കവലപ്രസംഗം – 2(തുടർച്ച)

ഞാൻ പതിയെ പറഞ്ഞു തുടങ്ങി. ആറുമുഖൻ നിർത്തിയേടത്തുനിന്നു തന്നെ;

സ്‌നേഹിക്കാൻ മാത്രമറിയുന്ന ഇന്നാട്ടിലെ നല്ലവരായ നാട്ടുകാരെ, നിങ്ങൾക്കു നമസ്‌ക്കാരം. വെള്ളക്കെട്ടുകൾക്ക്‌ സാധ്യത തീരെയില്ല എന്നാണ്‌ ഞാൻ ഈ മനോഹര ദ്വീപിനെപ്പറ്റി മനസ്സിലാക്കിയിരുന്നത്‌. അത്‌ ഒരു പരിധിവരെ ശരിയാണെങ്കിലും ഇന്നലെ ഞാൻ വിവിധ സ്‌ഥലങ്ങൾ സന്ദർശിച്ചതിൽ നിന്നും കൊതുകുകൾ പെറ്റുപെരുകാൻ സാധ്യതയുള്ള ഒട്ടേറെയിടങ്ങൾ കാണാൻ കഴിഞ്ഞു. ചകിരി ചീഞ്ഞ്‌ നാറ്റം വമിക്കുന്ന വെള്ളകെട്ടുകൾ, ഓലയഴുകി കൊതുകുകൾ പറക്കുന്ന ചെളിക്കളങ്ങൾ, ചിരട്ടകളിൽ മലിന ജലം നിറഞ്ഞ്‌ അവയിൽ നിന്നും നൃത്തത്തോടെയും മൂളിപ്പാട്ടോടെയും ഞങ്ങളെ സ്വീകരിച്ചവഴിയോരങ്ങൾ ഇവിടെ ഇതെല്ലാം സുലഭമായി കണ്ടു. നിങ്ങളുടെ നാട്ടിൽ നിന്നും രോഗികൾ കുറയുവാൻ മന്തുരോഗമില്ലാത്തവർ ഉണ്ടാകുവാൻ കുറേകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സഹോദരരെ. ഞങ്ങൾ നാടിന്റെ നാനാഭാഗത്തും നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിട്ടാണ്‌ ഇവിടെയെത്തിയിട്ടുള്ളത്‌. ആരുടേയും നിയന്ത്രണങ്ങളിലല്ലാതെ ഒരുവിധ സംഘടനയുടേയും സാമ്പത്തിക സഹായങ്ങളില്ലാതെ എനിക്കു മുമ്പു സംസാരിച്ച ശ്രീമാൻ ആറുമുഖന്റെ സ്വന്തം ചിലവിന്റെ ഭാഗമായിട്ടും പ്രകൃതി സ്‌നേഹത്തിന്റെ ഫലമായിട്ടുമാണ്‌ ഞങ്ങളിവിടെ എത്തിയിട്ടുള്ളത്‌. മറ്റു സ്‌ഥലങ്ങളിലെ പാരിസ്‌ഥിതിക പ്രശ്‌നങ്ങളുമായി നോക്കുമ്പോൾ ഇവിടെ പ്രശ്‌നം തുലോം കുറവാണ്‌. പക്ഷെ, ഇവിടെ മണ്ണില്ല എന്നോർക്കുക. മലിനജലം മണ്ണിന്നടിയിലേക്ക്‌ ഊർന്നിറങ്ങാൻ ഇവിടെ മണ്ണ്‌ അനുകൂലമല്ലെന്നറിയുക. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്‌ എന്നോർമിപ്പിച്ചുകൊണ്ട്‌ ഞങ്ങൾ വിടപറയുന്നു. നമസ്‌കാരം.‘

