ഒടുവിൽ ഞങ്ങളുടെ സഹായത്തിന് നവാസ് തന്നെയെത്തി. ഓരോ ദ്വീപ് പലഹാരങ്ങളേയും പരിചയപ്പെടുത്തി അവ ഞങ്ങൾക്കുതന്നു കൊണ്ടിരിക്കയും ഞങ്ങൾ തിന്നുകൊണ്ടിരിക്കയും ചെയ്‌തു. കാഴ്‌ചപോലെ സുന്ദരവും രുചികരുമായിരുന്നു ഓരോയിനവും. ഞങ്ങളുടെ വിസ്‌മയം കണ്ടുകൊണ്ട് നവാസിന്റെ അടുത്ത് അയാളുടെ ഭാര്യയുമുണ്ട്. അവരുടെ കണ്ണുകളിൽ തിളക്കവും ചാഞ്ചല്യവും നാണവും കളിയാടുന്നുണ്ട്. തികച്ചും സുന്ദരി തന്നെയായിരുന്നു അവർ. (മിത്രത്തിന്റെ ഭാര്യയായതിനാൽ കൂടിയ വർണ്ണന അരുതല്ലൊ?) അതേസമയം സ്യമന്തകം സൂക്ഷിക്കാൻ സത്രജിത്തിനുണ്ടായ ബുദ്ധിമുട്ട് ഇങ്ങ് കരയിലാണെങ്കിൽ (കേരളത്തിൽ) നവാസിന് ഉണ്ടാകുമെന്നും ഞാൻ കണക്കാക്കി. നവാസിന്റ സൗഭാഗ്യം കണ്ടപ്പോൾ ഞാൻ മറ്റൊന്നുകൂടി മനസ്സിലോർത്തു ‘അമ്മായിയച്ഛന് പണമുണ്ടെങ്കിൽ സംബന്ധം പരമാനന്ദം’ എന്ന് എന്റെ സുഹൃത്ത് കൃഷ്‌ണൻകുട്ടി എന്നും പറയുമായിരുന്നു.
ഞങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്ന സൽക്കാരത്തിന്റെ വ്യാപ്‌തികണ്ട് ഒരു സമ്മാനവും നൽകാതെ തിരിച്ചുപോരാൻ എന്റെ മനസ് അനുവദിച്ചില്ല. ഗിഫ്‌റ്റുഷോപ്പുകൾ ഇല്ലെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ അപൂർവശേഖരത്തിൽ ഒന്നായ ഒരു സ്‌ഫടികമാല കരുതിയിരുന്നു. (എവിടെ യാത്രക്കുപോകുമ്പോഴും ഞാൻ എന്തെങ്കിലും അമൂല്യസാധനങ്ങൾ കരുതുമായിരുന്നു. ഒത്താൽ സ്‌നേഹസമ്മാനമായി ആർക്കെങ്കിലും നൽകാമല്ലൊ) ഞാൻ എന്റെ തുണിസഞ്ചിതുറന്ന് ആ സ്‌ഫടികമാല നവാസിന് ഞങ്ങളുടെ സമ്മാനമായി നൽകി. ഹിമാലയത്തിൽ പതിമൂന്നായിരം അടി ഉയരത്തിൽ സ്‌ഥിതിചെയ്യുന്ന ബദരിനാഥിലെ ഗവഃസ്‌റ്റോറിൽ നിന്നും 2005-ൽ നാനൂറു രൂപക്ക് വാങ്ങിയ അസ്സൽ ഹിമസ്‌ഫടിക മാലയാണെന്നും ആയത് ധരിച്ചാൽ ശരീരത്തിന് കുളിർമകിട്ടുമെന്നും ഞാൻ പറഞ്ഞപ്പോൾ നവാസിനും ഭാര്യയ്‌ക്കും അത്യധികം സന്തോഷം തോന്നി. ഹിമാലയം ചിത്രത്തിലും പുസ്‌തകത്തിലും ടി.വി.യുമെല്ലാം കണ്ടിട്ടുള്ളതല്ലാതെ അവിടത്തെ ഒരു വസ്‌തുവും അവരുടെ കൈകളിലോ വീട്ടിലോ ഇല്ലല്ലൊ. ആ സ്‌ഫടികമാലയെ അവർ സാകുതം നോക്കുകയും അമൂല്യങ്ങളായ ശേഖരത്തിൽപെടുത്തി ഷോക്കേസിൽ വെക്കുകയും ചെയ്‌തപ്പോൾ എനിക്ക് അഭിമാനം തോന്നി.
നാലരകഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി. എന്റെ കൂട്ടുകാർക്ക് കടൽക്കരയിലൂടെ നടക്കണമെന്നും പാറക്കെട്ടുകൾക്കിടയിലെവിടെയെങ്കിലും ചിതറികിടക്കുന്ന പവിഴപ്പുറ്റുകളുടെ കഷ്‌ണങ്ങൾ പെറുക്കണമെന്നും ഉണ്ടായിരുന്നു. അതുകൊണ്ട് നവാസിനൊപ്പം ഞങ്ങൾ കടൽക്കരയിലേക്ക് നടന്നു.
നടക്കുന്നതിനിടക്ക് ഒരിടത്തെത്തിയപ്പോൾ നവാസ് പറഞ്ഞു ‘ഇതാണ് ഞങ്ങളുടെ കാട്’. ഞാൻ കാട് കാണാൻ എങ്ങും തിരഞ്ഞു. നവാസ് എന്നെ പിടിച്ചുകൊണ്ട് വീണ്ടും പറഞ്ഞു. ‘ഇതാണ് സാറെ ഇവിടത്തെ കാട്’ എനിക്ക് ചിരി വന്നു എന്നു പറഞ്ഞാൽ മതിയല്ലൊ. വഴിയിൽ നിന്നും മൂന്നു മീറ്റർ ഉയരത്തിൽ ഇരുപതു സെന്റോളം സ്‌ഥലത്ത് അങ്ങിങ്ങായി പാഴ്‌ച്ചെടികളും നാലഞ്ചു മുപ്പതിഞ്ചുവണ്ണം വരുന്ന പതിനഞ്ചുമീറ്ററിലധികം ഉയരമുള്ള മരങ്ങളും വളർന്നുനില്‌ക്കുന്ന സ്‌ഥലത്തെ ചൂണ്ടിയാണ് നവാസ് ‘കാട്’ എന്നു പറഞ്ഞത്.
ഞാൻ ആറുമുഖനൊടൊപ്പം, ആനയും പുലിയും തുടങ്ങി വന്യമൃഗങ്ങളുടെ കളിയരങ്ങുകളായ ഘോരവനങ്ങളിലൂടെ ട്രക്കുചെയ്‌ത അനുഭവങ്ങൾ ഓർത്തുപോയി. അടുത്തനിമിഷംതന്നെ ഇത് ദ്വീപാണല്ലൊ എന്ന യാഥാർത്ഥ്യത്തിലേക്ക് ഞാൻ തിരിച്ചുവന്നു.
അഞ്ചുമണി കഴിഞ്ഞിരുന്നു ഞങ്ങൾ കടൽക്കരയിലെത്തുമ്പോൾ.
തീരം സാമാന്യം മണൽ നിറഞ്ഞതായിരുന്നു. ഉരുളൻകല്ലുകൾ ചെറിയ ബണ്ടുകണക്കെ ഉയർന്നു കിടക്കുന്നിടവും ഒരു ഭാഗത്തുണ്ടായിരുന്നു.
തിരകൾ തീരത്ത്‌കൊണ്ട് ‘ഒതുക്കി’യവയായിരുന്നു ആ കല്ലുകൾ. ഭംഗിയില്ലാത്ത പവിഴപ്പുറ്റുകളുടെ അവശിഷ്‌ടങ്ങൾ അവയ്‌ക്കിടയിൽ കിടക്കുന്നുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്‌ചയായിരുന്നു അവിടെ ഒരാൾ ചൂണ്ടയിട്ട് പിടിച്ച് കൂടയിലാക്കിയ മത്സ്യങ്ങൾ. പൂർണ്ണമായും സപ്‌തവർണങ്ങൾ നിറഞ്ഞ ചില മനോഹര മത്സ്യങ്ങൾ അതിലുണ്ടായിരുന്നു. നീലയും ചുവപ്പും മഞ്ഞയും റോസും ഇടകലർന്ന മത്സ്യങ്ങൾ. അവയെ പിടിച്ചത് തിന്നാനാണല്ലോ എന്ന കാര്യം എന്നെ വേദനിപ്പിച്ചു. നിറക്കൂട്ടുകളോടുകൂടിയുളള മത്സ്യങ്ങളെ കണ്ടപ്പോഴുണ്ടായ എന്റെയും കൂട്ടുകാരുടെയും കൗതുകം ചെറുതായിരുന്നില്ല. അവയെല്ലാം ഇവിടത്തെ ലഗൂൺ മത്സ്യങ്ങളാണെന്ന് ചൂണ്ടയിടുന്നയാൾ പറഞ്ഞു. ഇതിനെക്കാളും മനോഹരങ്ങളായ ഇനങ്ങൾ ധാരാളമായിട്ടുള്ള സ്‌ഥലമാണത്രെ ഈ ദ്വീപിന് ചുറ്റുമുള്ള ലഗൂണുകൾ എന്നാണ് മീൻപിടുത്തക്കാരന്റേയും നവാസിന്റെയും സാക്ഷ്യപ്പെടുത്തൽ. ഈ മത്സ്യങ്ങളെല്ലാം അക്വേറിയത്തിലെ താമസക്കാരെക്കാൾ സുന്ദരന്മാരായിരുന്നു, എന്നുമാത്രമല്ല എന്റെ യാത്രകളിലെ കാഴ്‌ചകളിൽ അപൂർവങ്ങളിൽ അപൂർവവുമായിരുന്നു. ലക്ഷദ്വീപിന്റെ സംസ്‌ഥാന മത്സ്യം ‘ഫക്കികദിയ’യാണെന്നും ഈയവസരത്തിൽ നവാസ് പറഞ്ഞുതന്നു.
