കണ്ണൻമാസ്‌റ്റർക്ക്‌ നന്ദി

സുന്ദരിയെ കുറിച്ച്‌

തികച്ചും അവിസ്‌മരണീയമായ ഒരു ദ്വീപുയാത്രയുടെ ഓർമക്കുറിപ്പുകളാണ്‌ ‘ലക്ഷദ്വീപിലെ സുന്ദരി’ എന്ന ഈ പുസ്‌തകം. കേരളത്തിന്റെ പടിഞ്ഞാറ്‌ അറബിക്കടലിൽ ചിതറി കിടക്കുന്ന മുപ്പത്തിയാറു കൊച്ചുകൊച്ചു ദ്വീപുകൾ ചേർന്നതാണ്‌ ലക്ഷദ്വീപ്‌. ഇന്ത്യയുടെ ഭാഗമായ ഇവിടെയെത്താൻ ഒരുപാട്‌ കടമ്പകൾ കടക്കേണ്ടതുണ്ട്‌ എന്നത്‌ വളരെ വേദനാജനകമായ കാര്യമാണ്‌.

ഇവിടെ കൽപേനി എന്ന സുന്ദരദ്വീപിലേക്ക്‌ ഒരു യാത്ര നടത്തിയത്‌ കേവലം വിനോദത്തിനുവേണ്ടി മാത്രമല്ല. പ്രത്യുത പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുകൂടിയാണ്‌. ഒരുവിധസംഘടനകളുടേയോ വ്യക്തികളുടെയോ പ്രസ്‌ഥാനങ്ങളുടെയോ സഹായമോ പിൻബലമോ ഇല്ലാതെ പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളിൽ ഒറ്റയാൻ പോരാട്ടം നടത്തുന്ന ആറുമുഖനെന്ന പരിസ്‌ഥിതി സ്‌നേഹിയുടെയും കൂടെ നിൽക്കുന്ന കുറച്ചു സുഹൃത്തുക്കളുടെയും നിഷ്‌ക്കാമ പ്രവർത്തനങ്ങളേയും ആയതിന്റെ അനുഭവങ്ങളേയുമാണ്‌ പറയുന്നത്‌.

വായിക്കുകയും ആസ്വദിക്കുകയും അഭിപ്രായം പറയുകയും ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

കേരളത്തോട്‌ തൊട്ടുകിടക്കുന്ന ദ്വീപ്‌. പ്രകൃതിയുടെ അനുഗ്രഹം ആവോളം ലഭിച്ചിട്ടുള്ള നാട്‌. അടുത്തകാലം വരെ അത്ര പെട്ടൊന്നൊന്നും അതാസ്വദിക്കാൻ ചെല്ലാൻ അധികമാർക്കും സാധിച്ചിരുന്നില്ല. ടൂറിസം ഒരു വ്യവസായമായി വളരുന്നതുവരെ ലക്ഷദ്വീപിലെത്തിയവർ വളരെ കുറവായിരിക്കും. ദ്വീപസമൂഹത്തിൽ എത്തികിട്ടാൻ എന്തെല്ലാം കടമ്പകളാണ്‌ നാം അഭിമുഖീകരിക്കേണ്ടതെന്നൊ? ഇത്രയൊക്കെ വേലിക്കെട്ടുകൾ ചാടിക്കടന്നിട്ടുവേണോ സ്വന്തം ഭാഷ സംസാരിക്കുന്ന, സ്വന്തക്കാരെ ഒരുനോക്കുകാണാൻ എന്ന്‌ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌.

എത്രതന്നെ ബുദ്ധിമുട്ടിയാലും ദ്വീപുകളിൽ പോകണം എന്ന കടുത്ത ആഗ്രഹം എന്നിൽ പൊട്ടിമുളച്ചത്‌ ഇന്നോ ഇന്നലെയോ അല്ല. മുപ്പത്തഞ്ചിൽപരം വർഷത്തെ പഴക്കമുണ്ടതിന്‌. റോഡിയോയിലെ (ഇന്ന്‌ ടി.വി.യിലും) കാലാവസ്‌ഥ പ്രഖ്യാപനത്തിൽ നിത്യവും ലക്ഷദ്വീപിന്റെ കാര്യം പ്രത്യേകം പറയുമായിരുന്നു. ഒരർഥത്തിൽ ഈ പ്രഖ്യാപനങ്ങൾക്ക്‌ കാര്യമായ സ്വാധീനം എന്നിൽ ചെലുത്താൻ സാധിച്ചിട്ടുണ്ട്‌. ഇതും ദ്വീപുകാണാൻ ഉള്ള സ്വപ്നങ്ങൾക്ക്‌ ചിറകുമുളപ്പിച്ച മോഹങ്ങളിൽ ഒന്നായിരുന്നു.

