പ്രഭാത സവാരിയോ വ്യായാമമോ എനിക്ക് പതിവില്ലാത്തതാണ്. പത്രം അരിച്ചുപെറുക്കി വായിക്കുന്ന ശീലമാണ് സ്‌ഥിരമായിട്ടുള്ളത്. വെറുതെകിടന്ന് നേരം കളയേണ്ടല്ലോ എന്നു കരുതി ഞാൻ ആറു മണിക്കുണർന്നു. വീടിന്റെ മുന്നിൽ നീണ്ടുകിടക്കുന്ന ഹൈവേയിൽകൂടി നടന്നു. പ്രഭാതമായതിനാൽ പലതരം പക്ഷികളെ ചിലപ്പോൾ കാണാമെന്ന് ഞാൻ കരുതി. ദ്വീപ് ഉണരുന്നതേയുള്ളൂ. ഒരുവിധ വാഹനവും വന്ന് തട്ടിതെറിപ്പിക്കുമെന്ന ഭയമില്ലാതെ റോഡിന്റെ നടുവിലൂടെ ഞാൻ നടന്നു. കണ്ണും കാതും കൂർപ്പിച്ചാണ് നടന്നത്. എവിടെ നിന്നെങ്കിലും കൂജനം കേൾക്കുന്നുണ്ടോ? ട്രെക്കിംഗിന് കാടുകളിൽ പോകുന്ന നേരത്ത് പക്ഷിനിരീക്ഷണം ഒരു നിർബ്ബന്ധിത ഇനമാണ്. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ നിശ്ശബ്‌ദമായി ശ്രദ്ധാലുവായി ഞാൻ മുന്നേറി.
കേരവൃക്ഷങ്ങൾ നിറഞ്ഞ ഇവിടെ ഞാൻ കണ്ട വലിയ വൃക്ഷം 40 മുതൽ 50 ഇഞ്ച്‌വരെ തടി വണ്ണമുള്ള വേപ്പുമരങ്ങളാണ്. അതുതന്നെ സമൃദ്ധമല്ല. ഒരുപാട് ഇനം മരങ്ങൾ വളരുന്ന മണ്ണല്ല ദ്വീപിലേത്. സത്യത്തിൽ വളരെ ഉപയോഗപ്രദമായ വൃക്ഷജാതികളൊന്നും ഇവിടെയില്ല. തണൽമരത്തിൽ പെടുത്താവുന്ന മരമായ ശീമപ്ലാവ് കാണുവാനുണ്ട്. ലക്ഷദ്വീപിന്റെ സംസ്‌ഥാന മരമാണ് ശീമപ്ലാവ്.
വേലികെട്ടി അതിർത്തി നിർണയിച്ചിട്ടുള്ള സ്‌ഥലങ്ങളിൽ പൂപരുത്തി ചെടികളാണധികവും. മനസിൽ തങ്ങിനിൽക്കുന്ന മറ്റൊരുതരം ചെടിയേയും കാര്യമായികണ്ടില്ല. മുന്നൂറിൽ അധികം സസ്യജാതികൾ ഈ ദ്വീപിൽ വളരുന്നുണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം എണ്ണാൻകൊള്ളാമെന്നല്ലാതെ കാര്യത്തിന് ഉതകുന്നവയല്ല.