കവലയിൽ അമ്പതിൽ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളു. അവരിൽ തന്നെ സന്ദേശം ശ്രവിച്ചവർ കുറവായിരുന്നു എന്നതാണ്‌ സത്യം. ആറുമുഖനും ഞാനും പറഞ്ഞ കാര്യങ്ങൾ കേട്ട്‌ ഞങ്ങളുടെ കൂടെയുള്ളവരല്ലാതെ ആരും തന്നെ കൈയ്യടിച്ചില്ല എന്നതു ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. കടക്കാരൻ ചെയ്‌തുതന്ന സഹായത്തിന്‌ അയാളോട്‌ നന്ദിപറഞ്ഞ്‌ ഞങ്ങൾ അടുത്ത യോഗസ്‌ഥലത്തേക്ക്‌ നടന്നു. വഴിയോരങ്ങളിൽ കണ്ട ഇലക്‌ട്രിക്‌ പോസ്‌റ്ററുകളിൽ നോട്ടീസ്‌ ഒട്ടിച്ചു. കുറേ കൂടി വലിയ പോസ്‌റ്ററുകൾ ഒഴിവുള്ള പൊതുചുമരുകളെ അലങ്കരിച്ചു (അതെല്ലാം നാളെ ആരെങ്കിലും വായിക്കുമോ എന്നറിഞ്ഞുകൂടാ.)

ഏകദേശം പതിനൊന്നര മണിയോടെ രണ്ടാമത്തെ യോഗസ്‌ഥലത്ത്‌ ഞങ്ങളെത്തി. റഷീദ്‌ ഏർപ്പാടു ചെയ്‌തിരുന്ന കടയുടെ മുന്നിൽ നാലു കസേരകൾ തയ്യാറാക്കിവെച്ചിരുന്നു. ഇതിനു മുൻപുള്ള പോലെ തന്നെ ആറുമുഖൻ തന്റെ പ്രസംഗം കവലയെ അറിയിച്ചു. രണ്ടാമത്തെ ഊഴം രവിയെ ഏൽപ്പിച്ചു. ആയത്‌ തീർന്നപ്പോഴെക്കും കൃത്യം പന്ത്രണ്ടുമണിയായിരുന്നു. ആ കടക്കാരൻ ഞങ്ങൾക്ക്‌ ഓരോ കഷ്‌ണം ഹൽവ തന്നു. പിന്നെ കുടിക്കാൻ ഓരേ സോഡയും ഞങ്ങൾ അയാൾക്ക്‌ പൈസാകൊടുത്തെങ്കിലും അയാൾ വാങ്ങിയില്ല. ആർക്കും ആവശ്യമില്ലാത്തതും ചിലവ്‌ തീരെയില്ലാത്തതുമായ ’നന്ദി‘ ഞങ്ങൾ സമ്മാനിച്ച്‌ ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക്‌ നടന്നു.

അർഷാദ്‌ യോഗങ്ങൾ വിജയമാകുന്നില്ലെന്ന്‌ അഭിപ്രായം പറഞ്ഞു. അകമെ എനിക്കും അത്‌ ശരിയാണെന്നു തോന്നി. പക്ഷെ, ഞാനത്‌ തുറന്നു പറഞ്ഞില്ല. ആറുമുഖന്റെ മനസ്‌ എങ്ങനെയായിരിക്കുമെന്നറിയാൻ ഞാൻ കാതോർത്തു. ഒരു നിമിഷത്തെ ഇടവേളക്കുശേഷമാണ്‌ ആറുമുഖൻ അർഷാദിന്റെ അഭിപ്രായം ശരിയാണെന്ന്‌ അർദ്ധസമ്മതം നടത്തിയത്‌. ഞാൻ എല്ലാവരേയും ആശ്വസിപ്പിക്കാനായി പറഞ്ഞത്‌ ഇങ്ങനെയായിരുന്നു. ഇനിയും സമയമുണ്ടല്ലോ. നമുക്ക്‌ മറ്റു പ്രചരണമാർഗങ്ങൾ കൂടി പരീക്ഷിച്ചുനോക്കാം. ഒരു ദിവസം കൊണ്ടൊ എന്നെന്നെക്കുമായി എല്ലാവരേയും ബോധവൽക്കരിച്ച്‌ ലോകം നേരെയാക്കാമെന്ന്‌ നാം വൃതമൊന്നുമെടുത്തിട്ടില്ലല്ലൊ.“ ആരും ഇതുകേട്ടൊന്നും മിണ്ടിയില്ല.

