ടീ പാർട്ടിയും ലഗൂൺ മത്സ്യങ്ങളും

യോഗങ്ങൾ വിചാരിച്ചത്ര ഗുണം ചെയ്‌തില്ല എന്ന തോന്നലിൽ നിന്നും നാലുപേരടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായി വീടുവീടാന്തിരം നോട്ടീസ്‌ പ്രചരണ പരിപാടിക്ക്‌ സംഘം തീരുമാനമെടുത്തു. ഇന്ന്‌ അതിനായി ഇറങ്ങാൻ നിൽക്കുമ്പോളാണ്‌ റഷീദ്‌ഖാൻ നവാസുമൊത്ത്‌ എത്തിയത്‌. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങളറിയലായിരുന്നു ഖാന്റെ പ്രധാനലക്ഷ്യം. ആയത്‌ അറിയിച്ചു കഴിഞ്ഞപ്പോഴാണ്‌ എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട്‌ നവാസിന്റെ പ്രഖ്യാപനമുണ്ടായത്‌. ഇന്ന്‌ നാലുമണിക്കുള്ള ചായസൽക്കാരം നവാസിന്റെ വകയാണെന്നതായിരുന്നു അത്‌. കക്ഷിയുടെ നിക്കാഹ്‌ കഴിഞ്ഞതിന്റെ (ഇരുപത്‌ ദിവസം മുമ്പ്‌) വക ഒരു സൽക്കാരം. ഞങ്ങളേവരേയും ക്ഷണിച്ച്‌ മൂന്നരമണിക്കുമുമ്പ്‌ വിളിക്കാനെത്താമെന്നും പറഞ്ഞ്‌ നവാസ്‌ പോയി.

സംഘങ്ങളായിതിരിഞ്ഞ ഞങ്ങൾ നോട്ടീസ്‌ വിതരണത്തിന്‌ തയ്യാറായി ഇറങ്ങി. ആറുമുഖന്റെ വക സ്വന്തം ഉൽപ്പന്നമായ ഹാപ്പിഹെർബൽ ആയുർവേദസോപ്പിന്റെ സാംപിൾ പീസുകളുമുണ്ട്‌. ഒരു ഗ്രൂപ്പിന്റെ നേതൃത്വം ആറുമുഖനും മറ്റൊന്നിന്റേത്‌ അർഷാദുമായിരുന്നു. അർഷാദും സോപ്പുകൾ കൈയ്യിൽ സൂക്ഷിച്ചിട്ടുണ്ട്‌. ഞാൻ ആറുമുഖനോടൊപ്പമാണ്‌ നടന്നത്‌. വീടുകളിലോരോന്നിലും ഓരോ നോട്ടീസും ഓരോ സോപ്പും കൊടുക്കുകയും പരിസ്‌ഥിതി സൗഹൃദവസ്‌തുക്കൾ ഉപയോഗിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്‌ത്‌ ഞങ്ങൾ മുന്നേറി.

പലർക്കും ഞങ്ങളുടെ പ്രചരണം അത്ഭുതമായി തോന്നി. ഒരുവിധഗുണവും ഞങ്ങൾക്കില്ലാത്ത കാര്യത്തിന്‌ ഇത്രയും ആത്മാർത്ഥത എന്തിന്‌ എന്ന ഭാവമായിരുന്നു പലർക്കും. നിസ്സഹകരണക്കാർ ആരുമുണ്ടായിരുന്നില്ല, ഒരിടത്തും. ചിലരെല്ലാം കരിക്കിൻവെള്ളം നൽകി ഞങ്ങളെ സ്വീകരിച്ചു. മറ്റുചിലർ നിറഞ്ഞ സൗഹൃദം പങ്കുവെച്ചു. ഇങ്ങനെ മുന്നേറുമ്പോളായിരുന്നു ഒരിടത്തുനിന്ന്‌ ഞങ്ങൾക്ക്‌ മനം കുളിർത്ത അനുഭവമുണ്ടായത്‌. മറ്റെന്നാൾ ആ വീട്ടിലെ പയ്യന്‌ വിവാഹമാണെന്നും ആയതിന്‌ പ്രത്യേക അതിഥികളായി എത്തണമെന്നുമായിരുന്നു അവർ ഞങ്ങളോട്‌ ആവശ്യപ്പെട്ടത്‌. നിറഞ്ഞ മനസാലെ ഞങ്ങൾ ക്ഷണം സ്വീകരിച്ചു. പിന്നേയും പ്രചാരണം തുടർന്നു.

