ഗോകര്‍ണനാഥേശ്വര ക്ഷേത്രം

മംഗലാപുരത്തെ കുദ്രോലിപ്രദേശത്ത് സ്ഥിതിചെയ്യുന്ന ശ്രീ ഗോകര്‍ണനാഥ ക്ഷേത്രത്തിലേക്ക് നഗരത്തില്‍ നിന്നും ഏകദേശം 7 കിലോമീറ്റര്‍ ദൂരമുണ്ട്. ഗോകര്‍ണനാഥേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം സമീപകാലത്ത് പുതുക്കിപണിതതാണ്. ഭഗവാന്‍ പരമശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. അന്ന പൂര്‍ണേശ്വരി, വിഘ്നേശ്വരന്‍ നവഗ്രഹ പ്രതിഷ്ഠ, അന്ന പൂര്‍ണേശ്വരി, വിഘ്നേശ്വരന്‍, നവ ഗ്രഹപ്രതിഷ്ഠ എന്നിവയാണ് പ്രധാന ക്ഷേത്രത്തോടനുബന്ധിച്ച് ആരാധിച്ചു വരുന്നത്. വിശാലവും സുന്ദരവുമാണ് ക്ഷേത്രാങ്കണം. ഒന്നാം തരം മാര്‍ബിള്‍ മുറ്റവും അതിനു മുകളില്‍ നടവഴിയില്‍ ഇളം പച്ച കാര്‍പറ്റും വിരിച്ച് ആകര്‍ഷകമാണ് പരിസരം. പ്രധാന ഗോപുരത്തിന് വടക്കു വശത്ത് അതിവിശാലമായ അന്നദാന ഹാളാണ്. അവിടേയ്ക്കുള്ള കവാടം വിസ്മയിപ്പിക്കുന്നതാണ്. ഏകദേശം ഇരുപത്തി ഒന്നടി ഉയരവും പത്തടി വീതിയുമുള്ള കമനീയമായ കൊത്തുപണികളോടുകൂടിയതാണ് വാതില്‍. കാണുന്നവര്‍ ആരുതന്നെയായാലും കുറച്ചുനേരം നോക്കിനിന്നു പോകും.

ക്ഷേത്രാങ്കണത്തിനു കിഴക്കുവശം കണ്ണാടിചില്ലുകള്‍ വേണ്ടത്ര ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന വസന്തമാളികപോലുള്ള കല്യാണ മണ്ഡപമാണ്. തെക്കുഭാഗത്ത് ഒരു സരോവരവും നാലുമൂലകളിലും കാവല്‍ നില്‍ക്കുന്ന രൗദ്രഭാവ ശിവ വിഗ്രഹങ്ങളുമുണ്ട്. മേയുന്ന മാനിന്റെയും ഇരപിടിക്കാന്‍ കാത്തു നില്‍ക്കുന്ന വ്യാഘ്രത്തിന്റെയും ശില്പങ്ങള്‍ രണ്ടുമൂന്നിടത്ത് സ്ഥാപിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് കോംമ്പൗണ്ടിന് പുറത്ത് ഷിര്‍ദ്ദിസായിയുടെയും ആഞ്ജനേയന്റെയും അതിശയിപ്പിക്കുന്ന വിഗ്രഹങ്ങളോടുകൂടിയ ക്ഷേത്രങ്ങള്‍ പ്രത്യേകമായിട്ടുണ്ട്. നിശ്ശബ്ദതയും വൃത്തിയും ഇവയുടെ കമനീയത ഇരട്ടിപ്പിക്കുന്നുണ്ടായിരുന്നു. ഗ്രാനൈറ്റ് വിരിച്ച തറയിലിരുന്ന് അവിടത്തെ അന്തരീക്ഷത്തില്‍ കുറച്ചുസമയമിരുന്ന് ധ്യാനിക്കാന്‍ കൊതിക്കാത്തവര്‍ ആരുമുണ്ടാകില്ലെന്നുറപ്പാണ്. ഷിര്‍ദ്ദിക്ഷേത്രത്തില്‍ സായി നാമവും അഞജനേയക്ഷേത്രത്തില്‍ ശ്രീരാമനായും മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഞാന്‍ എല്ലായിടവും സസൂക്ഷ്മം കണ്ടു മനസിലാക്കി. കാണായ ദേവീദേവന്മാരെല്ലാം താണുവണങ്ങി. പ്രധാനക്ഷേത്രത്തോടനുബന്ധിച്ചുള്ള വിഘ്നേശ്വര, അന്നപൂര്‍ണേശ്വരി രൂപങ്ങളെ കുറച്ചധികനേരം തൊഴുതുനിന്നു. എന്തൊരു ചൈതന്യമാണവയ്ക്ക്?