കൃത്യസമയത്തുതന്നെ ഉച്ചഭക്ഷണത്തിന്‌ ഹോട്ടലിലെത്തി. കൂടെയുള്ളവർക്ക്‌ ഹോട്ടൽ ഭക്ഷണത്തോട്‌ അല്‌പാല്‌പം വേണ്ടായ്‌മ തോന്നാൻ തുടങ്ങിയിട്ടുണ്ട്‌. എനിക്ക്‌ പ്രത്യേകിച്ചങ്ങനെ വെറുപ്പൊന്നും തോന്നിയില്ല. ഞാൻ രണ്ടു കഷ്‌ണത്തിനുപകരം നാലു കഷ്‌ണം മീൻ പൊരിച്ചത്‌ വാങ്ങി സുഖമായി ഉണ്ടു. പിന്നെ റൂമിലേക്ക്‌ നടന്നു. വളരെ സുഖമായിട്ടൊന്ന്‌ ഉറങ്ങാൻ കിടന്നു. നാലുമണിക്ക്‌ നവാസ്‌ വരുംവരെ ഉറക്കം; അതായിരുന്നു എന്റെ ലക്ഷ്യം.

അഴുക്കുവസ്‌ത്രങ്ങൾ അലക്കുന്ന ശബ്‌ദം കേട്ടാണ്‌ ഞാനുണർന്നത്‌. മൂന്നരമണിയെ ആയിട്ടുണ്ടായിരുന്നുള്ളൂ. അർഷാദും ഹണിയും തൃശൂർ ചേച്ചിയുമാണ്‌ രംഗത്ത്‌. എന്റെ ഏതാനും വസ്‌ത്രങ്ങൾ മുഷിഞ്ഞിട്ടുണ്ടായിരുന്നു. അവരോട്‌ പറയാൻ വല്ലാത്ത മടികൊണ്ട്‌ ഞാൻ മൗനം പാലിച്ചു. ഉള്ള ലോഹ്യം പോകാതിരിക്കട്ടെ എന്നു മനസിൽ കരുതി.

കൃത്യം നാലുമണിക്ക്‌ നവാസ്‌ എത്തി. കഴിഞ്ഞ ദിവസം വരാൻ കഴിയാത്തതിൽ ഖേദപ്രകടനവുമായാണ്‌ കക്ഷിയുടെ വരവ്‌. ഏതാനും ദിവസംകൊണ്ട്‌ വല്ലാത്തൊരു ആത്മബന്ധം എന്നോട്‌ നവാസിന്‌ വന്നിട്ടുണ്ട്‌. എന്നെ സേവിക്കലല്ല വലുത്‌ ജോലിയാണ്‌ ആദ്യം എന്നു ഞാൻ പറഞ്ഞിട്ടും വേണ്ടതുപോലെ തൃപ്‌തി വന്നില്ല. നവാസിന്‌.

ഇന്ന്‌ ദ്വീപിന്റെ ഇടവഴികളിലൂടെ എന്നേയും കൂട്ടി നടക്കാനാണ്‌ നവാസ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഞാനതറിഞ്ഞ്‌ സന്തോഷിച്ചു. ഉൾപ്രദേശങ്ങളിലാണ്‌ യഥാർത്ഥജീവിതം എന്ന്‌ ആർക്കാണറിയാത്തത്‌” റോഡരികുകളിലും ചേരികളിലും നഗരഹൃദയങ്ങളിലും ഉൾനാട്ടുലുമെല്ലാം ഓരോരോ സംസ്‌ക്കാരത്തോടെയാണ്‌ ജനം കഴിയുന്നത്‌. യഥാർത്ഥ മനുഷ്യൻ നാട്ടിൻ പുറങ്ങളിലാണ്‌ എന്നതാണ്‌ എന്റേ അനുഭവം.

ഇടുങ്ങിയ ഒരു വഴിയും ഞാൻ നടക്കുന്നതിനിടയിൽ കണ്ടില്ല. ഇല്ലിമുള്ളുകൾ കടങ്കഥമാത്രമായ ഇവിടെ വേലിപരുത്തിക്ക്‌ വളരാൻ വേലികളില്ലായിരുന്നു. കൊട്ടത്തറികൾ, തുമ്പകൾ എന്നു തുടങ്ങി വെളിംപ്രദേശചെടികൾക്ക്‌ പടർന്നുനിൽക്കാൻ തുറസായ ഒരിഞ്ചു നിലം പോലും കാണാനായില്ല. സുന്ദരികളും സുന്ദരന്മാരും നിറഞ്ഞ നാട്‌. ഈശ്വരൻ നൽകിയ സൗന്ദര്യം കറുത്ത തുണിക്കുള്ളിൽ ഒളിച്ചുവെച്ച്‌ നശിപ്പിക്കാതിരിക്കുന്ന വിവരമുള്ളവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. ബഹുമാനവും.