ഉച്ചക്ക്‌ ഒരു മണിയോടെ ഞങ്ങളുടെ രണ്ടു സംഘങ്ങളും ഹോട്ടലിൽ ഒത്തുകൂടി. കൂടുതൽ വിശേഷങ്ങൾ റൂമിൽ ചെന്ന്‌ പറയാമെന്നുവെച്ച്‌ ഭക്ഷണം കഴിച്ചു. വിളമ്പുന്നതിന്‌ ഹണിചേച്ചിയും മകളും കടക്കാരനെ സഹായിച്ചു. കടയിലെ (ഉച്ചനേരത്തെ) സ്‌ഥിരം വിളമ്പുകാരൻ എത്തുന്നതേയുള്ളൂ. അയാൾ അവിടത്തെ ലെയ്‌റ്റർ ആയിരുന്നില്ല. കോഴിക്കോട്ടുകാരൻ ആശാരിയാണ്‌. രാവിലെ, ഉച്ചക്ക്‌, വൈകുന്നേരങ്ങളിൽ ഹോട്ടലിൽ സഹായിക്കുക മാത്രമാണ്‌ അയാളുടെ പണി. മറ്റുസമയത്ത്‌ ആശാരിപ്പണിയും ചെയ്യും. ഞങ്ങൾ ഇന്ന്‌ നേരത്തെ എത്തുകയാൽ ആണ്‌ കടക്കാരനെ സഹായിക്കേണ്ടിവന്നത്‌. പണിമാറി അയാൾ എത്തുന്നതെയുണ്ടായിരുന്നുള്ളൂ.

പതിവിലുമധികം ഭക്ഷണം ഞാൻ കഴിച്ചു. കാരണം, ആ കോഴിക്കോട്ടുകാരൻ ഇല്ലാത്തതുതന്നെ. അയാൾ എപ്പോഴും ചുമയ്‌ക്കുന്ന സ്വഭാവക്കാരനായിരുന്നു. എനിക്ക്‌ അതുകാണുമ്പോഴെ ഛർദ്ദിക്കാൻ വരുമായിരുന്നു.

ഞങ്ങൾ ഊണുകഴിഞ്ഞ്‌ റൂമിലേക്ക്‌ നടന്നു. നവാസിന്‌ എന്തെങ്കിലും സമ്മാനംകൊടുക്കണമെന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയെങ്കിലും അടുത്തൊന്നും നല്ല ഗിഫ്‌റ്റുഷോപ്പുകളില്ലായിരുന്നു. (ഗിഫ്‌റ്റ്‌ ഐറ്റംസ്‌ വ്യാപാരം നടക്കേണ്ടുന്ന സ്‌ഥലമല്ലായിരുന്നു അവിടം) സൽക്കാരത്തിന്‌ വെറും കൈയ്യോടെ പോകുകയല്ലാതെ മറ്റൊരു വഴിയും തെളിഞ്ഞു വന്നില്ല. മാത്രമല്ല; മറ്റാർക്കും ഗൗരവമായ വിചാരവുമുണ്ടായിരുന്നില്ല.

താമസസ്‌ഥലത്തെത്തിയതോടെ നോട്ടീസ്‌ വിതരണത്തിന്റെ അനുഭവകഥകൾ കൈമാറാനായിരുന്നു തിടുക്കം. രണ്ടാമത്തെ സംഘത്തിനും കാര്യമായ ദുരനുഭവങ്ങളൊന്നും ഉണ്ടായില്ലത്രെ. അവർക്കും വധുവിന്റെ വീട്ടുകാരുടെ വക ക്ഷണമുണ്ടായി എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അങ്ങനെ കല്ല്യാണത്തിന്‌ (നിക്കാഹ്‌) കിട്ടിയക്ഷണം ഒന്നനുഭവിക്കാൻ ഞങ്ങൾ തീർച്ചപ്പെടുത്തി.

മൂന്നരയാകുമ്പേഴേക്കും നവാസ്‌ ഞങ്ങളെ കൂട്ടികൊണ്ടുപോകാനെത്തി. അതിനകം എല്ലാവരും ഒരുങ്ങിയിരുന്നു. ഒട്ടും നേരം കളയാതെ ഞങ്ങൾ നടന്നു. നവാസിന്റെ വധൂഗൃഹത്തിലാണ്‌ സൽക്കാരം. അവിടെ നവാസും ഭാര്യയും ഭാര്യയുടെ അമ്മയും മാത്രമെ ഉള്ളൂ. കഴിഞ്ഞയാഴ്‌ചയാണത്രെ ഭാര്യയുടെ അച്ഛനും അമ്മയും എല്ലാം മിനിക്കോയിലേക്ക്‌ പോയത്‌. അവിടെ സ്‌കൂളിൽ മാഷും ടീച്ചറുമാണത്രെ അവർ.