ചെറിയ ക്ലാസുകളിൽ പഠിക്കുന്നകാലത്ത്‌ ഭൂപടം കാണിച്ച്‌ സ്‌ഥലനാമങ്ങൾ പറഞ്ഞുതന്നിരുന്ന എന്റെ പ്രിയപ്പെട്ട കണ്ണൻമാഷെ എനിക്ക്‌ മറക്കാൻ കഴിയില്ല. ലോകത്തിലെ ഏതുരാജ്യവും ബ്ലാക്ക്‌ ബോർഡിൽ വവ്വാൽകണക്കെ തൂങ്ങികിടക്കുന്ന ഭൂപടത്തിൽ നിന്ന്‌ കണ്ടെത്താൻ അദ്ദേഹം എന്നെ പഠിപ്പിച്ചതും ഇടയ്‌ക്കൊക്കെ പ്‌റ്‌ഷ്‌ടത്തിലേക്ക്‌ താഡിച്ചിരുന്നതും എന്റെ ഓർമകളിൽ ഇന്നും പച്ചപിടിച്ച്‌ കിടക്കുന്നുണ്ട്‌. ഇത്തരം പഠനക്ലാസുകളിൽനിന്നാണ്‌ ഞാൻ ലോകത്തിലെ മിക്ക ദ്വീപുകളെകുറിച്ചും പഠിച്ചിരുന്നത്‌. ഒരർഥത്തിൽ അക്കാലത്ത്‌ അതിനുയോജിച്ച പഠനവിഷയങ്ങളുമായിരുന്നു പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നത്‌. എന്നാൽ ഇന്നത്തെ പഠനരീതി ഓർത്ത്‌ ഞാൻ പലപ്പോഴും ലജ്ജിച്ചു പോയിട്ടുണ്ട്‌.

ഈയിടെ ഒരു ബിരുദധാരിയോട്‌ ഞാൻ ലക്ഷദ്വീപു സമൂഹവും മഗല്ലൻ കടലിടുക്കുമെല്ലാം ഏതേതുസ്‌ഥലങ്ങളിലാണ്‌ കിടക്കുന്നതെന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞ ഉത്തരം എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമുണ്ടായി. ഇന്ന്‌ അഷ്‌ടപ്രശ്‌നങ്ങളിൽ കിടന്ന്‌ (എട്ട്‌ പ്രശ്‌നമേഖലകൾ) പശു കുറ്റിക്കുചുറ്റും തിരിയുന്നതുപോലെ തിരിയുകയാണ്‌ സാറെ ഞങ്ങൾ. സാറ്‌ പറഞ്ഞ സ്‌ഥലങ്ങളെല്ലാം പഠിച്ചിട്ട്‌ ഞങ്ങൾക്കെന്തുനേടാനാണ്‌?

എനിക്കു വളരെ സങ്കടമാണ്‌ തോന്നിയത്‌. ഭൂപടവും രാജ്യങ്ങളും ഭൂമിശാസ്‌ത്രവും പഠിക്കാത്ത ഈ കുട്ടികളും അന്ധരും ബധിതരും തമ്മിലെന്താണു വ്യത്യാസം? ലോകത്ത്‌ നടക്കുന്ന സംഭവങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയുമ്പോൾ ഇവർക്ക്‌ എന്തു ഭൂമിശാസ്‌ത്രപരിജ്ഞാനമാണ്‌ ഉണ്ടാവുക. കുരുടൻ ആനയെകണ്ടതുപോലെ എന്നല്ലാതെ എന്തുപറയാൻ. ചലച്ചിത്രം പോലെ മനസിലൂടെ സ്‌ഥലങ്ങൾ കടന്നുപോകുമ്പോൾ നാം ഒരു ദേശാന്തരസഞ്ചാരമാണ്‌ നടത്തുന്നത്‌. എന്തുസുഖമാണ്‌ അതിന്‌.