പിന്നീട് ഞങ്ങൾ മണൽ പരപ്പിലൂടെ നടന്നു. മൂർച്ചയേറിയ കറുത്ത ചെറിയ പാറകൂട്ടങ്ങളിൽ തിരകൾ ശക്തിയോടെ വന്നടിക്കുന്നുണ്ട്. അസ്‌തമയമായതുകൊണ്ടാണ് തിരകൾക്ക് ഇത്ര കരുത്ത് എന്ന് ഞാൻ ഓർത്തു. തിരകൾ തീരങ്ങളിൽ കൊണ്ടിട്ടുള്ള നല്ല വെളുത്ത പവിഴപ്പുറ്റുകളുടെ വിവിധരൂപത്തിലുള്ള കഷ്‌ണങ്ങളെ ഞാൻ പെറുക്കി. കുട്ടികൾക്ക് സമ്മാനിക്കാൻ പറ്റിയ ചിലവില്ലാത്ത ഇനങ്ങളും കരയിൽ (നാട്ടിൽ) അപൂർവവസ്‌തുക്കളുമാണല്ലൊ അവ.
ഞാൻ ശേഖരിച്ച പവിഴപ്പുറ്റുകളുടെ കൂമ്പാരത്തിൽ നിന്നും ഏറ്റവും നല്ലതും മനോഹരവും ആകർഷകവുമായവ പെറുക്കി സഞ്ചിയിൽ വെയ്‌ക്കുന്ന സമയത്താണ് ബാബുവേട്ടന്റെ മന്തൻചെക്കൻ ഓടിവന്ന് എന്നോട് ‘എന്താണ് പവിഴപ്പുറ്റുകൾ’ എന്നാലെന്ന് ചോദിച്ചത്. ഒരു നല്ല ചോദ്യം തന്നെയായിരുന്നു അത്. ഒട്ടുമിക്കപേർക്കും അവ്യക്തമായ ഒരു ധാരണയെ പവിഴപ്പുറ്റുകളെകുറിച്ചുള്ളൂ.
പവിഴം, ചൂടുള്ള കടൽജലത്തിൽ വളരുന്ന നട്ടെല്ലില്ലാത്ത ജീവികളാണ്. ഇവയുടെ കട്ടിയേറിയ പുറന്തോടാണ് അനവധി വർഷങ്ങളായി അടിഞ്ഞുകൂടി പവിഴപ്പുറ്റുകളായിമാറുന്നത്. പലജാതി വിഭവങ്ങളുണ്ട്. മൃദുലശരീരികളും കട്ടിയേറിയ പുറംതോടുള്ളവയുമാണ് പ്രധാനം. ഇവയിൽ കട്ടിയേറിയ പുറന്തോടുള്ള പവിഴങ്ങളുടെ തോടാണ് പവിഴപ്പുറ്റുകളുടെ ഉത്ഭവത്തിന് കാരണമാകുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ പവിഴപ്പുറ്റുകളുടെ വൻശേഖരം തന്നെയുണ്ട്.
എന്റെ ഉത്തരം മന്തന് കുറച്ച് ആശ്വാസം നൽകി. കേട്ടപാടെ അവൻ അച്ഛന്റെ അടുക്കലേക്ക് മണലിനെ ചവിട്ടിയരച്ച് ഓടിപോയി. ഞാൻ അവശേഷിച്ച കഷ്‌ണങ്ങളും സഞ്ചിയിലാക്കി മണൽ കാറ്റും പിടിച്ച് ഇരുന്നു.
തെളിഞ്ഞ ആകാശത്ത് വർണ്ണവിസ്‌മയങ്ങൾ തീർത്ത് പതിവുപോലെ സൂര്യൻ ആറരയോടെ മറഞ്ഞു. നല്ലൊരു സായാഹ്നം അനുഭവിച്ച ആത്മനിർവൃതിയോടെ ഞങ്ങൾ തിരിച്ചുനടന്നു.
Generated from archived content: laksha13.html Author: m.e.sethumadhavan
Click this button or press Ctrl+G to toggle between Malayalam and English