എല്ലാവരും ദര്‍ശനം കഴിഞ്ഞ് ഷിര്‍ദ്ദിക്ഷേത്ര ഹാളിലൊരിടത്ത് ഒത്തുകൂടി. പരസ്പരം പരിചയപ്പെടലിന് വീണു കിട്ടിയ സമയമായിരുന്നു. ഞങ്ങള്‍ പതിനാറുപേരില്‍ രണ്ടുപേര്‍ സംഘാടകരും മറ്റുള്ളവര്‍ തീര്‍ത്ഥാടകരുമായിരുന്നു. കായംകുളത്തുനിന്നുള്ള രണ്ടുകുടുംബങ്ങളും എറണാകുളത്തുനിന്നുള്ള നാലു നഴ്സുമാരും തിരുവനന്തപുരംകാരയ മൂന്നു സുഹൃത്തുക്കളും ആലുവക്കാരി ‘അമ്മയും’ പിന്നെ ഞാനും എന്റെ സുഹൃത്ത് എടത്തറ (പാളി)കാരന്‍ രാജനുമാണ് സംഘാംഗങ്ങള്‍.

കായംകൂളത്തുനിന്നുള്ളവരില്‍ ഒരു കുടുംബം വിശ്രമജീവിതം നയിക്കുന്ന അധ്യാപകദമ്പതിമാരായിരുന്നു. വേറെ കുടുംബം സെയില്‍ ടാക്സ് ഓഫീസറും പത്നി തഹസില്‍ദാരുമാണ്. ഇവരും വിശ്രമ ജീവിതം നയിക്കുന്നവര്‍ തന്നെ. തിരുവനന്തപുരം സുഹൃത്തുക്കള്‍ മൂവരും ഏജീസ് ആഫിസ് ജീവനകാരായിരുന്നു. ആലുവക്കാരി അമ്മ റിട്ടയേര്‍ഡ് ഹെഡ് നഴ്സുമായി തീര്‍ത്ഥാടന ജീവിതം നയിച്ചുക്കൊണ്ടിരിക്കുകയാണ്. പറമ്പിക്കാരന്‍ രാജന്‍ ‘വ്യത്യസ്തനാം ഒരു രാജന്‍’ തന്നെയാണ്. ചുടുകട്ടകള്‍(ചെങ്കല്ല്) നിര്‍മ്മിച്ച് വ്യാപാരം നടത്തുന്ന വ്യവസായിയാണ്‍. കൃഷിയെ സംബന്ധിച്ച് ഇത് ഓഫ് സീസണ്‍ ആയതിനാല്‍ തീര്‍ത്ഥാടനകാലം തന്നെ?

സംഘാടകരോടൊപ്പം തനിയേയും പല സ്ഥലങ്ങളിലും യാത്ര ചെയ്തവരാണ് കൂട്ടത്തിലുള്ളവരെല്ലാം. തിരുവനന്തപുരത്തുനിന്നുള്ള ഒരമ്മ റിട്ടയേര്‍ഡ് റെയില്‍വേ ആഫിസറാണ്. സ്വന്തം തടിമാത്രം ഉള്ളതിനാല്‍ അവര്‍ക്ക് എന്നും യാത്രകള്‍ തന്നെയാണ് ആശ്വാസം എന്നു പറഞ്ഞു. മറ്റൊരാള്‍ ചേര്‍ത്തലക്കാരനാണ്. പേര്‍, സോമന്‍. വാസ്തുശാസ്ത്രം പഠിച്ചയാള്‍. വാസ്തുഅ നോക്കി ജീവിതം കരകയറ്റാന്‍ പെടാപെടാ പാടുകയാണെത്രേ!