ലക്ഷദ്വീപിലേക്ക്‌ ഒരു സ്വതന്ത്രയാത്ര നടത്തുക എന്നത്‌ ഏറെ പ്രയാസങ്ങൾ അതിജീവിച്ചുവേണം. ഇന്ത്യയുടെ സ്വന്തം മണ്ണാണെങ്കിലും ഏതുദ്വീപിലേക്ക്‌ പോകാനും ഇതുതെന്നയാണ്‌ സ്‌ഥിതി. നമ്മുടെ രാജ്യത്തിന്റെ പരധിയിൽപ്പെട്ട സ്‌ഥലങ്ങളിലേക്കു എല്ലാം ടിക്കറ്റ്‌ എടുത്ത്‌ സഞ്ചരിക്കാനുള്ള സഞ്ചാരസ്വാതന്ത്ര്യം ഇല്ലായെന്ന അവസ്‌ഥ എന്നെ വേദനിപ്പിച്ചു. ദ്വീപുകൾ സ്വതന്ത്രരാഷ്‌ട്രം പോലെയാണ്‌. കരയിലുള്ളവർക്ക്‌ ദ്വീപിലെത്താനും താമസിക്കാനും ഏതെങ്കിലും ഒരു ദ്വീപുനിവാസി സ്‌പോൺസർ ചെയ്യേണ്ടതുണ്ട്‌. അതുമല്ല ആയതിന്‌ നിശ്ചിത ദിവസങ്ങളുണ്ടുതാനും. ഓരോ ദ്വീപിൽ തങ്ങണമെങ്കിലും അതത്‌ സ്‌ഥലത്തെയാൾ ഉത്തരവാദിത്തം എടുക്കേണ്ടതുണ്ട്‌.

രേഖകളെല്ലാം ശരിയായി നിർവഹിച്ചാലും കൊച്ചിയിലെ ബന്ധപ്പെട്ട ആഫീസിൽനിന്ന്‌ കാര്യങ്ങൾ കൃത്യമായി നടന്നു കിട്ടണമെന്നില്ല. ചിലപ്പോഴെങ്കിലും അത്‌ അമ്പിളിമാമനെ പിടിക്കുന്നതിന്‌ തുല്യമായിരിക്കും. ഇത്തരം ‘തൊന്തരവുകൾ’ അനുഭവിക്കുമ്പോൾ ഇതൊന്നും വേണ്ടായിരുന്നു എന്നു തോന്നും. എന്റെ അനുഭവത്തിൽ ലക്ഷദ്വീപുകാർ ഭാഗ്യവാന്മാരാണ്‌. ആകാശത്തിലെ പറവകൾ പോലെയാണ്‌ അവർ. വിശാല ഇന്ത്യയിലെവിടെയും ഒരുവിധ പരിശോധനകളോ കാത്തിരിപ്പുകളോ കൂടാതെ പറന്നുസഞ്ചരിക്കാം. അവർക്ക്‌ വിതയ്‌ക്കേണ്ട, കൊയ്യേണ്ട, നാളെക്കായി ഒന്നും കരുതിവെയ്‌ക്കേണ്ട. നമ്മുടെ പണമെടുത്ത്‌ സർക്കാർ അവർക്ക്‌ എല്ലാം ചെയ്‌തുകൊടുത്തോളും! ഈ സ്വർഗരാജ്യത്തെക്കുറിച്ച്‌ വഴിയെ പറയാം.