നഗരത്തിലും നാട്ടിൻപുറങ്ങളിലും ഇന്ന് ജീവിതത്തിന്റെ അനിവാര്യമോ ഫാഷനോ ആയിത്തീർന്നിട്ടുള്ള വ്യായാമകുതുകികളെ നടക്കുന്നതിന്നിടക്ക് വഴിയിൽ കാണാതിരുന്നത് എന്തുകൊണ്ടാണ് എന്നുഞ്ഞാനോർത്തു. ഏകദേശം മുക്കാൽ മണിക്കൂർ നേരം നടന്നിട്ടും എനിക്ക് പക്ഷികളെയൊന്നും കാണാൻ കഴിഞ്ഞില്ല. ചെറിയയിനം കുരുവികളെ കണ്ടില്ല എന്നു പറഞ്ഞു കൂടാ. കാക്കകളെയോ മൈനകളെയോ ചവിറ്റിലകിളികളേയോ കാണാതിരുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. പ്രഭാതത്തിന്റെ കൂട്ടുകാരായിട്ടും അവയൊന്നും ഇവിടെയില്ലായെന്ന് ഞാൻ കരുതി. പക്ഷികളില്ലാത്ത നാടിന് സൗന്ദര്യമുണ്ടൊയെന്ന് എനിക്കറിഞ്ഞുകൂടാ. ചില ദ്വീപുകളിൽ ദേശാടനപക്ഷികൾ വളരെ അകലെനിന്നുപോലും വരാറുണ്ട് എന്ന് ഈയിടെ ഒരു പുസ്‌തകത്തിൽ വായിക്കയുണ്ടായി. ഇനി സ്‌ഥിരവാസികൾ എന്നു പറയാനാവട്ടെ എല്ലാ ദ്വീപിലും ഒരു വർഗത്തിൽപ്പെട്ട പക്ഷികളെ കാണാനും കിട്ടില്ലത്രെ.
വഴിയരികിൽ ചില കടകൾ തുറന്നു തുടങ്ങിയിരുന്നു. ആഴ്‌ചകൾക്കുമുമ്പ് ഇറങ്ങിയ വാരികകളും മറ്റുമാണ് കടകളിൽ തൂങ്ങികിടക്കുന്നത് കണ്ടത്. അന്നന്നത്തെ പത്രം കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നെങ്കിലും ആതുരതയോടെ ഞാൻ പത്രമുണ്ടോയെന്നു നോക്കി. ദിനപത്രവായന ഒരു സംസ്‌ക്കാരമായി വളർന്നുതുടങ്ങാൻ അന്നന്നത്തെ പത്രമെത്താത്തതാണ് കാരണമെന്ന് ഞാനൂഹിച്ചു. ദിനപത്രങ്ങൾ വേഗത്തിൽ ദീപിലെത്താൻ ഒരു മാർഗവുമില്ലല്ലോ.
താമസസ്‌ഥലത്ത് ഞാനെത്തുമ്പോൾ കൂട്ടുകാർ ഉണർന്നിട്ടേയുള്ളൂ. അപ്പോഴേക്കും ഏഴരയോടടുത്തിരുന്നു. അവർക്കാർക്കും ഒരു തിരക്കുമുണ്ടായിരുന്നില്ല. കുളിമുറി ഒഴിഞ്ഞു കിടക്കുകയാണ്. ഞാൻ വൈകാതെ എന്റെ നിത്യവൃത്തികളിൽ മുഴുകി.
ബാബുവേട്ടനും കുടുംബവും ഇന്ന് ഒറ്റയ്‌ക്കാണ് ദ്വീപുകാണാനിറങ്ങുന്നത് എന്നു പറഞ്ഞു. അവർ സകുടുംബം വന്നിരിക്കുന്നത് ഒരു ഔട്ടിംഗിനാണ്. കുട്ടികളുടെ പത്താംക്ലാസ് പരീക്ഷയുടെ വിജയം ആഘോഷിക്കാൻ കൂടിയാണ് അവർ യാത്രക്കിറങ്ങിയിരിക്കുന്നത്. (ഇന്നത്തെ പാഠ്യപദ്ധതിയിൽ എസ്.എസ്.എൽ.സി. വിജയിക്കാത്തവർ ആരുമില്ലല്ലോ എന്നോർത്ത് ഞാൻ ഊറിച്ചിരിച്ചു. മന്ദബുദ്ധികൾ പോലും എൺപതുശതമാനം മാർക്കു വാങ്ങുന്ന ഇന്നത്തെ പരീക്ഷക്ക് എന്തു വിലയാണുള്ളത്? കഷ്‌ടം!) കടലിൽ ഒരു തുടിച്ചുകളിയാണ് ഇന്നത്തെ അവരുടെ ലക്ഷ്യം. ഞാൻ അവരെ ശല്യപ്പെടുത്താതെ നടന്നു. എന്റെ കൂട്ടുകാർ നിത്യവൃത്തികൾ കഴിച്ചുവരാൻ താമസമെടുക്കുമെന്ന് അറിയാമായിരുന്നതിനാൽ ഞാൻ ഹോട്ടലിൽ കാണാമെന്നറിയിച്ച് ഭക്ഷണം കഴിക്കാൻ ചെന്നു.