വഴിക്ക്‌ ഒന്നൊന്നരമീറ്റർ വീതിയെയുള്ളു. സായാഹ്‌ന സവാരി ഇവിടത്തുകാർക്ക്‌ പതിവില്ലാത്തതാണ്‌ എന്ന്‌ നവാസ്‌ എന്നെ ഓർമ്മിപ്പിച്ചു. വഴികളിൽ കാര്യമായ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. (അവർക്കെവിടെ പോകാനാണ്‌.) വീടുകളുടെ പുറം കോലായിൽ കിസ്സപറഞ്ഞിരിക്കുന്നവരെ കാണാൻ കഴിഞ്ഞു. നേരം വൈകുതോറും വഴികൾ ശൂന്യമാകുകയാണ്‌ പതിവത്രെ. കൂവിയാൽ വിളികേൾക്കുന്ന ദൂരത്തുള്ള വീടുകളിൽ നിത്യവും എന്തു വിരുന്നു കൂടാൻ. വിനോദത്തിന്‌ സിനിമാശാലകളൊ യുവാക്കൾക്ക്‌ ദേഹമിളകി ഓടിക്കളിക്കാൻ വേണ്ടത്രയിടമുള്ള കളിസ്‌ഥലങ്ങളൊ ഇല്ലാത്ത, നിശാക്ലബ്ബുകൾ കേട്ടുകേൾവിപോലുമില്ലാത്ത ഇവിടെ വൈകുന്നേരങ്ങളിൽ എവിടെക്ക്‌ പോകാൻ?

’നിങ്ങൾ കരയിലുള്ളവർ ഭാഗ്യവാന്മാരാണ്‌ സാർ. ഞങ്ങൾ കിണറ്റിലെ തവളകളല്ലെ.‘ നടക്കുന്നതിനിടയിൽ അല്‌പമൊരു വിഷമത്തോടെയാണ്‌ നവാസ്‌ പറഞ്ഞത്‌. അയാളെ ആശ്വസിപ്പിക്കണം എന്ന്‌ എനിക്ക്‌ തോന്നി. ഞാൻ പറഞ്ഞു ’ഏതു സുന്ദരദേശങ്ങൾ കണ്ടാലും ലോകം മുഴുവനും ആസ്വദിച്ചാലും എത്ര രുചിയേറിയ വിഭവങ്ങൾ അനുഭവിച്ചാലും സ്വന്തം നാടുംവീടും തന്നെ സ്വർഗം സുഹൃത്തെ‘ ഞാൻ നവാസിനെ സമാധാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കണ്ടെത്തിയ ഒരു കാര്യം വയസ്സായ ആരേയും ഇവിടെ കണ്ടില്ലായെന്നതായിരുന്നു. നവാസിനോട്‌ ഞാൻ ഇക്കാര്യം ചോദിച്ചു.

എൺപത്തഞ്ചു വയസ്സ്‌ കടന്ന ഒരാളൊഴികെ ദ്വീപിലുള്ളവരിൽ എഴുപത്തഞ്ചു കടന്നവർ ആരുമില്ലെന്നാണ്‌ നവാസിന്റെ അഭിപ്രായം. ഉണ്ടെങ്കിൽ ആയത്‌ നവാസിന്‌ അറിയേണ്ടതു തന്നെയായായിരുന്നു. കാരണം; രോഗം വന്നവർ ആശുപത്രിയിൽ എത്തണമല്ലൊ. നവാസ്‌ ഒരു ഫാർമസിസ്‌റ്റ്‌ ആയതിനാൽ അയാളെ അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു. മാത്രമല്ല, ദ്വീപുകളിൽ ഭൂരിഭാഗവും വെളിച്ചെണ്ണവിരോധികളാണെന്നു പറഞ്ഞതും നവാസായിരുന്നു. നാളികേരത്തിന്റെ നാട്ടിൽ വെളിച്ചെണ്ണയില്ലാത്ത കറികൾ എന്നെ അമ്പരപ്പിക്കുകയുണ്ടായി. കൊളസ്‌ട്രോളിന്റെ പേരുപറഞ്ഞ്‌ സ്വന്തം ഉൽപന്നത്തെ പടിയടച്ച്‌ പിണ്ഡം വെച്ചവർ.