ലക്ഷദ്വീപിലേക്ക്‌ ടൂറിസം നടത്തുന്ന ടൂർകണ്ടക്‌ടിംഗ്‌ വളരെ വിശേഷമാണ്‌. ദ്വീപുകളിൽ ചിലതിനെയെല്ലാം കൂട്ടിയിണക്കി മൂന്നുദിവസം അഞ്ചുദിവസം എന്ന ക്രമത്തിൽ കപ്പൽയാത്രക്കനുസൃതമായാണ്‌ ക്രമീകരണം. രാത്രിയിൽതാമസം കപ്പലിലും രാവിലെ ദ്വീപിൽ എത്തതക്കവിധവുമാണ്‌ പരിപാടി തിട്ടപ്പെടുത്തുക. രാവിലെ മുതൽ വൈകുന്നതുവരെ പകൽ മുഴവൻ ദ്വീപുസന്ദർശനം. വൈകിട്ട്‌ കാത്തുകിടക്കുന്ന കപ്പലിലൊ ബോട്ടിലൊ കയറി അടുത്ത പ്രഭാതമാകുമ്പോഴെക്കും മറ്റൊരു ദ്വീപിലേക്ക്‌ യാത്ര. ചുരുക്കത്തിൽ ‘നിലം തൊടീക്കാതെയുള്ള’ യാത്ര. നായ പൂരംകണ്ടപോലെ എന്നും വേണമെങ്കിൽ പറയും. ഇവിടെക്കുള്ള വിലക്കുകൾ നീങ്ങി സ്വതന്ത്രമായി യാത്രചെയ്യാനുള്ള അവസരം കൈവന്നാൽ തീർച്ചയായും സഞ്ചാരികളുടെ പ്രവാഹമായിരിക്കും. അതായിരിക്കും യഥാർത്ഥ ടൂറിസം വികസനം. ഇതു നടപ്പിലാകുമ്പോൾ മാത്രമെ സ്‌കൂളുകളിൽ ചൊല്ലുന്ന എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌ എന്ന പ്രതിജ്ഞക്ക്‌ വിലയുണ്ടാകൂ. ഇതു നടപ്പിൽ വന്നാൽ നമുക്ക്‌ ശരിയായ ഔട്ടിംഗ്‌ നടത്താം.

കഴിഞ്ഞ മെയ്‌മാസത്തിലാണ്‌ ഞാനും എന്റെ സുഹൃത്തുക്കളും കൂടി ലക്ഷദ്വീപിലേക്ക്‌ യാത്രപുറപ്പെടാൻ കൊച്ചിയിലെത്തിയത്‌. കൽപേനിയിലെ ഫെല്ലാഹ്‌ (FELAH) എന്ന പരിസ്‌ഥിതിബോധവൽക്കരണം .ഗൃഹസന്ദർശനം എന്നിവയായിരുന്നു ഞങ്ങളുടെ യാത്രാലക്ഷ്യം.

മഴക്കാലം തുടങ്ങിതുടങ്ങിയില്ല എന്ന അവസ്‌ഥ. അപ്പോഴെക്കും കപ്പൽയാത്രയുടെ ഷെഡ്യൂളുകൾ മാറിമറിയാൻ തുടങ്ങി. ഏതാനും ദവസം തങ്ങാൻ തയ്യാറായാണ്‌ ഞാൻ യാത്രയ്‌ക്കിറങ്ങിയത്‌. എങ്കിലും എന്റെ ആസൂത്രണങ്ങളെല്ലാം ലംഘിക്കുന്ന തരത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്‌. ആഫീസിൽ അന്വേഷിച്ചതിൽ നിന്നും കപ്പൽയാത്ര രണ്ടുദിവസം നീട്ടീവെച്ചതായി അറിഞ്ഞു. ഇന്നലെ തിരിച്ചെത്തേണ്ട കപ്പൽ ഇന്നേ എത്തിയുള്ളുവെന്നും ഇനി ക്ലീനിംഗും സാധനങ്ങൾ പർച്ചേസുചെയ്യലുമെല്ലാം കഴിഞ്ഞ്‌ ലോഡിംഗ്‌ തീർന്ന്‌ മറ്റന്നാൾമാത്രമെ യാത്രതിരിക്കൂ എന്നാണറിയാൻ സാധിച്ചത്‌. എന്റെ കൂടെയുളളവർക്കെല്ലാം ഈയൊരുമാറ്റം ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. എനിക്കും. എങ്കിലും അതു ഞാൻ കാര്യമാക്കിയില്ല. കൊച്ചിയും എറണാകുളവും ഞാൻ മുമ്പ്‌ കണ്ടിട്ടുണ്ട്‌ എന്നല്ലാതെ ‘കണ്ടിട്ടില്ലായിരുന്നു.’ ഈ സ്‌ഥലങ്ങൾ കാണാൻ ഞാൻ തീരുമാനിച്ചു. കൂടെയുണ്ടായിരുന്നവരുടേയും എന്റെയും കാഴ്‌ചയിലെ താൽപര്യങ്ങൾ ഒത്തുചേരില്ലായിരുന്നു. ഞാൻ എന്റെവഴി തിരഞ്ഞെടുത്തു. അവർ മറ്റെന്തെല്ലാമോ തീരുമാനിക്കുന്നുണ്ടായിരുന്നു.

Generated from archived content: laksha1.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English