ഇന്നും ഉച്ചക്കകം രണ്ടുയോഗങ്ങളും പോസ്‌റ്റർ പരസ്യ പ്രചാരണവുമാണ് ആസൂത്രണം ചെയ്‌ത പരിപാടി. ഉച്ചക്കുശേഷം ഇഷ്‌ടംപോലെ. നവാസ് ഇന്നു രണ്ടുമണിക്കു ശേഷമെ ഫ്രീയാവൂ എന്നു പറഞ്ഞിരുന്നു.
ഹോട്ടലിൽ ഞാൻ ചെല്ലുമ്പോൾ അവിടെ നിറയെ പൊറോട്ട ഉണ്ടാക്കിവെച്ചിരുന്നു. അഞ്ചാറുപേർ ആ ‘വിശിഷ്‌ടഭോജനം’ ആർത്തിയോടെ അനുഭവിച്ചുകൊണ്ടിരിക്കയാണ്. എനിക്ക് അകമെ ചിരിയും ഒപ്പം സങ്കടവും തോന്നി. രാവിലെതന്നെ പൊറൊട്ട തിന്നുന്ന സംസ്‌കാരം! ഫാസ്‌റ്റു ഫുഡ്‌ഡും ഒപ്പം ദഹനക്കേടും തുടർന്ന് മൂലക്കുരുവും സ്വന്തമാക്കുന്ന ഹതഭാഗ്യവാന്മാർ. നാട്ടിൻപുറങ്ങളിലും ഈ സംസ്‌ക്കാരം വ്യാപകമായി വരികയാണ്. നാഷണൽ ഹൈവേകളിൽ രാവെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ പൊറൊട്ടയും പലതരം ഇറച്ചികളും ഉണ്ടാക്കിവെക്കുന്ന വഴിയോരകച്ചവടക്കാർ. മറ്റുതരം വിരുന്നുകളൊരുക്കുന്നവരും സ്‌ഥിരം ഉപഭോക്‌താക്കളുമാകുന്ന ലോറി ട്രക്കുജീവനക്കാരും ഹൈവേയിലെ സ്‌ഥിരം കാഴ്‌ചകൾ. ഇതെല്ലാമായിരുന്നു എന്റെ മനസിലൂടെ കടന്നുപോയ ചിന്തകൾ.
ദോശയാണ് ഞാൻ ആവശ്യപ്പെട്ടത്. രണ്ടുമിനിറ്റു കഴിഞ്ഞപ്പോൾ എന്റെ മുന്നിൽ രണ്ടിഡ്‌ഢലിയുടെ വീതിയും കാലിഞ്ചു ഘനവുമുള്ള ദോശ (ഡ്യൂപ്ലിക്കേറ്റ്) വന്നു. തേങ്ങയുടെ സ്വർഗ്ഗത്തിൽ പക്ഷെ ചട്‌ണിയുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസവും കിട്ടിയത് പുളിങ്കറിക്കു സമാനമായ സാമ്പാറാണ്. പിന്നെ മീൻപുളിയും. ഞാൻ രണ്ടു ദോശ പഞ്ചസാരകൂട്ടിതിന്നു. പിന്നെ ചായയും കുടിച്ച് പുറത്തിറങ്ങി.