നടക്കുന്നതിനിടക്കും കഴിഞ്ഞ ദിവസങ്ങളിലുമെല്ലാം എന്നെ അത്ഭുതപ്പെടുത്തുന്ന കാഴ്‌ചയിലൊന്ന്‌ കൽപ്പേനിയിലെ വീടുകൾ തന്നെയായിരുന്നു. ഓടിട്ട വീടുകൾ വളരെ കുറച്ചാണ്‌ ഞാൻ കണ്ടത്‌. കോൺക്രീറ്റ്‌ ഭവനങ്ങൾ ബഹുനില വീടുകൾ ഇവയെല്ലാം നിറയെ ഉള്ള ഈ തുരുത്തിൽ തെങ്ങോലമെടഞ്ഞുള്ള വീടുകൾ മരുന്നിനും പോലും കാണുകയുണ്ടായില്ല. മറ്റൊരത്ഭുതം ഇവിടെ കടൽക്കരയിൽ നിന്നും മണൽ വാരൽ നിരോധിച്ചിട്ടും ഈ സൗധങ്ങൾ എങ്ങനെ പെരുകുന്നു എന്നതായിരുന്നു.

നേരം ഇരുട്ടുവീണു തുടങ്ങി. നടവഴികളിൽ ഇഴജന്തുക്കളുടെ ശല്യം തീരെയുണ്ടാവില്ലായെന്ന്‌ നവാസ്‌ എനിക്ക്‌ ധൈര്യം തന്നു. ചന്ദ്രക്കല ആകാശത്ത്‌ തിളങ്ങിക്കൊണ്ടിരുന്നു. നിശ്ശബ്‌ദത പ്രകൃതിയെ കീഴടക്കികൊണ്ടിരിക്കെ പള്ളിയിലെ ബാങ്കുവിളി മൗനം ഉടച്ചു. വഴിയോരക്കടകൾ ഉറക്കത്തിലായി. ഏഴര കഴിഞ്ഞിട്ടേയുള്ളൂ. ഏറെ വൈകാതെ ഞങ്ങൾ പ്ലാസ ഹോട്ടലിലെത്തി. അവിടെ എന്നെയും കാത്ത്‌ കൃഷ്‌ണൻ കുട്ടിയും മാണിക്യനും ഇരിക്കുന്നുണ്ട്‌. നവാസും ഞങ്ങളുമെല്ലാം ചേർന്നു ഭക്ഷണം കഴിച്ചു. ഇന്നത്തെ വിശേഷങ്ങൾ കൃഷ്‌ണൻകുട്ടിയോടും മാണിക്യനോടും ഞാൻ പറഞ്ഞു. അവർക്കതുകേട്ടിട്ട്‌ ഒരു വിധപ്രതികരണവുമുണ്ടായില്ല. എട്ടരമണിയായപ്പോൾ നാളെ കാണാം എന്നുപറഞ്ഞ്‌ ഞങ്ങൾ പിരിഞ്ഞു. എന്നെ താമസസ്‌ഥലത്ത്‌ കൊണ്ടുവിട്ടിട്ടാണ്‌ നവാസ്‌ പോയത്‌.

സഹയാത്രികരെല്ലാം വളരെ സന്തോഷത്തിലായിരുന്നു. ആറുമുഖൻ കൊതുകുതിരി കൊളുത്താൻ അനുവാദം നൽകിയതായിരുന്നു കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഉറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന തൃശൂർ ചേച്ചിയുടെ സങ്കടമാണ്‌ ആറുമുഖനെ മാറിചിന്തിപ്പിച്ചത്‌. കൊതുകുതിരി വിഷപുകയാണെന്നും പരിസ്‌ഥിതി ദുഷിപ്പിക്കുമെന്നും ഈ വീട്ടിൽ ആയത്‌ കൊളുത്താൻ അനുവദിക്കില്ലായെന്നും പറഞ്ഞ്‌ കഴിഞ്ഞ ദിവസം അലങ്കോലമുണ്ടാക്കുകയുണ്ടായി കക്ഷി.

പതിവുപോലെ കൂട്ടുകാർ കളിയിൽ മുഴുകി. ഞാൻ എന്റെ യാത്രാക്കുറിപ്പുകളുടെ സൂചനകൾ എഴുതിതുടങ്ങി. പിന്നെ പതിനൊന്നുമണിയോടെ കൊതുകുതിരിയുടെ ആശ്ലേഷത്തിൽ സുഖമായിയുറങ്ങി.

Generated from archived content: laksha11.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here