ഇന്ന് വെള്ളിയാഴ്‌ചയാണ്. കാലത്ത് ഒമ്പതുമണിക്കുതന്നെ റഷീദ്‌ഖാൻ എത്തി. ഞങ്ങളെ സഹായിക്കാൻ പത്രണ്ടുമണിവരെ കൂടെനിൽക്കാമെന്ന് ഖാൻ ഏറ്റിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒട്ടും സമയം കളയാതെ എല്ലാവരും തയ്യാറായി.
ഞങ്ങൾ നടക്കുന്ന വഴിയുടെ അരികിൽ അവിടവിടെയായി ഒരു മീറ്റർ ഉയരത്തിൽ ഏകദേശം ഇരുപതുമീറ്റർ സമചതുരത്തിൽ പതിനഞ്ചിലധികം കരിങ്കൽ കൂനകൾ കാണുകയുണ്ടായി. ഇവയെന്തിനാണ് ഇങ്ങനെ വെച്ചിരിക്കുന്നത് എന്ന ചിന്ത ഞാൻ ഖാനെ അറിയിച്ചു. അപ്പോഴാണ് അതെല്ലാം വീടുപണിക്ക് അസ്‌തിവാരം കെട്ടാൻ ഉള്ളവയാണെന്നും ആവശ്യക്കാർക്ക് വാങ്ങാൻ വച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞത്. എനിക്ക് അത്ഭുതം തോന്നി. ഒന്നാന്തരം പാറക്കല്ലുകൾ അടിച്ചുപൊളിച്ച് കെട്ടുവാൻ പാകത്തിലാക്കിയ കഷ്‌ണങ്ങൾ. ചിലതെല്ലാം ചിന്തേരിട്ടുവച്ചതു പോലെയുണ്ട്. ഞാൻ എന്റെ സംശയനിവൃത്തിക്കായി ഖാനോട് നിർമ്മിതിക്കാവശ്യമായ മണലിന്റേയും സിമന്റിന്റേയും തുടങ്ങി എല്ലാത്തരം വസ്‌തുക്കളുടേയും ലഭ്യത ആരാഞ്ഞു. നിർമ്മിതിക്കാവശ്യമായ സകലസാധനങ്ങളും മംഗലാപുരത്തുനിന്നുമാണ് വരുന്നതത്രെ. സിമന്റു ചാക്കുകളിൽ ഏകദേശം മുക്കാൽഭാഗം നിറച്ചിട്ടുള്ള മണലിന് എഴുപത്തഞ്ചു രൂപയാണ് ചാക്കൊന്നിന് വില. ഇതുപോലെ ഓരോന്നിന്റേയും വില റഷീദ് പറഞ്ഞുകേട്ടപ്പോൾ എനിക്ക് തലകറങ്ങിപോയി. ഇങ്ങനെയെല്ലാമായിട്ടും പെരുത്ത വിലക്കും സാധനങ്ങൾ കിട്ടാതെ ജനം വലയുകയാണത്രെ!
കൈയ്യിൽ റാന്തൽ ഉണ്ടായിട്ടും തീ തേടുന്നവരെ പോലെയൊ വെള്ളമൊഴുകുന്ന നദിക്കരയിലിരുന്ന് കുടിവെള്ളത്തിന് കിണർ കുഴിക്കുന്നവരെ പോലെയൊ ഉള്ളവന്റെ കഥയാണ് ഞാൻ ഓർത്തത്. എണ്ണിയാലൊടുങ്ങാത്ത തെങ്ങുകളുള്ള നാട്ടിൽ മൂത്തുകാതലുള്ള കായ്‌ഫലമില്ലാത്ത തെങ്ങുകൾ വെട്ടിയാൽ എത്രയെത്ര മനോഹര ഭവനങ്ങളാണ് ഓലമേഞ്ഞ് പരിസ്‌ഥിതി സൗഹൃദമായി നിർമ്മിക്കാൻ കഴിയുകയെന്നോ! അല്ലെങ്കിൽ കാലത്തെ അതിജീവിക്കാവുന്ന താരതമ്യേന ചിലവുകുറഞ്ഞ ഓടിട്ട വീടുകൾ ഉണ്ടാക്കാം! എന്നിട്ടും നാമെന്തെ ചിന്തയിൽ അടിമകളാകുന്നു. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് സർക്കാരുകളുടെ ഭാഗത്തുനിന്നുള്ള നയപരമായ പാളിച്ചകളാണ് ഇതിന് കാരണമെന്നാണ്. എല്ലാം തകർന്നിട്ട് ഉണർന്നിട്ടെന്തുകാര്യം? പുഴമണൽ ഖനനം ചെയ്‌തു ഇല്ലാതായശേഷം അതിനെ നിരോധിക്കുന്ന നിയമം കൊണ്ടെന്തുഫലം?
ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകൾ കണക്കിലെടുത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ ജനങ്ങളുടെ പൊങ്ങച്ച ചിലവുകൾ കുറയ്‌ക്കാനും സാമഗ്രികളുടെ വില നിയന്ത്രിക്കാനും കഴിയുമായിരുന്നു. ഇക്കാര്യത്തിൽ ഒരു യൂണിഫോമിറ്റി നടപ്പാക്കിയിരുന്നെങ്കിൽ മദമാത്സര്യങ്ങൾ ഇല്ലാതാക്കാമായിരുന്നു.
ഞങ്ങളുടെ സംഘം അതിന്റെ പ്രചരണ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരുന്നു. ഞാൻ പലതും ആലോചിച്ച് അവരുടെ കൂടെ ഒരു യന്ത്രം കണക്കെ നടക്കുകയുണ്ടായി. ഒരു പള്ളിയുടെ മുൻപിൽ എത്തിയപ്പോൾ ഖാൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അത് ലക്ഷദ്വീപ് സമൂഹങ്ങളിൽ ആദ്യം ഉണ്ടായ പള്ളിയത്രെ! ഹിജ്‌റ 48 മുഹമ്മദ് നബിയാൽ തൃപ്‌തനാക്കപ്പെട്ട ഉബൈദ്(റ) എത്തി പ്രവചനം നടത്തിയയിടത്ത് പണികഴിപ്പിച്ച പള്ളിയാണതെന്ന് ഖാൻ പറഞ്ഞു. അതു ശരിവെയ്‌ക്കുംപോലെ ചില ശിലാലിഖിതങ്ങളും പൊട്ടിപൊളിഞ്ഞ് കിടക്കുന്നുണ്ട്. പള്ളിയുടെ ഏറിയപങ്ക് സ്‌ഥലവും പലപ്പോഴായി പണിതതാണ്. ഇപ്പോഴും നിർമ്മാണം മേൽക്കുമേൽ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ അതിന്നകത്ത് ആയിരത്തഞ്ഞൂറിൽപരം ആളെകൊള്ളുമെന്ന് എനിക്കുതോന്നി. കോമ്പൗണ്ടിൽ ഉള്ള കുളം വളരെ മോടിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഞാൻ ഈ ദ്വീപിൽ എത്ര പള്ളികളുണ്ട് എന്ന് ഖാനോട് ആദരവോടെ ചോദിച്ചു. അതിനുമറുപടിയായി മുപ്പത്തിരണ്ടു പള്ളികളുണ്ട് എന്ന കൃത്യമായ കണക്കാണ് എനിക്ക് കിട്ടിയത്. കേവലം നാലായിരത്തഞ്ഞൂറിൽ താഴെ ജനവാസമുള്ള ദ്വീപിൽ മുപ്പത്തിരണ്ടു പള്ളികൾ! ഞാൻ അത്ഭുതപ്പെട്ടു.
ഏതൊരു ശരാശരിക്കാരനും (വിഡ്‌ഢിക്കും) ചെയ്യാവുന്ന ജോലിക്ക് അഞ്ചക്കശമ്പളവും സകല നിത്യോപയോഗ സാധനങ്ങളും സബ്‌സിഡി നിരക്കിലും ലഭിക്കുമ്പോൾ സമ്പാദ്യം ചിലവഴിക്കാൻ ഭൂമിയെ കോൺക്രീറ്റുകാടുകളാക്കാതെ എന്തുചെയ്യും? പാവങ്ങളെ, ചേരികളിലെ ദരിദ്ര്യപരിഷകളെ, മഹാനഗരങ്ങളിൽ റോഡരികുകളിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി നരകയാതനയനുഭവിച്ച് ഭിക്ഷാടനവും ശരീരം വിൽക്കേണ്ടിവരുന്നവരെ, നിങ്ങളെ യഥാർത്ഥ ദൈവങ്ങൾപോലും കൈവിട്ടിരിക്കുന്നു. നിങ്ങളുടെ ജനനം ഈ ദീപസമൂഹങ്ങളിലായിരുന്നെങ്കിൽ…….! ഓർത്തുപോകും ആരും.