റോഡരികിലെ മുറിച്ചിട്ടിരിക്കുന്ന ഒരു തെങ്ങിൻതടിയിൽ ഞാനിരുന്നു. എന്റെ കൂട്ടുകാർവന്ന് ഹോട്ടലിൽ കയറിയിട്ടേയുള്ളൂ. ഇനിയും മിനിമം അരമണിക്കൂർ കഴിയാതെ അവർക്കിറങ്ങാനാകില്ല. ഞാനിരിക്കുന്നതിനടുത്ത് ഒരു ചെറിയ ഓലഷെഡും അതിനകത്ത് ചന്തുമേനോന്റെ ശാരദയിലെ വൈത്തിപ്പട്ടരുടെ ഇരിപ്പിനെ അനുസ്‌മരിപ്പിക്കുന്ന രണ്ടര മുതൽ മൂന്നു കാൽവരെയുള്ള ഫൈബർ ചെയറും ഉണ്ടായിരുന്നു. പിന്നെ തെങ്ങിൻ കഴുക്കോലുകൾകൊണ്ട് കൂട്ടിക്കെട്ടിയുണ്ടാക്കിയ നല്ല ഇരിപ്പിടവുമുണ്ട്. അവിടെ മൂന്നുനാലുപേർ രാവിലെതന്നെ എത്തി കച്ചേരി തുടങ്ങിയിരിക്കുന്നു. അവരുടെ ഭാഷ തനി ദ്വീപുഭാഷയാണ്. ഇടക്ക് മാലുമി, മേലാഞ്ചേരി തുടങ്ങിയ വാക്കുകൾ രോഷത്തോടെ പായുന്നത് ഞാൻ ശ്രദ്ധിച്ചു. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാനവരെ ശ്രദ്ധിക്കാതെ ശ്രദ്ധിച്ചിരുന്നു. നവാസിനെ കാണുമ്പോൾ വിവരം അറിയാനായി കടലാസിൽ കുറിച്ചുവെച്ചു.
പത്തുമണിക്കാണ് ഒന്നാമത്തെ കവലയിൽ ഇന്നത്തെ ആദ്യയോഗം. ഞങ്ങൾ വരുമെന്നും വേണ്ട സൗകര്യം ചെയ്‌തുകൊടുക്കണമെന്നും റഷീദ്‌ഖാൻ നേരത്തെതന്നെ പറഞ്ഞേൽപ്പിച്ചിരുന്ന കടയുടെ മുന്നിൽ ഞങ്ങൾ എത്തി. റഷീദിന് ഇന്ന് ഒഴിച്ചുകൂടാനാവാത്ത തിരക്കുണ്ടെന്നും അടുത്തദിവസം കാണാമെന്നുമാണ് പറഞ്ഞിട്ടുള്ളത്. കടക്കാരൻ ഞങ്ങൾക്കായി ഏതാനും ചെയറുകൾ മുന്നിലിട്ടുതന്നു. ഞങ്ങൾ അതിലിരുന്നു. ആറുമുഖൻ കവലയിലെ ആളുകളുടെ ശ്രദ്ധയാകർഷിക്കാനായി ഉറക്കെ കൈകൊട്ടി മുഴങ്ങുന്ന ശബ്‌ദത്തിൽ പറഞ്ഞു.
മാന്യമഹാജനങ്ങളെ, നമസ്‌ക്കാരം.
ഞങ്ങൾ പാലക്കാട് ജില്ലയിൽനിന്നും നിങ്ങളേയും നാടിനേയും കാണാനെത്തിയവരാണ്. അൽപനേരം ഞങ്ങളുടെ ഭാഷണം കേൾക്കാനായി നിങ്ങൾ കാതുകൾ കൂർപ്പിച്ചാലും. ഈ നാട് ഞങ്ങളെ ഹാർദ്ദമായി സ്വീകരിച്ചു. ഇവിടെയുള്ളവർക്ക് ഞങ്ങളുടെ സലാം. നന്മനിറഞ്ഞ നിങ്ങളോട് വളരെ എളിയ ഒരു സന്ദേശം പറയാനാണ് ഞങ്ങളെത്തിയിരിക്കുന്നത്. ശുചിത്വത്തിന്റെ കാര്യത്തിലും പരിസ്‌ഥിതി സംരക്ഷണത്തിലും കരയിലുള്ളവരെക്കാൾ ബോധവാന്മാരാണ് നിങ്ങൾ എന്ന് കഴിഞ്ഞദിവസങ്ങളിലെ ഞങ്ങളുടെ അനുഭവങ്ങളിൽ നിന്ന് മനസ്സിലായി. എങ്കിലും ഏതാനും സംഗതികൾ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ.