ഞങ്ങളെലാവരും ഔപചാരിക പരിചയപ്പെടലിനെ തുടര്‍ന്ന് ഗോകര്‍ണനാഥന്റെ തുരുമുറ്റത്തുള്ള കൂറ്റന്‍ നന്ദി വിഗ്രഹത്തിനടുത്തുനിന്ന് ഫോട്ടോ എടുത്തു. പിന്നെ ബസില്‍ കയറി, ‘കൊടുപു’ നാഗതീര ക്ഷേത്രത്തിലേക്ക് യാത്രയായി. ഞാന്‍ ബസില്‍ ഇരുന്ന് ഗോകര്‍ണനാഥേശ്വര ക്ഷേത്രത്തില്‍ നിന്നും കിട്ടിയ ബ്രോഷര്‍ വായിച്ചു തുടങ്ങി.

കര്‍ണാടകയില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്നോക്കം നില്‍ക്കുന്ന ഒരു ജനവിഭാഗമാണ് ‘ബില്ലവ’ വിഭാഗക്കാര്‍. അവര്‍ കേരളത്തിലെ ഈഴവ ജാതിക്കാരുടെതിന് സമാനമായ പ്രശ്നങ്ങളെയാണ് ഒരു കാലത്ത് അനുഭവച്ചിരുന്നത്. ഇവര്‍ തങ്ങളുടെ ആത്മീയ ഗുരുവായി ശ്രീനാരായണ ഗുരുദേവനെ സ്വീകരിച്ചു. ഗുരുദേവനാണെത്രെ അവര്‍ക്കുവേണ്ടി ഒരു ക്ഷേത്രം നിര്‍മിക്കുവാന്‍ അവരെ പ്രേരിപ്പിച്ചത്.

പരമ്പരാഗതമായി സമ്പന്നര്‍, ബില്ലവന്മാരെ തൊട്ടുകൂടാത്തവരുടെയും തീണ്ടികൂടാത്തവരുടെയും വിഭാഗമാണ് കണക്കാക്കിയിരുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ബില്ലവന്മാര്‍ നാരായണ ഗുരുദേവനെ അവരുടെ പ്രവാചകനായി കണ്ടെത്തുന്നത്. നാരായണഗുരുവാകട്ടെ സമുദായ ഉന്നമനത്തിനായി സാമൂഹികസമത്വത്തിനായി കേരളത്തിലും പുറത്തും ക്ഷേത്രങ്ങളുമായി മുന്നേറുന്ന കാലം. ഇക്കാലത്ത് ബില്ലവ നേതാവ് സാഹുക്കര്‍ കൊരായ, സമുദായ നേതാക്കളോടൊപ്പം 1908 ല്‍ ഗുരുവിനെ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങളെ അവതരിപ്പിച്ചു. കാര്യങ്ങള്‍ കണ്ടറിയാനായി ബില്ലവ പ്രതിനിധികളോടൊപ്പം ഗുരു സ്ഥലങ്ങള്‍ സന്ദര്‍ശനം നടത്തി.