വലിയ ഒരു രണ്ടുനിലവീടായിരുന്നു അത്‌. കൊച്ചിയിലെ ഒരാധുനികഭവനത്തിനുള്ള സകലസൗകര്യങ്ങളും അതിനുണ്ട്‌. ഡ്രോയിംഗ്‌റൂം ഗ്രാനേറ്റ്‌ പതിച്ചതും ഒരുവശത്തെ ചുമർമുഴുവനും ഷോക്കേസ്‌ പിടിപ്പിച്ചതുമാണ്‌. ഷോക്കേസ്‌ അത്യധികം അലംകൃതമായിരുന്നു. വിവിധങ്ങളായതും വിദേശനിർമ്മിതങ്ങളുമായ അപൂർവവസ്‌തുക്കളാൽ മനോഹരമായി ഒരുക്കിവെച്ച്‌ അലങ്കരിച്ചിട്ടുള്ള ഷോക്കേസ്‌ നമ്പർ വൺ തന്നെയായിരുന്നു.

ഒരു വശത്ത്‌ സാമാന്യം വലിയ ഒരു അക്വേറിയം സ്‌ഥലം പിടിച്ചിട്ടുണ്ട്‌. അതിൽ സ്വർണ മത്സ്യങ്ങൾ നീന്തിതുടിക്കുന്നുണ്ടായിരുന്നു. എയ്‌ഞ്ചലും ഫൈറ്ററും ഗപ്പിയുമെല്ലാം അതിലുണ്ട്‌. വിലകൂടിയ എൽ.സി.ഡി റ്റി.വി. യും ഒന്നാന്തരം വീട്ടിത്തടിയിൽ നിർമ്മിച്ച രണ്ടു ജോഡി സെറ്റികളും ഉള്ള ഡ്രോയിംഗ്‌റൂം എയർകണ്ടീഷന്റ്‌ കൂടിയാണ്‌.

ഞാൻ ഓരോ മുറിയിലും കയറിയിറങ്ങി. അലങ്കാരപണികൾ ശ്രദ്ധിച്ചു. എല്ലാം സുന്ദരവും ഗംഭിരവുമായിരുന്നു. എന്റെ കണ്ണുതള്ളിപോയി എന്നുപറയുന്നതാവും ശരി. അതേസമയം ഞാൻ മറ്റൊരു കാര്യംകൂടി ഓർക്കുകയായിരുന്നു. ഒരിക്കൽ അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ ആദിവാസികോളനി സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം. അരക്ക്‌ ഉയരം ഉള്ള പ്രവേശനകവാടവും എട്ടടിയോളം പൊക്കത്തിൽ മേൽകൂരയുമുള്ള നൂറു ചതുരശ്രയടിയിൽ താഴെ തറവിസ്‌തീർണ്ണത്തോടും കൂടിയ പുൽമേഞ്ഞ വീടുകൾ. മോന്തായത്തിലൂടെ സൂര്യവെളിച്ചം നിലത്ത്‌ നൃത്തം ചവിട്ടുന്ന ആ പുൽക്കുടിലുകളിൽ നരകയാതന തിന്നുകഴിയുന്ന ഭാവിയിലെ പൗരന്മാരും വിശന്നുതളർന്നിരുന്നിരുന്ന പയോധികരും! ഈശ്വരസൃഷ്‌ടിയിലെ വൈപരീത്യം.

എന്റെ മാത്രമല്ല ഏവരുടേയും കണ്ണുകൾ വിസ്‌മയം കൊള്ളുകയാണ്‌. അതു വായിച്ചെടുക്കാൻ പാകത്തിലാണ്‌ ആ മുഖങ്ങൾ. ഞങ്ങളുടെ മുന്നിൽ വയനാടൻ പഴം മുതൽ കുഴലപ്പം തുടങ്ങി വൈവിധ്യങ്ങളായ എട്ടൊമ്പതുതരം പലഹാരങ്ങൾ നിരന്നു. പുറമെ മുന്തിരി ജ്യൂസും ഒന്നാന്തരം ബ്രൂകാഫിയും. സ്വർണക്കടയിലൊ തുണിക്കടയിലൊ കയറിയാലുള്ള അമ്പരപ്പും ശങ്കയുമാണ്‌ ഞങ്ങൾക്കുണ്ടായത്‌. ഏതെടുക്കും?

Generated from archived content: laksha12.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English