പള്ളിയുടെ മുഖമണ്ഡപത്തിൽ മരത്തിൽ എന്തെല്ലാമൊ എഴുതിയിട്ടുണ്ട് – ആയത് വട്ടെഴുത്തു ലിപിയിലായിരുന്നതിനാൽ ഒന്നും തന്നെ വായിക്കാൻ കഴിഞ്ഞില്ല. സമയം ഏകദേശം പന്ത്രണ്ടുമണിയോടടുത്തപ്പോൾ ഞങ്ങളെ യാത്രയാക്കി ഖാൻ അവിടെയിരുന്നു. വെള്ളിയാഴ്‌ചയാണല്ലൊ, ഉച്ചനമസ്‌ക്കാരത്തിന് ആളുകൾ വരാറായിയത്രെ.
ഉച്ചയൂണിന് ഹോട്ടലിൽ എത്തുമ്പോൾ ഭക്ഷണം തയ്യാറായിരുന്നില്ല. ഞങ്ങൾ പുറത്തെ കൾവർട്ടിലും എഴുപത്തഞ്ചു രൂപ വിലയുള്ള മണൽ ചാക്കുകളിലും ഇരുന്നു. ഇന്ന് കാര്യമായ നോട്ടീസ് വിതരണം നടന്നില്ല. ഇനിയൊട്ട് ഇന്ന് നടക്കുകയുമില്ല. വൈകുന്നേരം കല്ല്യാണ വീട്ടിലൊന്ന് പോകാനാണ് നിശ്ചയം. വധുവിന്റെ വീട്ടിൽ ഇന്നും വരന്റെ വീട്ടിൽ നാളെയും പോകണം.
ഊണ് തയ്യാറായപ്പോൾ കടക്കാരൻ ഞങ്ങളെ വിളിച്ചു. സപ്ലൈക്കാരൻ എത്താത്തതിനാൽ ഞങ്ങൾ തന്നെ വിളമ്പി. സ്‌ഥിരം കസ്‌റ്റമേഴ്‌സ് വരാറാകുന്നതേയുള്ളൂ. ആദ്യത്തെ ഊണ് പണം കൊടുക്കാതെ കഴിക്കുന്നതിൽ എനിക്ക് മാനസിക വിഷമം തോന്നി. ഞങ്ങൾ എത്ര ദിവസം ഇരുന്നാലും ഭക്ഷണത്തിനു മാത്രമല്ല ഹോട്ടലിൽ നിന്ന് എന്തുകഴിച്ചാലും പണം കൊടുക്കേണ്ടതില്ലല്ലൊ. ഖാന്റെ അടുത്ത അതിഥികളാണല്ലൊ ഞങ്ങൾ.
ഊണ് കഴിഞ്ഞ് കുറച്ചുപേർ റൂമിലേക്കും മറ്റുകുറച്ചുപേർ അടുത്ത സ്‌ഥലത്തുള്ള ഒരു പച്ചക്കറികൃഷിതോട്ടം കാണുവാനും പോയി. നട്ടുച്ചനേരമാണെങ്കിലും തെങ്ങിൻ തോപ്പുകളായതിനാൽ അല്‌പംപോലും ചൂടുണ്ടായിരുന്നില്ല. സ്‌ഥലത്തുള്ളൊരാൾ ഞങ്ങൾക്ക് വഴികാട്ടുവാൻ കൂടെയുണ്ടായിരുന്നു.
പത്തുമിനിറ്റിനകം ഞങ്ങൾ പച്ചക്കറിത്തോട്ടത്തിലെത്തി. അവിടത്തെ കാഴ്‌ചകൾ അതിദയനീയമായിരുന്നു. പാറപ്പുറത്തെ പുല്ലുപോലെ ഊശാംതാടിപോലെ ഇരുപത്‌സെന്റ് സ്‌ഥലത്ത് ഉണ്ടവഴുതനയും, പാവലും, പയറും, മത്തനും ജീവനില്ലാതെ നില്‌ക്കുന്നു! സർക്കാർ ഫാമാണത്രെയത്. അവിടവിടെ ചെറിയ പാറകളും കാക്കപൊന്നടങ്ങിയ മണ്ണ് പേരിനു മാത്രമുള്ള മണലുമടങ്ങിയതാണ് നിലം. അരക്ക് ആഴം വരുന്ന അഞ്ച് സ്‌ക്വയർ മീറ്റർ വലിപ്പമുള്ള ഒരു കുഴിയുമുണ്ടവിടെ. കുഴിയിൽ രണ്ടുവിരൽ വണ്ണമുള്ള അരയടിയോളം നീളം വരുന്ന മത്സ്യങ്ങൾ നീന്തിക്കളിക്കുന്നു. വാൽമാക്രികളും അതിൽ പുളയുന്നുണ്ട്.
Generated from archived content: laksha14.html Author: m.e.sethumadhavan