ഗോകര്‍ണേശ്വര ക്ഷേത്രത്തിന്റെ ശിലാവിഗ്രഹ പ്രതിഷ്ഠ യഥാര്‍ത്ഥത്തില്‍ സ്ഥാപിച്ചത് കൊരഗപ്പ പൂജാരിയുടെ പിതാമഹന്മാരാണ്‍. 1912 ല്‍ ശ്രീനാരായണ ഗുരു പവിത്രമായ ശിവലിംഗ പ്രതിഷ്ഠ നടത്തിയത്രെ. ഗുരുദേവനാണ്‍ ഈ സ്ഥലത്തിന് ഗോകര്‍ണ നാഥേശ്വരം എന്ന് പേര്‍ നല്‍കിയതും ജാതിമത വര്‍ണ വര്‍ഗ രഹിതമായി ഏവര്‍ക്കും ഈശ്വരാരാധന നടത്താന്‍ വ്യത്യസ്ത നാമത്തിലായാലും അവകാശമുണ്ടെന്ന് ഉദ്ബോധിപ്പിച്ചത്. ഗുരുവിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇവിടെ ഗണപതി, സുബ്രഹ്മണ്യന്‍, അന്നപൂര്‍ണേശ്വരി, ഭൈരവന്‍, ശനീശ്വരന്‍, നവഗ്രഹപ്രതിഷ്ഠ മുതലായവ നടത്തുകയാണുണ്ടായത്. ഈ ക്ഷേത്രം ഇന്നുകാണുന്ന രീതിയില്‍ പുതുക്കി പണിതത് 1989 ലാണ്. വോളകാല ശില്പരീതിയും കേരളരീതിയും കൂടിചേര്‍ന്നുള്ള നിര്‍മിതിയാണ് ഇന്നത്തെ ക്ഷേത്രത്തിനുള്ളത്.

പുതുക്കിപണിത മുഖ്യഗോപുരത്തിന് ഏകദേശം അറുപതടി ഉയരമുണ്ട്. 1991 ല്‍ ശ്രീ രാജീവ് ഗാന്ധിയാണ് ഗോപുരം ഉദ്ഘാടനം ചെയ്തത്. പ്രവേശന കവാടത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ മാര്‍ബിള്‍ ശില്പം സ്ഥാപിച്ചിട്ടുണ്ട്.

വര്‍ഷംതോറും ഗോകര്‍ണേശ്വര ക്ഷേത്രത്തില്‍ പലവിധ ഉത്സവങ്ങള്‍ ആഘോഷിച്ചുവരുന്നു. ഇവയില്‍ പ്രധാനം ശിവരാത്രി നവരാത്രി കൃഷ്ണാഷ്ടയിവിനായകക്‍ഹതുര്‍ത്ഥി ദീപാവലി ദസറ ശ്രീനാരായണഗുരുജയന്‍തി തുടങ്ങിയവയാണ്. എല്ലം പരമ്പരാഗതവും അനുഷ്ഠാനപരവുമായാണ് കൊണ്ടാടപ്പെടുന്നത്. ദസറയാണ് ഏറ്റവും ഗംഭീരമായ രീതിയില്‍ ആഘോഷിക്കുന്നത് എന്നുമാത്രമല്ല ഈ ക്ഷേത്രത്തിലെ ഉത്സവത്തിനെ കണക്കാക്കിയാണ് മംഗലാപുരം ദസറ എന്ന പേരുണ്ടായതുപോലും.

മംഗലാപുരത്തെ ക്ഷേത്രങ്ങളില്‍ പ്രഥമഗണനീയമാണ് ഇന്ന് ഗോകര്‍ണേശ്വരക്ഷേത്രം. നിത്യവും അന്നദാനവും അര്‍ഹിക്കുന്നവര്‍ക്കു സമൂഹവിവാഹവും നടത്തികൊടുക്കുന്നതിന് ഭരണകര്‍ത്താക്കള്‍ക്ക് ഏറെ സന്തോഷമുണ്ടത്രെ. വിദ്യാഭ്യാസ പുരോഗതിക്കായി അര്‍ഹിക്കുന്നവര്‍ക്കെല്ലാം സ്കോളര്‍ഷിപ്പ് സൗകര്യവും ഇവിടെനിന്നും നല്‍കിവരുന്നു. എലാവിഭാഗം ജനങ്ങളും ദര്‍ശനത്തിനായി ഇവിടെ എത്തുന്നു എന്നത് നാനാത്വത്തില്‍ ഏകത്വം എന്നതിന്റെ നിദര്‍ശനം തന്നെ.

Generated from archived content: dhakshina5.html Author: m.e.sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here