്ഞന്യായം കടൽക്കരയെല്ലാം ഒന്നുപോലെയല്ലെ, അതിലെന്താണിത്ര ആസ്വദിക്കാൻ എന്നായിരുന്നു. പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലല്ലൊ എന്നതിനാൽ ഞാനതിന് ഉത്തരമൊന്നും പറയുകയുണ്ടായില്ല.
വെയിൽ തീരെയില്ലാത്ത ഒരു സായാഹ്‌നമാണ്. ഞാനും നളിനാക്ഷനും മണലിലൊരിടത്തിരുന്നു. കുറച്ചകലെയായി ബാബുവേട്ടനും ഹണിചേച്ചിയും. അവരുടെ മക്കൾ അർഷാദിനൊപ്പം തിരിച്ചുപോകുകയുണ്ടായി. വീണുകിട്ടിയ അവസരം അവർ അനുഭവിക്കയായിരുന്നു. ഞാൻ ഒരു നിമിഷം എന്റെ ഭാര്യയെ കുറിച്ചോർത്തു. ഒരു ദിവസം പോലും എന്റെ ഇഷ്‌ടത്തിനൊത്ത് ഭാര്യയായി ജീവിച്ചിട്ടില്ലാത്ത എന്റെ നഷ്‌ടജീവിതം തിരിച്ചു വരാത്ത തികട്ടിവരാത്ത ഒരു മറവിയായി തീരട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു.
കടൽ താരതമ്യേന ശാന്തമായിരുന്നു. ഏകദേശം അരകിലോമീറ്റർ ദൂരെയാണ് ബാബുവേട്ടനും ഭാര്യയും. ഞാൻ എത്രശ്രമിച്ചിട്ടും എന്റെ മനസിനെ ശാന്തമാക്കുവാൻ സാധിച്ചില്ല. ഇന്നു രാവിലെ മുതലെ തുടങ്ങിയതാണ് മനസിന്റെ പിരിമുറുക്കവും അസ്വസ്‌ഥതയും. ചിലപ്പോൾ അങ്ങനെയാണ്. ഒരു കാരണവുമില്ലാതെ മനസ് ക്ഷോഭിക്കും.
തീരം ശാന്തമായിട്ടും അശാന്തിയോടെ തലതല്ലികരയുന്ന കടൽ എന്റെ മനസിൽ നഷ്‌ടകൗമാരയാത്രവനങ്ങളുടെ സ്വപ്‌നങ്ങൾ തികട്ടി വന്നുകൊണ്ടിരുന്നു. ഒരു ഓർമ്മചിത്രം പോലും ആസ്വദിക്കാനാവാതെ വേറൊന്ന് കയറിവരികയാണ്. അടക്കാൻ ശ്രമിക്കുന്തോറും വിഫലമാകുന്ന ഭയനീയാനുഭവം. ഞങ്ങൾ റൂമിലേക്ക് നടക്കുമ്പോൾ ആറുമണികഴിഞ്ഞു. കുറച്ചുദൂരം പിന്നിടുമ്പോഴെക്കും നവാസും വിജയകുമാറും രണ്ടു ബൈക്കുകളിലായി വന്നു. ഞങ്ങൾക്കത് വലിയ അനുഗ്രഹമായിതോന്നി. അവരുടെ കൂടെ ഞങ്ങൾ റൂമിലേക്ക് പോയി. ബാബുവേട്ടനും ചേച്ചിയും നടന്നുവരാമെന്ന് ഏൽക്കുകയും ചെയ്‌തു.
Generated from archived content: laksha15.html Author: m.e.sethumadhavan