പരിസ്‌ഥിതിസംരക്ഷണം ഈ ദ്വീപസമൂഹങ്ങളിൽ വളരെ അനിവാര്യമായ ഒന്നാണ്. നേരിയ ഒരു പോറൽ പോലും സഹിക്കാൻ ഈ ദ്വീപുകൾക്കാവില്ല. കടലിന്റെ കനിവാർന്ന ഈ പവിത്ര സ്‌ഥലത്തെ സംരക്ഷണം ഇവിടത്തെ ഓരോരുത്തരുടെയും കടമയാണ്. എവിടെയെങ്കിലും ഒരു പാളിച്ച പറ്റിയാൽ ഒരിക്കലും തിരിച്ചു വരാനാവാത്തവിധം ഈ നാട് നശിച്ചുപോകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
വളരെ കുറച്ചുമാത്രം മണ്ണുള്ള ഈ കര ഖരമാലിന്യങ്ങളേയോ ഗുരുതരമായ ദ്രവമാലിന്യങ്ങളേയോ സഹിക്കാൻ പ്രാപ്‌തിയുള്ളതല്ല. നിങ്ങളുടെ പ്രാർത്ഥനകൊണ്ടും ഇവിടുത്തെ കല്‌പ വൃക്ഷങ്ങളുടെ വേരു പടലം കൊണ്ടും ഈ കരനിലനിൽക്കുന്നതായി ഞങ്ങൾ കരുതുന്നു. എക്കാലവും ഇവിടെ ഈ ദ്വീപ് നിലനിൽക്കുവാൻ പരിസ്‌ഥിതി സൗഹൃദപരമായ സമീപനങ്ങൾ ഇന്നാട്ടുകാർ സ്വീകരിച്ചേ തീരൂ എന്ന് ഓർമ്മിപ്പിക്കട്ടെ.
ഇവിടത്തെ കടകളിൽ ധാരാളം പ്ലാസ്‌റ്റിക് കൂടുകളിൽ (കവറുകളിൽ) പൊതിഞ്ഞ ഉൽപ്പന്നങ്ങളാണ് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങൾ ഇതിനെയെല്ലാം എങ്ങനെ സംസ്‌ക്കരിക്കും? കത്തിച്ചുകളഞ്ഞാൽ പുക പടലത്താൽ മൂടുന്ന ഈ സ്‌ഥലത്ത് ഉണ്ടാവനിടയുള്ള അനുബന്ധ അസുഖങ്ങളെകുറിച്ച് ആരും ആലോചിക്കാതിരിന്നിട്ടുണ്ടാവുമെന്നും തോന്നുന്നില്ല. പിന്നെയും…..
അതെ സുഹൃത്തുക്കളെ അറിഞ്ഞുകൊണ്ടുതന്നെ അബദ്ധത്തിൽ നിന്നും അബദ്ധത്തിലേക്ക് നിങ്ങൾ വീണുകൊണ്ടിരിക്കുന്നു. ഇനിയും ഏറെ പറയാനുണ്ട്. പക്ഷെ, മറ്റ് ഏതാനും കാര്യങ്ങൾകൂടി നിങ്ങളെ ഓർമ്മിപ്പിക്കാനായി ഞാൻ എന്റെ സുഹൃത്ത് സേതുമാധവൻ സാറിനെ ക്ഷണിക്കുകയാണ്.
റിലേയിൽ ബാറ്റൺ കൈമാറും പോലെ ആറുമുഖൻ സാങ്കൽപിക മൈക്ക് എന്നെ ഏൽപ്പിച്ചു. ആറുമുഖന്റെ ശബ്‌ദത്തിന് ഉച്ചഭാഷണിയുടെ ആവശ്യമുണ്ടായിരുന്നില്ല. ആ താളം ഒരിക്കലും എനിക്ക് കിട്ടില്ല. എന്നെക്കൊണ്ടാവുകയുമില്ല. പക്ഷെ എന്റെ സമാധാനം മറ്റൊന്നായിരുന്നു. ഒരു വിധത്തിലുള്ള ശബ്‌ദവും കാര്യമായി ഇല്ലായിരുന്ന അന്തരീക്ഷമാണ്.
Generated from archived content: laksha10.html Author: m.e.sethumadhavan